Friday 09 February 2024 11:39 AM IST

സൈബർ തെളിവുകളിലേക്കുള്ള പിടിവള്ളി, 10 കോടി വരുമാനമുള്ള സൈബർ ഫൊറൻസിക് ലാബിന്റെ സ്ഥാപക: സൗമ്യയുടെ വിജയഗാഥ

Delna Sathyaretna

Sub Editor

sounya-balan

ആണുങ്ങൾക്ക് ഒപ്പം പിടിക്കാൻ നോക്കലല്ല ഇപ്പോൾ വനിതകളെ ഹരം കൊള്ളിക്കുന്ന വെല്ലുവിളി. സ്വന്തം ജീവിതസാമ്രാജ്യം കെട്ടിപ്പടുക്കലാണ് അവർ സ്വയം നൽകുന്ന ചാലഞ്ച്. കരുതലോടെ പോറ്റി വളർത്താനുള്ള കഴിവ് കരിയറിലും ബിസിനസിലും സ്ത്രീകള്‍ പ്രാവർത്തികമാക്കി തുടങ്ങി. ഭക്ഷണവും വൃത്തിയും നല്ല പാഠങ്ങളും പകർന്നു കുഞ്ഞിനെ പരിപാലിക്കും പോലെ സ്വന്തം ബിസിനസ് സംരംഭത്തെയും വളർത്തി വലുതാക്കിയ സംരംഭകരെ പരിചയപ്പെടാം...

‘‘ഒരാളുടെ കഴിവല്ല, കൂട്ടായ്മയുടെ കരുത്താണ് ഈ സംരംഭം’’ സൗമ്യ ബാലൻ ഇന്ത്യയിലെ ആദ്യ പ്രൈവറ്റ് സൈബർ ഫൊറൻസിക് ലാബ് സ്ഥാപക പറയുന്നു.

ടെക്നോപാർക്കിലെ നീണ്ടു നിവർന്നു കിടക്കുന്നൊരു ഹാളിൽ നിരത്തിയിട്ട ബഞ്ചും ഡെസ്കുകളും കാതു പൊത്തിപ്പിടിച്ചു കിടപ്പാണ്. ചന്ദ്രനും സൂര്യനും ഒളിച്ചേ കണ്ടേ കളിക്കുന്നതൊന്നുമറിയാതെ അവിടെ ഒരു കൂട്ടം സ്ത്രീകൾ കുറ്റാന്വേഷണത്തിന്റെ ഡിജിറ്റൽ വഴികളിലൂടെ സഞ്ചരിക്കുന്നു.

പൊലീസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും ആ വശ്യമായ സൈബർ തെളിവുകൾ ശേഖരിച്ചു നൽകുന്ന സേവനമാണ് ആലിബൈ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകുന്നത്. മൂന്നുവർഷം മുൻപ് പ്രവർത്തനം തുടങ്ങിയ ആലിബൈയ്ക്ക് ഇപ്പോൾ ശരാശരി 10 കോടി വരുമാനമുണ്ട്.

പരമാവധി സ്ത്രീകൾക്കു ജോലി നൽകണം എന്നാഗ്രഹിച്ച സൗമ്യബാലന് അതിനു വേണ്ടി അധികം കഷ്ടപ്പെടേണ്ടി വന്നില്ല. അപേക്ഷകരിൽ മികവ് തെളിയിച്ചവരിൽ 90 ശതമാനവും വനിതകൾ തന്നെ. അവതാരകയായും നർത്തകിയായും തിളങ്ങിയ പത്തനംതിട്ട സ്വദേശി സൗമ്യബാലൻ സിനിമാനിർമാതാവ് ഗാന്ധിമതി ബാലന്റെയും അനിതയുടേയും മകളാണ്. ബിസിനസിൽ പൂർണപിന്തുണയുമായി ഭർത്താവ് ശ്യാം കെ.എ. ഒപ്പമുണ്ട്.

കോവിഡിന്റെ വഴിയേ..

‘‘ബിസിനസും ആശയവിനിമയങ്ങളും ഓൺലൈനായ ലോക്‌ഡൗൺ കാലത്താണ് ഡിജിറ്റൽ ക്രമക്കേടുകളും കുറ്റകൃത്യങ്ങളും കൂടുതൽ ശ്രദ്ധയിൽ പതിഞ്ഞത്. ഇന്റർനാഷനൽ ബാങ്കറായ ഭർത്താവ് ശ്യാമും കുടുംബസുഹൃത്തായ ഭദ്രൻ സാറും തന്ന ധൈര്യത്തിന്റെ പുറത്തായിരുന്നു തുടക്കം. ഒരു ക്ലയന്റിനെ കണ്ട് പ്രശ്നത്തിനുള്ള പരിഹാരമായി സോഫ്റ്റ്‌വെയറോ ഹാർഡ്‌വെയറോ നൽകി കൈ കൊടുത്തു പിരിയലല്ല ആലിബൈയുടെ രീതി.

ഓരോ ദിവസവും എത്രയേറെ പുതിയ ഡിജിറ്റൽ ഉപകരണങ്ങൾ വിപണിയിലെത്തുന്നു. പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും പഠിച്ചെടുക്കുന്നതു തന്നെ ഒരിക്കലും അവസാനിക്കാത്തതാണ്. അതുകൊണ്ട് തന്നെ എന്നും പുതിയ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന തൊഴിൽമേഖലയാണിത്. വിപുലമായി റിസർച്ചും ശ്രദ്ധയും ആവശ്യമാണ്. അസ്വാഭാവിക മരണം സംഭവിച്ചയാളുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടതടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നതു പോലെ അനേകം ഡിജിറ്റൽ സേവനങ്ങളാണ് ആലിബൈ നൽകുന്നത്. സൈബർ അന്വേഷണങ്ങൾക്ക് ആവശ്യമായ തെളിവുകൾ ശേഖരിക്കാനായി സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും ഇവ ഉപയോഗിക്കാനുള്ള പരിശീലനവും ആലിബൈ നൽകും.

ഡിജിറ്റൽ കുറ്റകൃത്യങ്ങളില്‍ ഇരയാകുന്നവരും അന്വേഷണ ഏജൻസികളും ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും ആലിബൈയെ തേടിയെത്തുന്നു.

അച്ഛന്റെ ആഗ്രഹം

ആലിബൈ തുടങ്ങാനുള്ള ആശയം പറഞ്ഞപ്പോൾ തന്നെ അച്ഛൻ പൂർണപിന്തുണയോടെ ഒപ്പം നിന്നു. സിനിമയുടെ വ്യാജകോപ്പികൾ അച്ഛനെ ഒരുകാലത്ത് അലട്ടിയിട്ടുള്ള പ്രശ്നമാണ്. അതിനു പരിഹാരം കാണണമെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. ആ ലക്ഷ്യവും ഞങ്ങൾക്കു മുന്നിലുണ്ട്. സ്ത്രീകളാണ് അധികവും ടീമിൽ എന്നതുകൊണ്ട് തന്നെ ഒരുമയും സ്വീകാര്യതയും കൂടുതലാണ്. ’’

സേവനങ്ങൾ ആവശ്യക്കാരിലേക്കെത്തിക്കാനും മാറുന്ന ഡിജിറ്റൽ ലോകത്തെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കാനും നെട്ടോട്ടത്തിലാണു നാലു വയസുള്ള കുഞ്ഞിന്റെ അ മ്മ കൂടിയായ സൗമ്യ.