Thursday 27 July 2023 11:59 AM IST : By വി.ആർ.ജ്യോതിഷ്, അമ്മു ജൊവാസ്

‘കേട്ടുവളർന്ന സ്വരത്തിനുടമയോട് അടുത്തു നിൽക്കാൻ കഴിയുന്നതു ഭാഗ്യം’; ‘ചിത്രാ’നുഭവങ്ങളുമായി മൃദുല വാരിയർ

mridula67gv

ഞാനും ചേട്ടനും തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്. അത് എനിക്കു ഗുണമായി. എങ്ങനെയാണെന്നു വച്ചാൽ, ചേട്ടൻ വലിയ കുട്ടിയായതുകൊണ്ടു വീട്ടിൽ നിന്നു പുറത്തു പോയി വരുമ്പോഴെല്ലാം പുതിയ കസറ്റുകൾ വാങ്ങിക്കൊണ്ടുവരും. ഈ കസറ്റുകൾ കേൾക്കുക എന്നതായിരുന്നു തീരെ കുഞ്ഞായിരുന്നപ്പോഴത്തെ ഹോബി. അതു പാട്ടിനെക്കുറിച്ച് അറിഞ്ഞുകൊണ്ടൊന്നുമല്ല. എന്നാലും എല്ലാ കസറ്റുകളും ഒരുപാടു തവണ കേൾക്കും.

അന്നേ എന്റെ ഉള്ളിൽ തറച്ച രണ്ടു ശബ്ദങ്ങളായിരുന്നു ചിത്രചേച്ചിയുടെയും സുജാതചേച്ചിയുടെയും. അതെന്തുകൊണ്ടായിരുന്നു എന്ന് എനിക്ക് ഇന്നും അറിഞ്ഞുകൂടാ. പക്ഷേ, ആ സ്വരങ്ങൾ കുഞ്ഞായിരുന്ന എന്നെ ഏറെ സ്വാധീനിച്ചു. മെലഡിയോടായിരുന്നു എനിക്ക് അന്നും താല്‍പര്യം.

കുറച്ചുകൂടി മുതിർന്നപ്പോൾ ഞാൻ ഗായകരെ തിരിച്ചറിഞ്ഞുതുടങ്ങി. ദാസ്‌ സർ, ചിത്രചേച്ചി, ജയചന്ദ്രൻ സർ, എം.ജി. ശ്രീകുമാർ സർ അങ്ങനെ ൈപ്രമറി സ്കൂൾ കാലത്തു തന്നെ ഞാൻ ആരാധിച്ചിരുന്ന ഗായകർ ഒരുപാടു പേരുണ്ടായിരുന്നു. മലയാളഗാനങ്ങൾ പോലെ തന്നെ ഹിന്ദിഗാനങ്ങളും എനിക്ക് ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും ലതാജിയുടെ പാട്ടുകൾ.

സംഗീതരംഗത്തു നിൽക്കാനും ഒരു പാട്ടുകാരിയായി അറിയപ്പെടാനും കഴിഞ്ഞു എന്നതുകൊണ്ടുതന്നെ ഏറെ ഭാഗ്യം ചെയ്ത ഒരാളാണു ഞാൻ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ചിത്രചേച്ചിയെപ്പോലെയുള്ളവരുടെ മുന്നിൽ പാടാനും ആ പാട്ടിലെ തെറ്റുകൾ അവർ തന്നെ തിരുത്തുന്നതിനുമുള്ള അവസരം ഉണ്ടായി. എം.ജി. ശ്രീകുമാർ സാറും ശരത് സാറും ചിത്രചേച്ചിയും ഉൾപ്പെട്ട പാനലിനു മുന്നിലാണ് റിയാലിറ്റി ഷോയിൽ ഞാൻ മത്സരാർഥിയായി പാടിയിരുന്നത്. സംഗീതത്തിൽ താൽപര്യമുള്ളവരെ സംബന്ധിച്ച് അതൊരു അപൂർവഭാഗ്യം തന്നെയാണ്.

കുട്ടിക്കാലത്ത് എവിടെ സംഗീതമത്സരം നടന്നാലും അതിൽ പങ്കെടുക്കുമായിരുന്നു. മിക്കവാറും സമ്മാനങ്ങളും കിട്ടും. രാജഹംസമേ..., കണ്ണാളനേ..., ശ്യാമമേഘമേ..., പഞ്ചവർണ ൈപങ്കിളി തത്തേ... അങ്ങനെ ചിത്രചേച്ചി പാടിയ ഹിറ്റുപാട്ടുകൾ പാടിയാണ് ഞാൻ സമ്മാനം വാങ്ങിയിരുന്നത്. 

ഈ പാട്ടുകളൊക്കെ ഞാൻ ഇന്നും സ്റ്റേജിൽ പാടാറുണ്ട്. ചിത്രചേച്ചിയോടൊപ്പവും കുറച്ചുവേദികളിൽ പാടാനുള്ള അവസരമുണ്ടായി. തീരെ കുഞ്ഞായിരുന്നപ്പോൾ കേട്ടുവളർന്ന സ്വരത്തിനുടമയോട് അടുത്തു നിൽക്കാൻ കഴിയുന്നതു ഭാഗ്യം. ദൈവത്തിനു നന്ദി.

Tags:
  • Movies