Friday 15 March 2024 02:28 PM IST : By സ്വന്തം ലേഖകൻ

‘ഉള്ളിൽ അവലാണെന്ന് ആരുമറിയില്ല’; നാലുമണിക്കു വിളമ്പാൻ അണിയൻ പോക്കറ്റ്സ്, ആരോഗ്യകരമായ വിഭവം

onion-pocket889

ആവിയിൽ വേവിച്ചെടുക്കുന്നതിനാലും അൽപം എണ്ണ മാത്രം ഉപയോഗിക്കുന്നതിനാലും ആരോഗ്യകരമായ ലഘുഭക്ഷണമാണിത്. അവൽ കഴിക്കാൻ മടിയുള്ള കുട്ടികളെ അവൽ കഴിപ്പിക്കാനുള്ള കുറുക്കുവഴിയുമാണ് ഈ വിഭവം.

അണിയൻ പോക്കറ്റ്സ്

സവാള – രണ്ട്, പൊടിയായി അരിഞ്ഞത്, അവൽ – ഒരു കപ്പ്, മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ, മുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ, ജീരകംപൊടി – അര ചെറിയ സ്പൂൺ, പച്ചമുളക് പൊടിയായി അരിഞ്ഞത്, ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ വീതം, മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ, ഉപ്പ് – പാകത്തിന്, ഗോതമ്പുപൊടി – രണ്ടു കപ്പ്, എണ്ണ – രണ്ടു ചെറിയ സ്പൂൺ, കടുക് – ഒരു ചെറിയ സ്പൂൺ, എള്ള് – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ സവാള, അവൽ, മഞ്ഞൾപൊടി, മുളകുപൊടി, ജീരകംപൊടി, മുളക്, ഇഞ്ചി, മല്ലിയില, ഉപ്പ് ഇവ യോജിപ്പിക്കുക.

∙ മറ്റൊരു ബൗളിൽ ഗോതമ്പുമാവ് കുഴച്ചു ചപ്പാത്തിമാവിന്റെ പരുവത്തിൽ കുഴച്ചു 20 മിനിറ്റ് മാറ്റി വയ്ക്കുക.

∙ പിന്നീട് ഇത് ചെറിയ ഉരുളകളാക്കി ഓരോന്നും ചപ്പാത്തി വട്ടത്തിൽ പരത്തി നടുവിൽ സവാള– അവൽ മിശ്രിതം വച്ച് നാലുവശത്തു നിന്ന് മടക്കി ചതുരാക‍ൃതിയിലാക്കുക.

∙ ഇത് ആവിയിൽ വേവിച്ചെടുക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി കടുകും എള്ളും മൂപ്പിക്കുക. ഇതില്‍ ആവിയില്‍ വേവിച്ച പോക്കറ്റ്സ് വച്ച് ഗോൾഡൻ ബ്രൗൺ നിറത്തിൽ മൊരിയിച്ചെടുക്കുക.

കടപ്പാട്: ഡോ. അനിത മോഹൻ

ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ 

പ്രോഗ്രാം ഓഫിസർ 

ഡയറക്റ്ററേറ്റ് ഓഫ് 

ഹെൽത് സർവീസസ് 

Tags:
  • Pachakam