Monday 26 June 2023 03:24 PM IST : By ഡോ. ടി. സുരേഷ്‌കുമാർ

റൗണ്ട്സിനായി ഡോക്ടർ ഐസിയുവിൽ എത്തിയപ്പോൾ പണിക്കർ കട്ടിലില്ല: പണിക്കർ തമാശകൾ വായിക്കാം...

pan654547

വാർഡുകളിൽ നടന്നു രോഗികളെ കാണുന്നത് എനിക്കിഷ്ടമാണ്. ദുഃഖങ്ങൾ മാത്രമല്ല, കിടിലൻ നർമങ്ങളും അണപൊട്ടുന്ന ഇടമാണ് വാർഡുകൾ.

വാർഡിലൂടെ ഒരു റൗണ്ട് നടന്നാൽ തന്നെ എന്തെങ്കിലും കിട്ടാതിരിക്കില്ല. ചിന്തിക്കാനും ചിരിക്കാനും. ഞാൻ പലപ്പോഴും നിരീക്ഷിക്കുന്ന ഒരു കാര്യമുണ്ട്. ഒരു രോഗി തന്റെ രോഗത്തെ എങ്ങനെ കാണുന്നു? ജനറൽ വാർഡിൽ ഇരുന്ന് വെറുതെ നോക്കിയിരുന്നാൽ മതി.

ചിലർ രോഗത്തെ ഗൗരവമായെടുക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു. പലപ്പോഴും അവർ ദുർവിധിയോർത്തു കരയുന്നു. ചിലർ രോഗത്തെ വളരെ ലാഘവമായി കാണുന്നു. അവർ രോഗാവസ്ഥയിലും ചിരിക്കുന്നു.

മറ്റു ചിലർ സ്വന്തം രോഗം വകവയ്ക്കാതെ തൊട്ടടുത്തു കിടക്കുന്നവരെ സഹായിക്കാനും ആശ്വസിപ്പിക്കുവാനും ശ്രമിക്കുന്നു. (അതിന് സ്വന്തം കൂട്ടിരിപ്പുകാരിൽ നിന്ന് അവർക്ക് ഇടയ്ക്കിടയ്ക്കു നല്ല ശകാരവും കിട്ടുന്നു.)

സദാ ചിരിച്ച മുഖവുമായിരിക്കുന്നവരുണ്ട്. സൂചി ശരീരത്തിൽ കുത്തിക്കയറുമ്പോഴും അതു നിർവ്വഹിക്കുന്ന നഴ്സിനോട് എന്തെങ്കിലും തമാശയോ വികൃതിയോ കാട്ടി അവരെയും ചിരിപ്പിക്കും. ആ ഗണത്തിൽപ്പെട്ട ഒരു രോഗിയാണ് ശ്രീ ഗോപാലകൃഷ്ണപ്പണിക്കർ.

തിരുവനന്തപുരത്തെ കോസ്മോപൊളിറ്റൻ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ആയി ജോലി ചെയ്യുന്ന കാലം 1987-89. ഹൃദ്രോഗികൾക്ക് തീവ്രപരിചരണം കൊടുക്കുന്ന ഐ സി സിയുവിൽ ജോലി ചെയ്യുമ്പോഴാണ് ഞാൻ പണിക്കരെ ആദ്യം കാണുന്നത്. ആദ്യ കാഴ്ച തന്നെ ഗംഭീരമായിരുന്നു. സാധാരയണയായി കാഷ്വാൽറ്റിയിൽ നിന്ന് ഐ സിയുവിലേക്കു വരുന്ന രോഗികൾ നെഞ്ചുവേദന കൊണ്ടു പുളയുകയും ശ്വാസംമുട്ടൽ കൊണ്ട് അവശരാകുകയും ചെയ്യുന്ന അവസ്ഥയിലായിരിക്കും.

എന്നാൽ നമ്മുടെ ഗോപാലകൃഷ്ണപ്പണിക്കർ... മുറുക്കിച്ചുവന്ന ചുണ്ടുകളിൽ ഒരു രാഷ്ട്രീയക്കാരന്റെ വിടർന്ന ചിരിയും ഫിറ്റ് ചെയ്തുകൊണ്ട് വളരെ ഹാപ്പിയായി വീൽചെയറിൽ ഗമയിൽ ഇരുന്നുവരുന്ന ആ കാഴ്ച കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഞാനും നഴ്സുമാരും അറ്റൻഡർമാരും എന്തിന് മറ്റു രോഗികൾ വരെ അറിയാതെ ചിരിച്ചുപോയി.

വിൽചെയറിൽ നിന്നെഴുന്നേറ്റ് സ്വാഭാവികമായി കട്ടിലിൽ കിടക്കേണ്ട കക്ഷി ചെയ്തത് എന്താണെന്നോ? ഐ സി സിയുവിൽ ബോധത്തോടെയും അർധ ബോധത്തോടെയും ബോധമില്ലാതെയും കിടന്നിരുന്ന രോഗികൾ ഓരോരുത്തരുടേയും അടുത്തുപോയി അഭിവാദ്യങ്ങൾ അർപ്പിക്കലായിരുന്നു.

ഹൃദയാഘാതം ഉണ്ടായ രോഗിയാണെന്ന് ഓർക്കണം. വഴക്കു പറയണോ ചിരിക്കണോ എന്നറിയാതെ ഞങ്ങൾ ഒരു നിമിഷം പകച്ചു നിന്നു. പണിക്കർ കട്ടിലിൽ കയറിയിരുന്നു. കിടന്നില്ല. സിസ്റ്റർ ഒരു ട്രേയും കുറച്ചു വെള്ളവുമായി പുള്ളിയെ സമീപിച്ചിട്ടു പറഞ്ഞു:

‘‘അമ്മാവാ ആദ്യം മുറുക്കാൻ തുപ്പിക്കളഞ്ഞ് വാ കഴുകിയേ.’’ ഉടനെ വന്നു മറുപടി: ‘‘ഞാൻ ചവച്ചു തീർന്നില്ല സിസ്റ്റർ.’’ ഗൗരവക്കാരിയായ ഹെഡ‍്സിസ്റ്റർ ഇടപെട്ടു: ‘‘ഇവിടെ മുറുക്കാൻ അനുവാദമില്ല.’’ ‘‘ശരി വാ കഴുകി എന്തെങ്കിലും കഴിച്ചിട്ട് പിന്നെ മുറുക്കാം.’’ അയാളുടെ ആത്മഗതം അൽപ്പം ഉച്ചത്തിലായിപ്പോയി. ‘‘ആഹാരമല്ല, ഗുളികയാണു കഴിക്കേണ്ടത് ഇപ്പോൾ.’’

എന്നു പറഞ്ഞുകൊണ്ട് സിസ്റ്റർ കൈനിറയെ കുറേ ഗുളികകൾ കൊടുത്തു. ഗുളിക കഴിച്ചു പണിക്കർ പറഞ്ഞു: ‘‘സിസ്റ്റർ ഇന്നിനി കഴിക്കാൻ ഒന്നും വേണ്ട.’’ എന്നിട്ട് ഒരു ഏമ്പൊക്കവും.

ഐ സി സി യുവിൽ വിഷമിച്ചു പാതി മയക്കത്തിൽ കിടന്ന ചിലരൊക്കെ വളരെ ആവേശത്തോടെ തലപൊക്കി നോക്കി. അവർ സന്തോഷിച്ചു. ബോറടി മാറ്റാൻ ഒരാളെക്കിട്ടിയല്ലോ.

ജയിലിൽ ആദ്യമായി പ്രവേശിക്കുന്ന കുറ്റവാളികൾക്ക് ഒരു നടയടി ഉള്ളതുപോലെ അറ്റാക്കുമായി വരുന്ന രോഗികൾക്ക് ഐ സി സി യുവിൽ കയറിയ ഉടൻതന്നെ മയക്കുമരുന്ന് ഇൻജക്ഷൻ (മോർഫിൻ അല്ലെങ്കിൽ പെത്തഡിൻ) കൊടുക്കുന്ന പതിവുണ്ട്.

വളരെ കൂളായി തമാശ മട്ടിൽ ഇരിക്കുന്ന ഈ ഗോപാലകൃഷ്ണപ്പണിക്കർക്ക് എന്തിന്റെ പേരിലാണ് സെഡേഷൻ കൊടുക്കേണ്ടത്. സെഡേഷൻ സിറിഞ്ചിൽ ലോഡ് ചെയ്തുകൊണ്ടുവന്ന സിസ്റ്റർ ചോദിച്ചു:

‘‘അമ്മാവാ വേദനയുണ്ടോ?’’

‘‘ഉണ്ട്... എന്നെ അഡ്മിറ്റ് ചെയ്തതിൽ...’’ സ്വിച്ചിട്ട മാതിരി ചിരിപൊട്ടി. ഐ സി സി യു ഒന്നടങ്കം, രോഗികൾ ഉൾപ്പെടെ. ഈ ബഹളം ഒട്ടും രസിക്കാത്ത നർമബോധമില്ലാത്ത ഗൗരവക്കാരിയായ ഹെഡ് സിസ്റ്റർ തന്റെ അസിസ്റ്റന്റായ സിസ്റ്ററിന് നിർദ്ദേശം കൊടുത്തു:

‘‘സെഡേഷൻ കൊടുത്തേക്കൂ, ഇൻസ്ട്രക്ഷൻ ഉള്ളതാ...’’ എന്നിട്ട് പതിഞ്ഞ സ്വരത്തിൽ ഇങ്ങനെയും:

‘‘ഇയാൾ ഉറങ്ങിയാലേ മറ്റുള്ളവർക്ക് സ്വസ്ഥതയുള്ളൂ.’’ പാവം പണിക്കർ, സൂചി കേറി തൽക്ഷണം ഗാഢ നിദ്രയിലായി. നല്ല കൂർക്കം വലിയുടെ അകമ്പടിയോടെ. രാവിലെ ആറു മണിക്ക് ഡ്യൂട്ടി ഡോക്ടർ റൗണ്ട്സ് എടുക്കുന്ന പതിവ് ഉള്ളതിനാൽ, ഞാൻ കൃത്യ സമയം ഐ സി സി യുവിൽ എത്തി.

പണിക്കരെ നോക്കി. കട്ടിൽ ഒഴിഞ്ഞു കിടക്കുന്നു. ഞാൻ ഞെട്ടി.

‘‘സിസ്റ്റർ പണിക്കരെവിടെ?’’ സിസ്റ്ററും പകച്ചു നിൽക്കുന്നു. സംഭവം സീരിയസായി. പേഷ്യന്റ് മിസിങ്. തൊട്ടടുത്ത ബെഡിലെ രോഗി ആംഗ്യം കാട്ടി എന്നെ അടുത്തു വിളിച്ചു.

അയാൾ മുരണ്ടു. ‘‘കുളിച്ചു വേഷം മാറി, ദാ ഇപ്പം വരാമെന്നു പറഞ്ഞു പണിക്കർ കുറച്ചു മുമ്പ് പുറത്തേക്ക് പോകുന്നതു കണ്ടു.’’ കുളിക്കുകയോ? വേഷം മാറുകയോ? രോഗിയെ കിടത്തിക്കൊണ്ടു തന്നെ സ്പോഞ്ച് ബാത്ത് കൊടുത്തു മാത്രം പരിചയമുള്ള നഴ്സ് അന്തംവിട്ടു നിന്നു. വിവരം റിസപ്ഷനിലറിയിക്കാനായി ഞാൻ ഫോൺ എടുത്തതും അതാ വരുന്നു സാക്ഷാൽ ഗോപാലകൃഷ്ണപ്പണിക്കർ. നന്നായി മുറുക്കിച്ചുവപ്പിച്ചുകൊണ്ട് കൈയിൽ കുറേ പത്രമാസികകളുമായി... ഞാൻ നീരസത്തോടെ ചോദിച്ചു:

‘‘നിങ്ങൾ എവിടെ പോയിരുന്നു?’’

‘‘രാവിലത്തെ പതിവൊന്നും തെറ്റിക്കാൻ മേല ഡോക്ടറേ. ഞാൻ വെളുപ്പിന് തന്നെ എഴുന്നേറ്റു. കട്ടൻ ചായ സിസ്റ്ററിന്റെ ഫ്ലാസ്കിൽ നിന്ന് എടുത്തു കുടിച്ചു. രാത്രി കഴിച്ച ഗുളിക കേമമായതുകൊണ്ടു നല്ല മലശോദന കിട്ടി. വിസ്തരിച്ചൊന്നു കുളിച്ചു. മുറുക്കും വായനയും മുടക്കെരുതെന്നു കരുതി പുറത്തുപോയി, ചടേന്നു ദാ വന്നു... ഞാനെന്തെങ്കിലും അവിവേകം...?’’

എല്ലാ കന്നന്തിരിവുകളും കാണിച്ചിട്ടു ഞാൻ ഇത്രയേ ചെയ്തുള്ളു എന്ന കിലുക്കം നായികയുടേതായിരുന്നു ഡയലോഗ്.

‘‘പണിക്കരേ ഇതൊന്നും പാടില്ല ഇവിടെ. നിങ്ങൾ മര്യാദ ലംഘിക്കുന്നു.’’

‘‘ഇതെന്റെ ആദ്യത്തെ അഡ്മിഷനല്ലേ ഡോക്ടർ. ഇനി ശ്രദ്ധിക്കാം.’’

ഹൃദയാഘാതത്താൽ സാധാരണ കണ്ടുവരുന്ന സങ്കീർണ്ണതകളൊന്നും പണിക്കരുടെ കേസിൽ ഉണ്ടായില്ലായെന്നതു ഞങ്ങളെ ആശ്ചര്യപ്പെടുത്തി. പണിക്കർക്ക് ദിനംപ്രതി വെച്ചടി വെച്ചടി ഇംപ്ലൂവ്മെന്റ് മാത്രം. പക്ഷേ, ഐ സി സി യുവിൽ പണിക്കർ ഉണ്ടായിരുന്ന അഞ്ച് ദിവസങ്ങൾ! ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് ഒരനുഭവം തന്നെയായിരുന്നു. ഐ സി സി യുവിലെ ഓരോ രോഗിയുടെയും അടുത്തു ചെന്ന് തമാശകൾ പറഞ്ഞ് അവരെ ചിരിപ്പിച്ചും ഡ്യൂട്ടിക്കു വരുന്ന നഴ്സുമാരോട് കളി‌തമാശകൾ പറഞ്ഞും ഡോക്ടർമാരെ അനുകരിച്ചു കാണിച്ചും പണിക്കർ അടിച്ചുപൊളിച്ചു.

സദാസമയവും വെളിച്ചവും എ സിയും ഉള്ളതിനാൽ ഐ സി യുവിൽ കിടക്കുന്ന രോഗികൾ ചിലർക്കെങ്കിലും സ്ഥലകാല വിഭ്രമം വരാറുണ്ട്. (ഐ സി യു സൈക്കോസിസ്). പകലാണോ രാത്രിയാണോ ഉറങ്ങേണ്ടതെപ്പോൾ ഉണരേണ്ടതെപ്പോൾ തുടങ്ങിയ ആശങ്കകൾ അവരെ അലട്ടും. അവർ പിച്ചും പേയും പറയും. അത്തരക്കാരായ രണ്ടുപേരെ രോഗിയായ പണിക്കർ തന്റെ അനുുപമമായ നർമസിദ്ധി കൊണ്ടു ചികിത്സിച്ചു ഭേദമാക്കി, തന്റെ ഐ സി യു വാസത്തിനിടയിൽ! ആ അറ്റാക്കിനുശേഷം പണിക്കരുടെ ഹൃദയത്തിന് യാതൊരു ദീനവും ഉണ്ടായില്ല എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. രണ്ടു വർഷങ്ങൾക്കു മുമ്പ് പണിക്കരുടെ മകന്റെ ഒരു ഫോൺകോൾ വന്നു. പണിക്കർ അന്തരിച്ചു.

ഒരു തമാശ പൊട്ടിച്ചിട്ടു സ്വയം ചിരിക്കാതെ നമ്മൾ ചിരിക്കുന്നതു കൗതുകത്തോടെ നോക്കിനിൽക്കുന്ന മുഖഭാവം... അതായിരുന്നു മരിച്ചു കിടന്ന പണിക്കരുടെ മുഖത്ത്. 85-ാം വയസിൽ ഗോപാലകൃഷ്ണപ്പണിക്കർ മരിച്ചതെങ്ങനെ എന്ന മകന്റെ വിവരണം കൂടി കേൾക്കൂ...

‘‘ഞങ്ങളുടെ കുടുംബത്തിലെ ഒരു ചെറിയ വിശേഷദിവസമായിരുന്നു. ഞങ്ങളെല്ലാപേരും അച്ഛനും ഒന്നിച്ചാണ് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചത്. അച്ഛന് ഏറ്റവും ഇഷ്ടമുള്ള ചിക്കൻകറിയും പാൽ പായസവും ഉണ്ടായിരുന്നു.

ഊണിനു ശേഷം പാൽ പായസവും രുചിച്ചു ടെലിവിഷനിലെ കോമഡി പരിപാടിയും കണ്ടു ചാരുകസേരയിൽ ഇരിക്കുകയായിരുന്നു അച്ഛൻ. ഒരു കിടിലൻ തമാശ പൊട്ടിയപ്പോൾ അച്ഛൻ പൊട്ടിച്ചിരിച്ചുകൊണ്ട് ചാരുകസേരയിലേക്ക് ചാഞ്ഞു. അത്രതന്നെ...’’

Tags:
  • Daily Life
  • Manorama Arogyam