Wednesday 27 December 2023 03:52 PM IST : By സ്വന്തം ലേഖകൻ

പത്മരാജന്റെ പ്രതിഭ പതിഞ്ഞ ‘വാടകയ്ക്ക് ഒരു ഹൃദയം’, മടുക്കാത്ത വായനയുടെ 50 വർഷം

p-padmarajan-1

പ്രതിഭ എന്ന വാക്കിന്റെ പര്യായമായിരുന്നു പി. പത്മരാജൻ. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങി പ്രവർത്തിച്ച മേഖലകളിലൊക്കെ മുൻ‌നിരയില്‍ ഇടം നേടിയ മനുഷ്യൻ. മനുഷ്യമനസിന്റെ ആഴങ്ങളിലേക്കു ചെന്നു, അവിശ്വസനീയമെന്നു തോന്നുന്ന പലതും കഥകളിലാക്കി വായനക്കാർക്കു നൽകിയ, നിഗൂഢത തുളുമ്പുന്ന തോന്നലുകൾ ലളിതമായി എഴുതിയവതരിപ്പിച്ചയാൾ. മലയാളത്തിന്റെ എക്കാലത്തേയും മികച്ച കഥയെഴുത്തുകാരനെന്നതിനൊപ്പം നല്ല തിരക്കഥാകൃത്തും സംവിധായകനും. പതിനഞ്ചു നോവലുകൾ, നിരവധി ചെറുകഥകള്‍‌, 35 തിരക്കഥകൾ, കേരള സാഹിത്യ അക്കാദമി അവാർഡ്, സിനിമയിൽ ദേശീയ – രാജ്യാന്തര നേട്ടങ്ങൾ...

അക്കൂട്ടത്തിൽ പത്മരാജൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട കൃതികളിലൊന്നാണ് അദ്ദേഹത്തിന്റെ ആദ്യകാല നോവൽ ‘വാടകയ്ക്ക് ഒരു ഹൃദയം’. ഇപ്പോഴിതാ, പത്മരാജൻ 1972 ൽ എഴുതിയ ഈ നോവലിന്റെ സുവർണജൂബിലി പതിപ്പ് എത്തിയിരിക്കുന്നു. ബൈജു ചന്ദ്രന്റെ ആമുഖവും എസ്.ശാരദക്കുട്ടിയുടെ പഠനവും കെ.പി മുരളീധരന്റെ രേഖാചിത്രങ്ങളും ഉൾപ്പെടുത്തിയാണ് എച്ച് ആൻഡി സി ബുക്സ് ഈ സ്പെഷ്യൽ എഡിഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘വാടകയ്ക്ക് ഒരു ഹൃദയം’ 1978 ൽ സിനിമയായി. ഐ.വി.ശശി സംവിധാനം ചെയ്ത ചിത്രത്തിൽ മധു, ജയഭാരതി, എം.ജി സോമൻ, രാഘവൻ, കനകദുർഗ തുടങ്ങി വൻതാരനിരയുണ്ടായിരുന്നു

‘നോവൽ വായിക്കുന്നതിനുമുൻപ് സിനിമയാണ് കണ്ടത്. ജയഭാരതി എന്ന ഒറ്റപ്പേര് നായകന്മാർക്കുമുന്നേ സ്ക്രീനിൽ വലുതായി തെളിഞ്ഞുവന്നത് കണ്ട് അന്നേ ആഹ്ലാദിച്ചിരുന്നു. രാഘവൻ, സോമൻ, മധു - ഇവരാണ് ജയഭാരതി പ്രതിനിധാനം ചെയ്ത അശ്വതി എന്ന നായികയുടെ ജീവിതത്തിലേക്ക് പല കാലങ്ങളിൽ പ്രവേശിക്കുന്ന നായകന്മാർ.

നോവൽ വായിക്കുന്ന കാലമായപ്പോഴേക്ക് ഈ താരങ്ങളുടെ മുഖങ്ങൾ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. മാലിനിയായി കനകദുർഗ്ഗയും സരസ്വതിയായി റീനയും ആണ് സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. നോവലിന് അൻപതു വയസ്സായിട്ടും കഥാപാത്രങ്ങൾ നിറജീവനുമായി മനസ്സിന്റെ തിരശ്ശീലയിൽ തിളങ്ങുകയാണ്. അൻപതു വയസ്സായ നോവലിന്റെ ഇന്നത്തെ വായന ആ തിളക്കത്തെ ഏറ്റുന്നതല്ലാതെ കുറക്കുന്നില്ല. ചില കൃതികൾക്ക് അതിന്റെ അവസാനിക്കലിനെ ചെറുത്തുനില്ക്കാനുള്ള മാന്ത്രികമായൊരു ത്രാണിയുണ്ട്. പുതിയ കാലത്തിനു വേണ്ടി അത് പലതും കരുതിവെച്ചിട്ടുണ്ടാകും. പത്മരാജന്റെ വാടകക്ക് ഒരു ഹൃദയം എന്ന നോവൽ അതിന്റെ 50-ാം വാർഷികത്തിൽ അങ്ങനെ ഒരു വായനക്ക് വേണ്ടി എന്താണ് കരുതിവെച്ചിരിക്കുന്നത് ?

ഏതൊരു മികച്ച സാഹിത്യകൃതിയുടെയും പുനർവായന ഒരേസമയം വിജ്ഞാനത്തിനും സുഖത്തിനും ആനന്ദത്തിനും പുതിയ ചില തിരിച്ചറിവുകൾക്കും വേണ്ടിയുള്ളതാകണം. ആ കൃതി കടന്നുപോന്ന വർഷങ്ങളിലൂടെ, ഭാഷയുടെ വേഷപ്പകർച്ചകൾ എല്ലാം അഴിഞ്ഞ്, പുതിയ കാലത്തിനുള്ള ഒരു വെളിപാടായി ആ കൃതി നമുക്ക് മുന്നിൽ അവതരിക്കുന്നു. ഓരോ കാലത്തിനോടും അതിനു പുതിയതെന്തെങ്കിലും പറയാനുണ്ടാവും. അങ്ങനെ പുനർവായനകൾ ഭാഷയെ, കൃതിയെ സ്‌നേഹപൂർണമായ ആദരണീയവും അനിവാര്യവുമായ ഒരു സ്ഥാനത്ത് എത്തിക്കുന്നു.

p-padmarajan-2

രണ്ടാമത്തെ വായന, അല്ലെങ്കിൽ പുനർവായന, അത്യാവശ്യമാണെന്ന് റൊളാൻ ബാർത് S/Z എന്ന എസ്സേയിൽ പറയുന്നുണ്ട്. ആവേശിയും അജ്ഞനുമായ ആദ്യത്തെ വായിക്കുന്നയാൾ കൃതിക്കുമേൽ അടിച്ചേൽപ്പിക്കുന്ന സുതാര്യമായ അനിശ്ചയത്തിനുശേഷമാണ് രണ്ടാമത്തെ വായനക്കെടുക്കുന്നയാൾ കൃതിയെ സമീപിക്കുന്നത്. അപ്പോൾ അവബോധത്തിൽ അധിഷ്ഠിതമായ ഒരു വായനയാണ് നടക്കുന്നത്. ഇത് കൂടുതൽ തെളിഞ്ഞ വായനയ്ക്കുള്ള സാധ്യത തരുന്നു. നല്ല ഒരു പുസ്തകപ്രേമി കൂടുതൽ വായിക്കുന്നതുതന്നെ, വീണ്ടും വീണ്ടും വായിക്കേണ്ടുന്ന നല്ലതിനെ കണ്ടെത്താനാണ്‌. രണ്ടാമത്തെ വായന സ്വന്തം തിരിച്ചറിവുകളുടെ കൂടി ബലത്തിൽ ഒരുതരം അധികസുരക്ഷിതത്വം തരുന്നു’’. – പുതിയ പതിപ്പിന്റെ പഠനത്തിൽ ശാരദക്കുട്ടി എഴുതുന്നു.
‘സ്ത്രീകളുടെ മാത്രം കഥയല്ല, സ്ത്രീയെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുപോകുന്ന ഒരു പറ്റം ആണുങ്ങളുടെ എക്കാലത്തെയും കഥ കൂടിയാണ് ‘വാടകക്കൊരു ഹൃദയം’. 1956-ൽ ഇറങ്ങിയ ഫ്രഞ്ച് സിനിമയായ And God Created Woman എന്ന സിനിമയിലെ ഒരു ഡയലോഗുണ്ട്. അതിങ്ങനെയാണ്: ‘When it comes to female psychology, my poor boy, you're stuck in the Stone Age’.
ഈ നോവലിലെ പുരുഷന്മാർ അത് ശരിവെക്കുന്നു. പത്മരാജന് പെൺ മനഃശാസ്ത്രമെന്നതു പോലെ തന്നെ ആൺ മനഃശാസ്ത്രത്തെ കുറിച്ചുമുള്ള മികച്ച അറിവുകളാണ് അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ രചനകളും. മനുഷ്യമനസ്സിനെ സംബന്ധിച്ച വസ്തുതകളെയും പ്രതിഭാസങ്ങളെയും അവയുടെ വസ്തുനിഷ്ഠതലത്തിൽ ആവിഷ്കരിക്കുവാനുള്ള ശ്രമമാണ് പത്മരാജന്റെ രചനകൾ. അതുകൊണ്ട് കലാസൗന്ദര്യത്തിലുപരിയായി മുറിപ്പെടുത്തുന്ന കഠിനയാഥാർഥ്യങ്ങളെയാകും നമുക്കവിടെ നേരിടേണ്ടി വരുന്നത്. ഇങ്ങനെയും മനുഷ്യരുണ്ടാകുമോ എന്നൊരു അമ്പരപ്പ് ഇതാ ഇവിടെവരെയിലെ വിശ്വനാഥനെയും വാടകക്കൊരു ഹൃദയത്തിലെ കേശവൻ കുട്ടിയെയും നേരിടുമ്പോൾ വായനക്കാർക്കുണ്ടാകുന്നു. തോൽപ്പിക്കാൻ നിരന്തരം ശ്രമിച്ച് തോറ്റുപോകുന്ന ആണുങ്ങൾ എന്ന രീതിയിൽ പത്മരാജന്റെ പുരുഷ കഥാപാത്രങ്ങൾ സമൂഹത്തോട് ഗൗരവകരമായി ചിലതൊക്കെ സംവദിക്കുന്നുണ്ട്’.– ശാരദക്കുട്ടി തുടരുന്നു.

1945 മേയ് 23 നു ആലപ്പുഴയിലെ മുതകുളത്തു അനന്തപത്മനാഭ പിളള – ദേവകിയമ്മ ദമ്പതികളുടെ മകനായി പത്മരാജൻ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിൽ പ്രീ യൂണിവേഴ്സ്റ്റി. യൂണിവേഴ്സിറ്റി കോളജിൽ നിന്നു രസതന്ത്രത്തിൽ ബിരുദം. കോളജിൽ പഠിക്കുമ്പോൾ കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായി. പഠന ശേഷം ആകാശവാണിയിൽ ജോലി.

1971 ൽ എഴുതിയ, കുങ്കുമം അവാർഡും മികച്ച നോവലിനുള്ള സാഹിത്യ അക്കാദമി അവാർഡും നേടിയ ‘നക്ഷത്രങ്ങളേ കാവൽ’ പത്മരാജനെ ശ്രദ്ധേയനാക്കി. ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാ ഇവിടെ വരെ, രതിനിർവേദം, ജലജ്വാല, നൻമകളുടെ സൂര്യൻ, വാടകയ്ക്ക് ഒരു ഹൃദയം, ശവവാഹനങ്ങളും തേടി, പെരുവഴ‍ിയമ്പലം, ഉദകപ്പോള, കള്ളൻ പവിത്രൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന നോവലുകൾ.

‘പ്രയാണം’ ആദ്യ തിരക്കഥ. ഇതാ ഇവിടെ വരെ, രതിനിർവേദം, വാടകയ്ക്ക് ഒരു ഹൃദയം, രാപ്പാടികളുടെ ഗാഥ, നക്ഷത്രങ്ങളെ കാവൽ, തകര, ശാലിനി എന്റെ കൂട്ടുകാരി, ലോറി, കരിമ്പിൻ പൂവിന്നക്കരെ, ഒഴിവുകാലം, ഇൗ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയവയാണ് മറ്റു സംവിധായകർക്കായി പത്മരാജൻ എഴുതിയ പ്രധാന തിരക്കഥകൾ.

p-padmarajan-3

1979ൽ ‘പെരുവഴിയമ്പലം’ ഒരുക്കി സംവിധാന രംഗത്തേക്കും കടന്നു. കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികൾ, അപരൻ, മൂന്നാം പക്കം, ഇന്നലെ, ഞാൻ ഗന്ധർവൻ എന്നിങ്ങനെ പത്മരാജന്റെ സംവിധാനത്തിൽ ഒരുങ്ങിയ മിക്ക സിനിമയും ശ്രദ്ധേയങ്ങളായി.

പി.പത്മരാജൻ എന്ന തിരക്കഥാകൃത്തും സംവിധായകനും മലയാള സിനിമയുടെ നേട്ടമായപ്പോൾ അതു രണ്ടും മലയാള സാഹിത്യത്തിനു പ്രതിഭാധനനായ ഒരു എഴുത്തുകാരനെ ഇല്ലാതെയാക്കിയെന്നു വായനക്കാർ പറയുന്നു.

സിനിമയിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞു സാഹിത്യത്തിൽ വീണ്ടും സജീവമാകണമെന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നു.‌

‘‘സിനിമയ്ക്ക് ഒരു പ്രത്യേക ശക്തിയുണ്ട്. ഒരു എഴുത്തുകാരൻ സിനിമയ്ക്ക് വേണ്ടി എന്തെങ്കിലും എഴുതിയാൽ അയാളിലെ എഴുത്തുകാരനെ മാറ്റി ഇരുത്തി അയാളിലെ സിനിമാക്കാരനെയാകും പിന്നീട് ആളുകൾ ശ്രദ്ധിക്കുക. കാരണം സിനിമ കാണുന്നത് പതിനായിരം പേരാണെങ്കിൽ പുസ്തകം വായിക്കുന്നത് ആയിരം പേരാണല്ലോ. മറ്റൊന്ന്, പലരും അദ്ദേഹത്തെ ഒരു സിനിമാക്കാരൻ മാത്രമായാണ് പരിഗണിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴും എഴുതണമെന്നായിരുന്നു ആഗ്രഹം. അവസാന കാലത്തും എന്നോട് പറഞ്ഞത് അതാണ്. പുലിയിറക്കോണത്ത് ഞങ്ങൾക്ക് 3 ഏക്കറോളം റബർ തോട്ടം ഉണ്ടായിരുന്നു. അവിടെ ഒരു ചെറിയ വീട് പണിത് സിനിമ ഉപക്ഷിച്ച് അവിടെയിരുന്ന് സമാധാനത്തോടെ എഴുതണം, എന്നൊക്കെ പറഞ്ഞിരുന്നു.

സിനിമ വളരെ സമ്മർദ്ദമുണ്ടാക്കുന്നതായി പറഞ്ഞിരുന്നു. എഴുത്തുകാരുടെ വിധിയാണത്. മനസ്സിന് ഒരിക്കലും സ്വസ്ഥതയും തൃപ്തിയും കിട്ടില്ല. അതിൽ നിന്നൊക്കെ ഒഴിഞ്ഞ് സമാധാനത്തോടെ എഴുതിയും വായിച്ചും ജീവിക്കാൻ അദ്ദേഹം കൊതിച്ചിരുന്നു. മറ്റൊന്ന്, ഒരു സിനിമാക്കാരൻ ചീത്ത കേൾക്കുന്നതിൽ കണക്കുണ്ടാകില്ലല്ലോ. ‘ഞാൻ ഗന്ധർവൻ’ കണ്ടിട്ട് എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് പറഞ്ഞത് പത്മരാജനിൽ നിന്ന് ഇങ്ങനെയൊരു സിനിമയല്ല ഞങ്ങൾ പ്രതീക്ഷിച്ചത് എന്നാണ്. അദ്ദേഹത്തിന് അന്നുണ്ടായ വിഷമം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ‘ഞാൻ ഗന്ധർവൻ’ കഴിഞ്ഞ്, അടുത്തതായി കരാർ വച്ചിരുന്ന സിനിമയുടെ നിർമ്മാതാവിന്റെ വാക്കുകളും അദ്ദേഹത്തെ വേദനിപ്പിച്ചു. ‘നമുക്ക് ഇങ്ങനത്തെ സിനിമ വേണ്ട, വേറേ മതി’ എന്നാണ് അദ്ദേഹം പറഞ്ഞത്. നമുക്ക് നല്ലതെന്ന് തോന്നുന്ന ഒരു സൃഷ്ടി മറ്റുള്ളവർ അംഗീകരിക്കുന്നില്ല എന്നറിയുന്നത് വലിയ വേദനയുണ്ടാക്കുമല്ലോ’’.– മുൻപ് ‘വനിത ഓൺലൈനോ’ടു സംസാരിച്ചപ്പോൾ പത്മരാജന്റെ പത്നി രാധാലക്ഷ്മി പത്മരാജൻ പറഞ്ഞതാണിത്.

പത്മരാജനിലെ എഴുത്തുകാരനോടു രാധാലക്ഷ്മിക്ക് വലിയ ആരാധനയുണ്ടായിരുന്നു.

‘‘വീട്ടിൽ ഒരു വലിയ പെട്ടിയുണ്ട്. മുപ്പതു വർഷം മുൻപ് അദ്ദേഹം എവിടെ നിന്നോ കൊണ്ടു വന്നതാണ്. ഗൾഫിൽ നിന്ന് സാധനങ്ങൾ കയറ്റി അയച്ചതാണോ അതോ ഫിലിം പെട്ടിയാണോ എന്ന് ഓർമ്മയില്ല. പക്ഷേ ഫിലിം പെട്ടി കുറച്ച് കൂടി ചെറുതാണ്. വീട്ടിലെ പല അലമാരകളിലും അദ്ദേഹം എഴുതിയ കടലാസുകള്‍ നിറഞ്ഞപ്പോൾ അതെല്ലാം ആ പെട്ടിയിലാക്കാം എന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.

ഞങ്ങളുടെ വിവാഹത്തിന് ശേഷം അദ്ദേഹം എഴുതിയ തിരക്കഥകളും നോവലുകളും ചെറുകഥകളും അതിലുണ്ട്. അതിന് മുൻപുള്ള പലതും ഉണ്ടാകാന്‍ സാധ്യത ഇല്ല. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ആ പെട്ടിക്കുള്ളിലുള്ളവയാണ്. എനിക്ക് അതേ ഉള്ളല്ലോ. എല്ലാ വിധത്തിലും ഇപ്പോൾ അക്ഷരങ്ങളും പുസ്തകങ്ങളുമാണ് തുണ’’.– രാധാലക്ഷ്മി പറഞ്ഞിട്ടുണ്ട്.

ഒടുവിൽ 1991 ജനുവരി 24 നു 45 വയസ്സിൽ പത്മരാജൻ പോയി...

തന്റെ അവസാന സിനിമയായ ‘ഞാൻ ഗന്ധർവൻ’ന്റെ പ്രമോഷൻ പരിപാടികൾക്കായി കോഴിക്കോട്ടെത്തിയ അദ്ദേഹത്തെ ഒരു ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.