Friday 05 April 2024 04:46 PM IST

‘പെണ്ണാണ്, അടങ്ങി ഒതുങ്ങി ജീവിക്കണം എന്നു പറയുന്ന ബോറൻ രക്ഷിതാക്കൾ ആകരുത്’: അവളെ ശരിയായി അറിയൂ

Vijeesh Gopinath

Senior Sub Editor

teenaga-lessons

കഴിവുകൾ തിരിച്ചറിഞ്ഞു മുന്നോട്ടു പോകാനുള്ള ശ്രമം കൗമാരത്തിൽ തന്നെ തുടങ്ങണം

കൗമാരത്തിലും യൗവനത്തിലും മനസ്സൊരുക്കേണ്ടത് ശ്രദ്ധാപൂർവമാകണം. സ്ത്രീ എന്ന അഭിമാനം മനസ്സിലൊരുക്കാനുള്ള ആദ്യ ചുവട് ഇവിടെ നിന്നാണു തുടങ്ങുന്നത്.

∙ വ്യക്തിത്വ രൂപീകരണത്തിന്റെയും സ്വയം ബോധത്തിന്റെയും പ്രധാന ഘട്ടമാണു കൗമാരം. പെൺകുട്ടിയായതു കൊണ്ടു രണ്ടാമതാണ് എന്ന ബോധം വേരോടെ പിഴുതെറിയേണ്ട ആദ്യ ഘട്ടമാണ് ഇത്. അതുകൊണ്ടു തന്നെ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞു മുന്നോട്ടു പോകാനുള്ള ശ്രമം കൗമാരത്തിൽ തന്നെ തുടങ്ങണം. മനസ്സുറപ്പോടെ ജീവിക്കാനുള്ള അടിത്തറയാണു കെട്ടിപ്പൊക്കേണ്ടത്.

∙ രൂപം കൊണ്ടും നിറം കൊണ്ടും വസ്ത്രധാരണം കൊണ്ടും എന്തിന്, ഒരു മുഖക്കുരുവിന്റെ പേരിൽ പോലും പരിഹാസത്തിനു കൗമാരത്തിൽ ‘ഇര’യായെന്നു പറയുന്ന കുട്ടികളുണ്ട്. ആദ്യം വേണ്ടത് ‘ഇര’ എന്ന വാക്കു ജീവിതത്തിൽ നിന്നേ വെട്ടിക്കളയുകയാണ്. ആത്മവിശ്വാസം എന്ന ജ്വാലയ്ക്കു മുന്നിൽ പരിഹാസങ്ങൾ ചാരമാകണം.

നമ്മൾ പരിഹസിക്കപ്പെടുന്ന ഇമേജുകൾ പരമ്പരാഗതമായി ആരൊക്കൊയോ ഉണ്ടാക്കിയതാണ്. അതാണു വലിച്ചെറിയേണ്ടത്. പ്രസന്റബിൾ ആയി ആത്മവിശ്വാസത്തോടെ നടക്കാം. ശരീരമല്ല, ആത്മവിശ്വാസമാണു നമ്മുടെ ഭംഗി കൂട്ടുന്നത് – പുതിയ ലോകം അതാണു വിശ്വസിക്കുന്നത്.

∙ ചിലർ അന്തർമുഖരായിരിക്കാം. അതിൽ അപകർഷത വേണ്ട. സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗമാണതെന്നു തിരിച്ചറിയുക. മുന്നോട്ടു പോകുക. ‌പിന്നോട്ടു വലിച്ചിലിനുള്ള കാരണങ്ങൾ കണ്ടെത്തുക. അതു രൂപത്തെക്കുറിച്ചുള്ള തെറ്റിധാരണയോ സംസാരിക്കാനുള്ള ഭയമോ ഒക്കെയാകാം. മറ്റുള്ളവർ എന്തു കരുതും എന്ന തോന്നലാകാം. അനാവശ്യമായി ചിന്തിച്ചു പിൻവലിയേണ്ട കാര്യമല്ല. ഇത് നമ്മുടെ ലോകമാണ്. നമുക്കുമുണ്ട് നമ്മുടേതായ ഇരിപ്പിടം. ഏകാന്തതയിൽ പെട്ടു പോയി എന്നു കരയേണ്ട. മനസ്സിനു ചേർന്നു നിൽക്കുന്ന ചങ്ങാതിമാരെ കണ്ടെത്തുക. അവരോടു സംസാരിച്ചു തുടങ്ങുക.

കൂട്ടുകൂടും മുൻപ്

∙ ഇത് ചങ്ങാത്തത്തിന്റെ ആഘോഷ കാലഘട്ടമാണ്. ആ സൗഹൃദങ്ങൾ ജീവിതത്തിലേക്കു കൊണ്ടുവരുമ്പോൾ ത ന്നെ ചില മാനദണ്ഡങ്ങൾ ഉണ്ടാവുന്നത് നല്ലതാണ്.

തുല്യത അംഗീകരിക്കുന്ന, പരസ്പരമുള്ള ഇടം അംഗീകരിക്കുന്ന ചങ്ങാത്തങ്ങളെ വേണം സ്വീകരിക്കാൻ. ജീവിതത്തിലുണ്ടാവുന്ന സന്തോഷവും സങ്കടങ്ങളും എല്ലാം പ ങ്കുവയ്ക്കാം. പക്ഷേ ആ ബന്ധം ഒരത്താണിയാണെന്നും അതില്ലാതായാൽ മുന്നോട്ടുപോകാനാകില്ലെന്നും കരുതേണ്ട. വൈകാരികത ചോരാതെ എന്നാൽ കടുത്ത ആശ്രയത്വം ഇല്ലാതെ ഒാരോ ബന്ധങ്ങളെയും മുന്നോട്ടു കൊണ്ടുപോകാനാകണം. എല്ലാ ബന്ധങ്ങളും എല്ലാ കാലത്തും ഒ രേ രീതിയിൽ നിലനിൽക്കില്ല എന്ന പരമമായ സത്യം തിരിച്ചറിയുക.

∙ വ്യക്തിത്വത്തിനു പ്രാധാന്യം നൽകുന്ന ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുക. യുവത്വത്തിലും കൗമാരത്തിലും ലൈംഗിക ആകർഷണങ്ങൾ ഉണ്ടാകാം. എന്നാൽ ബ ന്ധത്തിൽ ലൈംഗിക ആകർഷണത്തിനു മാത്രമാണു മുൻതൂക്കം എങ്കിൽ അതു പ്രോത്സാഹിപ്പിക്കേണ്ടതല്ല. അതിൽ മാത്രമായി ഒ തുങ്ങുമ്പോൾ തിരസ്കാരത്തിനുള്ള സാധ്യത കൂടുതലായിരിക്കും.

∙ ലൈംഗിക ആരോഗ്യത്തെക്കുറിച്ചുള്ള അറിവുകൾ ഉണർന്നു വരുന്ന കാലമാണ്. കൃത്യമായ അറിവുകൾ തെറ്റിധാരണ പകരാത്ത വ്യക്തികളിൽ നിന്നു സ്വീകരിക്കുക. വെറും സുഖാന്വേഷണം മാത്രമല്ല ലൈംഗികത. അതിനുള്ള ഉപകരണമല്ല സ്ത്രീ. ഈ ചിന്ത കൗമാരത്തിലേ മനസ്സിലുറപ്പിക്കുക.

∙ പ്രണയത്തിൽ ഒപ്പമുള്ളയാൾ എന്താണ് ആഗ്രഹിക്കുന്നതെന്ന ധാരണ വേണം. നിങ്ങളുടെ വ്യക്തിത്വത്തിന്റെ സൗന്ദര്യമാണോ? ശരീരസൗന്ദര്യം മാത്രമാണോ, അതോ പണമാണോ? ഇങ്ങനെ നിങ്ങളിലേക്ക് എത്തിച്ച വഴികൾ കണ്ടെത്തണം.

ഈ ഘട്ടത്തിലുണ്ടാകുന്ന പല പ്രണയവും പലപ്പോഴും മുന്നോട്ടു പോകാനാകില്ലെന്ന ഘട്ടം വരും എന്ന ചിന്ത ആദ്യമേ കുറിച്ചു വയ്ക്കുക. അത്തരം സാഹചര്യത്തിൽ മനസ്സു തകർന്നു ജീവിതത്തിന് ഒരു വിലയും ഇല്ലെന്നു ചിന്തിക്കേണ്ട. കൗമാരമേ ആയിട്ടുള്ളൂ. ഇനിയുമേറെയുണ്ട് മുന്നോട്ടു പോകാൻ. വേദനകൾ മനസാന്നിധ്യത്തോടെ കൈകാര്യം ചെയ്തു മുന്നോട്ടു പോവുക.

∙ ഈ പ്രായത്തിൽ പഠനം അല്ലെങ്കിൽ തൊഴിൽപരമായ സ്ഥിരതയിലേക്കു ശ്രദ്ധയോടെ പോകേണ്ട കാലം കൂടിയാണ്. അതൊരു വലിയ ഉത്തരവാദിത്തം കൂടിയാണ്. വ്യതിചലിപ്പിക്കുന്ന ഒരുപാടു ഘടകങ്ങൾ ജീവിതത്തിൽ ഉണ്ടാകും. സോഷ്യൽ മീഡിയയും റീൽസും സിനിമകാണലും ചങ്ങാത്തങ്ങൾക്കൊപ്പമുള്ള യാത്രകളും അതിൽ ചിലതു മാത്രം.

ഇതൊക്കെ കൗമാരത്തിന്റെ ഭാഗമാണെങ്കിലും വഴിതിരിച്ചുവിടലുകളെ പരിമിതപ്പെടുത്തുക. ഇപ്പോൾ മുഖ്യ ധർമം പഠനവും സ്വന്തം കാലില്‍ ഉറച്ചു നിൽക്കാനുള്ള ശ്രമവുമാണ്.

അവളെ ശരിയായി അറിയൂ

∙ പെണ്ണാണ്, അടങ്ങി ഒതുങ്ങി ജീവിക്കണം എന്നു പറയുന്ന ബോറൻ രക്ഷിതാക്കൾ ആകരുത്. തുല്യരാണെന്ന ബോധം കുഞ്ഞുങ്ങളുടെ മനസ്സിലുണ്ട്. അവർ പട്ടം പോലെ പുതിയ ആകാശത്തു പറക്കട്ടെ, ആ പട്ടത്തിന്റെ ചരടു ബുദ്ധിപൂർവം അയച്ചും മുറുക്കിയും കൊടുക്കുക.

∙ പെൺകുട്ടിയാണെന്നതുകൊണ്ട് അവൾക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കരുത്. കൗമാരക്കാരിയുടെ ആത്മവിശ്വാസത്തെയാണ് അതില്ലാതാക്കുന്നത്.

∙ നോ പറയാൻ പഠിപ്പിക്കുക – പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ പിന്തുണ നൽകുക. ആ പിന്തുണയാണു കുട്ടിയിൽ ധൈര്യം ഉണ്ടാക്കുന്നത്. എങ്കിലേ ഇഷ്ടമല്ലാത്ത ഏതു സന്ദർഭത്തിലായാലും മുഖത്തു നോക്കി ‘പറ്റില്ല’ എന്നുറപ്പിച്ചു പറയാനാകൂ.

∙ നിറം, വസ്ത്രം, രൂപം ഈ കാര്യങ്ങളിലൊന്നും താരതമ്യം വേണ്ട. കഴിവുകൾ പോഷിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകാനുള്ള ധൈര്യം നൽകണം. സ്ത്രീ എന്ന വാക്കിന്റെ മൂല്യം ഇല്ലാതാക്കുന്ന ചിന്താഗതികൾ പകരാതിരിക്കുക.

∙ നല്ല ഉടുപ്പിട്ട് റീൽസ് ഉണ്ടാക്കി പോസ്റ്റു ചെയ്യു ന്നതൊക്കെ കുട്ടിയുടെ ആത്മവിശ്വാസം വളർത്തും. നിയന്ത്രണത്തേക്കാൾ പഠനം, സ്ഥിരമായ ജോലിക്കു വേണ്ടിയുള്ള അധ്വാനം എന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒാർമപ്പെടുത്തലുകളാണു നല്ലത്.

∙ ഒരു സൗഹൃദമോ പ്രണയമോ പെൺകുട്ടി വേണ്ട എന്നു വയ്ക്കുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. ആൺകുട്ടിക്കുള്ള അതേ സ്വാതന്ത്ര്യമാണ് അവൾക്കും ഉള്ളത്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സി.ജെ. ജോൺ
ചീഫ് സൈക്യാട്രിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ്
ഹോസ്പിറ്റൽ, കൊച്ചി