Friday 05 April 2024 12:09 PM IST : By സ്വന്തം ലേഖകൻ

‘വിവാഹ കമ്പോളത്തിൽ ഡിമാന്റ് കൂടുമ്പോൾ പ്രണയം പാതിവഴിക്കാകും, അതോടെ അവൾ തകർന്നു പോകും’: അവർക്ക് മേയാനുള്ളതല്ല നമ്മുടെ ജീവിതം

doctors-demise-remya

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ മൂന്നു വനിതാ ഡോക്ടർമാരാണ് ആത്മഹത്യ ചെയ്തത്. മാനസിക സമ്മർദ്ദവും പ്രണയ നഷ്ടങ്ങളും ചതിയും വഞ്ചനയുമെല്ലാം ദാരുണമായ ആ മരണങ്ങൾക്കു പിന്നിലുണ്ട്. സമൂഹത്തിലെ ഏറ്റവും മിടുക്കരായി വിലയിരുത്തപ്പെടുന്ന വിദ്യാസമ്പന്നരായ യുവ ഡോക്ടർമാര്‍ എന്തുകൊണ്ട് മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നു. മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ രമ്യ ബിനോയ് പങ്കുവച്ച കുറിപ്പ് ഈ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധേയമാകുകയാണ്.

എത്ര പഠിപ്പും അറിവും ഉള്ള മനുഷ്യരാണെങ്കിലും ആത്മവിശ്വാസം നഷ്ടമായാൽ പിന്നെ തകർച്ചയിലേക്ക് നീങ്ങാൻ താമസമില്ലെന്ന് രമ്യ കുറിക്കുന്നു. പ്രണയവും വിവാഹവും ഒക്കെ പലപ്പോഴും അവസാനിക്കുന്നത് ഒരു വ്യക്തിയുടെ എല്ലാ ആത്മവിശ്വാസവും തകർത്തു കൊണ്ടാകുമെന്നും അനുഭവങ്ങൾ മുൻനിർത്തി കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ മൂന്നു വനിതാ ഡോക്ടർമാരാണ് ആത്മഹത്യ ചെയ്തത്. പ്രണയനഷ്ടം, കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ, വിവാഹമോചനത്തെ തുടർന്നുള്ള മാനസിക സംഘർഷം എന്നതൊക്കെയാണ് കാരണങ്ങളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിലെ ഏറ്റവും മിടുക്കരായി വിലയിരുത്തപ്പെടുന്നവരിൽ ഒരു കൂട്ടരാണ്, ഓൾ ഇന്ത്യ എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി എംബിബിഎസ് പ്രവേശനം നേടുന്നത്. പക്ഷേ അവരെ കാത്തിരിക്കുന്നത് എപ്പോഴും, പുറമേ നിന്ന് കാണുമ്പോലെ, പൂവിരിച്ച വഴിത്താരയല്ല എന്നല്ലേ മേൽപ്പറഞ്ഞ സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഈ മൂന്നു ദുരന്തങ്ങളെയും കുറിച്ച് ഡോക്ടറായ ഒരു പെൺകുട്ടിയോട് അടുത്തിടെ സംസാരിച്ചിരുന്നു. സാധാരണ കുടുംബത്തിൽ ജനിച്ച്, പൊതുവിദ്യാലയങ്ങളിൽ പഠിച്ച് എംബിബിഎസ് പ്രവേശനം നേടിയ ഒരാൾ. മെഡിക്കൽ പഠനത്തിന്റെ ആദ്യ കാലങ്ങളിൽ ഇങ്ങനെയുള്ള കുട്ടികളിൽ പലരും ആത്മവിശ്വാസം നഷ്ടപ്പെട്ട് വിഷാദത്തിന്റെ വക്കിലെത്തുന്നതിനെ കുറിച്ച് അവൾ പറഞ്ഞു. ആ സമയത്ത് ചില സീനിയർ ചേട്ടന്മാർ ആശ്വാസമായി മുന്നിലെത്തും. പതിയെ അത് പ്രണയമാകും. 90 ശതമാനം കേസുകളിലും അത് ജീവിതകാലം മുഴുവനുമുള്ള കൂട്ടുകെട്ടായി മാറും. പക്ഷേ ചിലരുടെ കാര്യത്തിൽ കാലം പോകെ എല്ലാം മാറിമറിയും. പയ്യന് പി.ജി. കൂടി കിട്ടുന്നതോടെ ‘വിവാഹ കമ്പോളത്തിൽ’ വില ഉയരുകയാണ്. കോടികളും ആഡംബര കാറും വീടുമെല്ലാം വാഗ്ദാനം ചെയ്ത് ചില സമ്പന്നരായ അച്ഛന്മാർ രംഗത്ത് വരും, മരുമകനെ തേടി. അതോടെ ആദ്യം വലയിൽ വീഴുക പയ്യന്റെ അച്ഛനമ്മമാരാണ്; പിന്നാലെ പയ്യനും അതുവരെ നൽകിയ വാഗ്ദാനങ്ങൾ എല്ലാം മറന്ന് ആ വഴി പോകും. അങ്ങനെ സംഭവിച്ചാൽ പല പെൺകുട്ടികളും ആകെ തകർന്നു പോകും. ഡോ. ഷഹനയെ പോലെ ചിലർ ആത്മഹത്യയുടെ വഴി തേടും. മറ്റു ചിലർക്ക് ആ വിഷാദം മറികടക്കാൻ സമയം ലഭിക്കും മുൻപ് വീട്ടുകാർ തിരഞ്ഞെടുക്കുന്ന വിവാഹത്തിന് സമ്മതം മൂളേണ്ടിവരും. സ്വന്തം ചോയ്സ് ഒരിക്കൽ പരാജയപ്പെട്ടതിനാൽ “ഇത് വേണ്ട, എന്റെ സങ്കല്പത്തിലുള്ളത് ഇങ്ങനെയൊരാളല്ല” എന്ന് പറയാൻ ആ പെൺകുട്ടികൾക്ക് ധൈര്യം വരികയേ ഇല്ല. പലപ്പോഴും വിവാഹജീവിതത്തിലും കാത്തിരിക്കുന്നത് കയ്പുനീരായിരിക്കും. ചിലർ നിശബ്ദം സഹിക്കും, ചിലർ അതിൽ നിന്ന് ധൈര്യമായി പുറത്ത് കടക്കും, ഇനിയൊരു ചെറുവിഭാഗം ജീവിതമൊടുക്കാനുള്ള തീരുമാനമെടുക്കും. സമൂഹം മുഴുവൻ ആദരമോടെ നോക്കിക്കാണുന്ന, ആയിരക്കണക്കിന് മനുഷ്യർക്ക് ആശ്വാസമാകേണ്ട ഡോക്ടർമാരാണ് ഇങ്ങനെ ചെയ്യുന്നതെന്നത് മറ്റ് രംഗങ്ങളിൽ നിന്ന് നോക്കുന്ന മനുഷ്യർക്ക് അദ്ഭുതമാകും. പക്ഷേ അവരും മനുഷ്യരാണ്, നോവിച്ചാൽ വേദനിക്കും, ചിലരെങ്കിലും വിഷാദത്തിന് അടിപ്പെടും എന്ന് മിക്കവാറും പേർ ഓർക്കാറില്ല.

ഡോക്ടർ എന്നത് അവിടെ നിൽക്കട്ടെ, എത്ര പഠിപ്പും അറിവും ഉള്ള മനുഷ്യരാണെങ്കിലും ആത്മവിശ്വാസം നഷ്ടമായാൽ പിന്നെ തകർച്ചയിലേക്ക് നീങ്ങാൻ താമസമില്ല. പ്രണയവും വിവാഹവും ഒക്കെ പലപ്പോഴും അവസാനിക്കുന്നത് ഒരു വ്യക്തിയുടെ എല്ലാ ആത്മവിശ്വാസവും തകർത്തു കൊണ്ടാകും. അതും എല്ലാവരും അറിഞ്ഞുകൊണ്ടുള്ള പ്രണയമാണെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ വിഡ്ഢിയായി എന്ന തോന്നലും കൂട്ടിനെത്തും. പിന്നെ എടുക്കുന്ന തീരുമാനങ്ങളൊന്നും നേർബുദ്ധിയോടെ ആവണമെന്നില്ല. ചിലർ ആത്മഹത്യ തിരഞ്ഞെടുക്കും, ചിലർ അതിനു തുല്യമായ വിവാഹജീവിതവും.

എന്താണ് ഇതിനൊരു പരിഹാരം…

പുരുഷ കേന്ദ്രീകൃത സമൂഹം പറഞ്ഞുവച്ചിട്ടുള്ള ഒരു ചൊല്ലുണ്ടല്ലോ, “ആണിന്റെയും ആഞ്ഞിലിക്കുരുവിന്റെയും വില മതിക്കാനാകില്ലെ”ന്ന്. നമ്മള് പെണ്ണുങ്ങളും ഇനി അതു തന്നെ സ്വയം പറഞ്ഞു തുടങ്ങണം. നമ്മുടെ വിലയും ചുമ്മാതങ്ങ് കേറി ആരും നിശ്ചയിക്കേണ്ട. നാളെ നമ്മളും വടവൃക്ഷമാകേണ്ടവരാണ്, ഒരുപാട് ജീവജാലങ്ങൾക്ക് തണലും താവളവും ആകേണ്ടവരാണ്. പക്ഷേ അതിനുള്ള ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്തണം. എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയുകയാണ്, പ്രണയം തകർന്നാൽ സൂര്യൻ എന്നേക്കുമായി അസ്തമിച്ചു, ഭൂമി കറക്കം നിർത്തി എന്നൊക്കെ നമുക്ക് തോന്നും. ആ സമയത്ത് നമ്മളെ സംബന്ധിച്ച് അതാണ് സത്യം. പക്ഷേ അതൊരു ഗ്രഹണകാലം മാത്രമാണ്. (ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്ന് മറക്കാതിരിക്കുക. കണ്ട ദുർബലർക്ക് കയറി മേയാൻ നമ്മുടെ ജീവിതം വിട്ടുകൊടുക്കരുത്.)

വിഷാദത്തെ അതിജീവിക്കാൻ കഴിയുന്നില്ലെങ്കിൽ വീട്ടുകാരുടെയോ കൂട്ടുകാരുടെയൊ സഹായത്തോടെ വിദഗ്ധരുടെ കൗൺസലിങ് സ്വീകരിക്കുക. പ്രണയനഷ്ടത്തെ അല്ലെങ്കിൽ വിവാഹമോചനത്തെ തുടർന്നുണ്ടാകുന്ന സങ്കടം, ആത്മവിശ്വാസമില്ലായ്മ തുടങ്ങിയ സംഗതികളെല്ലാം അല്പായുസ്സുകളാണ്. അവയെ മറികടന്നാൽ നമ്മൾ കൂടുതൽ കാതലുള്ള വന്മരമായി മാറും. പിന്നെയും ഒന്നുണ്ട് - അപ്പോഴും നിങ്ങൾക്ക് ചുറ്റുമുള്ള സ്നേഹസമ്പന്നരായ കുറെ മനുഷ്യർ. നിങ്ങൾ നഷ്ടമായ സൂര്യനെ തേടി അലയുമ്പോൾ നിങ്ങളാണ് സൂര്യൻ എന്നു നിനച്ച് ജീവിക്കുന്ന ചിലർ. നിങ്ങളെ നഷ്ടമായാൽ എന്നേക്കും ഇരുളിലാണ്ട് പോകുന്നവർ. അവർക്ക് വേണ്ടി അതിജീവിക്കുമെന്ന് തീരുമാനമെടുക്കുക.

അങ്ങനെ മുന്നോട്ട് പോയാൽ വർഷങ്ങൾക്കപ്പുറം പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കുന്ന ഏറ്റവും ശാന്തമായ ഒരു സായാഹ്നത്തിൽ ചൂടുകാപ്പിക്കൊപ്പം നുണഞ്ഞു രസിക്കാവുന്ന ഒരു കഥമാത്രമായി മാറും ആ സ്നേഹനിരാസം…

*ചെമ്മരത്തി