Friday 23 June 2023 04:10 PM IST : By സ്വന്തം ലേഖകൻ

‘വളരെ മുറുകിയ അടിവസ്ത്രം ധരിക്കുമ്പോൾ വൃഷണങ്ങളുടെ ചൂട് കൂടാം’; പുരുഷന്മാരിൽ അടിവസ്ത്രം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

menwear45

അടിവസ്ത്രം തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ചെറുപ്രായത്തിലേ അടിവസ്ത്രം ധരിച്ചു നടന്നില്ലെങ്കിൽ വൃഷണങ്ങൾ തൂങ്ങുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാണോ? പുരുഷന്മാരിലെ അടിവസ്ത്ര ധാരണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം....

പുരുഷന്മാരിൽ അടിവസ്ത്രം തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. കാരണം ഗുണമേന്മയുള്ള, വേണ്ട അളവിലുള്ള ശുക്ലം ഉൽപാദിപ്പിക്കപ്പെടണമെങ്കിൽ വൃഷണങ്ങളുടെ താപനില ശരീരതാപനിലയേക്കാൾ കുറവായിരിക്കണം. അതുകൊണ്ടാണ് വൃഷണങ്ങൾ ശരീരത്തിനു പുറത്തായിരിക്കുന്നത്. വളരെ മുറുകിയ അടിവസ്ത്രം ധരിക്കുമ്പോൾ വൃഷണങ്ങളുടെ ചൂട് കൂടാനാണ് സാധ്യത. ഇത് ശുക്ലത്തിന്റെ അളവിനെ പോലും ബാധിക്കാമെന്നു പഠനങ്ങളുണ്ട്. വളരെ അയഞ്ഞാൽ വൃഷണങ്ങൾക്ക് ആവശ്യം വേണ്ട താങ്ങ് ലഭിക്കുകയുമില്ല. 

സ്വകാര്യഭാഗം മാത്രം മൂടുന്ന ബ്രീഫ്, തുട കൂടി മൂടുന്ന ബോക്സർ, തുടയുടെ മധ്യഭാഗം വരെ എത്തുന്ന ബോക്സർ ബ്രീഫ് എന്നിങ്ങനെ പലതരം അടിവസ്ത്രങ്ങൾ ലഭ്യമാണ്. ആവശ്യത്തിന് വായുസഞ്ചാരം ലഭിക്കുന്ന ഒരൽപം ലൂസ് ആയ വിയർപ്പു കെട്ടിനിർത്താത്ത തുണി കൊണ്ടുള്ള ബോക്സർ ടൈപ്പ് അടിവസ്ത്രമാണ് ആരോഗ്യകരം എന്നാണ് നിലവിൽ പഠനങ്ങൾ പറയുന്നത്. ഇലാസ്റ്റിക് അയഞ്ഞുപോകാനും കീറാനും ഒക്കെ തുടങ്ങുമ്പോൾ മാറ്റി പുതിയത് വാങ്ങണം. പൊതുവായി പറഞ്ഞാൽ അടിവസ്ത്രങ്ങൾ ആറു മാസം കൂടുമ്പോൾ മാറ്റി പുതിയത് വാങ്ങാം.  

വ്യായാമം ചെയ്യുമ്പോഴും ധരിക്കണം

കായികപ്രവർത്തികളിൽ ഏർപ്പെടുമ്പോൾ ശരിയായ താങ്ങു നൽകുന്ന അടിവസ്ത്രങ്ങൾ ധരിക്കേണ്ടത് പ്രധാനമാണ്. ഇല്ലെങ്കിൽ വൃഷണസഞ്ചിയുടെ ഭാഗങ്ങൾ അടിവസ്ത്രത്തിൽ ഉടക്കുകയോ ഉരയുകയോ ചെയ്ത് പരിക്കുകൾ ഉണ്ടാകാം.  തുടർച്ചയായി കൂട്ടിയുരസുന്നത് മൂലം വൃഷണങ്ങൾക്ക് വേദന അനുഭവപ്പെടാം. മൂന്നു ലെയറുകളായി അടിവസ്ത്രം ധരിച്ച് വൃഷണങ്ങൾക്ക് താങ്ങു നൽകുന്ന രീതിയാണ് കായികപരിശീലകർ നിർദേശിക്കുന്നത്. അത്ലറ്റുകൾക്കായി പ്രത്യേകമായുള്ള സ്പോർട്സ് അടിവസ്ത്രങ്ങളും ലഭ്യമാണ്. 

രാത്രി വേണ്ട

രാത്രി കിടക്കുമ്പോൾ അടിവസ്ത്രം ധരിക്കാത്തതാണ് നല്ലത്.  വിയർപ്പ് കെട്ടിനിന്ന് ഫംഗൽ അണുബാധ ഉണ്ടാകുന്നതു തടയാം.  പകൽ അടിവസ്ത്രം ധരിക്കുകയും രാത്രി  ധരിക്കാതെ ഉറങ്ങുകയും ചെയ്യുന്നവരിൽ ബീജത്തിലെ ഡിഎൻഎ നാശം കുറയ്ക്കുന്നതായും ശുക്ലത്തിന്റെ ഗുണം വർധിക്കുന്നതായും യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചൈൽഡ് ഹെൽത് ആൻഡ് ഹ്യുമൻ ഡെവലപ്മെന്റ് നടത്തിയ പഠനം പറയുന്നു. 

കൂട്ടിയിടരുത്, നല്ല വെയിലത്ത് ഉണക്കാം

കഴിവതും അടിവസ്ത്രങ്ങൾ മുഷിഞ്ഞ് കഴിഞ്ഞ് അധികം വൈകാതെ കഴുകുന്നതാണ് ആരോഗ്യകരം. മറ്റു വസ്ത്രങ്ങളോടൊപ്പമിട്ട് അടിവസ്ത്രം കഴുകുന്നതും നല്ലതല്ല. അണുബാധകൾ പകരാൻ ഇടയാക്കും. അടിവസ്ത്രം പ്രത്യേകം സോപ്പിൽ മുക്കിവച്ച് നന്നായി ഉലച്ചു കഴുകി നല്ല വെയിലത്ത് ഉണക്കി എടുക്കണം. ആഴ്ചയിൽ ഒരിക്കൽ നല്ല ചൂടുവെള്ളത്തിൽ മുക്കിവച്ച് കഴുകുന്നത് കൂടുതൽ നല്ലതാണ്. 

കുട്ടികൾ മുതിരുന്നത് അനുസരിച്ച് അവരുടെ ശരീരഗന്ധത്തിൽ മാറ്റം വരാം.  സ്വകാര്യഭാഗങ്ങളിൽ പല പാളികളായി വസ്ത്രങ്ങൾ വരുന്നതിനാൽ വിയർപ്പു കെട്ടിനിൽക്കാൻ സാധ്യത കൂടുതലാണ്. വിയർപ്പും സ്രവങ്ങളുമെല്ലാം ചേർന്ന് ഒരു പുരുഷഗന്ധം ഉണ്ടാകാം. സ്വകാര്യഭാഗങ്ങൾ ശുചിയായി വച്ചിരുന്നാൽ തന്നെ ദുർഗന്ധമുണ്ടാകില്ല.  

സ്വകാര്യഭാഗങ്ങളിലെ രോമങ്ങൾ വെട്ടി ചെറുതാക്കി സൂക്ഷിക്കുക, കുളി കഴിഞ്ഞ് നനവു മാറിയശേഷം മാത്രം അടിവസ്ത്രം ധരിക്കുക എന്നിവയൊക്കെ അടിസ്ഥാന ശുചിത്വനടപടികളാണ്. അടിവസ്ത്രങ്ങൾ കഴുകുമ്പോൾ ഒരൽപം നാരങ്ങാനീര്  ചേർത്താൽ ഇത് മാറിക്കിട്ടും. ഒരുതവണ ഉപയോഗിച്ച അടിവസ്ത്രം കഴുകാതെ വീണ്ടും ധരിക്കരുത്. കഴിവതും കോട്ടൺ മെറ്റീരിയൽ കൂടുതലുള്ള തരം അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. 

കടപ്പാട്: മനോരമ ആരോഗ്യം

Tags:
  • Mens Health
  • Manorama Arogyam