Friday 02 February 2024 11:09 AM IST : By സ്വന്തം ലേഖകൻ

മാനന്തവാടി ടൗണില്‍ ഭീതിപരത്തി കാട്ടാന; മയക്കുവെടി വയ്ക്കാന്‍ വനംവകുപ്പ്, കുട്ടികളെ സ്കൂളിലേക്കു വിടരുതെന്ന് നിർദേശം!

wynd-elphnt-1

മാനന്തവാടി ടൗണില്‍ കാട്ടാനയിറങ്ങി. മയക്കുവെടി വയ്ക്കാന്‍ ഒരുക്കങ്ങളുമായി വനംവകുപ്പ്. റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ രാവിലെ ഏഴരയോടെയാണു മാനന്തവാടി ടൗണിലെ കണിയാരത്ത്‍ ആളുകള്‍ ആദ്യം കണ്ടത്. പിന്നീട് പായോട് വഴി നീങ്ങിയ കാട്ടാന സബ് ട്രഷറിക്കു മുന്നിലൂടെ നടന്നു. വാഹനങ്ങള്‍ക്കടുത്തുകൂടി പോയെങ്കിലും ഇതുവരെ നാശനഷ്ടമുണ്ടാക്കിയിട്ടില്ല. തലപ്പുഴ, മക്കിമല വഴിയാണ് കാട്ടാനയെത്തിയത്. കര്‍ണാടക വനാതിര്‍ത്തിയില്‍ വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ചു തുറന്നുവിട്ട ആനയാകാം ഇതെന്നാണു നിഗമനം. നഗരത്തിലെ സ്കൂളുകള്‍ക്ക് തഹസില്‍ദാര്‍‍ അവധി നല്‍കി. പ്രദേശത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  

മാനന്തവാടിയിലെ സ്കൂളുകളിൽ എത്തിയ കുട്ടികൾ ക്ലാസിൽ തന്നെ തുടരാനും സ്കൂളിലേക്കു പുറപ്പെടാനൊരുങ്ങിയ കുട്ടികൾ വീട്ടിൽ തുടരാനും അധികൃതർ നിർദേശിച്ചു. മാനന്തവാടി ടൗൺ കേന്ദ്രീകരിച്ചുള്ള സ്കൂളുകളിലേക്ക് ഒരറിയിപ്പുണ്ടാകുന്നത് വരെ വിദ്യാർഥികളെ അയയ്ക്കരുതെന്നു തഹസിൽദാർ അറിയിച്ചു.നിലവിൽ സ്കൂളുകളിലെത്തിയ വിദ്യാർഥികളെ പുറത്തിറക്കാതെ സുരക്ഷിതമായി നിർത്തണമെന്നാണു നിർദേശം. 

എടവക പഞ്ചായത്തിലെ പായോടാണ് ഇന്നലെ രാത്രി കാട്ടാനയിറങ്ങിയത്. വനമില്ലാത്ത പഞ്ചായത്തിൽ ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്. രാവിലെ പാൽ കൊണ്ട് പോയ കർഷകരാണ് ആനയെ ആദ്യം കണ്ടത്. തുടർന്ന് വനപാലകരും പൊലീസും സ്ഥലത്തെത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മാനന്തവാടി ടൗണിലേക്ക് ആളുകൾ വരുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ആളുകൾ കൂട്ടംകൂടുകയോ ആനയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയോ ചെയ്താൽ നിയമ നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. നിലവില്‍, നഗരത്തോടു ചേര്‍ന്ന വിജനമായ മേഖലയിലെ വാഴത്തോട്ടത്തിലാണു കാട്ടാന.

രണ്ടാഴ്ച മുമ്പ് കർണാടക ഹാസൻ ജില്ലയിലെ ബേലൂരിൽ നിന്നാണ് ഈ ആനയെ പിടികൂടിയത്. റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ ബന്ദിപ്പുർ ടൈഗർ റിസർവിലേക്ക് മാറ്റി. ആനയുടെ അവസാനത്തെ ജിപിഎസ് റീഡിങ്ങിൽ പ്രതിഫലിച്ചത് കുടകിലെ കുട്ട എന്ന സ്ഥലമാണ്.

നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങൾ

മാനന്തവാടി നഗരസഭ: പെരുവക, മാനന്തവാടി ടൗൺ, താഴെയങ്ങാടി, എരുമത്തെരുവ്

എടവക ഗ്രാമപഞ്ചായത്ത്: പാണ്ടിക്കടവ്, ചാമാടി പൊയിൽ, പായോട്. 

ഫെബ്രുവരി രണ്ട് മുതൽ രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Tags:
  • Spotlight