Thursday 28 October 2021 03:01 PM IST : By സ്വന്തം ലേഖകൻ

കോവിഡ് 19 കേരളത്തിന്റെ നിർമാണ മേഖലയോട് ചെയ്തത്, പ്രതിസന്ധികളും പ്രതീക്ഷകളും: വനിത വീടും കള്ളിയത്ത് ടിഎംടിയും ചേർന്നൊരുക്കുന്ന വെബിനാർ നവംബർ 3ന്

Aftercovid-construction-cover

കാർഷികരംഗം കഴിഞ്ഞാൽ നമ്മുടെ രാജ്യത്ത് ഏറ്റവുമധികം തൊഴിലവസരങ്ങൾ നൽകുന്നതു നിർമാണ മേഖലയാണ്. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് 2000നു ശേഷം കുതിപ്പു കാട്ടിയ മേഖലയായിരുന്നു റിയൽ എസ്റ്റേറ്റും നിർമാണ മേഖലയും. എന്നാൽ, കോവിഡ് 19 പകർച്ചവ്യാധി ഈ മേഖലയേയും പ്രതികൂലമായി ബാധിച്ചു. നിർമാണത്തിലിരുന്ന പല വലിയ പ്രോജക്ടുകളും നിലച്ചു. രോഗഭീതിയേത്തുടർന്ന് നിർമാണ തൊഴിലാളികൾ സ്വദേശത്തേയ്ക്കു മടങ്ങിയത് തൊഴിലാളി ക്ഷാമത്തിന് ഇടയാക്കി. ലോക്ഡൗണിനെ തുടർന്ന് നിർമാണ സാമിഗ്രികളുടെ സപ്ലൈ ചെയ്ൻ മുറിഞ്ഞതും അവയുടെ ഉൽപാദനം കുറഞ്ഞതും നിർമാണ മേഖലയ്ക്കു തിരിച്ചടിയായി. പ്രവാസികളായ മലയാളികൾ കോവിഡിനെ തുടർന്ന നാട്ടിലേക്ക് തിരികെയെത്തിയതും നാട്ടിൽ തൊഴിൽ രംഗത്തുണ്ടായ അനിശ്ചിതത്വവും നിർമാണ മേഖലയിലെ നിക്ഷേപപ്രവണതയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള ഘടകമായാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്.

ഉത്തരങ്ങൾ തേടി വെബിനാർ

കോവിഡ് പിടിമുറുക്കിയ 2020 മാർച്ചിനു ശേഷം കെട്ടിടനിർമാണമേഖലയുടെ പ്രയാണം എങ്ങനെയായിരുന്നു? 19 മാസങ്ങൾക്കിടയിൽ എന്തെല്ലാം മാറ്റങ്ങൾക്ക് നിർമാണമേഖല സാക്ഷ്യം വഹിച്ചു? ഇനി എന്തെല്ലാം മാറ്റങ്ങളാണ് വരാൻ പോകുന്നത്? നിർമാണമേഖലയുടെ വർത്തമാനവും ഭാവിയും നിർണയിക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് വനിത വീടും കള്ളിയത്ത് ടിഎംടിയും ചേർന്നൊരുക്കുന്ന വെബിനാർ. നവംബർ 3 ബുധൻ വൈകിട്ട് 5.30 ന് വനിത വീടിന്റെ ഫെയ്സ്ബുക്, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ വെബിനാർ ലൈവ് ആയി കാണാം.

Aftercovid-construction

കള്ളിയത്ത് ടിഎംടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ നൂർ മുഹമ്മദ് നൂർഷാ, അസെറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ വി. സുനിൽകുമാർ, വർമ ആൻഡ് വർമ ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ജോയ്ന്റ് മാനേജിങ് പാർട്ണർ വി. സത്യനാരായണൻ, മുൻ ചീഫ് ടൗൺ പ്ലാനിങ് ഓഫിസർ എസ്. അജയകുമാർ എന്നിവർ സംവാദത്തിൽ പങ്കെടുക്കും. ആർക്കിടെക്ട് കൊച്ചുതൊമ്മൻ മാത്യു മോഡറേറ്ററാകും. പരിപാടിയുടെ ലിങ്ക്:

https://fb.me/e/1mnvspkfi