Thursday 12 August 2021 03:45 PM IST : By സ്വന്തം ലേഖകൻ

പ്രകൃതിയെയും മണ്ണിനെയും പുനരുജ്ജീവിപ്പിച്ച സംരംഭകൻ ജീവിതത്തെ പുനരുജ്ജീവിപ്പിക്കാൻ വഴി തേടുന്നു... കോവിഡ് കാലം നൽകിയ ആശങ്കകൾ പങ്കുവച്ച് പാർക്ക് ഉടമ

abcg1

പ്രകൃതിയോടിണങ്ങി പ്രകൃതിയിൽ അലിഞ്ഞ് ജീവിക്കാം എന്ന സങ്കൽപത്തിൽ വയനാട്ടിലെ പുതുപ്പാടിക്കടുത്ത് എബിസി ജെൽ എന്ന വാട്ടർ–ഫോറസ്റ്റ്-അഗ്രികൾചർ പാർക്ക് തയാറാക്കിയ സംരംഭകൻ സിറിയക് കോവിഡ് മഹാമാരി നൽകിയ ആഘാതം മറികടക്കുന്നതെങ്ങിനെ എന്ന ആശങ്കയിലാണ്.

ഏതൊരു സാധാരണക്കാരനെയും പോലെ തനിക്കു ലഭിച്ച മണ്ണിൽ അൽപം കൃഷിപ്പണി തുടങ്ങിയപ്പോഴാണ് ആ പറമ്പിൽ എവിടെ മണ്ണെടുത്താലും സുലഭമായി വെള്ളമുള്ള ഉറവയുണ്ടെന്ന് സിറിയക്ക് തിരിച്ചറിഞ്ഞത്. അങ്ങനെ തടാകവും തുരുത്തും എന്ന നൂതനാശയത്തിലെത്തി. ജെസിബി ഉപയോഗിച്ച് മണ്ണെടുത്താണ് തടാകം നിർമിച്ചിരിക്കുന്നത്. കോരുന്ന മണ്ണ് നടുക്കുഭാഗത്ത് ഇട്ട് അവിടം കരയായി ഉയർത്തി എടുത്തു. ഗവൺമെന്റ് ഏജൻസികൾ മണ്ണിന്റെ ബലവും ഉറപ്പുമൊക്കെ ശാസ്ത്രീയമായി പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് നിർമാണം പൂർത്തിയാക്കിയത്. 2010 മുതൽ നാലുവർഷത്തെ കഠിനപരിശ്രമത്താലാണ് തടാകം നിർമിച്ചത്. ഇന്ത്യയുടെ പല ഭാഗത്തു നിന്നും ഏതാനും വർഷങ്ങളുടെ വളർച്ച നേടിയ വൻമരങ്ങൾ വേരോടെ പിഴുതു കൊണ്ടുവന്ന് നട്ടു പരിപാലിച്ചു നിർമിച്ചതാണ് പാർക്കിലെ വനഭാഗം. ഒരുവിധ മലിനീകരണവും പ്രകൃതിക്കു ചെയ്യുന്നില്ല എന്നു മാത്രമല്ല ഭൂഗർഭജലനിരപ്പുയർത്തുകയും അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവു വർധിപ്പിച്ച് ഹരിതഗൃഹ വാതകങ്ങളുടെ അളവു കുറച്ച് പ്രകൃതി ശുചീകരണം ചെയ്യുന്നതുമാണ് ഈ പാർക്ക്.

abcg2

നാണ്യവിളകൾ കൃഷി ചെയ്യാവുന്ന സ്ഥലം പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഒരു സംരംഭം എന്ന ആശയത്തിനു വേണ്ടി മാറ്റി വച്ചപ്പോൾ കയ്യിൽ നിന്നു പണം മുടക്കിയതല്ലാതെ സർക്കാറില്‍ നിന്നു യാതൊരു ഗ്രാന്റും ലഭിച്ചിട്ടില്ല. സത്യത്തിൽ വാഹനങ്ങളും വൻകിട വ്യവസായങ്ങളും പ്രകൃതിയിലുണ്ടാക്കുന്ന കോട്ടത്തെ പരിഹരിക്കാനുള്ള എളിയ പരിശ്രമമായി ഫോറസ്റ്റ് –അഗ്രികൾച്ചർ പാർക്കിനെ കാണേണ്ടതാണ്.

ഒന്നാം ഘട്ട ലോക്ക്ഡൗണിനു ശേഷം നിയന്ത്രണങ്ങൾക്ക് ഇളവു നൽകിയപ്പോൾ ഒട്ടേറെ സൗഹൃദസംഗമങ്ങൾക്കും ചെറുകൂട്ടായ്മകളുടെ യോഗത്തിനും വേദിയായ എബിസി ജെൽ തിരിച്ചു വരവിന്റെ പ്രതീക്ഷയിലായിരുന്നു. എന്നാൽ രണ്ടാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മുൻകൂർ ബുക്ക് ചെയ്തവ എല്ലാം റദ്ദായി. വരുമാനത്തെ കാര്യമായി ബാധിച്ചു.

‘പാർക്കിന്റെ സമയ ബന്ധിത നിർമാണത്തിനായി സ്ഥലത്തിന്റെ പല ഭാഗങ്ങളും ഈടുവെച്ചു സാമ്പത്തികം കണ്ടെത്തിയിരുന്നു. അതൊക്കെ തിരിച്ചടയ്ക്കുന്നതിനു വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. പ്രകൃതിക്കോ ഭൂമിക്കോ യാതൊരു ബാധ്യതയും വരുത്താത്ത അഗ്രികൾച്ചർ–ഫോറസ്റ്റ് പാർക്കു പോലുള്ള സംരംഭങ്ങളെ കൈപിടിച്ചുയർത്താൻ സർക്കാറോ വിശ്വസനീയമായ മറ്റു കേന്ദ്രങ്ങളോ പൊതുജനത്തിൽ നിന്ന് ധനസമാഹരണം നടത്തുകയും ലഘുവായ പലിശ നിരക്കിൽ തിരിച്ചടവിനു മതിയായ സാവകാശത്തോടെ അത്തരം സംരംഭകർക്കു വിതരണം ചെയ്യണം. എങ്കിലേ ഞങ്ങളെപ്പോലുള്ളവർക്ക് ഇനി പിടിച്ചു നിൽക്കാൻ സാധിക്കു.’ സിറിയക് പറയുന്നു.

എബിസി ജെൽ നേരിടുന്ന വെല്ലുവിളികളും പ്രതിബന്ധങ്ങളും സിറിയക് വിശദമാക്കുന്ന വിഡിയോ കാണാം.

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel
  • Hotels and Resorts