Tuesday 29 June 2021 11:59 AM IST : By Staff Reporter

വിദേശ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പാസ്പോർട് വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ലിങ്ക് ചെയ്യാം

cov

വിദേശ യാത്രയ്ക്കു മുൻപ് പാസ്പോർട്ടുമായി കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലിങ്ക് ചെയ്യാൻ അനുമതി. കോവിൻ പോർട്ടൽ മുഖേനയാണു സർട്ടിഫിക്കറ്റ് – പാസ്പോർട്ട് ലിങ്ക് ചെയ്യേണ്ടത്. ഒട്ടുമിക്ക വിദേശ രാജ്യങ്ങളും വിദേശ പൗരന്മാർക്കു വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പഠനം, ജോലി, വിസിറ്റിങ് എന്നീ ആവശ്യങ്ങൾക്കായി വരുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അവധിക്കു നാട്ടിലെത്തി തിരിച്ചു പോകുന്നവർക്കും സർട്ടിഫിക്കറ്റ് നിർബന്ധം.

വാക്സിനേഷൻ സർട്ടിഫിക്കറ്റ് – പാസ്പോർട് ലിങ്ക് ചെയ്യുന്ന രീതി: പാസ്പോർട് അല്ലാതെ മറ്റേതെങ്കിലും ഫോട്ടോ ഐഡി ഉപയോഗിച്ചാണ് കോവിൻ വെബ്‌സൈറ്റിൽ റജിസ്റ്റര്‍ ചെയ്തതെങ്കില്‍ ആദ്യം www.cowin.gov.in ല്‍ ലോഗിന്‍ ചെയ്യുക. സൈറ്റില്‍ “Account Details” എന്ന സെക്ഷനില്‍ “Raise Issue”എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇവിടെ മൂന്ന് ഓപ്ഷനുകൾ കാണാം. അതില്‍ “Add Passport Details” എന്നതില്‍ ക്ലിക്ക് ചെയ്യുക. പാസ്‌പോർട് വിശദാംശങ്ങൾ ചേര്‍ക്കാനാവുന്ന ഒരു പേജിലേക്ക് ഈ ഓപ്ഷന്‍ റീഡയറക്‌റ്റ് ചെയ്യും. ഡ്രോപ് ഡൗണ്‍ മെനുവിൽ നിന്നു പാസ്പോർട് വിവരങ്ങള്‍ നല്‍കേണ്ട അംഗത്തിന്‍റെ പേര് തിരഞ്ഞെടുത്ത ശേഷം “Enter Beneficiary’s Passport Number” എന്ന ഓപ്ഷനില്‍ പോയി പാസ്‌പോർട്ട് നമ്പർ നല്‍കുക. സർട്ടിഫിക്കറ്റ് ഫോട്ടോ ഐഡി വിശദാംശങ്ങൾ ഒരു തവണ മാത്രമേ മാറ്റാനാവൂ എന്നതിനാല്‍ ശരിയായ പാസ്‌പോർട് നമ്പർ ആണ് നൽകിയതെന്ന് ഉറപ്പാക്കണം. പാസ്‌പോർട് നമ്പർ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം, “I declare that this passport belongs to the beneficiary. The name of the passport holder is the same as mentioned on the vaccine certificate.” എന്നതിനു വശത്തായുള്ള ബോക്സ് ടിക്ക് ചെയ്യുക.

അപ്പോള്‍ അപേക്ഷ സമർപ്പിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഒരു മെസേജ് റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കും. അതിനു ശേഷം, Account Details പേജിലേക്ക് തിരികെ പോയി പാസ്‌പോർട് വിശദാംശങ്ങൾ ചേർത്ത അക്കൗണ്ടിന്റെ പേരിന് അടുത്തുള്ള “Certificate” ബട്ടനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ, പാസ്‌പോർട്ടിലേക്ക് ലിങ്ക് ചെയ്ത നിങ്ങളുടെ പുതിയ വാക്സീൻ സർട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

ഇതുവരെ കോവിന്‍ വെബ്സൈറ്റില്‍ റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ യാത്ര ചെയ്യും മുന്‍പു റജിസ്റ്റർ ചെയ്യുന്ന സമയത്ത് ഫോട്ടോ ഐഡിയായി ആദ്യം തന്നെ പാസ്‌പോർട് തിരഞ്ഞെടുക്കുന്നതാണു നല്ലത്.