Tuesday 09 January 2024 11:38 AM IST : By സ്വന്തം ലേഖകൻ

ഈ മണ്ണിനടിയിൽ ഒരു വീട് ഒളിച്ചിരിപ്പുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ഇനി വരാനിരിക്കുന്ന അദ്ഭുതം

online image

പകുതി ഭാഗം ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്നതു പോലുള്ള രൂപം. ഒപ്പം അതിനിണങ്ങുന്ന പേരും ‘ദ് ഹിഡൻ ഹൗസ്’. കോഴിക്കോട് കക്കോടിയിലെ അജ്മലിന്റെയും സബ്നയുടെയും വീട് ഒരിക്കൽ കണ്ടാൽ പിന്നെ അത്ര പെട്ടെന്നൊന്നും മറക്കില്ല.

വീടിനെപ്പറ്റി ആർക്കിടെക്ട് ടീമിന് പറയാനുള്ള ആദ്യ കാര്യവും മറ്റൊന്നല്ല. ‘അങ്ങേയറ്റം തനിമയുള്ള രൂപമാണ് ഈ വീടിന്റെ ഹൈലൈറ്റ്. ഒറ്റ നോട്ടത്തിൽ തന്നെ അത് മനസ്സിൽ പതിയും’, ആർക്കിടെക്ടുമാരായ അസ്‌ലം കാരാടനും ഷാം സലിമും പറയുന്നു.

എന്തേ മറഞ്ഞിരിക്കുന്നൂ?

online image3

‘ചെറുപ്പക്കാരും എഡ്‌വിസ് എന്ന ടെക് സ്റ്റാർട്ടപ് കമ്പനിയുടെ അമരക്കാരുമാണ് അജ്മലും സബ്നയും. തീർത്തും വേറിട്ട ഡിസൈൻ വേണം എന്നായിരുന്നു അവരുടെ ആഗ്രഹം. അതിനൊപ്പം പ്ലോട്ടിന്റെ പ്രത്യേകതകളും പരിഗണിച്ചപ്പോഴാണ് ‘ഹിഡൻ ഡിസൈൻ’ രൂപപ്പെട്ടത്.

പിന്നിലേക്ക് കുത്തനെ ചരിവും പല തട്ടുകളുമുള്ള രീതിയിലായിരുന്നു പ്ലോട്ട്. വളരെ പ്ലെയിൻ ആയ, ആഘോഷിക്കാൻ പ്രത്യേകിച്ചൊന്നുമില്ലാത്ത പ്ലോട്ടിലെ വീട്ടിൽ വിസ്മയം കൊണ്ടുവരണം എങ്കിൽ എന്തെങ്കിലുമൊരു മാജിക് കാണിച്ചേ തീരൂ,’ മറ്റെങ്ങും കാണാത്ത ഡിസൈൻ രൂപപ്പെട്ടതെങ്ങനെയെന്ന് ആർക്കിടെക്ട് ടീം വിശദീകരിക്കുന്നു.

‘അജ്മൽ, സബ്ന, രണ്ട് പെൺമക്കൾ, അജ്മലിന്റെ മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരാണ് താമസക്കാർ. അഞ്ച് കിടപ്പുമുറികളും ഹോംതിയറ്ററും. ഒപ്പം സ്വിമിങ് പൂളും മറ്റ് അനുബന്ധ സൗകര്യങ്ങളും അവരുടെ ആവശ്യങ്ങൾ സുവ്യക്തമായിരുന്നു. ‘ഔട്ട് ഓഫ് ദ് ബോക്സ്’ ഐഡിയകൾക്ക് ഏതു രീതിയിലുള്ള പിന്തുണ നൽകാനും അവർ ഒരുക്കമായിരുന്നു. പരീക്ഷണാത്മക ഡിസൈനിനു പിന്നാലെ പോകാതെ പ്രായോഗികതയിൽ അടിയുറച്ചു നിന്നുകൊണ്ട് പുതുമ കൊണ്ടുവരാനായിരുന്നു ഞങ്ങളുടെ ശ്രമം.

online image4

കണ്ടാൽ രണ്ടുനില

സത്യത്തിൽ മൂന്നുനിലയാണ് വീട്. എന്നാൽ പുറമേനിന്നു നോക്കിയാൽ രണ്ടുനിലയാണെന്നേ തോന്നൂ. ശരിക്കുമുള്ളതിലും വലുപ്പം കുറച്ചേ തോന്നിക്കൂ എന്നതാണ് ഹിഡൻ ഡിൈസനിന്റെ രണ്ടാമത്തെ സവിശേഷത. ബേസ്മെന്റ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോറിന്റെ പകുതിഭാഗം എന്നിവ പുറമേക്ക് കാണില്ല. നല്ല സ്ഥലസൗകര്യത്തോടെയും ആവശ്യത്തിനു സ്വകാര്യത ലഭിക്കുന്ന രീതിയിലും വീടൊരുക്കാൻ ഇതുകാരണം ആർക്കിടെക്ട് ടീമിന് കഴിഞ്ഞു.

online image7

പബ്ലിക്, സെമി പബ്ലിക്, പ്രൈവറ്റ് എന്നീ മൂന്ന് ‘സോൺ’ ആയാണ് മുറികളുടെ വിന്യാസം. മുൻഭാഗത്ത് റോഡിന് അഭിമുഖമായി വരുന്നിടത്താണ് പബ്ലിക് സോണിൽപ്പെട്ട ഇടങ്ങൾ. മുറ്റത്തു നിന്ന് വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന ഗ്രൗണ്ട് ഫ്ലോറിലെ ഫോർമൽ ലിവിങ്, പാഷ്യോ, പ്രെയർ റൂം എന്നിവ പബ്ലിക് സോണിൽ ഉൾപ്പെടും. ഇതിന് പിന്നിലായാണ് സെമി പബ്ലിക് സോൺ. ഇവിടമാണ് വീടിന്റെ ‘കോർ ആക്റ്റിവിറ്റി ഹബ്ബ്’. മുകൾഭാഗം തുറന്ന കോയ്പോണ്ടിന് (അലങ്കാര മത്സ്യങ്ങളുള്ള വാട്ടർബോ‍ഡി) ചുറ്റുമായാണ് ഈ സോണിലെ മുറികൾ. ഫാമിലി ലിവിങ്, ഡൈനിങ് സ്പേസ്, അടുക്കള എന്നിവയെല്ലാം ഇവിടെ വരുന്നു.

online image5

കിടപ്പുമുറികൾ, ഹോംതിയറ്റർ, സ്വിമിങ് പൂൾ എന്നിവയാണ് പ്രൈവറ്റ് സോണിൽ ഉൾപ്പെടുന്നത്. വീടിന് പിന്നിലോ രണ്ടു വശങ്ങളിലായോ ആണ് ഇവയുടെ സ്ഥാനം. പ്ലോട്ടിന്റെ ചരിവും ആകൃതിയും കൂടി കണക്കിലെടുത്താണ് ഇത്തരത്തിൽ പല സോൺ ആയി മുറികളെ വിന്യസിച്ചത്. എൽ (L) എന്ന അക്ഷരം തലതിരിച്ചിട്ടിരിക്കുന്ന ആകൃതിയിലായിരുന്നു പ്ലോട്ട്. മുകൾഭാഗത്ത് വാൽ പോലെ തള്ളിനിൽക്കുന്ന ഭാഗം ‘ഡ്രൈവ്‍‌വേ പോർച്ച്’ ആയി മാറ്റി. ഇവിടെ നിന്ന് ബേസ്മെന്റ് ഫ്ലോറിലേക്ക് പ്രവേശിക്കാം. വീട്ടുകാർക്ക് പ്രധാന വാതിലിലൂടെയല്ലാതെ പോർച്ചിലേക്ക് പോകുന്ന വഴിയിൽ നിന്ന് ഗ്രൗണ്ട് ഫ്ലോറിലേക്ക് പ്രവേശിക്കാനും മാർഗമുണ്ട്.

അകലെയല്ല ഒന്നും

മൂന്ന് നിലകളിലായാണെങ്കിലും അതിന്റെ ‘അകലം’ അനുഭവപ്പെടാത്ത രീതിയിൽ മുറികളെ കോർത്തിണക്കിയിരിക്കുന്നു എന്നതാണ് ഡിസൈനിന്റെ പ്രധാന മേന്മ. പടികൾ കയറുന്നതിന്റെ ആയാസം പരമാവധി കുറയ്ക്കും വിധം പല ‘ലെവൽ’ അഥവാ തട്ടുകളായാണ് മുറികളൊരുക്കിയിരിക്കുന്നത്. മൂന്ന് നിലകളായാണ് വീടെങ്കിലും ഏഴ് തട്ടുകളിലായാണ് മുറികൾ. മുറികളുടെ ഉപയോഗം, അവ ഏത് സോണിൽ ഉൾപ്പെടുന്നു, പ്ലോട്ടിന്റെ ചരിവ് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി വിലയിരുത്തിയാണ് മുറികളെ ഇത്തരത്തിൽ തട്ടുകളായി ഉൾക്കൊള്ളിച്ചത്.

online image2

ബേസ്മെന്റ് ഫ്ലോറിലും ഗ്രൗണ്ട് ഫ്ലോറിലും രണ്ട് വീതവും ഫസ്റ്റ് ഫ്ലോറിൽ ഒന്നുമായി അഞ്ച് കിടപ്പുമുറികളാണുള്ളത്. എന്നാൽ നിലകൾക്കിടയിലുള്ള തട്ടുകളിലാണ് ഇവയുടെ സ്ഥാനം എന്നത് വീട്ടുകാർക്ക് സൗകര്യമാകുന്നു. മുതിർന്നവരുടെ സൗകര്യത്തിന് വീടിനുളളിൽ ലിഫ്റ്റും നൽകിയിട്ടുണ്ട്.

അലങ്കാരങ്ങൾ എന്നു പറയാൻ പ്രത്യേകമായി ഒന്നും വേണ്ട എന്നായിരുന്നു വീട്ടുകാരുടെ നിലപാട്. ആർക്കിടെക്ട് ടീം അത് അക്ഷരംപ്രതി പാലിച്ചു. ഇവിടെ വീട് തന്നെയാണ് അലങ്കാരം.

online image6

ചിത്രങ്ങൾ: ജസ്റ്റിൻ സെബാസ്റ്റ്യൻ, കെ.വി.അഭിമന്യു

Area: 5800 sqft Owner: അജ്മൽ & സബ്ന Location: കോഴിക്കോട്

Design: അസ്‌ലം ഷാം ആർക്കിടെക്ട്സ്, കോഴിക്കോട് Email: aslam.sham.architects@gmail.com