Wednesday 03 April 2024 01:01 PM IST

സാത്താന്‍ സേവക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് അത്തരക്കാരെ, അറപ്പുളവാക്കുന്ന ആരാധന രീതികൾ: തടയേണ്ട സാമൂഹ്യ വിപത്ത്

Roopa Thayabji

Sub Editor

black-magic-worship-pic

സാത്താൻ– സത്യമോ മിഥ്യയോ കേരളത്തില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വനിത നടത്തിയ അന്വേഷണം. 2018ൽ പ്രസിദ്ധീകരിച്ച ലേഖനം ഒരിക്കൽ കൂടി...

------

ഫാമിലി പ്ലാനിങ്ങിന്റെ ഭാഗമായി സേഫ് പീരീഡ് നോക്കി മാത്രം ബന്ധപ്പെടാൻ താത്പര്യം കാണിച്ചിരുന്ന ഭർത്താവ് ആർത്തവസമയത്തും മുൻകൈ എടുക്കുന്നത് ആദ്യമൊന്നും സബിത (യഥാർഥ പേരല്ല) കാര്യമായെടുത്തില്ല. പക്ഷേ, ബന്ധപ്പെടുന്നതിനിടെ പിറുപിറുക്കുന്നതും രക്തത്തിൽ വിരൽ മുക്കി എന്തൊക്കെയോ എഴുതുന്നതും ശ്രദ്ധയിൽ പെട്ടതോടെ രഹസ്യമായി മനശ്ശാസ്ത്രജ്ഞനെ കണ്ടു. ഭർത്താവിന്റെ മാനസിക വിഭ്രാന്തികളെകുറിച്ച് കൂടുതലറിയാൻ ശ്രമിച്ച അവൾ ഡോക്ടറുടെ വാക്കുകൾ കേട്ട് ഞെട്ടി. കൊച്ചിയിൽ സോഫ്റ്റ്‌വെയർ ബിസിനസ് നടത്തുന്ന ഭർത്താവ് സാത്താൻ ആരാധന പോലെയുള്ള ഏതോ ദുർമന്ത്രവാദം ചെയ്യുന്നതാണ്. ഇക്കാര്യങ്ങൾ ഒളിപ്പിച്ചുവച്ച് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ് കോട്ടയത്തെ പ്രമുഖ ക്രിസ്ത്യൻ കുടുംബാംഗം കൂടിയായ സബിത.

ബെംഗളൂരുവിൽ നിന്ന് എംബിഎ പാസായി നാട്ടിലെത്തിയതാണ് ഇടക്കൊച്ചി സ്വദേശിയായ ആൽബി (യഥാർഥ പേരല്ല). ഒറ്റക്കാതിൽ കമ്മലിട്ടു വന്ന ആൽബിയോട് പത്രപ്രവർത്തകനായ സുഹൃത്താണ് അക്കാര്യം വെളിപ്പെടുത്തിയത്, കമ്മലിലുള്ള തലകീഴായ കുരിശ് സാത്താന്റെ പ്രതീകമാണ്. ബെംഗളൂരുവിലെ ഏതോ ഫാൻസി സ്റ്റോറിൽ നിന്ന് വാങ്ങിയ ഈ രസികൻ കമ്മലിനു പിന്നിൽ ഇങ്ങനെയൊരു ചതിയുണ്ടെന്നറിഞ്ഞതോടെ അതുപേക്ഷിക്കാൻ ആൽബി തയാറായി. കമ്മലായും ലോക്കറ്റായും ഇത്തരം കുരിശ് ഉപയോഗിക്കുന്ന പലരെയും അവിടെ കണ്ടിട്ടുണ്ടെന്ന് വിഷമത്തോടെ അവൻ പറയുകയും ചെയ്തു. തിരിച്ചറിയാതെ ചെയ്തിരുന്ന മറ്റൊന്നു കൂടി അവൻ ഉപേക്ഷിച്ചു, യൂത്തിന്റെ ‘യോ യോ’ക്കൊപ്പം രണ്ടുവിരലുകൾ മാത്രമുയർത്തി കാണിക്കുന്ന സാത്താൻ മുദ്ര.

‘വെളിപാടു പുസ്തകത്തിൽ മനുഷ്യരും മൃഗങ്ങളുമെല്ലാം സംഖ്യകളാൽ അറിയപ്പെടുന്ന കാലത്തെ പറ്റി പറയുന്നുണ്ട്. ഇപ്പോൾ മനുഷ്യരെല്ലാം നമ്പരുകൾ കൊണ്ടല്ലേ അറിയപ്പെടുന്നത്, ഒന്നുകിൽ ആധാർ, അല്ലെങ്കിൽ പാൻ, അതുമല്ലെങ്കിൽ മൊബൈൽ നമ്പർ. സാത്താന്റെ കാലം ആസന്നമായതിന്റെ ലക്ഷണമാണിത്,’’ സാത്താൻ ആരാധന നടത്തുന്നു എന്നു ‘വനിത’യോടു വെളിപ്പെടുത്തിയ റെക്സി (യഥാർഥ പേരല്ല) പറയുന്നു. കൊച്ചിയിലെ സാത്താൻ ആരാധനക്കാരുടെ കൈയിൽ നിന്ന് രക്ഷിതാക്കൾ ഒരു വിധത്തിൽ രക്ഷപ്പെടുത്തി കൊണ്ടുവന്നതാണ് റെക്സിയെ. പക്ഷേ, ഒരു വർഷത്തിനുള്ളിൽ റെക്സി വീണ്ടും ഇവരുടെ അടുത്തേക്ക് തിരിച്ചെത്തി. അതിനു ഇയാൾ പറയുന്ന കാരണം ഞെട്ടിക്കും, ‘അതാണു സാത്താന്റെ ശക്തി, ഒരിക്കൽ ഉണർത്തിക്കഴിഞ്ഞാൽ അവൻ നമ്മളെ വിടില്ല, കൂടെക്കൂടും. അവൻ ഉള്ളിലുള്ളതു വല്ലാത്ത ധൈര്യമാ...’

രണ്ടാമത്തേത് ബെംഗളൂരുവിൽ എന്നുപറഞ്ഞ് ആശ്വസിക്കാമെങ്കിലും ആദ്യത്തെയും അവസാനത്തെയും സംഭവങ്ങൾ നടന്നത് കേരളത്തിൽ തന്നെയാണ്. തിരുവനന്തപുരം നന്തൻകോട്ട് കേഡൽ ജിൻസൺ രാജ് എന്ന മുപ്പതുകാരൻ മാതാപിതാക്കളടക്കം നാലുപേരെ സാത്താൻ ആരാധനയുടെ ഭാഗമായി കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പലരും പല തരത്തിലും മൂടിവയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന സാത്താൻ ആരാധനയെ പറ്റിയുള്ള കഥകൾ ഇപ്പോൾ കൂടുകൾ പൊട്ടിച്ച് പുറത്തുവരുന്നു. കേട്ടറിവുകൾ വിശ്വസിക്കാമെങ്കിൽ ഒന്നുറപ്പിക്കാം, കേരളത്തിലും സാത്താൻ ആരാധന പിടിമുറുക്കുന്നു.

കേരളത്തിലും വ്യാപകം

എറണാകുളത്ത് ഏതാനും വർഷം മുമ്പുണ്ടായ നഴ്സിങ് വിദ്യാർഥിനിയുടെ ദുരൂഹമരണത്തിനു പിന്നാലെ പോയവർ സാത്താന്റെ മുന്നിലാണ് ചെന്നുപെട്ടത്. അധ്യാപിക തന്നെയായിരുന്നു പെൺകുട്ടിയെ സാത്താൻ ആരാധനക്കാരുടെ അടുത്തെത്തിച്ചത്. ജൂനിയർ ഡോക്ടറെ സീനിയർ ഡോക്ടർ സാത്താനിലേക്കെത്തിച്ച കഥയും പ്രവാസി മലയാളിയുടെ ഭാര്യയെ ബാങ്ക് ജീവനക്കാരൻ സ്വാധീനിച്ച വാർത്തയും പിന്നീട് കേട്ടു. ഡസ്റ്റ്ബിന്നിൽ ഉപേക്ഷിച്ച സാനിട്ടറി പാഡ് മോഷണം പോകുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്വന്തം അമ്മ തന്നെ പാഡ് മോഷ്ടിച്ച് സാത്താൻ ആരാധനയ്ക്കായി കൊണ്ടുപോകുന്ന കഥ അധ്യാപകരോടു വെളിപ്പെടുത്തിയത് സ്കൂൾ വിദ്യാർഥിനിയാണ്.

പള്ളികളിൽ നിന്ന് തിരുവോസ്തി മോഷണം പോകുന്നത് ശ്രദ്ധയിൽ പെട്ടു നടത്തിയ അന്വേഷണത്തിൽ സാത്താൻ ആരാധനയ്ക്കായി ചിലർ കടത്തികൊണ്ടു പോകുന്നതായാണ് വിവരം കിട്ടിയത്. പല തരത്തിൽ ഒസ്തി കടത്തികൊണ്ടു പോയി സാത്താൻ ആരാധനക്കാർക്ക് നൽകുമ്പോൾ വൻ പ്രതിഫലമാണ് ലഭിക്കുക. കോഴിക്കോട് ജില്ലയിലെ ചില ധ്യാനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വ്യാജ കൊന്തകൾ വിറ്റഴിക്കാൻ ശ്രമിച്ച വാർത്ത പുറത്തുവന്നത് കുറച്ചു മാസങ്ങൾക്കു മുമ്പാണ്. സാത്താന്റെ പ്രതീകമായ തല കീഴാക്കിയ കുരിശും പെന്റഗ്രാമുമാണ് (നക്ഷത്രചിഹ്നം) ആ കൊന്തകളിലുണ്ടായിരുന്നത്.

സാത്താൻ ആരാധന എങ്ങനെ

വില കൂടിയ കാറുകൾ നിരന്നുകിടന്നാൽ അടുത്തെവിടെയോ സാത്താൻ ആരാധന നടക്കുന്നുണ്ടെന്നു തിരിച്ചറിയുകയും നാട്ടുകാർ നിരീക്ഷിക്കുകയും ചെയ്യുമായിരുന്നു പണ്ട്. തൊണ്ണൂറുകളുടെ അവസാനം കൊച്ചിയിലും പരിസരത്തും മാത്രം ഒതുങ്ങിനിന്നിരുന്ന സാത്താൻ ആരാധന ഇപ്പോൾ കേരളം മുഴുവനെത്തി എന്നാണ് ഞെട്ടിക്കുന്ന വിവരം. മുമ്പ് പ്രത്യേകതരം ടാറ്റൂ പതിച്ച യുവാക്കൾ ഇതിന്റെ ഏജന്റുമാരായിരുന്നെങ്കിൽ ഇന്ന് ഇത്തരക്കാരെ യാതൊരു തരത്തിലും തിരിച്ചറിയാനാകില്ല. അത്രമാത്രം രഹസ്യമായാണ് നീക്കങ്ങൾ. അർധരാത്രിയോടെയാണ് സാത്താൻ ആരാധന ആരംഭിക്കുന്നത്. ആരാധന നടക്കുന്ന മുറിയുടെ ചുവരിൽ സാത്താന്റെ ചിത്രം പതിക്കുകയോ ചിത്രം വരച്ച കറുത്ത തുണി വലിച്ചു കെട്ടുകയോ ചെയ്യും. കറുത്ത തുണി കൊണ്ടു മൂടിയ വലിയ മേശയായിരിക്കും അൾത്താര, കാറിന്റെ ഡിക്കിയിൽ മടക്കിവയ്ക്കാവുന്ന തരം കറുത്ത മേശകൾ ഇന്ന് പ്രചാരത്തിലുണ്ട്. സാത്താൻ ബൈബിളാണ് പ്രാർഥനയ്ക്ക് ഉപയോഗിക്കുന്നത്. ഇതിലെ വാചകങ്ങൾ ഉച്ചത്തിൽ വായിക്കും, ഒമ്പതു നരകങ്ങളുടെയും അധിപന്മാരെ പേരു ചെല്ലി വണങ്ങും. പുരുഷലിംഗത്തെ സൂചിപ്പിക്കുന്ന ഉപകരണവും വടക്കുനോക്കി യന്ത്രവും കൈമണിയും മുഖ്യ ആരാധന നടത്തുന്ന ആളുടെ കൈയിലുണ്ടാകും. തെക്കുദിക്കിലെ നരകത്തിന്റെ അധിപനാണ് സാത്താൻ. കൃത്യമായി തെക്കുദിക്ക് അറിയുന്നതിനു വേണ്ടിയാണ് വടക്കുനോക്കിയന്ത്രം ഉപയോഗിക്കുന്നത്. പ്രാർഥനയ്ക്കിടെ കൈമണി കൊണ്ടു ശബ്ദമുണ്ടാക്കും. കറുത്തതോ കട്ടപിടിച്ച രക്തത്തിന്റെ നിറമുള്ളതോ ആയ വസ്ത്രം ധരിച്ചവരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുക. തലയോട്ടിയില്‍ നിറച്ച മൂത്രമോ രക്തമോ ഉപയോഗിച്ചാണ് ആരാധന. മനുഷ്യക്കൊഴുപ്പ് ഉപയോഗിച്ചു തയാറാക്കിയ മെഴുകുതിരി കത്തിക്കുക, ചുട്ടെടുത്ത മനുഷ്യമാംസം ഉപയോഗിക്കുക എന്നിവയും പതിവാണ്. വിശുദ്ധ കുര്‍ബാനയെ വികലമായി അനുകരിച്ചു നടത്തുന്ന സാത്താന്‍ ആരാധനയാണിത്.

വിശുദ്ധഗ്രന്ഥങ്ങളെ ആർത്തവരക്തവും ബീജവും വിസർജ്യം കൊണ്ട് അശുദ്ധമാക്കും. ഇങ്ങനെ ദൈവത്തെ തുരത്തുമ്പോഴാണ് സാത്താന്റെ സാന്നിധ്യമുണ്ടാകുന്നത് എന്നാണ് വിശ്വാസം. കറുത്ത മേശ മേൽ നഗ്നയായി കിടത്തിയ യുവതിയുടെ ശരീരത്തെ അൾത്താരയായി സങ്കൽപിച്ച ആരാധന നടത്തും. പള്ളികളിൽ നിന്നും കടത്തികൊണ്ടുവരുന്ന തിരുവോസ്തി സ്ത്രീയുടെ രഹസ്യഭാഗത്ത് കടത്തിവയ്ക്കും. തലതിരിച്ചു നാട്ടിയ കുരിശിലേക്ക് ആർത്തവരക്തവും വിസർജ്യവും ചൊരിയും. ദൈവത്തെ നിന്ദിക്കുന്നതിനായി ഇവർ കാൽപാദത്തിൽ കുരിശ് പച്ചകുത്താറു പോലുമുണ്ട്.

സാത്താന്റെ സാന്നിധ്യം അനുഭവപ്പെട്ടാൽ വീഞ്ഞുവിതരണം ആരംഭിക്കും. ലഹരിമരുന്ന് കലർത്തിയ ഇത് ഉള്ളിൽ ചെല്ലുന്നതോടെ അർധബോധാവസ്ഥയിലേക്കു വീഴും. വ്യഭിചാരം, ജാരവൃത്തി, ഗർഭഛിദ്രം, സ്വവർഗരതി എന്നിവയൊന്നും പാപമല്ലെന്നു മാത്രമല്ല, സാത്താൻ ആരാധനയിൽ അനിവാര്യവുമാണ്. ലഹരിയുടെ ഉന്മാദത്തിലുള്ള പരസ്യ ലൈംഗികവേഴ്ചയ്ക്ക് പുറമേ സാത്താന് ബലിയായി നവജാത ശിശുക്കളെ ജീവനോടെ കുരിശിൽ തറക്കുകയും നഗ്നരാക്കി ബലിപീഠത്തിൽ വയ്ക്കുകയും വിശുദ്ധ എണ്ണയിൽ മാമ്മോദീസാ മുക്കുകയും ചെയ്യുമത്രേ.

വാദങ്ങൾ വിചിത്രം

അവരവർക്ക് ശരിയെന്നു തോന്നുന്ന വിശ്വാസത്തിനു പിറകെ പോകുന്നതിൽ എന്താണു തെറ്റെന്നാണ് സാത്താൻ ആരാധനക്കാരുടെ മറുചോദ്യം. ദൈവത്തെ ആരാധിക്കാൻ ഏതറ്റം വരെയും പോകാമെങ്കിൽ സാത്താനെ ആരാധിക്കുന്നതിൽ തെറ്റുണ്ടോ. ലോകത്തുണ്ടാകുന്ന ദുരന്തങ്ങൾക്കാന്നും ദൈവത്തിനു പരിഹാരം കാണാനാകുന്നില്ലല്ലോ... വാദങ്ങൾ ഇങ്ങനെ നീളുന്നു. സാത്താൻ ആരാധനയിൽ ഏർപ്പെടുന്നവരുടെ ജീവിതവിജയം ചൂണ്ടിക്കാട്ടി വിദഗ്ധമായാണ് ചെറുപ്പക്കാരെ ഏജന്റുമാർ വീഴ്ത്തുന്നത്.

സാത്താൻ ആരാധന നടത്തുന്നവരുടെ സംഘത്തിലേക്ക് സ്വമേധയാ ചെല്ലാനാകില്ല. സംഘാംഗങ്ങൾ ഒപ്പം കൂടി നമ്മുടെ മനസ്സിലിരിപ്പ് പഠിച്ചെടുക്കും. മകൻ ബൈക്ക് അപകടത്തിൽ മരിച്ചതിന്റെ പേരിൽ ദൈവത്തെ ചീത്ത പറഞ്ഞുനടന്ന വീട്ടമ്മയും പ്രണയിച്ചു കെട്ടിയ ഭർത്താവ് വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്തതിനെ തുടർന്ന് ദൈവവിശ്വാസം നഷ്ടപ്പെട്ട യുവതിയും സാത്താൻ ആരാധനക്കാരുടെ നോട്ടപ്പുള്ളികളായതിങ്ങനെ. കൂട്ടത്തിൽ കൂട്ടാമെന്നു പൂർണബോധ്യം വന്നാലേ ക്ഷണിക്കൂ. ഒരിക്കൽ ചെന്നുപെട്ടാൽ വിടാെത കൂടെ നിർത്താനുള്ള വഴികൾ ഇവർക്കറിയാം. ആരാധനയുടെ ഭാഗമായി നൽകുന്ന ലഹരിമരുന്നു കലർത്തിയ വീഞ്ഞാണ് മനസ്സു മാറ്റുന്നതിൽ പ്രധാനം. വിലക്കുകളില്ലാത്ത അരാജകജീവിതവും അതിന്റെ ലഹരിയും കൂടിയാകുമ്പോൾ ദൈവത്തേക്കാൾ സന്തോഷം തരുന്നത് സാത്താനാണെന്ന് വിശ്വസിച്ചു പോകും.

ചെറിയ കാര്യമല്ല

സാത്താൻ ആരാധന സംബന്ധിച്ച രസകരമായ കഥകളും പ്രചാരത്തിലുണ്ട്. ആരാധന നടക്കുമ്പോൾ അൾത്താരയുടെ രണ്ടുവശങ്ങളിലെ ചുവരുകളിൽ കടലാസുകൾ പതിച്ചുവയ്ക്കും. ആദ്യഘട്ടത്തിനു ശേഷം ഓരോരുത്തരെയായി അൾത്താരയിലേക്കു ക്ഷണിക്കും. ആഗ്രഹങ്ങളും ശത്രുതയും സാത്താനു മുന്നിൽ വെളിപ്പെടുത്താനുള്ള അവസരമാണിത്. ഇടത്തേ ചുവരിലെ കടലാസിൽ ആഗ്രഹങ്ങളുടെ ലിസ്റ്റും വലത്തേ ചുവരിലെ കടലാസിൽ ശത്രുക്കളുടെ ലിസ്റ്റും എഴുതാം. ആരാധനയ്ക്കു ശേഷം ആഗ്രഹങ്ങളെഴുതിയ കടലാസ് വെളുത്ത മെഴുകുതിരി നാളത്തിലും ശത്രുക്കളുടെ പേരെഴുതിയ കടലാസ് കറുത്ത മെഴുകുതിരിയുടെ നാളത്തിലും കത്തിച്ചുകളയും. തന്റെ പേര് ശത്രുക്കളുടെ പട്ടികയിലെഴുതിയെന്നറിഞ്ഞ് സാത്താൻ ആരാധകരുടെ കൂടെക്കൂടിയ പ്രമുഖ വ്യാപാരി കൊച്ചിയിലുണ്ടത്രേ.

black-magic-worship-cover

ദൈവവിശ്വാസവും ആരാധനയും പൗരന്റെ മൗലികാവകാശങ്ങളുടെ പട്ടികയിൽ പെടുന്നതിനാൽ പൊലിസിന് ചെയ്യാനാവുന്നതിന് പരിധിയുണ്ടെന്ന് 2018ൽ കൊച്ചിയിലെ റേഞ്ച് ഐജിയായിരുന്ന പി. വിജയൻ ഐപിഎസ് പറയുന്നു. ‘‘തിരുവനന്തപുരത്തെ സംഭവത്തെ തുടർന്ന് പലയിടത്തു നിന്നും ഇത്തരം കഥകൾ കേൾക്കുന്നുണ്ടെങ്കിലും പരാതികളൊന്നും ലഭിച്ചിട്ടില്ല. അതീന്ദ്രിയ ശക്തി ലഭിക്കാനായാണ് ഇത്തരം ആരാധന നടത്തുന്നതെന്നാണ് അറിവ്. മറ്റൊരാത്മാവിന്റെ ശക്തി കൂടി കൈവരിച്ച് അതിശക്തനാകുന്ന കൂടുവിട്ടു കൂടുമാറ്റമൊക്കെ ഇതിന്റെ മുൻകാല രൂപങ്ങളാണ്. ചില നക്ഷത്രത്തിൽ ജനിച്ച കുഞ്ഞുങ്ങളെ ഇത്തരം ആരാധനകളിൽ പങ്കെടുപ്പിക്കാറുണ്ടെന്നും കേൾക്കുന്നു. ഒന്നിനും വ്യക്തമായ തെളിവുകളില്ല. വ്യക്തികൾ അവരുടെ സ്വകാര്യ ഇടങ്ങളിൽ വച്ച് പൂജകളോ ആരാധനയോ നടത്തുന്നത് തടയാൻ നിയമമില്ല. മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകുമ്പോൾ മാത്രമേ പൊലിസിന് ഇടപെടാനാകൂ. കൊച്ചിയിൽ ഇതുവരെ അത്തരത്തിൽ ഒരു പരാതി പോലും ലഭിച്ചിട്ടുമില്ല.’’

ഇന്റർനെറ്റിൽ എല്ലാമുണ്ട്

സാത്താൻ ആരാധനയെ പറ്റി കേഡൽ കൂടുതലറിഞ്ഞത് ഇന്റര്‍നെറ്റിലൂടെയാണ് എന്നാണ് മൊഴി. ബ്ലാക് മാസ് അഥവാ സാത്താൻ ആരാധന എന്നു സെർച്ച് ചെയ്താൽ നിരവധി ലിങ്കുകളാണ് തുറക്കുക. ആസ്ട്രല്‍ പ്രൊജക്ഷന്‍ സൗജന്യമായി പഠിപ്പിച്ചു തരുന്ന വെബ്സൈറ്റുകളുമുണ്ട്. സാത്താൻ ആരാധനയുടെ ലോകചരിത്രം മുതൽ നിയമങ്ങളും സാത്താൻ അംഗീകരിച്ച പാപങ്ങളുടെ ലിസ്റ്റും റെഡി. അതിഥി മോശമായി പെരുമാറിയാൽ ദയയില്ലാതെ തന്നെ തിരിച്ചു പെരുമാറണമെന്നും, തുറസ്സായ സ്ഥലത്തുവച്ച് ശല്യപ്പെടുത്തുന്ന ആളെ എതിർത്തിട്ടും രക്ഷയില്ലെന്നു കണ്ടാൽ നശിപ്പിക്കണമെന്നും സാത്താന്റെ നിയമത്തിൽ പറയുന്നു.

വിദേശ രാജ്യങ്ങളില്‍ സാത്താനിക് ആരാധന രീതികളും ക്രൈമുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രശസ്ത സംവിധായകൻ റോമൻ പൊളാൻസ്കിയുടെ ഭാര്യയെയും ഗർഭസ്ഥശിശുവിനെയും സാത്താൻ ആരാധനക്കാർ കൊലപ്പെടുത്തുകയായിരുന്നു. പക്ഷേ, തിരുവനന്തപുരം സംഭവത്തിൽ പൊലിസിനെ വഴി തെറ്റിക്കാനാണ് കേഡൽ ഈ മൊഴി നൽകിയതെന്നാണ് 2018ലെ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണറും ഡിഐജിയുമായ ജി. സ്പർജൻ കുമാർ ഐപിഎസ് പറയുന്നത്. ‘‘ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സാത്താൻ ആരാധന നടത്തുന്നുണ്ടെന്നാണ് കേഡലിന്റെ മൊഴി. മുഴുവൻ സമയവും വീട്ടിൽ അടച്ചിരുന്ന് ഏലിയൻസുമായും ഇമാജിനേറ്റിവ് കാരക്ടേഴ്സുമായും സംസാരിക്കുകയായിരുന്നു ഇയാളുടെ ഹോബി. പക്ഷേ, വ്യക്തമായി പ്ലാൻ ചെയ്താണ് കൊലപാതകങ്ങൾ നടത്തിയത്. മാതാപിതാക്കളെ പിന്നിൽ നിന്ന് മഴു കൊണ്ട് അടിച്ചുകൊന്നു. മൃതദേഹം കത്തിക്കാനും ശ്രമിച്ചു. പക്ഷേ, ചെയ്തതെല്ലാം നല്ലതിനാണ് എന്ന ചിന്ത ഇയാൾക്കുണ്ട്. അത്രമാത്രം സാത്താൻ ഉള്ളിലുണ്ട്. പക്ഷേ, ഇക്കാര്യങ്ങൾ തെളിയിക്കുന്ന രേഖകളോ പരാതിയോ ലഭിച്ചിട്ടില്ല.’’

സാത്താൻ ഉണ്ടോ

‘സാത്താൻ നുണയനാണ്, നുണയന്റെ പിതാവുമാണ്,’ കർത്താവിന്റെ വാക്കുകളായി ബൈബിളിൽ പറഞ്ഞിട്ടുള്ളത് ഇതാണ്. ആദത്തിനെയും ഹവ്വയെയും വഴിതെറ്റിച്ചതു മുതൽ സാത്താന്റെ പ്രവൃത്തികൾ കാണാൻ കഴിയും. ലോകാവസാനം വരെ അതു തുടരുകയും ചെയ്യുമെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറയുന്നു. ‘‘സഭ ഇതേക്കുറിച്ച് പഠനം നടത്താന്‍ കമ്മിഷനെ നിയോഗിച്ചിരുന്നു. അവരുടെ പഠനങ്ങൾ അടിസ്ഥാനപ്പെടുത്തി വിശദമായ റിപ്പോർട്ട് തയാറാക്കിയിട്ടുമുണ്ട്. സാത്താൻ ആരാധനയ്ക്കെതിരെ ഇടവകകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സാത്താൻ ആരാധകരുടെ കറുത്ത കുർബാന (ബ്ലാക് മാസ്) കത്തോലിക്കാ സഭ ഒരിക്കലും അംഗീകരിക്കില്ല. തിരുവോസ്തി മോഷ്ടിച്ച് കൊണ്ടുപോയി കറുത്ത കുർബാനയിൽ അവഹേളിക്കുന്നതാണ് ഇവരുടെ പ്രധാന ആരാധനാ രീതി. കർത്താവിന്റെ ശരീരമാണെന്നു സങ്കൽപിക്കുന്ന തിരുവോസ്തി അശുദ്ധമാക്കുന്നതിലൂടെ ദൈവനിന്ദയാണ് ഇവർ ലക്ഷ്യമിടുന്നത്. തിന്മയെ നന്മകൊണ്ടേ ജയിക്കാൻ കഴിയൂ. സാത്താൻ ആരാധനയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ സഭ തീരുമാനിച്ചിട്ടുണ്ട്.’’

പുതിയ കാലഘട്ടത്തിൽ ചെറുപ്പക്കാരായ സഭാവിശ്വാസികൾ സാത്താൻ ആരാധനയിലേക്ക് ആകൃഷ്ടരാകുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് ബിഷപ്പ് സൂസപാക്യം പറയുന്നു. ‘‘സാമൂഹ്യവിപത്തായി തന്നെയാണ് ഇതിനെ കാണേണ്ടത്. യഥാർഥ വിശ്വാസം എന്തെന്നറിയാത്തവരാണ് ഇത്തരം തെറ്റായ ആചാരങ്ങളിലേക്ക് പോകുന്നത്. സാത്താൻ സേവയുടെ പേരിലുള്ള ക്രൂരകൃത്യങ്ങൾക്കു നിയമപരമായി കടിഞ്ഞാൺ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൈവത്തെക്കുറിച്ചു വിചിത്രവും വികലവുമായ ധാരണ വച്ചുപുലർത്തുകയും പൈശാചികശക്തി വഴി എന്തും നേടിയെടുക്കാമെന്നു കുരുതുകയും അക്രമത്തിനു തുനിഞ്ഞിറങ്ങുകയും ചെയ്യുന്നവർ വിദേശത്തുണ്ട്. അവ ഇവിടേക്കു പടരാതെ തടയേണ്ടത് ആവശ്യമാണ്.’’

മനശ്ശാന്തി കിട്ടിയോ

അതീന്ദ്രീയാനുഭവങ്ങളും കഥകളും വിശ്വസിക്കുന്നവരുടെ എണ്ണം കൂടുകയാമെന്ന് മനശാസ്ത്ര വിദഗ്ധനായ ഡോ.സി.ജെ. ജോൺ പറയുന്നു. ‘‘പാരമ്പര്യമായോ സാമൂഹ്യാവസ്ഥ കൊണ്ടോ താളംതെറ്റിയ മാനസികാവസ്ഥയുള്ളവർക്ക് എന്തെങ്കിലും പരാജയമുണ്ടായാൽ അത് കൈവിഷവും കണ്ണേറുമാണെന്നു വിശ്വസിക്കാനാണ് ഇഷ്ടം. സാറ്റലൈറ്റ് വഴി പരാജയപ്പെടുത്താൻ ആരൊക്കെയോ ശ്രമിക്കുന്നു എന്നു പറയുന്നവർ പോലുമുണ്ട്. ജീവിതത്തിലെ പരാജയങ്ങളും സാമൂഹ്യ– ജനിതക സാധ്യതകളും ഒന്നിച്ചുവരുമ്പോൾ കുറുക്കുവഴികളുടെ പിന്നാലെ പോകാനുള്ള സാധ്യതയും കൂടും. സങ്കീർണമായ മാനസിക പ്രശ്നങ്ങളിലേക്കാകും ഇവരെത്തുന്നത്.

മാനസിക പിരിമുറുക്കത്തിനു പരിഹാരം കാണാൻ അത്ഭുത ഫലസിദ്ധി തേടുന്നവരെ കുറിച്ച് ഞങ്ങൾ പറയുന്ന ഒരു ഫലിതമുണ്ട്, പിരിമുറുക്കത്തിന് അയവുണ്ടാകുമെങ്കിലും എത്രമാത്രം അയവു വരുത്തണമെന്നു തീരുമാനിക്കാൻ ചിലർക്ക് പറ്റിയെന്നു വരില്ല. ചിലരുടെ പിരി തന്നെ അയഞ്ഞേക്കും. വിഷാദലക്ഷണം മാനസിക രോഗമാണെന്നു കരുതാനുള്ള തുറന്ന മനസ്സ് മിക്കവർക്കുമില്ല. മക്കളെ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സിക്കാനും രക്ഷിതാക്കൾക്ക് മടിയാണ്. മിഥ്യാധാരണകളിൽ പെട്ട് തെറ്റിലേക്ക് പോയിക്കഴിഞ്ഞു ഇടപെടുന്നത് മോശമായ ഫലമേ നൽകൂ.’’

നിയമങ്ങൾ ലംഘിച്ചു ജീവിക്കാൻ മനസ്സുള്ളവരാണ് മിക്കവാറും സാത്താന്റെ പിന്നാലെ പോകുന്നത്. പലരെയും വഴി തെറ്റിച്ചാണ് ഇതിലേക്കെത്തിക്കുന്നത്. മനസ്സിനെ ശരീരത്തിൽ നിന്നു വേർപെടുത്തുന്നതിൽ വിജയിച്ചാൽ അതിഭയങ്കരമായ ഊർജവും ധൈര്യവും കിട്ടുമെന്നും നിയമത്തെയും ചിട്ടകളെയും വെല്ലുവിളിച്ച് ജീവിക്കാനാകുമെന്നും കേൾക്കുന്നതോടെ പലരും ഇതിനു പിന്നാലെ പോകുന്നു. ഉന്മാദം ഭ്രാന്തായിമാറി കൊലപാതകം വരെ ചെയ്യാവുന്ന മാനസികാവസ്ഥയില്‍ എത്തുന്നു.

എല്ലാ മതവിഭാഗത്തിലുമുണ്ട് തിന്മയെ പ്രാർഥിക്കുന്നവർ. എളുപ്പവഴിയിലൂടെ വിജയം ആഗ്രഹിക്കുന്നവർ ഇതിനു പിന്നാലെ പോകും. ടെക്സാസിലെ ഗ്രേറ്റര്‍ ചര്‍ച്ച് ഓഫ് ലൂസിഫര്‍ എന്ന സാത്താന്‍ സഭയുടെ സ്ഥാപകനായ മക് കെല്‍വിയുടെ ജീവിതം സാത്താൻ ആരാധനയുടെ ആന്റി ക്ലൈമാക്സ് ആണ് പറയുന്നത്. സഹോദരിയുടെ അപ്രതീക്ഷിത മരണവും പണത്തോടും അധികാരത്തോടുമുള്ള ആഭിമുഖ്യവും കൊണ്ടു സാത്താന്‍ ആരാധനയിലേക്ക് എത്തിയതാണ് മക് കെല്‍വി. നിരവധി പേരെ തന്റെ വഴിയിലേക്ക് കൊണ്ടുവരികയും ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ താന്‍ ചെയ്യുന്നത് തെറ്റാണെന്നുള്ള ചിന്ത കെല്‍വിയെ വേട്ടയാടാന്‍ തുടങ്ങി. അതോടെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് സ്നാനം ഏറ്റു. ഇന്ന് ദേവാലയങ്ങളില്‍ ദൈവസ്നേഹത്തെ കുറിച്ചും പ്രാര്‍ഥനയുടെ ശക്തിയെക്കുറിച്ചും പ്രസംഗിക്കുകയാണ് കെൽവി.

സാത്താൻ സേവയുടെ ഉദയം

1966ലാണ് ചർച്ച് ഓഫ് സാത്താന്റെ തുടക്കം. ഷിക്കാഗോക്കാരനായ ആന്റൺ ലാവിയാണ് ഇതു സ്ഥാപിച്ചത്. സാത്താനിക് ബൈബിൾ രചിച്ചതും ഇയാളാണ്. ഈനോക്കിയൻ ഭാഷയിലുള്ള 19 മന്ത്രങ്ങളാണ് ഇതിലുള്ളത്. ഇംഗ്ലീഷ് രൂപവുമുണ്ട്. സൃഷ്ടിയുടെ സമയത്ത് ദൈവവും ആദവും സംസാരിച്ചിരുന്നത് ഈനോക്കിയൻ ഭാഷയിലായിരുന്നു. സ്വർഗത്തിൽ നിന്നു പുറത്താക്കപ്പെട്ടതോടെ ആദാമിന് ഈ ഭാഷ നഷ്ടപ്പെട്ടു. ആത്മാവുകളുടെ മാധ്യമമായി പ്രവർത്തിക്കുന്ന എഡ്വേർഡ് കെല്ലിയുടെ സഹായത്തോടെ ജോൺ ഡീ ഇതു വീണ്ടെടുക്കുകയായിരുന്നുവത്രേ. വലത്തുനിന്ന് ഇടത്തേക്കെഴുതുന്ന ഭാഷയാണിത്. 13 എന്ന അക്കത്തെ അശുഭമായി കാണുന്നതു പോലെ സാത്താന്റെ സംഖ്യയായി കാണുന്നത് 666 ആണ്. വ്യാളിയെ സാത്താന്റെ പ്രതീകമായും വാഹനമായും കാണുന്നവരുമുണ്ട്.