Wednesday 17 April 2024 04:13 PM IST

തല മുതല്‍ പാദം വരെ പ്രശ്നങ്ങള്‍; അമിതമായ വേനല്‍ചൂട് ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ...

Asha Thomas

Senior Sub Editor, Manorama Arogyam

venal343

അമിതമായ ചൂട് ശരീരത്തെ അടിമുടി ബാധിക്കുന്നുണ്ട്. സാധാരണ അന്തരീക്ഷ ഊഷ്മാവ് 37 ഡിഗ്രി സെൽഷ്യസ് ആണ്. അതിൽ നിന്ന് ഒന്നു രണ്ടു ഡിഗ്രി കൂടുമ്പോൾ തന്നെ ശരീരത്തിൽ പ്രശ്നങ്ങൾ കണ്ടുതുടങ്ങുന്നു.

തല മുതൽ പാദം വരെ പ്രശ്നങ്ങൾ

∙ തലവേദന

ചൂടിന്റെ സമ്മർദം തലവേദനയായി പ്രകടമാകാം. അമിതമായി വിയർത്തു ജലം നഷ്ടമാകുന്ന നിർജലീകരണാവസ്ഥ കൊണ്ടും തലവേദന വരാം.

പരിഹാരം- ഐസ് ക്യൂബ്സ് തുണിയിൽ പൊതിഞ്ഞു നെറ്റിയിൽ മസാജ് ചെയ്യുന്നതും തുണി നനച്ചിടുന്നതും നല്ലത്.

∙ ചർമപ്രശ്നങ്ങൾ

ചൂടു നേരിട്ടു തട്ടിയാൽ ചർമത്തിൽ പല മാറ്റങ്ങൾ വരാം. മിതമായ ചൂടേ ഉള്ളൂവെങ്കിൽ (38 ഡിഗ്രി വരെ) വിയർപ്പ് ഉണ്ടാവുകയും അതു ചർമത്തിന്റെ പ്രതലത്തിലേക്കു വന്നു ബാഷ്പീകരിക്കപ്പെട്ട് ശരീരം തണുക്കുകയും ചെയ്യുന്നു. ഇങ്ങനെയാണു ചൂടുകാലത്തു ശരീരം സ്വാഭാവികമായ തണുപ്പിക്കൽ നടത്തുന്നത്. കാൽവെള്ളയിലെയും കൈവെള്ളയിലെയും ചർമമൊഴിച്ചു ശരീരത്തിലെ ഏതു ഭാഗത്തുള്ള ചർമത്തിന് ഇങ്ങനെ വിയർപ്പിച്ചു തണുപ്പിക്കാനുള്ള കഴിവുണ്ട്.

എന്നാൽ, ദീർഘനേരം കടുത്തചൂട് ഏറ്റുകൊണ്ടിരുന്നാൽ വിയർക്കാനുള്ള ശരീരത്തിന്റെ കഴിവു നശിച്ചുപോകും. അന്തരീക്ഷതാപം 39Ð40 ഡിഗ്രി ആയാൽ നിശ്ചയമായും ഈ അവസ്ഥ വരും. ചർമം വല്ലാതെ വരളുകയും അതിനെ തണുപ്പിക്കാൻ സാധിക്കാതെ വരികയും ചെയ്യുമ്പോൾ പല പ്രശ്നങ്ങൾ വരാം.

സൺ ബേൺ അഥവാ സൂര്യാതപം

നേരിട്ടു ചർമത്തിലേക്കു കാഠിന്യമുള്ള വെയിലേൽക്കുമ്പോൾ സൂര്യാതപം (Sun burn\Sun blisters) ഉണ്ടാകാം. കൂടുതൽ വെയിൽ കൊള്ളുന്ന സമയത്തു മുഖത്ത്, കഴുത്തിനു പിറകിലുള്ള ഭാഗത്ത്, കയ്യുടെ പുറമേ കാണുന്ന ഭാഗത്തൊക്കെ പൊള്ളൽ വ രാം. ചെറിയ കുമിളകളായും വരാം. പൊള്ളി കരുവാളിച്ച പോലെയും കാണാറുണ്ട്. ചർമം മുഴുവനായി ഇളകിപ്പോരുന്ന രീതിയിലും വരാം. ചർമത്തിൽ വളരെ പെട്ടെന്നുണ്ടായതാണെങ്കിൽ ശക്തിയായ നീറ്റലും വരാം.

ഹീറ്റ് എക്സോഷൻ അഥവാ താപശോഷണം

അമിതമായ ചൂടിൽ ശരീരത്തിനു സ്വയം തണുപ്പിക്കാൻ കഴിയാതെ വരികയും അമിതമായി വിയർത്തു ജലവും ലവണങ്ങളും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണു താപശോഷണം. ക്ഷീണം, തളർച്ച, തലചുറ്റൽ, തലവേദന എന്നിവ അനുഭവപ്പെടാം. താപശോഷണം കൃത്യമായി പരിഹരിച്ചില്ലെങ്കിൽ സൂര്യാഘാതം എന്ന അവസ്ഥയിലേക്കു പോകാം.

സൂര്യാഘാതം

ഏറെ നേരം കടുത്തചൂട് ഏൽക്കുന്നതോടെ ശരീരത്തിന്റെ വിയർക്കാനുള്ള കഴിവു നശിച്ചുപോകുന്നു. അതോടെ ശരീരതാപം പരിധിവിട്ട് ഉയരാം. ചൂടു തലച്ചോറിനെ ബാധിക്കുന്നതോടെ ആശയക്കുഴപ്പം ഉണ്ടാകാം, ബോധം നഷ്ടപ്പെടാനും ഇ ടയുണ്ട്. നാഡിമിടിപ്പു കൂടുക, തലചുറ്റൽ, തലവേദന എ ന്നീ ലക്ഷണങ്ങളും കാണാം. അടിയന്തരമായി വൈദ്യസഹായം തേടേണ്ട അവസ്ഥയാണിത്. കഠിനമായ വെയിൽ നേരിട്ട് അടിക്കുമ്പോൾ മാത്രമല്ല വീടിനകത്തിരുന്നു ചൂട് അടിച്ചാലും സൂര്യാഘാതം വരാം.

പരിഹാരം- സൺ ബേൺ വന്നിടത്ത് ഐസ് പായ്ക്കോ നനഞ്ഞ തുണിയോ വച്ചാൽ നീറ്റലും വേദനയും കുറയും. ദിവസവും പലതവണ 10 മിനിറ്റോളം ആ ഭാഗം തണുപ്പിച്ചുകൊടുക്കുക. ഗുരുതരമായ പൊള്ളലിനു ഡോക്ടറെ കാണാം. താപശോഷണം വന്നാൽ എത്രയും വേഗം തണലുള്ളിടത്തേക്കു ആളെ മാറ്റുകയും ലവണങ്ങൾ അടങ്ങിയ വെള്ളം കുടിക്കാൻ നൽകുകയും ചെയ്യണം. വസ്ത്രങ്ങൾ അയച്ചിടണം. വെള്ളം അൽപാൽപമായി കുടിക്കുന്നതു നല്ലത്. സൂര്യാഘാതമാണെങ്കിൽ ആളെ എത്രയും വേഗം തണലത്തേക്കു മാറ്റുകയും ശരീരം നന്നായി തണുപ്പിക്കുകയും ചെയ്തു പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിക്കുക.

∙ തലച്ചോറിനെ ബാധിക്കുന്നു

കടുത്ത ചൂട് മാനസിക-ബൗദ്ധിക പ്രവർത്തനശേഷികളെ ബാധിക്കുന്നു എന്നു പഠനങ്ങൾ പറയുന്നു. അന്തരീക്ഷ താപം വർധിക്കുന്നത് ശ്രദ്ധ, ഏകാഗ്രത, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് എന്നിവയെയെല്ലാം ബാധിക്കുന്നു. ഇത് അപകടങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കാം. താപവ്യതിയാനം മൂഡിനേയും ബാധിക്കാം. പ്രത്യേകിച്ച് ഒരു കാരണവുമില്ലെങ്കിലും ചൂടുകാലത്ത് ഒരു അസ്വസ്ഥത തോന്നാറുണ്ടല്ലോ. ഏറെ സമയം ഉയർന്ന ചൂടിൽ ആയിരിക്കുന്നതു തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിച്ച് ബോധക്ഷയം ഉണ്ടാകാം.

ശ്വാസകോശങ്ങളെ ബാധിച്ചാൽ

ശരീരത്തെ തണുപ്പിക്കുന്ന ഒരു പ്രക്രിയ ശ്വാസോച്ഛ്വാസത്തിലൂടെയാണു നടക്കുന്നത്. അന്തരീക്ഷതാപം 38Ð40 ഡിഗ്രി ആയിട്ടുള്ള വായുവാണു നാം ശ്വസിക്കുന്നതെങ്കിൽ ശ്വാസകോശത്തിലെ നനവ് പെട്ടെന്ന് ഉണങ്ങിപ്പോകാം. നേർത്തൊരു നനവിന്റെ സാന്നിധ്യത്തിലാണു ശ്വാസകോശത്തിന്റെ അരിക്കൽ പ്രകിയ നടക്കുന്നത്. നനവ് ഇല്ലാതാകുന്നതു കാരണം. മൂക്കിനുള്ളിലും ശ്വാസകോശത്തിലും നടക്കുന്ന വായുവിലെ മാലിന്യങ്ങളെ അരിക്കുന്ന പ്രക്രിയ നടക്കാതെ വരാം. തന്മൂലം പൊടിയും മാലിന്യങ്ങളും ശ്വാസകോശത്തിൽ അടിയാം.

അമിതമായ ചൂടുള്ള വായു നിരന്തരമായി ശ്വസിക്കുന്നതു ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി കുറയാൻ കാരണമാകാം. ഒാക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈ ഒാക്സൈഡിനെ വെളിയിൽ വിടുകയും ചെയ്തുള്ള ശ്വാസോച്ഛ്വാസ പ്രവർത്തനത്തെ ഇതു ദോഷകരമായി ബാധിക്കാം. ഇതു ശരീരത്തിൽ കാർബൺ ഡൈ ഒാക്സൈഡ് അളവു വർധിച്ച് പെട്ടെന്നുള്ള ശ്വസനപരാജയത്തിനു (Acute Respiratory failure) വരെ ചിലപ്പോൾ കാരണമാകാം.

ചൂടുകാലത്തു പൊതുവെ വായു പൊടി നിറഞ്ഞു മലിനമായിരിക്കും. പൊടിയും ഉണങ്ങിയ ചെടികളിൽ നിന്നുള്ള പൂമ്പൊടിയുമെല്ലാം ശ്വാസകോശസംബന്ധമായ അലർജികളും ആസ്മയും വർധിക്കുവാൻ കാരണമാകാം.

പരിഹാരം- ദിവസവും ആവി പിടിക്കുക. ഇതു മൂക്കിനുൾവശത്തെ ശ്ലേഷ്മവും മറ്റും അലിയാനും ശ്വാസകോശത്തിലെ എപ്പിത്തീലിയൽ പ്രതലം നനവുള്ളതായി ശ്വാസകോശപ്രവർത്തനം മെച്ചപ്പെടാനും സഹായിക്കും. അലർജിപ്രശ്നമുള്ളവർ മാസ്ക് ധരിച്ചു പൊടിയേൽക്കുന്നത് ഒഴിവാക്കുക.

ഹൃദയത്തെ ബാധിച്ചാൽ

ശരീരത്തിന്റെ ചൂടു കൂടുന്നതനുസരിച്ചു രക്തക്കുഴലുകൾ വികസിക്കുന്നു. ഇതു രക്തസമ്മർദം കുറയാൻ കാരണമാകുന്നു. തന്മൂലം ഹൃദയത്തിന് ആയാസമുണ്ടാകും. അന്തരീക്ഷതാപം ഒാരോ 0.5 ഡിഗ്രി സെൽഷ്യസ് ഉയരുന്നതിന് അനുസരിച്ചും നെഞ്ചിടിപ്പ് മിനിറ്റിൽ 10 മിടിപ്പ് അധികമാകാം. തന്മൂലം തലചുറ്റലും അസ്വാസ്ഥ്യവും വരാം. ഹൃദയത്തിനുണ്ടാകുന്ന ആയാസം ഹൃദയാഘാതത്തിലേക്കു (കാർഡിയോ റെസ്പിരേറ്ററി അറസ്റ്റ്) വരെ നയിക്കാം.

പരിഹാരം- അമിത ബിപിക്ക് ഡൈയൂററ്റിക്സ് വിഭാഗത്തിലുള്ള മരുന്നു കഴിക്കുന്നവരിൽ ഉപ്പും ജലാംശവും നഷ്ടമാകാൻ സാധ്യത കൂടുതലാണ്. ഇവരിൽ സോഡിയം, പൊട്ടാസ്യം പോലുള്ള ലവണങ്ങളുടെ കുറവു വരാം. അതുകൊണ്ട് ഇത്തരം മരുന്നു കഴിക്കുന്നവരിലെ അസ്വാസ്ഥ്യങ്ങളെ ശ്രദ്ധയോടെ കാണണം. മാത്രമല്ല അമിതമായ ചൂടിൽ രക്തസമ്മർദം താഴാനുമിടയുണ്ട്. അതുകൊണ്ട്, ചിലപ്പോൾ മരുന്നു ഡോസ് ക്രമീകരിക്കേണ്ടിവരാം.

∙ വൃക്കപ്രശ്നങ്ങൾ

കടുത്തചൂടും വരൾച്ചയും വൃക്കകളിൽ വരുത്തുന്ന മാറ്റം നെഫ്രൈറ്റിസിലേക്കു നയിക്കാം. വൃക്കകളിലെ കലകൾക്കു നീർവീക്കം വന്നു വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്ന അവസ്ഥയാണിത്. ആവശ്യത്തിനു വെള്ളം കുടിക്കാതിരുന്നാൽ മൂത്രത്തിന്റെ ഗാഢത വർധിക്കുവാനും കല്ലു വരാനുള്ള സാധ്യത വർധിക്കുവാനുമിടയുണ്ട്. കല്ലു നിലവിലുണ്ടെങ്കിൽ അവയിൽ കൂടുതൽ ക്രിസ്റ്റൽ പരലുകൾ അടിഞ്ഞു വലുതാകാനും ഇടയുണ്ട്.

പരിഹാരം- വെള്ളം കുടിയുടെ കാര്യത്തിൽ വേനലിൽ ഒരു ഒത്തുതീർപ്പും വേണ്ട. മൂത്രം പിടിച്ചുവയ്ക്കുന്നതും ഒഴിവാക്കണം. കാപ്പിയും ചായയും കുറയ്ക്കുക. വൃക്കരോഗമുള്ളവർ പുറത്തിറങ്ങിയുള്ള ജോലികൾ ഒഴിവാക്കുക. നിർദേശിച്ച അളവു വെള്ളമേ കുടിക്കാവൂ. കൂടെക്കൂടെ ക്രിയാറ്റിൻ,യൂറിയ നിരക്കു പരിശോധിക്കുക. മൂത്രത്തിന്റെ വ്യാപ്തവും അളക്കാം.

ക്ഷീണം

ശരീരത്തിലെ ജലാംശം കുറയുന്നതിന്റെ ആദ്യസൂചനയാണ് തൊണ്ട വരളുന്നത്. എന്നിട്ടും വെള്ളം കുടിച്ചില്ലെങ്കിൽ രക്തസമ്മർദം താഴാം. ക്ഷീണവും തലചുറ്റലും അനുഭവപ്പെടാം. ഇ താണു പിന്നീടു താപശോഷണത്തിലേക്കും സൂര്യാഘാതത്തിലേക്കുമൊക്കെ നയിക്കുന്നത്.

പരിഹാരം-ദാഹിക്കുന്നില്ലെങ്കിലും വെള്ളം കുടിക്കുക. സാധാരണ കുടിക്കുന്നതിലും ഇരട്ടിവെള്ളം കുടിക്കണം. തണുപ്പിൽ വിശ്രമിക്കുക. പ്രായമുള്ളവരിലെയും രോഗികളിലെയും ചെറിയ ക്ഷീണവും തളർച്ചയും പോലും ശ്രദ്ധിക്കണം.

പേശികൾ കോച്ചിപ്പിടിക്കുക

ശരീരത്തിലെ ജലത്തിന്റെയും ലവണങ്ങളുടെയും അളവിൽ വരുന്ന താളപ്പിഴകളാണ് പേശീവലിവിനു കാരണം. സാധാരണ കടുത്ത ചൂടിൽ കഠിന വ്യായാമമോ കായികാധ്വാനമോ ചെ യ്യുന്നവരിലാണ് ഈ പ്രശ്നം വരിക. പ്രധാനമായും കാലിലെ പേശികൾക്കാണു മുറുക്കം വരിക.

പരിഹാരം- വലിച്ചിലുള്ള ഭാഗം മൃദുവായി മസാജ് ചെയ്യുകയും തണലത്തു വിശ്രമിക്കുകയും ചെയ്യുക. ലവണങ്ങൾ അടങ്ങിയ വെള്ളം കുടിക്കുക. ഒരു മണിക്കൂർ കഴിഞ്ഞിട്ടും കോച്ചിപ്പിടുത്തം കുറഞ്ഞില്ലെങ്കിൽ ഡോക്ടറെ കാണുക.

വിവരങ്ങള്‍ക്കു കടപ്പാട്

ഡോ. ടി. എസ്. ഫ്രാന്‍സിസ്, ആലപ്പുഴ

Tags:
  • Daily Life
  • Manorama Arogyam