Monday 19 February 2024 04:00 PM IST : By സ്വന്തം ലേഖകൻ

ശരീരത്തിൽ മരണകാരണമായ ക്ഷതങ്ങളില്ല, ശ്വാസംമുട്ടി മരണം; പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ ദുരൂഹത, അമ്മ നിരീക്ഷണത്തിൽ

sukanyy75677

പിഞ്ചുകുഞ്ഞിന്റെ മരണം സംബന്ധിച്ച കേസിൽ ദുരൂഹത തീരുന്നില്ല. മരണം ശ്വാസംമുട്ടി ആകാമെന്ന പോസ്റ്റ്‌മോർട്ടത്തിലെ  നിഗമനമാണു കേസ് വീണ്ടും സങ്കീർണമാക്കുന്നത്. കോട്ടയം സ്വദേശിനിയുടെ മകൾ ഒരു വയസ്സുകാരി ശികന്യയുടെ ദുരൂഹമരണം സംബന്ധിച്ച കേസിലാണ് കൂടുതൽ അന്വേഷണം. കേസിൽ കുഞ്ഞിന്റെ അമ്മ വീണ്ടും പൊലീസ് നിരീക്ഷണത്തിലായി. ഇന്ന് ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കൂടി ലഭിക്കുന്ന മുറയ്ക്കു കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.

കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന സം‌ശയമാണ് ബലപ്പെടുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ മരണകാരണമായ ക്ഷതങ്ങളില്ലെങ്കിലും ശ്വാസംമുട്ടിയാണു മരണമെന്നാണു സംശയം. കുഞ്ഞിന്റെ അമ്മയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുകയാണ്. ശനിയാഴ്ച രാവിലെയാണ് യുവതി കുഞ്ഞിനെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന നിലയിൽ യുവതി, നേരത്തെ ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്തിന് അയച്ച വാട്‌സാപ് സന്ദേശവും സംശയം ബലപ്പെടുത്തുന്നു. 

ചോദ്യം ചെയ്യലിൽ ചില ഘട്ടങ്ങളിൽ കുറ്റം സമ്മതിക്കുന്ന യുവതി ഇടയ്ക്ക് മാറ്റിപ്പറയുന്നതു പൊലീസിനെ കുഴയ്ക്കുന്നു. യുവതി ശനിയാഴ്ച രാവിലെ ആലപ്പുഴയിൽ നിന്നാണ് ഷൊർണൂരിലെത്തിയതെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കുഞ്ഞ് മരിച്ചത് ആലപ്പുഴയിൽ നിന്നാണെങ്കിൽ അന്വേഷണം അവിടേക്കു കൈമാറാനും സാധ്യതയുണ്ട്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ഇതു സംബന്ധിച്ചു തീരുമാനമാകൂ. യുവതി വെള്ളിയാഴ്ച രാത്രി തങ്ങിയ ആലപ്പുഴയിൽ പരിശോധന നടത്താനും നീക്കമുണ്ട്.

Tags:
  • Spotlight