Friday 22 March 2024 03:43 PM IST

‘ആ കൈത്തറി ഉടുപ്പുകൾ ഹൃദയത്തിന്റെ ചുവപ്പിനോടു ചേർത്തുവച്ചു’: 50 ലക്ഷം വരുമാനമുള്ള സൂയിയുടെ ഉദയം: രണ്ട് പെണ്ണുങ്ങളുടെ വിജയഗാഥ

Delna Sathyaretna

Sub Editor

suee കൃഷ്ണ കെ, ഹിബ മറിയം

ആണുങ്ങൾക്ക് ഒപ്പം പിടിക്കാൻ നോക്കലല്ല ഇപ്പോൾ വനിതകളെ ഹരം കൊള്ളിക്കുന്ന വെല്ലുവിളി. സ്വന്തം ജീവിതസാമ്രാജ്യം കെട്ടിപ്പടുക്കലാണ് അവർ സ്വയം നൽകുന്ന ചാലഞ്ച്. കരുതലോടെ പോറ്റി വളർത്താനുള്ള കഴിവ് കരിയറിലും ബിസിനസിലും സ്ത്രീകള്‍ പ്രാവർത്തികമാക്കി തുടങ്ങി. ഭക്ഷണവും വൃത്തിയും നല്ല പാഠങ്ങളും പകർന്നു കുഞ്ഞിനെ പരിപാലിക്കും പോലെ സ്വന്തം ബിസിനസ് സംരംഭത്തെയും വളർത്തി വലുതാക്കിയ നാലു സ്ത്രീ സംരംഭകരെ പരിചയപ്പെടാം.

‘‘സൂചിയില്‍ നൂലു കോർക്കും പോലെ സൂക്ഷ്മതയും കൃത്യതയും.

അതായിരുന്നു ഏറ്റവും വലിയ മൂലധനം’’ ഹിബ & കൃഷ്ണ. സൂയി സ്ഥാപകർ

കണ്ണൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നു ബിരുദം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ ഹിബയും കൃഷ്ണയും നേരേ പോയത് മൾട്ടിനാഷനൽ ടെക്സ്റ്റൈൽ കമ്പനിയിലെ ശമ്പളത്തിനു പിന്നാലെയല്ല. കണ്ണൂരിന്റെ സ്വന്തം കൈത്തറി അവരുടെ മനസിൽ പതിഞ്ഞുപോയിരുന്നു. ഇത്ര നല്ല തുണി നമുക്കു സ്വന്തമായുള്ളപ്പോൾ അതിന്റെ വിപണി സാധ്യത

പ്രയോജനപ്പെടുത്തണമെന്ന് അവർക്കു തോന്നി. ഒപ്പം നാട്ടിലെ നെയ്ത്തുകാർക്കു കൈത്താങ്ങാകണമെന്നും.

പഠനത്തിനൊപ്പം തന്നെ പല ബ്രാൻഡുകൾക്കു വേണ്ടിയും പരസ്യഷൂട്ടുകൾ ചെയ്തും ഹാൻഡ്‌ലൂം നവീകരണം ലക്ഷ്യം വച്ചു പ്രവർത്തനങ്ങൾ ചെയ്തിരുന്നു. ലാഭനഷ്ടങ്ങളെക്കുറിച്ചുള്ള ഭയമില്ലാതെ ഭംഗിയുള്ള കൈത്തറി ഉടുപ്പുകൾ ഹൃദയത്തിന്റെ ചുവപ്പിനോടു ചേർത്തു വച്ചിരുന്നു രണ്ടാളും. അതിൽ നിന്നു ജനിച്ചതാണ് സൂയി എന്ന സ്റ്റാർട്ട് അപ്. 2018 ൽ പ്രവർത്തനമാരംഭിച്ച സൂയിയുടെ ഇപ്പോഴത്തെ ശരാശരി വാർഷിക വരുമാനം 50 ലക്ഷം.

ഓർക്കാപ്പുറത്തെ വിഷുക്കുപ്പായം

‘‘ഞാനോ ഹിബയോ ഒരിക്കലും ബിസിനസിലേക്കു കടക്കുമെന്നു കരുതിയിരുന്നില്ല. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ ഫാഷൻ കമ്യൂണിക്കേഷൻ അവസാന സെമസ്റ്ററിന്റെ പ്രോജക്ടാണ് വഴിത്തിരിവായത്. നിഫ്റ്റിൽ നിന്നുള്ള കുട്ടികൾക്കു കരകൗശല വിഭാഗത്തിലും കൈത്തറി വിഭാഗത്തിലുമുള്ള പ്രോജക്ടിന് കേന്ദ്രസർക്കാരിന്റെ ഫണ്ട് കിട്ടുന്ന സ്കീം ആ വർഷം മുതൽ തുടങ്ങിയിരുന്നു.

ഇന്ത്യയിലെ എല്ലാ സെന്ററുകളിലുമായി ചുരുക്കം വിദ്യാർഥികൾക്കേ ധനസഹായം കിട്ടൂ. ഞങ്ങൾക്ക് അതു നേടാനായി. കണ്ണൂർ കൈത്തറിയിലും പയ്യന്നൂർ ബെൽ മെറ്റലിലും ഞങ്ങൾ പ്രോജക്ട് ചെയ്തു.

sooyi

കൈത്തറിയിലെ പ്രോജക്ടിന് ഏറ്റവും മികച്ച ഗ്രാജ്വേഷൻ പ്രോജക്ടിനുള്ള അംഗീകാരവും കിട്ടി. കൈത്തറിയോ ടു തോന്നിയ താൽപര്യം കാരണം വിഷു സീസണിൽ കുറച്ച് ഉടുപ്പുകളുടെ ഡിസൈൻ തയാറാക്കി സൊസൈറ്റികൾക്കു നൽകി. അതു മുഴുവൻ വിറ്റുപോയതോടെ ആത്മവിശ്വാസമായി. ’’ സൂയി എന്ന സ്റ്റൈലിഷ് കൈത്തറി വ സ്ത്ര ബ്രാൻഡിന്റെ അമരക്കാരിലൊരാളായ കൃഷ്ണയുടെ സ്വരത്തിൽ രണ്ടു ഷോറുമുകളുടെ വിജയത്തിളക്കം.

പൊതുവേദിയിലെ ഫാഷൻ ഷോ

‘‘2018ൽ സർക്കാരിന്റെ വാർഷികാഘോഷങ്ങൾ കണ്ണൂരു നടന്ന വേദിയിൽ ‘സൂയി’ വസ്ത്രങ്ങളുടെ ഫാഷൻ ഷോ നടത്താനായി. അതായിരുന്നു ഉൽപന്നങ്ങളുടെ ലോഞ്ച്.

കൈത്തറി യൂണിറ്റിൽ നിന്ന് നെയ്തെടുക്കുന്ന ഡിസൈൻ തയ്യൽ യൂണിറ്റിനു കൊടുത്തു വേണ്ട രീതിയിൽ തയ്പ്പിച്ചു വാങ്ങും. പിന്നെ വിപണിയിൽ അവതരിപ്പിക്കും.

കൊച്ചിയിൽ രണ്ടു ഷോറുമുകളാണ് നിലവിൽ സൂയിക്കുള്ളത്. തുണി കണ്ണൂരു നിന്നെത്തും. ഓഫിസും പ്രവർത്തനങ്ങളും കൊച്ചിയിൽ തന്നെ. വീട്ടുകാരുടെ പൂർണ പിന്തുണയുള്ളതുകൊണ്ടു ബന്ധങ്ങളും ബിസിനസും നന്നായി കൊണ്ടുപോകാൻ കഴിയുന്നു.

പഠനം കഴിഞ്ഞയുടനെ സ്റ്റാർട്ട് അപ് തുടങ്ങിയതിൽ‌ ഇന്നു സന്തോഷമേയുള്ളൂ. കഴിഞ്ഞ വർഷം സ്റ്റാർട്ട് അപ് മിഷന്റെ 12 ലക്ഷം രൂപയുടെ ഗ്രാന്റ് കിട്ടി. അതുപയോഗിച്ച് ഉടുപ്പുകളുടെ ട്രയൽ ചെയ്യുന്ന സമയത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സ്മാർട്ട് ട്രയൽ സൗകര്യമൊരുക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ.’’