മകൻ തൂങ്ങി മരിച്ചതിന്റെ ആഘാതത്തിൽ അസുഖ ബാധിതയായ മാതാവ് തൊട്ടടുത്ത ദിവസം മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരിൽ വീട്ടിൽ മധുവിന്റെ ഭാര്യ സന്ധ്യയാണ് (38) മരിച്ചത്. ഇവരുടെ മകൻ ആദിത്യനെ (നന്ദു–14) ചൊവ്വാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
പൊലീസെത്തി ആദിത്യന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുകയും ചെയ്തിരുന്നു. രാത്രിയിൽ നെഞ്ചുവേദന അനുഭവപ്പെട്ട സന്ധ്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതം മൂലം ഇന്നലെ മരിച്ചു.
അമ്മയുടെയും മകന്റെയും മൃതദേഹം അടുത്തടുത്ത ചിതകളിൽ സംസ്കരിച്ചു. സന്ധ്യ കരുനാഗപ്പള്ളിയിലുള്ള ടെക്സ്റ്റൈൽസിൽ ജോലിക്കു പോകുന്നുണ്ടായിരുന്നു. ആദിത്യൻ കുലശേഖരപുരം ഗവ. എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. സന്ധ്യയുടെ മറ്റൊരു മകൻ അനന്തു.