Saturday 03 November 2018 10:06 AM IST : By സ്വന്തം ലേഖകൻ

­സ്ൈറ്റലിഷ് കിച്ചൺ; അടുക്കളയ്ക്ക് സുന്ദരമായ മുഖം നൽകും കിച്ചൺ കാബിനറ്റുകൾ

kitchen

പാത്രങ്ങൾ, കത്തികൾ, തവികൾ അങ്ങനെ അടുക്കളയിൽ ആവശ്യമുള്ള സകല സാധനങ്ങളും ഒളിപ്പിച്ചു വച്ച അടുക്കള. പുതിയ അടുക്കളകളെ സുന്ദരിയാക്കുന്നത് കിച്ചൺ കാബിനറ്റുകളാണ്. ഏറ്റവുമൊടുവിൽ മിക്സിയും അവ്നും ഫ്രിഡ്ജും വരെ ഈ കാബിനറ്റിനകത്തു കയറിക്കൂടി. അടുക്കളയിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാബിനറ്റുകൾ ഒരുക്കും മുമ്പ് ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ.

യോജിച്ച കാബിനറ്റ് തിരഞ്ഞെടുക്കാം

സാധാരണ മുറി പോലെ അടുക്കള പണിത് പല മൊഡ്യൂളുകൾ കൂട്ടിച്ചേർത്ത് കാബിനറ്റുകള്‍ തയാറാക്കി ഒരുക്കുന്ന അടുക്കളകളാണ് മോഡുലാർ കിച്ചണുകൾ. യൂറോപ്യൻ രാജ്യങ്ങളിലെ അടുക്കളകൾക്കു വേണ്ടി ഡിസൈൻ ചെയ്ത മോഡുലാർ കിച്ചണുകൾ അതേപടി പകർത്തുന്നത് പ്രായോഗികമല്ല. രണ്ടു രീതികളിലുമുള്ള വ്യത്യാസമാണ് കാരണം. നമ്മുടെ ഭക്ഷണരീതിക്കും പാത്രങ്ങൾക്കും അനുസരിച്ചാണു കാബിനറ്റ് ഡിസൈൻ ചെയ്യേണ്ടത്. സൂക്ഷിക്കേണ്ട സാധനങ്ങളും പാത്രങ്ങളുടെ വലുപ്പവും കണക്കിലെടുത്തു വേണം കാബിനറ്റിന്റെ വലുപ്പവും എണ്ണവും തീരുമാനിക്കേണ്ടത്.

∙ ബജറ്റും അടുക്കളയുടെ വലുപ്പവും വീട്ടുകാരുടെ ജീവി തശൈലിയും രീതികളും അനുസരിച്ചുള്ള കാബിനറ്റ് തിരഞ്ഞെടുക്കാൻ‍ കുടുംബാംഗങ്ങൾ ചർച്ച ചെയ്ത് തീരുമാനത്തിലെത്തുക. അടുപ്പ്, സിങ്ക്, ഫ്രിഡ്ജ്, കാബിനറ്റ്, ഫർണിച്ചർ തുടങ്ങിയവയുടെ സ്ഥാനവും അളവുകളും രേഖപ്പെടുത്തിയ കിച്ചണ്‍ ലേ ഔട്ട് അഥവാ അടുക്കള രൂപരേഖ വീടിന്റെ പ്ലാനിനൊപ്പം തന്നെ തയാറാക്കുന്നതാണു നല്ലത്. ഇങ്ങനെ ചെയ്താൽ എവിടെ, ഏതുതരം കാബിനറ്റ് വയ്ക്കണം എന്നതിനെക്കുറിച്ചും അപ്പോൾ തന്നെ ധാരണയിലെത്താം.

∙ ഫ്രിഡ്ജും അവ്നും ഡിഷ്‌വാഷറും അടക്കമുള്ള സകല അടുക്കള ഉപകരണങ്ങളും കാബിനറ്റിനുള്ളിൽ വരുന്ന വിധത്തിൽ അടുക്കള ക്രമീകരിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഇതനുസരിച്ച് വയറിങ്, പ്ലമിങ് പോയിന്റുകൾ ആദ്യമേ നിശ്ചയിക്കണം. ഫ്രിഡ്ജ് കാബിനറ്റിനുള്ളിലാണെങ്കിലും അതിന്റെ സ്വിച്ച് പുറത്ത് സൗകര്യമുള്ള സ്ഥലത്ത് വരുന്നതാണ് നല്ലത്. മിക്സി വയ്ക്കുന്ന സ്ഥലത്ത് ഒന്നിലേറെ പ്ലഗ് പോയിന്റുകൾ വരുന്ന പവർ ഔട്ട്‌ലെറ്റ് പിടിപ്പിക്കാം.

∙ ബജറ്റ് കുറവാണെങ്കിൽ അടുക്കള പണിയുന്നതിനൊപ്പം തന്നെ കോണ‍്‍ക്രീറ്റ്/ ഫെറോ സിമന്റ് ഷെൽഫുകളും സ്ലാബുകളും നിർമിച്ച് തടി, ലാമിനേറ്റഡ് പ്ലൈ, ബാംബൂ പ്ലൈ, എംഡിഎഫ്, വെനീർ, ഗ്ലാസ്, സ്റ്റീൽ, അലൂമിനിയം തുടങ്ങിയവ യിലേതെങ്കിലും കൊണ്ടുള്ള അടപ്പ് പണിയാം. കാബിനറ്റിനുള്ളിൽ വയ്ക്കാനുള്ള സ്റ്റീൽ ബാസ്കറ്റും വശങ്ങളിൽ പിടിപ്പിക്കാനുള്ള സ്റ്റീൽ ചാനലും ഫിറ്റ് ചെയ്താൽ മതി. പ്രതലത്തിന്റെ തിളക്കവും പരുപരുപ്പും അനുസരിച്ച് മാറ്റ്, ഗ്ലോസി, സെമി മാറ്റ് തുടങ്ങിയ ഫിനിഷുകളിൽ കാബിനറ്റ് ഷട്ടർ നിർമിക്കാം.

∙ ഈർപ്പമുള്ള കാലാവസ്ഥയിലും കേടാകാത്ത നിർമാണവസ്തുവാകണം കാബിനറ്റ് നിർമിക്കാൻ തിരഞ്ഞെടുക്കേണ്ടത്. അതല്ലെങ്കിൽ വെള്ളം തട്ടി ഇവ നശിച്ചു പോകാനിടയുണ്ടെന്നോർമിക്കുക.

∙ വലിയ കാബിനറ്റുകൾക്കു വേണ്ടി അധികം സ്ഥലം മുടക്കാതിരിക്കുന്നതാണു ബുദ്ധി. ഇടയ്ക്കിടെ എടുക്കേണ്ടി വരുന്ന ഉപ്പും പഞ്ചസാരയും ചായപ്പൊടിയും പോലുള്ള സാധനങ്ങൾ കാബിനറ്റിനുള്ളിൽ വയ്ക്കുന്നത് ബുദ്ധിമുട്ടാകും. ഇതെല്ലാം ഭംഗിയുള്ള കുപ്പികളിലാക്കി ഓപൻ ഷെൽഫിൽ കൈയെത്താവുന്ന അകലത്തിലും ഉയരത്തിലും വച്ചോളൂ. അടുക്കളജോലി കൂടുതൽ എളുപ്പമാകും.