Thursday 24 June 2021 03:44 PM IST : By സ്വന്തം ലേഖകൻ

പഴങ്കഞ്ഞി വെറുതെ കളയരുത് കേട്ടോ...സംഭവം സൂപ്പറാണ്

pazhank34545

പഴങ്കഞ്ഞിക്കടകളുടെ കാലമാണിത്. പഴങ്കഞ്ഞിയോ? എന്നു ചോദിക്കും മുൻപ്  അറിയുക, സംഭവം ട്രെൻ ഡാണ്.

ഒരു ദിവസം ആരംഭിക്കുന്നത് പഴങ്കഞ്ഞി കുടിച്ചു കൊണ്ടാണെങ്കിൽ ആ ദിവസം മുഴുവൻ ഭക്ഷണം കഴിച്ചില്ലെങ്കിലും യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകില്ല എന്നു പറയാം. അത്രയ്ക്കും ഊർജദായക ഭക്ഷണമാണ് പഴങ്കഞ്ഞി. ഏറ്റവും സുഗമമായ ദഹനത്തിന് ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഭക്ഷണമില്ല. നമ്മുടെ  പൂർവികർക്ക് നല്ല ആയുസ്സ്  ഉണ്ടായിരുന്നത് അവരുടെ ആരോഗ്യ സംരക്ഷണം കൊണ്ടു തന്നെയാണ്. പണ്ടൊക്കെ എല്ലുമുറിയെ പണി എടുക്കാൻ പോകുന്നത് മായമില്ലാത്ത ഭക്ഷണം കഴിച്ചിട്ടാണ്. മായമില്ലാത്ത ഭക്ഷണം എന്ന് അന്നത്തെ കാലത്തുള്ളവർ ഉദ്ദേശിച്ചിരുന്നത് പഴങ്കഞ്ഞിയാണ്. ആ രുചിക്കു മുന്നിൽ ഇപ്പോഴത്തെ ഏതു ഫാസ്റ്റ് ഫൂഡും തോറ്റുപോകും. രുചിയിൽ മാത്രമല്ല,  ആരോഗ്യഗുണത്തിലും മുന്നിലാണ് പഴങ്കഞ്ഞി.

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹിക്കുന്നതിനും അതുവഴി വയറിന് കനം തോന്നാതെ ഇരിക്കാനും സഹായിക്കും.

ചോറ് വെള്ളത്തിലിട്ട് ഏറെ നേരം വയ്ക്കുമ്പോൾ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയൺ, പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയാക്കി വർധിപ്പിക്കും. ഇതു കൊണ്ടു തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി ഉത്തമമാണ്. രക്താതിസമ്മർദ്ദത്തിൽ  നിന്നു സംരക്ഷണം ഉറപ്പ്  നൽകുന്നതിനൊപ്പം ദഹനശക്തി വർധിപ്പിക്കാനും അൾസർ പോലുള്ള മാരകരോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

 മറ്റു ഭക്ഷണങ്ങളിൽ നിന്നു വിരളമായി B6, B12 എന്നിവ പഴങ്കഞ്ഞിയിൽ നിന്നു മാത്രം ലഭിക്കുന്നവയാണ്.  ഇത് ശരീരത്തിന്റെ രോഗപ്രതിരോധശക്തിയെ വർധിപ്പിക്കുന്നു. ശരീരത്തിലെ നാഡികളുടെ ശരിയായ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ (RBC) രൂപീകരണത്തിനും B12 ആവശ്യമാണ്. ഓർമശക്തിയെ വർധിപ്പിക്കും. കൂടാതെ ഹൃദ്രോഗത്തെ തടയും. അലർജി പോലുള്ള ശാരീരിക അസ്വസ്ഥതകളിൽ നിന്നും സംരക്ഷണം  നൽകുന്നു. നിത്യവും പഴങ്കഞ്ഞി കഴിക്കുന്നതിലൂടെ ചർമത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. ചർമം കൂടുതൽ തിളക്കമുള്ളതാകുന്നു.

കൊളസ്ട്രോൾ കുറയ്ക്കാനും  ഇതു സഹായിക്കുന്നു. ഒരു കപ്പ് പഴങ്കഞ്ഞിയിൽ ശരീരപ്രവർത്തനത്തിനാവശ്യമായ മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. പേശിക്കു ബലം നൽകുന്നതിന് ഉത്തമമാണ് പഴങ്കഞ്ഞി. അതു കൊണ്ടു തന്നെ ചെറുപ്പം നിലനിർത്തുക എന്ന ആവശ്യത്തിന് പറ്റിയ പരിഹാരമാണ് പഴങ്കഞ്ഞി.

ലാക്റ്റിക് ആസിഡ് എന്ന ആരോഗ്യകരമായ ബാക്ടീരിയ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുവാണ് പഴങ്കഞ്ഞി. ശരീരത്തിൽ ഏതെങ്കിലും കാരണങ്ങൾകൊണ്ടുണ്ടാകുന്ന അണുബാധ തടയുന്നതിന്നു പഴങ്കഞ്ഞി കഴിക്കുന്നത് സഹായിക്കും. സ്തനാർബുദത്തെ ചെറുക്കാൻ പഴങ്കഞ്ഞി കഴിക്കുന്നതിലൂടെ കഴിയുന്നു.

വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നതുകൊണ്ട് നല്ല ഒരു ശീതോപാധി (Cooler) കൂടിയാണ് പഴങ്കഞ്ഞി. പഴങ്കഞ്ഞി ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, മാംഗനീസ്, സെലിനിയം ഇവയുടെ ജൈവലഭ്യത വർധിപ്പിക്കുന്നു.

100 ഗ്രാം അരിയുടെ പഴങ്കഞ്ഞിയിലെ  പോഷക ഗുണങ്ങൾ

ഇരുമ്പ് -  74 മി.ഗ്രാം

കാൽസ്യം–  850 മി.ഗ്രാം 

പൊട്ടാസ്യം  - 839 മി.ഗ്രാം

സോഡിയം  - 305 മി.ഗ്രാം
പഴങ്കഞ്ഞി ഒരു പ്രോബയോട്ടിക്  ഫൂഡ് ആണ്. പുളിപ്പിക്കുന്ന (Fermented) ആഹാരങ്ങൾ പ്രോബയോട്ടിക് ആണ്. ഉദാ. തൈര് നല്ല പ്രോബയോട്ടിക്  ഫൂഡ് ആണ്.  ഇത്തരം  ഫെർമെന്റഡ് ആഹാരങ്ങൾ കുടലിൽ  നല്ല ബാക്ടീരിയ ഉണ്ടാക്കുകയും അതുവഴി കുടലിന്റെ പ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യും. നല്ല ബാക്ടീരിയയും പ്രതിരോധശക്തിയും ഉള്ള ദഹനവ്യവസ്ഥ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തും. ശരീരഭാരം കുറയുകയും ചെയ്യും.  ഫെർമെന്റഡ്  ആഹാരം കഴിക്കുമ്പോൾ റെസിസ്റ്റന്റ് സ്റ്റാർച്ച് ഉണ്ടാകും. ഇത് വൻകുടലിൽ ചെന്ന്  അവിടം നല്ല ബാക്ടീരിയ കൊണ്ടു നിറയ്ക്കും. ഇതുവഴി ഇൻഫ്ലമേഷൻ (വീക്കം) കുറയ്ക്കാനുള്ള  ബ്യൂട്ടിറിക് ആസിഡ് ഉൽപാദിപ്പിക്കപ്പെടുകയും  അതു വീക്കത്തെ കുറയ്ക്കുകയും ചെയ്യുന്നു. വീക്കം ശരീരത്തിലെ കൊഴുപ്പിനെ സംഭരിച്ച് ശരീരഭാരം വർധിപ്പിക്കുന്നു. വീക്കം കുറയുമ്പോൾ ശരീരഭാരം കുറയുന്നതിനു കാരണമാകുന്നു. പഴങ്കഞ്ഞി ലാക്റ്റിക് ആസിഡ് ഉൽപാദിപ്പിക്കുന്നതു കൊണ്ട് മുലയൂട്ടുന്ന അമ്മമാർക്ക് നല്ലതാണ്. പഴങ്കഞ്ഞി പ്രഭാതത്തിൽ കഴിക്കുന്നതാണ് ഉത്തമം. 100 ഗ്രാം ചോറ് മോരും കറികളും ചേർത്ത് കഴിച്ചാൽ (അതിന്റെ വെള്ളം കളയരുത്)  മൂന്ന് ഇഡ്‌ലി കഴിക്കുന്ന  കാലറിയെ കിട്ടുകയുള്ളൂ. വാതം, കഫം എന്നീ അസുഖങ്ങൾ ഉള്ളവർക്ക് പഴങ്കഞ്ഞി അത്ര യോജിച്ച ഭക്ഷണമല്ല. നമ്മുടെ വീടുകളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പഴങ്കഞ്ഞി കുടിക്കാൻ കുട്ടികളെ ശീലിപ്പിക്കാൻ ശ്രദ്ധിക്കുക.

പഴങ്കഞ്ഞി തയാറാക്കുന്ന വിധം

തലേ ദിവസം രാത്രിയിൽ ബാക്കി വരുന്ന ചോറിൽ തണുത്തവെള്ളം (Normal temperature)  ഒഴിച്ച് മൺകലത്തിൽ അടച്ചു വയ്ക്കുക. 8–10 മണിക്കൂറിനുശേഷം  തൈരും, കാന്താരിമുളക് (പച്ചമുളക്) ഉപ്പ്, മാങ്ങാ അച്ചാർ ഇവ ചേർത്ത് കഴിക്കുക. കൂടാതെ തലേ ദിവസത്തെ കപ്പപ്പുഴക്കോ ചക്കപ്പുഴുക്കോ മിച്ചമുണ്ടെങ്കിൽ അതും ചേർത്ത് കഴിക്കാം.

സുജേതാ ഏബ്രഹാം

റിട്ട.  സീനിയർ ഡയറ്റീഷൻ

ഗവ. മെഡിക്കൽ കോളജ് ,

കോട്ടയം 

Tags:
  • Manorama Arogyam
  • Diet Tips