Friday 07 August 2020 05:04 PM IST : By ഡോ. അനു തമ്പി

എല്ലാ തൊണ്ടവേദനയും കോവിഡ് മൂലമാണോ ?: ശ്രദ്ധിക്കേണ്ടതെല്ലാം......

throatpain6789

തൊണ്ടവേദന ഇ.എന്‍.ടി വിഭാഗത്തില്‍ ചികിത്സയ്ക്കായി വരുന്നവരുടെ ഒരു പ്രധാന പ്രശ്‌നമാണ്. കോവിഡ് കാലത്തുവരുന്ന തൊണ്ട പ്രശ്‌നങ്ങള്‍ നമ്മളില്‍ ചിലര്‍ക്കെങ്കിലും ആകാംക്ഷയുണ്ടാക്കാം. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത് അനുസരിച്ച് കോവിഡ്-19 പ്രധാന രോഗലക്ഷണങ്ങള്‍ പനി, ചുമ, ശ്വാസം മുട്ടല്‍ എന്നിവയാണ്. ഇതോടൊപ്പം കുളിര്‍, ശരീര വേദന, തൊണ്ട വേദന, മണവും രുചിയും നഷട്‌പ്പെടല്‍, തലവേദന എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൊണ്ടവേദന പലതരത്തില്‍ പ്രത്യക്ഷപ്പെടാം. ചെറിയ ചൊറിച്ചില്‍ ഇടയ്ക്കിടെയുള്ള വേദന, തുടര്‍ച്ചയായുള്ള വേദന, നിറ്റല്‍; പനി, ചുമ, കഫം, മൂക്കടപ്പ് എന്നിവയോടൊപ്പം വരുന്ന തൊണ്ടവേദന എന്നിങ്ങനെ നിസ്സാരമായത് മുതല്‍ ഡോക്ടറുടെ സേവനം ഉടന്‍ വേണ്ടി വരുന്നവ വരെ.

കണക്കുകള്‍ പ്രകാരം കോവിഡ് രോഗമുള്ളവരില്‍ 10-12 ശതമാനം പേര്‍ക്കു മാത്രമാണ് തൊണ്ടവേദന അനുഭവപ്പെടുന്നത്. അതുകൊണ്ട്തന്നെ എല്ലാ തൊണ്ടവേദനയും കോവിഡ് രോഗത്തിന്റെ ലക്ഷണമല്ല. അനാവശ്യമായ ഭയവും ആവശ്യമില്ല.

ഈ കാലാവസ്ഥയില്‍ ഇടയ്ക്കിടെ വരുന്ന ചെറിയ തൊണ്ടവേദന, മൂക്കൊലിപ്പ്, തൊണ്ട ചൊറിച്ചില്‍ എന്നിവ അലര്‍ജിയുടെ ഭാഗമാകാം. അലര്‍ജി മരുന്നുകളും ആവിയും ഉപയോഗിച്ചാല്‍ നിയന്ത്രിക്കാവുന്നതാണ്.

മൂക്കൊലിപ്പ്, തൊണ്ടവേദന, ചെറിയ പനി എന്നിവ ജലദോഷം  ആകാം. ആവശ്യത്തിന് വിശ്രമവും രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയും  മതിയാകും.

ഉയര്‍ന്ന പനി, ശരീര വേദന, ശ്വാസം മുട്ടല്‍, തൊണ്ട വേദന, മൂക്കൊലിപ്പ് ഇവയെല്ലാം എച്ച്1എന്‍1 പോലുള്ള പനിയാകാം. ഈ രോഗത്തിന് പ്രതിരോധ കുത്തിവയ്പ്പും മരുന്നുകളും ലഭ്യമാണ്. എച്ച്1എന്‍1 കോവിഡ് രോഗലക്ഷണങ്ങളോട് വളരെയധികം സാദൃശ്യം ഉള്ളതാണ്.

ഉയര്‍ന്ന പനി, തൊണ്ട പളുക്കല്‍ എന്നിവ ബാക്ടീരിയല്‍ രോഗമാകാം. ഇതിന് ആന്റീബയോട്ടിക്കുകള്‍ വേണ്ടിവരും.

തൊണ്ടനീറ്റല്‍, നെഞ്ചെരിച്ചില്‍ എന്നിവ ആസിഡ് റിഫ്‌ലക്‌സ് കൊണ്ടുമാകാം. ഭക്ഷണക്രമീകരണവും വ്യായാമവും മരുന്നുകളും കൊണ്ട് ഭേദമാകും.

ആരോഗ്യത്തിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടത്:-

1. സമീകൃതാഹാരം കഴിക്കുക

2. തണുത്ത പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.

3. മദ്യം, പുകവലി എന്നിവ ഒഴിവാക്കുക

4. ഉപ്പുവെള്ളം കുലുക്കൊഴിയുക

5. വ്യക്തി ശുചിത്വം പാലിക്കുക

6. പരിസര ശുചിത്വം പാലിക്കുക

7. രോഗികളോട് ഇടപെടാതിരിക്കുക

8. സാമൂഹിക അകലം പാലിക്കുക

9. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറുടെ സേവനമോ, ഹെല്‍പ്പ്‌ലൈന്‍ അഡൈ്വസോ തേടുക.

ഡോ. അനു തമ്പി

കണ്‍സള്‍ട്ടന്റ്, ഇ.എന്‍.ടി. സര്‍ജന്‍

എസ്.യു.ടി ഹോസ്പിറ്റല്‍ പട്ടം

Tags:
  • Manorama Arogyam
  • Health Tips