Saturday 21 May 2022 02:58 PM IST : By Easwaran Namboothiri

തടാകങ്ങളുടെയും വെള്ളച്ചാട്ടങ്ങളുടെയും പാർക്ക് ; പ്ലിറ്റ്‌വീസ്

garden main

ഏകദേശം 300 ചതുരശ്ര കിലോ മീറ്റര്‍ നിബിഡ വനം. അതിനുള്ളില്‍ ഒട്ടേറെ തടാകങ്ങള്‍, പുഴകള്‍, വെള്ളച്ചാട്ടങ്ങള്‍... അലൗകികമായ ഈ കാഴ്ച ഒരു കാലത്ത് അസാമാന്യ ധൈര്യവും ചങ്കൂറ്റവും ഉള്ളവര്‍ക്കു മാത്രമേ കണ്ടറിയാന്‍ സാധിച്ചിരുന്നുള്ളു. അന്ന് ഈ പ്രദേശത്തിന്റെ അലൗകിക സൗന്ദര്യം വിശ്വസിക്കാനാകാത്ത നാട്ടുകാര്‍ വിളിച്ച പേരാണ് ചെകുത്താന്റെ പൂന്തോട്ടം. സ്ഥലം കണ്ടറിഞ്ഞ സാഹസികര്‍ പറഞ്ഞു ചെകുത്താന്റേതൊന്നുമല്ല, സാക്ഷാല്‍ പറുദീസ തന്നയാണ് ഇതെന്ന്. ആധുനിക കാലത്ത് സൗകര്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ ഒട്ടേറെ ആളുകള്‍ക്ക് ഈ സൗന്ദര്യം ആസ്വദിക്കാമെന്നായപ്പോള്‍, ഇവിടം ചെകുത്താന്റെ പൂന്തോട്ടത്തിലെ പറുദീസയായി മാറി. ഇത് തെക്കുകിഴക്കന്‍ യൂറോപ്പിലെ ഏറ്റവും പഴയതും ക്രൊയേഷ്യയിലെ ഏറ്റവും വലുതുമായ ദേശീയോദ്യാനം പ്ലിറ്റ്‌വീസ് ലെയ്ക്ക് നാഷനല്‍ പാര്‍ക്ക്. കാഴ്ചകളുടെയും സാഹസികതയുടെയും പരിപൂര്‍ണത എന്നു മാത്രം വിശേഷിപ്പിച്ചാല്‍ പോര പ്ലിറ്റ്‌വീസ് ലെയ്ക്ക് പ്രദേശത്തെ. അത് ഭൂമിശാസ്ത്രപരവും ജീവശാസ്ത്രപരവുമായ ഒട്ടേറെ സവിശേഷതകളുള്ളതുമാണ്. 1979 മുതല്‍ യുനെസ്‌കോയുടെ പൈതൃകപദവിയും ഈ വനപ്രദേശത്തിനു സ്വന്തമാണ്.

garden main 1

കാഴ്ചയുടെ വൈവിധ്യം

garden 2

വെള്ളച്ചാട്ടങ്ങളിലൂടെയും ചെറു പുഴകളിലൂടെയും പരസ്പരം ബന്ധിപ്പിക്കപ്പെട്ട 16 തടാകങ്ങളാണ് പ്ലിറ്റ്‌വീസ് ദേശീയോദ്യാനത്തിലെ പ്രധാന ആകര്‍ഷണം. ആ തടാകങ്ങള്‍ ആകാരത്തിലും വിസ്താരത്തിലും മാത്രമല്ല നിറത്തിലും ഒന്നിനൊന്നു വേറിട്ടു നില്‍ക്കുന്നു എന്നതാണ് സവിശേഷത. ആകാശത്തിന്റെ നിറം പ്രതിഫലിപ്പിക്കുന്നതാണോ എന്ന സംശയം ജനിപ്പിക്കുന്ന നീല നിറം മുതല്‍ നീലയുടെ പല രൂപഭേദങ്ങളുമുണ്ട്. തടാകത്തിന്റെ മുകളിലേക്കു വളരുന്ന വൃക്ഷത്തലപ്പുകളെ പ്രതിഫലിപ്പിക്കുന്നതുപോലെ കടും പച്ചയും ഇളം പച്ചയും അടക്കം പച്ചപ്പിന്റെ പല വ്യതിയാനങ്ങളും ഇവിടുത്തെ നീര്‍ത്തടങ്ങളുടെ നിറമായി കാണാം. ജലത്തില്‍ അടിയുന്ന ധാതുക്കളും പായലും പന്നലും പോലുള്ള സൂക്ഷ്മജിവികളുടെ സാന്നിധ്യവുമാണ് ഈ നിറംമാറ്റങ്ങള്‍ക്കു കാരണം.
ക്രൊയേഷ്യയിലെ മാല കപേല, ലിക്ക പ്ലസേവിക കൊടുമുടികള്‍ക്ക് ഇടയിലുള്ള സമതലപ്രദേശമാണ് പ്ലിറ്റ്‌വീസ് വിസ്മയത്തിന് അരങ്ങൊരുക്കുന്നത്. ആയിരത്താണ്ടുകളായി ചുണ്ണാമ്പുകല്ലുകള്‍ക്കു മുകളിലൂടെ ഒഴുകിയ ജലം ട്രാവര്‍ടൈന്‍ എന്നു വിളിക്കുന്ന ധാതുക്കള്‍ പലേടത്തും അടിഞ്ഞുകൂടാന്‍ ഇടയാക്കി. ഈ നിക്ഷേപം തുടര്‍ന്നപ്പോള്‍ അതൊരു തടയണപോലെയും വലിയ ചിറകള്‍ പോലെയുമുള്ള രൂപങ്ങളായി മാറുകയും ചെയ്തു. ഇതാണ്് തടാകങ്ങളുടെ രൂപപ്പെടലിനു വഴിവെച്ചത്്. തടാകങ്ങള്‍ കവിഞ്ഞൊഴുകുന്ന ജലമാണ് ജലധാരകളായി കാണപ്പെടുന്നത്. പുഴകളുടെയും നീരൊഴുക്കുകളുടെയും ഇടയില്‍ സ്വാഭാവികമായി രൂപപ്പെട്ട തടയണകള്‍ ഇവിടുത്തെ വെള്ളക്കെട്ടിന്റെ അളവും സൗന്ദര്യവും കാലാകാലങ്ങളായി വര്‍ധിപ്പിക്കുന്നു. ജലപ്രവാഹം, വെള്ളത്തിന്റെ രാസഘടന, ഒഴുക്കില്‍ അകപ്പെട്ട് എത്തുന്ന വസ്തുക്കള്‍ എന്നിങ്ങനെ പല ഘടകങ്ങളെയും ആശ്രയിച്ചു നില്‍ക്കുന്ന ഈ ധാതുമതിലുകള്‍ താരതമ്യേന ദുര്‍ബലമാണ്. ഇത് പലപ്പോഴും തകരാം, നിരന്തരം പുതിയവ രൂപപ്പെടാം. അതിനാല്‍തന്നെ പ്ലിറ്റ്‌വീസ് ലെയ്ക്ക് പാര്‍ക്കിലെ കാഴ്ചകള്‍ നിരന്തരം പുതുക്കപ്പെടുന്നതുമാണ്.
പ്ലിറ്റ്‌വീസ് പാര്‍ക്കിലെ ഓരോ തടാകത്തിനും വെള്ളച്ചാട്ടത്തിനും ഓരോ പേരുണ്ട്. തടാകങ്ങളുടെ പേരുകള്‍ ഒട്ടുമിക്കവയും തലമുറകളായി കൈമാറിവന്ന നാടോടിക്കഥകളുമായി ബന്ധപ്പെട്ടു കിടക്കുന്നതുമാണ്. മിലാന്‍, ഗാവന്‍ തടാകങ്ങളുടെ ഇടയില്‍ കാണപ്പെടുന്ന വെള്ളച്ചാട്ടത്തിന് പ്രശസത ക്രൊയേഷ്യന്‍ ഓപറ ഗായകനായ മില്‍ക ട്രനിനയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഇവിടുത്തെ ഏറ്റവും വലിയ ജലധാരയ്ക്ക് 78 മീറ്ററാണ് ഉയരം. പ്ലിറ്റ്‌വീസ് തടാകങ്ങളെ പൊതുവെ രണ്ടായി തിരിച്ചിട്ടുണ്്, തെക്കോട്ടു മാറി കാണപ്പെടുന്ന അപ്പര്‍ തടാകങ്ങളും വടക്കു ഭാഗത്തുള്ള ലോവര്‍ തടാകങ്ങളും, 14 എണ്ണമുണ്ട് അപ്പര്‍ തടാകങ്ങളായി. പ്രൊസാങ്കോ ജെസോറോ, കൊസാക് എന്നീ രണ്ടു തടാകങ്ങളിലായിട്ടാണ് 80 ശതമാനം ജലം സംഭരിക്കപ്പെടുന്നത്. പാര്‍ക്കിനു തെക്കു വശത്ത് വെളുത്ത നദിയും കറുത്ത നദിയും സംഗമിച്ചെത്തുന്ന നദി 15 തടാകങ്ങളും എണ്ണമറ്റ ജലപ്രവാഹങ്ങളും താണ്ടിഏറ്റവും വടക്കേ അറ്റത്തെ പ്ലിറ്റ്‌വീസ് തടാകത്തില്‍ എത്തുന്നു. ഇവിടെനിന്നുള്ള ഒഴുക്കാണ് കൊറാണ നദിയായി ക്രോയേഷ്യയിലൂടെ ബോത്സ്‌നിയ ഹെര്‍സഗോവിനയിലേക്ക് ഒഴുകുന്നത്.

പരിസ്ഥിതിക്കാഴ്ചകള്‍

garden 1

പാരിസ്ഥിതികമായി വളരെ പ്രധാനപ്പെട്ടൊരു ഭൂഭാഗമാണ് പ്ലിറ്റ്‌വീസ് തടാക പ്രദേശം. ഒരു കാലത്ത് യൂറോപ്പ് മുഴുവന്‍ ദൃശ്യമായിരുന്ന നിത്്യഹരിത വനത്തിന്റെ അവസാനിക്കുന്ന ശേഷിപ്പുകളില്‍ ഒരു ഭാഗമാണ് ഇവിടം. അതിനാല്‍ത്തന്നെ ഏറെ അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ ഒട്ടു വളരെ സസ്യമൃഗപക്ഷികളുടെ സ്വാഭാവിക വാസസ്ഥാനമാണ് ഇത്. ബീച്ച്, ഫിര്‍, കൊക്കോവ ഉവാല മരങ്ങളാണ് ഇവിടുത്തെ വന്‍ വൃക്ഷങ്ങളില്‍ അധികവും. ക്രൊയേഷ്യയില്‍ മാത്രം കാണപ്പെടുന്ന അന്‍പതോളം സസ്യങ്ങളില്‍ 18 എണ്ണം ഈ കാടുകളില്‍ കാണാം. 1265 ഓളം ഇനത്തില്‍പെട്ട സസ്യങ്ങളില്‍ 75 എണ്ണം വംശനാശഭീഷണി നേരിടുന്നവയാണ്. കൊക്കോവ മരങ്ങള്‍ സമൃദ്ധമായ പ്രത്യേക ഭാഗത്തേക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്, ഇത് ഈ ഭാഗത്തെ മൈക്രോ എന്‍വയോണ്‍മെന്റിന്റെ സംരക്ഷണം ഉദ്ദേശിച്ചാണ്.
കരടിയും കാട്ടുപൂച്ചകളും ചെന്നായയുമാണ് ഇവിടെ കാണപ്പെടുന്ന പ്രധാനപ്പെട്ട വലിയ മൃഗങ്ങള്‍. അപൂര്‍വമായ ചിത്രശലഭങ്ങളും പക്ഷികളും ഇവിടുത്തെ ജൈവവൈവിധ്യത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. കുയില്‍, കുരുവി, മരംകൊത്തി, പൊന്മാന്‍, കൊക്കുകള്‍, മൂങ്ങ തുടങ്ങി 150 ല്‍ അധികം ഇനങ്ങളിലുള്ള പക്ഷികള്‍ കാണപ്പെടുന്നതില്‍ പലതും മറ്റെവിടെയും കാണാന്‍ സാധിക്കാത്തതാണ്.

യൂറോപ്പിലെ വിസ്മയങ്ങളില്‍ ഏറ്റവും വലുത്

garden 4
garden 3

യൂറോപ്പിലെ സ്വാഭാവിക പ്രകൃതി ദൃശ്യങ്ങളില്‍ ഏറ്റവും വലുതെന്ന് നിസ്സംശയം പറയാവുന്ന പ്ലിറ്റ്‌വീസ് പാര്‍ക്കിലേക്ക് വര്‍ഷം തോറും ഒരു ദശലക്ഷം സന്ദര്‍ശകര്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ഋതുഭേദമനുസരിച്ച് കാഴ്ചകള്‍ക്കും പാര്‍ക്കിന്റെ നിറത്തിനുതന്നെയും വലിയ വ്യത്യാസം വരുന്നു. മഞ്ഞുരുകി ഏറെ ജലമെത്തുന്ന വസന്തകാലത്താണ് ഇവിടെ ജലനിരപ്പ് ഏറ്റവും കൂടുന്നത്, എന്നാല്‍ ആ സമയത്ത് പാര്‍ക്കിന്റെ ചില ഭാഗങ്ങള്‍ അടച്ചിടുക പതിവാണ്. പാര്‍ക്കിന്റെ പൂര്‍ണമായ കാഴ്ച ലഭിക്കില്ലെങ്കിലും കാട്ടുപൂക്കളുടെ വര്‍ണശബളിമ കാണാന്‍ മാര്‍ച്ച്-ഏപ്രില്‍ മാസം നല്ലതാണ്. ജൂലൈ-ഓഗസ്റ്റിലെ വേനല്‍ക്കാലം ജലനിരപ്പ് ഏറ്റവും കുറഞ്ഞു നില്‍ക്കും, സഞ്ചാരികളുടെ തിരക്ക് ഏറെ അനുഭവപ്പെടുന്നത് ഇക്കാലത്താണ്. പല നിറത്തിലുള്ള ഇലച്ചാര്‍ത്തുകള്‍ മരങ്ങളില്‍ നിറയുന്ന ശിശിരകാലം സന്ദര്‍ശനത്തിനു നല്ല സമയമാണ്. ശാന്തമായി മഞ്ഞു മൂടിക്കിടക്കുന്ന പാര്‍ക്കിനെ അനുഭവിക്കാന്‍ മഞ്ഞുകാലവും നല്ലത്.
ക്രോയേഷ്യന്‍ തലസ്ഥാനമായ സഗ്‌രേബില്‍നിന്ന് 140 കിലോ മീറ്റര്‍ ദൂരമുണ്ട് പ്ലിറ്റ്‌വീസ് പാര്‍ക്കിലേക്ക്. പാര്‍ക്കിനുള്ളില്‍ നടന്നു കാണാനായി 8 പാതകളുണ്ട്. ഇവ 2 മുതല്‍ 8 മമിക്കൂര്‍ വരെ സമയം എടുത്തു സഞ്ചരിക്കേണ്ടതാണ് ഇതിലൂടെ. കൃത്യമായി അടയാളപ്പെടുത്തിയ പാതകളായതിനാല്‍ തനിയെ നടന്ന് കാനനസൗന്ദര്യം ആസ്വദിക്കുന്നതിനു ബുദ്ധിമുട്ടില്ല. വഴികാട്ടികളുടെ സേവനവും ലഭ്യമാണ്. കൊസാക് തടാകത്തില്‍ മാത്രം വൈദ്യുതി ബോട്ടില്‍ തടാകത്തില്‍ സഞ്ചരിക്കാം. പ്രവേശന ഫീസിന് സീസണ്‍ അനുസരിച്ച് വ്യത്യാസമുണ്ട്.
ലോകമാസകലം പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തില്‍ പ്ലിറ്റ്‌വീസ് പാര്‍ക്കിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ ആധിക്യം ആശങ്കയുണര്‍ത്തുന്നു എന്നും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. 'ലോകത്തെവിടെയും ജലമുണ്ട്, തടാകങ്ങളുണ്ട്, വെള്ളച്ചാട്ടങ്ങളുണ്ട്, കാടുകളുണ്ട്; എന്നാല്‍ പ്ലിറ്റ്‌വീസ് പോലെ പ്ലിറ്റ്‌വീസ് മാത്രമേയുള്ളു.'- ക്രോയേഷ്യന്‍ സസ്യശാസ്ത്രജ്ഞനായ ഇവോ പെവലക് പറഞ്ഞ ഈ വാചകം പ്ലിറ്റ്‌വീസ് സന്ദര്‍ശിക്കുന്ന ഓരോരുത്തരും ഏറ്റുപറയും എന്നതില്‍ സംശയമില്ല.