Thursday 08 February 2024 10:04 AM IST : By സ്വന്തം ലേഖകൻ

കുടുംബത്തിനോടൊപ്പം ജീവിക്കാന്‍ കൊതിച്ചു... ഭാര്യയുടെയും മക്കളുടെയും കൺമുന്നിൽ മരണം: വേദനയായി വിയോഗം

ashraf-thamarassery-74

സ്വപ്നങ്ങൾ പാതിവഴിക്കാക്കി മരണത്തിന്റെ ലോകത്തേക്കു മറഞ്ഞ പ്രവാസിയായ ചെറുപ്പക്കാരനെ കുറിച്ച് വേദനയോടെ കുറിപ്പ് പങ്കുവയ്ക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശേരി. കുടുംബവുമായി ജീവിക്കാനുള്ള മോഹവും പേറി പ്രവാസലോകത്ത് എത്തിയ യുവാവിനെ ക്ഷണനേരം കൊണ്ട് മരണം കീഴ്പ്പെടുത്തുകയായിരുന്നു. തന്റെ ജീവിതോപാധി തേടി ഇറങ്ങാനിരിക്കേയാണ് അദ്ദേഹത്തിന് മരണം സംഭവിച്ചതെന്ന ദുഃഖസത്യവും അഷ്റഫ് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു ചെറുപ്പക്കാരന്റെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. കുടുംബവുമായി ജീവിക്കാനുള്ള മോഹവും പേറി വളരെ കഷ്ടപ്പെട്ട് ഭാര്യയെയും കുട്ടികളെയും പ്രവാസ ലോകത്തേക്ക് കൊണ്ട് വന്നു. സന്തോഷത്തിന്റെ നിമിഷങ്ങൾ കടന്ന് പോകവേ ദുഖത്തിന്റെ ദിനം വന്നെത്തി. ഭാര്യയും കുട്ടികളും പ്രവാസ ലോകത്തെത്തി ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴേക്കും മരണത്തിന്റെ മാലാഖ പടി കടന്നെത്തി. തന്റെ ജീവിതോപാധി തേടി ഇറങ്ങാനിരുന്ന കുടുംബനാഥനെ തേടി മരണത്തിന്റെ മാലാഖയെത്തി. ഭാര്യയും കുട്ടികളുടേയും മുന്നിൽ അദ്ദേഹം കുഴഞ്ഞു വീന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആ കുടുംബത്തിൽ സന്തോഷത്തിന്റെ രണ്ടു ദിനങ്ങൾക്കപ്പുറം കാര്യങ്ങൾ മാറി മറഞ്ഞു. വല്ലാത്ത സങ്കടകരമായ അവസ്ഥ. അലംഘനീയമായ വിധി വന്നെത്തിയാൽ പോവുകയല്ലാതെ എന്ത് ചെയ്യും..... മരണത്തിന്റെ മാലാഖ വന്നെത്തിയാൽ കുടുംബത്തിന്റെ ഗതി തന്നെ മാറിപ്പോവുകയാണ്.

നമ്മിൽ നിന്നും വിട പറഞ്ഞു പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയുമാറാകട്ടെ.... അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ......