Tuesday 28 February 2017 04:52 PM IST : By ഹരി പത്തനാപുരം

ജീവിത പ്രശ്നങ്ങൾ സമയദോഷംകൊണ്ടോ?

devo

എന്റെ ജനനം 1966 ജൂൺ 25നാണ്. ‍ഞാൻ മാനസികമായി ആകെ തകർന്ന അവസ്ഥയിലാണിപ്പോൾ. കുട്ടിക്കാലം മുതൽക്കുതന്നെ എന്നും അസുഖങ്ങളാണ്. അതിപ്പോഴും തുടരുന്നു. ഇപ്പോൾ തീരെ സുഖമില്ല. മാനസികമായും ശാരീരികമായും വല്ലാത്ത അവശതയിലാണ്. ഏറ്റവും അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും അകാരണമായി എന്നിൽനിന്ന് അകലുന്നു. വളരെ അടുപ്പത്തിലായിരുന്നവർ പെട്ടെന്നൊരു ദിവസം അകലുമ്പോൾ വളരെ മനപ്രയാസം തോന്നുന്നു. എന്റടുത്തുള്ള തെറ്റെന്താണെന്നു തുറന്നു പറഞ്ഞിരുന്നെങ്കിൽ എത്ര താഴാനും ഞാൻ തയാറാണ്. പക്ഷേ, ഒന്നും പറയാതെ ഒഴിഞ്ഞുമാറുകയാണ്. അറിഞ്ഞുകൊണ്ട് ഞാൻ ആർക്കും ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് എന്റെ വിശ്വാസം. ഇവരെല്ലാവരും എന്നോടു പഴയതുപോലെ സ്നേഹമായി പെരുമാറാൻ ഞാൻ എന്താണു ചെയ്യേണ്ടത്. എന്റെ സമയദോഷംകൊണ്ടാണോ ഇങ്ങനെ? എന്റെ ശാരീരിക പ്രശ്നങ്ങൾ എന്നെ വിട്ടുമാറില്ലേ? എന്തു വിട്ടുവീഴ്ചയ്ക്കും ഞാൻ തയാറാണ്. എന്റെ മകൾക്കു വിവാഹം എന്നു നടക്കും?

പി.കെ. ശ്രീകല. തവന്നൂർ

ചേച്ചീ, ജനനസമയം വച്ചിട്ടില്ലാത്തതിനാൽ കൃത്യമായ ജാതകം എടുക്കാൻ പറ്റുന്നില്ല. ദിവസംവച്ച് ഉത്രമാണ് ചേച്ചിയുടെ നക്ഷത്രം എന്ന് അനുമാനിക്കാം. ലഗ്നം കണക്കാക്കാൻ പറ്റാത്തതിനാൽ ഗ്രഹങ്ങളുടെ സ്ഥാനം മാത്രം നോക്കിയേ എന്തെങ്കിലും പറയാൻ കഴിയുന്നുള്ളൂ. മറ്റുള്ളവർക്ക് എത്ര വേണേലും താഴാൻ തയാറാണ് എന്നതുതന്നെ നിലപാടുകൾ ഇല്ലാത്തതിന്റെ പ്രശ്നമല്ലേ. എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കാതിരിക്കുക. എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിച്ചാൽ നമ്മൾ ജീവിതത്തിൽ പരാജിതരാകും. നിങ്ങളുടെ മറ്റൊരു പ്രശ്നം മറ്റുള്ളവരോട് അമിതമായി സ്നേഹം കാണിക്കുന്നു എന്നതാണ്. ആദ്യം പരിചയപ്പെട്ടു കഴിയുമ്പോൾത്തന്നെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞു പ്രീതി പ്രകടിപ്പിക്കാൻ ശ്രമിക്കും. പിന്നീട് അതും അപകടമായിത്തീരും . എല്ലാ കാര്യത്തിലും മിതത്വം പുലർത്താൻ ശ്രമിക്കുക .