Wednesday 04 September 2019 01:00 PM IST : By സ്വന്തം ലേഖകൻ

2 വയസിൽ പോലും കുഞ്ഞുങ്ങള്‍ സ്വയംഭോഗ സമാനപ്രവൃത്തികളിൽ ഏർപ്പെട്ടേക്കാം! മാതാപിതാക്കൾ അറിയാൻ; ഡോക്ടറുടെ മുന്നറിയിപ്പ്

mb

കുട്ടികളിലെ സ്വയംഭോഗം തടയാൻ രക്ഷാകർത്താക്കൾ എന്തുചെയ്യണം?

കൗമാരക്കാരിലാണു സ്വയംഭോഗസ്വഭാവം പ്രകടമായി കാണുന്നതെങ്കിലും കുട്ടികളുടെ വളർച്ചാകാലഘട്ടത്തിൽ ചില സാഹചര്യങ്ങളിൽ രണ്ടു വയസ്സിൽ പോലും അവർ സ്വയംഭോഗ സമാനപ്രവൃത്തികളിൽ ഏർപ്പെടുന്നതു കാണാം. പലപ്പോഴും മാതാപിതാക്കൾക്ക് അമിത ഉത്കണ്ഠ ഉണ്ടാകുവാനും കുട്ടി എന്തോ വലിയ തെറ്റിൽ ഉൾപ്പെട്ടു എന്ന രീതിയിൽ പ്രതികരിക്കുകയും ചെയ്യും. ഇവിടെ പ്രതിഫലിക്കുന്നതു മാതാപിതാക്കളുടെ ഉത്കണ്ഠയും അറിവില്ലായ്മയുമാണ്.

കുട്ടിയെ ആരെങ്കിലും െെലംഗീകമായി ദുരുപയോഗം ചെയ്തുവോ? കുട്ടിക്ക് ഇത്തരത്തിലുള്ള അറിവുകൾ ആരെങ്കിലും വഴി ലഭ്യമായോ? കുട്ടി മറ്റുള്ളവർ ഇക്കാര്യങ്ങളിൽ ഏർപ്പെടുന്നതിനു ദൃക്സാക്ഷിയായോ തുടങ്ങിയ ചോദ്യങ്ങൾ അച്ഛനമ്മമാരെ വല്ലാതെ അലട്ടും.

എന്നാൽ ഇക്കാരണങ്ങൾ കൊണ്ടു മാത്രമല്ല കുട്ടികൾ സ്വയംഭോഗത്തിനു മുതിരുന്നത്. ഇങ്ങനെ കണ്ടാൽ മാതാപിതാക്കൾ ആദ്യം മനസ്സിലാക്കേണ്ടത് മേൽപറഞ്ഞ മറ്റു ബാഹ്യ ഇടപെടലുകളും സ്വാധീനങ്ങളും ഉണ്ടായിട്ടില്ല എങ്കിൽ ഇതു സർവസാധാരണമായ ഒരു പ്രവൃത്തിയാണ് എന്നാണ്. കുട്ടികൾ പല കാരണങ്ങൾ കൊണ്ടാണ് സ്വയംഭോഗം ചെയ്യുന്നത്. അറിയുവാനുള്ള താൽപര്യം, െെലംഗികാവയവങ്ങളെ കൂടുതൽ പര്യവേക്ഷണാത്മകമായി അടുത്തറിയൽ, ഒരു ഉത്തേജനജനകമായ പ്രവൃത്തി ഇവയൊക്കെയാണ് പലപ്പോഴും കുട്ടികളെ സ്വയംഭോഗത്തിനു മുതിരാൻ പ്രേരിപ്പിക്കുന്നത്.

കുട്ടികളോട് ആ പ്രവൃത്തി തുടരണമെന്നോ വേണ്ടെന്നോ പറയേണ്ടതില്ല. മറിച്ച് മറ്റുള്ളവർ കാൺകെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതു ശരിയല്ല, ഇതു സ്വകാര്യത വേണ്ടതും എന്നാൽ വളർച്ചാകാലഘട്ടത്തിൽ സംഭവിക്കുന്നതും ആയ ഒരു പ്രവൃത്തിയാണെന്ന് ബോധ്യപ്പെടുത്തണം.

കുട്ടികൾ വളരെയധികം മാനസികസമ്മർദം ഉള്ളപ്പോൾ അതു ലഘൂകരിക്കുന്നതിനായും സ്വയംഭോഗം ചെയ്യാറുണ്ട്. ആയതിനാൽ കുട്ടിയ്ക്ക് മാനസികസമ്മർദം അമിതമാണെങ്കിൽ അതു പരിഹരിക്കാനുള്ള വഴികളും ആലോചിക്കാം.

വിവരങ്ങൾക്ക് കടപ്പാട്;

1. ഡോ. സാനി വർഗീസ്,

ക്ലിനിക്കൽ

സൈക്കോളജിസ്റ്റ്,

ഗവ. ജനറൽ

ഹോസ്പിറ്റൽ, കോട്ടയം

2. ജോമോൻ കെ. ജോർജ്

ക്ലിനിക്കൽ

സൈക്കോളജിസ്റ്റ്,

ജില്ലാ മെന്റൽഹെൽത് പ്രോഗ്രാം, കോട്ടയം

Tags:
  • Health Tips