Monday 11 March 2024 05:09 PM IST

വിവാഹ ആലോചനയുമായി വന്നത് അദ്ദേഹത്തിന്റെ സഹോദരി... കൊറിയോഗ്രാഫർ ശിവ ജീവിതപ്പാതിയായ നിമിഷം

Vijeesh Gopinath

Senior Sub Editor

meera-krishna-14

സ്വപ്നം പോലുള്ള തുടക്കമാണ് മീരാകൃഷ്ണയുടേത്. നൃത്തവേദികളിൽ അഴകുള്ള ചുവടുവയ്ക്കുമ്പോഴായിരുന്നു സിനിമയിലേക്കുള്ള വിളിയെത്തിയത്. രാജീവ് വിജയ രാഘവൻ സംവിധാനം ചെയ്ത ‘മാർഗം.’ ഏഴ് സംസ്ഥാന അവാർഡും ഒരു നാഷനൽ അവാർഡും നേടിയ സിനിമയായി മാർഗം മാറി. അതിനു പുറമേ ഇറാനിലും മൊറോക്കോയിലും നടന്ന ഫിലിം ഫെസ്റ്റിവലുകളിലും പുരസ്കാരങ്ങൾ...

ആ വർഷം രണ്ടു മീരമാര്‍ക്കാണു സംസ്ഥാന സർക്കാരിന്റെ സിനിമാ അവാർ‌ഡുകൾ കിട്ടിയത്. ‘കസ്തൂരിമാനി’ലെയും ‘പാഠം ഒന്ന് ഒരു വിലാപ’ത്തിലെയും അഭിനയത്തിനു മീരാജാസ്മിൻ മികച്ച നടിയായപ്പോൾ മാർഗത്തിലെ അഭിനയത്തിനു മീരാ കൃഷ്ണയ്ക്കു സ്പെഷൽ ജൂറി പുരസ്കാരം കിട്ടി. ആദ്യ സിനിമയ്ക്കു 18ാം വയസ്സിൽ തന്നെ വലിയ നേട്ടം.

ആ പുരസ്കാരം അലമാരയിൽ വച്ച് മീര പിന്നെയും നൃത്തവേദിയിലേക്ക് പോയി. അവിടെ നിന്നു സീരിയലിലേക്കും. സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമായി കുറച്ചു കഴിഞ്ഞപ്പോൾ വിവാഹവും കഴിഞ്ഞു.

ഒന്നു മാറി നിന്നാൽ പിന്നെ മാഞ്ഞു പോവുന്ന സിനിമാലോകത്തു നിന്നു മീരയും ഒഴുകിപ്പോയി. പക്ഷേ, ഒരിക്കൽ ആക്‌ഷൻ – കട്ട് കേട്ടാൽ അതു മനസ്സിൽ നിന്നു മങ്ങാൻ പ്രയാസ്സമാണല്ലോ. മീര തിരിച്ചു വന്നു, തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരമായി. തമിഴ് ചാനലുകളിലെ പല പ്രോഗ്രാമുകളിലും മിന്നിത്തിളങ്ങി.

കോടമ്പാക്കത്തെ ഫ്ലാറ്റിൽ ഭർത്താവിനും മക്കൾക്കും ഒപ്പമിരുന്ന് മീര സംസാരിച്ചു തുടങ്ങി.

നൃത്തമായിരുന്നല്ലേ കുട്ടിക്കാലത്തെ ഇഷ്ടം?

അക്ഷരം പഠിക്കുന്നതിനു മുന്നേ ഡാൻസ് പഠിക്കാൻ തുടങ്ങിയിരുന്നു. കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയുമായി ബന്ധപ്പെട്ടുള്ള കലാവിദ്യാലയത്തിൽ ചേർ‌ന്നു. രണ്ടരവയസ്സിലാണു ദക്ഷിണ വച്ചത്. നാലാം ക്ലാസ്സ് മുതൽ സബ് ജില്ലാ കലാതിലകം ആയതാണ്.

പുസ്തകത്തിനു മുന്നിൽ എന്നെ പിടിച്ചിരുത്തിയിട്ടില്ല. പഠനം പോലെ തന്നെ പ്രധാന്യം നൃത്തത്തിനുമുണ്ടായിരുന്നു. അന്നു കോട്ടയത്തു നിന്ന് ആഴ്ചയിൽ രണ്ടു ദിവസം കലാമണ്ഡലത്തിൽ പോയി നൃത്തം പ

ഠിക്കും. വിദേശത്തായിരുന്നു അച്ഛൻ. ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു വരാനുള്ള ഒരു കാരണം ഡാൻസ് പഠിക്കാൻ പോകുമ്പോൾ എനിക്കൊപ്പം വരാനായിരുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ ഭരതനാട്യവും മോഹിനിയാട്ടവും കേരളനടനവും ഉൾപ്പെടെ പത്തോളം മത്സരങ്ങളിലാണ് പങ്കെടുത്തിരുന്നത്. ഡിഗ്രി പഠനകാലത്ത് എംജിയൂണിേവഴ്സിറ്റി കലാതിലകമായിരുന്നു.

കലാതിലകമായതല്ലേ സിനിമയിലേക്കു വഴി തുറന്നത് ?

മധുരമായ ഒാർമയാണ് അതെല്ലാം. സിനിമയിലൊന്നു മു ഖം കാണിക്കാൻ ആഗ്രഹിക്കുന്ന അതിനു വേണ്ടി കഷ്ടപ്പെടുന്ന ഒരുപാടു പേരുണ്ടല്ലോ, അവർക്കിടയിലൂടെയാണു പെട്ടെന്നൊരു സുപ്രഭാതത്തിൽ നായികയായതെന്ന് ഇപ്പോൾ തോന്നും. ഡിഗ്രിക്ക് പഠിക്കുന്ന സമയം അല്ലേ, അ ന്ന് അതിന്റെ വില എത്രയെന്ന് മനസ്സിലാക്കാൻ ആയിട്ടില്ല.

സംവിധായകൻ ജോഷി മാത്യുവിന്റെ മകൻ സഞ്ജു ജോഷിയും ഞാനും ഒരേ ബാച്ച് ആയിരുന്നു. അവരാണ് സംവിധായകൻ രാജീവ് വിജയരാഘവനോട് എന്നെക്കുറിച്ചു പറയുന്നത്. എംജി യൂണിവേഴ്സിറ്റി കലാതിലകമായ കാലമായിരുന്നു അത്. ഒരു ദിവസം ക്യാമറാമാൻ വേണു സാറും സംവിധായകരായ രാജീവ് സാറും ജോഷിയങ്കിളും വീട്ടില്‍ വന്നു. എന്നോടു കുറേ സംസാരിച്ചു. ഇൻറർവ്യൂ ആണെന്ന് പിന്നീടാണ് മനസ്സിലായത്.

‘എനിക്ക് അഭിനയിക്കാനൊന്നും അറിയില്ല. ഡാൻസ് മാത്രം ചെയ്യും എന്നു പറഞ്ഞപ്പോൾ വേണു സർ പറഞ്ഞു, അഭിനയിക്കാനൊന്നും ആരും പറയില്ല. കഥയിൽ ഒരോ മുഹൂർത്തവും ഉണ്ടാവുമ്പോൾ അതിൽ എങ്ങനെയായിരിക്കും എന്ന് ഒാർത്ത് ചെയ്താൽ മതി. അങ്ങനെ അവർ പ റഞ്ഞ രംഗം ഞാൻ അഭിനയിച്ചു കൊടുത്തു.

നെടുമുടി വേണുവിനെ പോലെയുള്ള അതുല്യ നടന്റെയൊപ്പം ആദ്യ ഷോട്ട്. അതൊക്കെ ഒാർമയിലില്ലേ?

വേണു സാറിന്റെ ക്യാമറയ്ക്കു മുന്നിലാണ് ഞാനാദ്യം നിന്നത്. ആദ്യ ഷോട്ടിൽ എനിക്കൊപ്പം ഉണ്ടായിരുന്നത് നെടുമുടി വേണു അങ്കിളും. വലിയൊരു ഭാഗ്യം.

പക്ഷേ, ആക്‌ഷൻ പറയാനായപ്പോൾ ടെൻഷൻ തുടങ്ങി. എന്റെ വെപ്രാളം കണ്ട് നെടുമുടി വേണു അങ്കിൾ പറഞ്ഞു. ‘‘സിനിമയാണെങ്കിലും നാടകീയത പാടില്ല എന്ന് ആലോചിക്കുന്നവരാണ് മലയാളികൾ. ഏത് ഡയലോഗ് പറഞ്ഞാലും നമ്മൾ അഭിനയിക്കുകയാണെന്ന് തോന്നരുത്. നമുക്ക് എത്ര റിഹേഴ്സൽ വേണമെങ്കിലും എടുക്കാം. അതിനു ശേഷം ടേക്ക് പോയാൽ മതി.’’ ആ ധൈര്യം വലുതായിരുന്നു. അദ്ദേഹം അന്നു പറഞ്ഞത് ഒരിക്കലും മറക്കില്ല.

ആദ്യ സിനിമയിലെ അഭിനയത്തിന് അവാർ‌ഡും കിട്ടി. പിന്നെ, സിനിമയിൽ കണ്ടില്ലല്ലോ?

മികച്ച നടിക്കുള്ള അവാർഡിനായി അവസാന റൗണ്ട് വരെ രണ്ടു മീരമാരായിരുന്നു – എന്നു വാർത്തകൾ വന്നിരുന്നു. മീരാജാസ്മിന് രണ്ടു സിനിമകൾ ഉണ്ടായിരുന്നു. അങ്ങനെ മികച്ച നടി മീരാജാസ്മിനും എനിക്ക് സ്പെഷൽ‌ ജൂറി പുരസ്കാരവും കിട്ടിയത്.

അതു കഴിഞ്ഞ് കമല്‍ സർ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടിയിൽ മാത്രമേ അഭിനയിച്ചുള്ളൂ. എന്തുകൊണ്ടാണെന്നു ചോദിച്ചാൽ ഉത്തരം അറിയില്ല.

സ്ത്രീഹൃദയം, കൂടും തേടി, വീണ്ടും ജ്വാലയായ്,ആകാശദൂത് മുതൽ മൂന്നുമണി വരെ പല സീരിയലുകൾ. സിനിമയിൽ ഇല്ല എന്നേയുള്ളൂ. 2004 മുതൽ രണ്ടു മൂന്നു വർഷങ്ങൾ മാറ്റി നിർത്തിയാൽ മിനി സ്ക്രീനിലുണ്ട്.

എങ്കിലും സിനിമയിൽ നിന്ന് മാറി നിൽക്കുമ്പോൾ ചെറുതായെങ്കിലും വിഷമം തോന്നില്ലേ?

സിനിമയിൽ തുടരാൻ പറ്റാത്തത്തിൽ തീർച്ചയായും വിഷമം തോന്നാറുണ്ട്. നായികയാവണമെന്ന് അന്നും ഇന്നും ആഗ്രഹിച്ചിട്ടില്ല. നല്ല കഥാപാത്രങ്ങൾക്ക് മാത്രമാണ് കാത്തിരിക്കാറുള്ളത്. ഇപ്പോൾ മലയാളത്തിലെ പല കഥാപാത്രങ്ങളും കാണുമ്പോൾ അഭിനയിക്കാൻ ആഗ്രഹം തോന്നാറുമുണ്ട്. ആരുമായും കോൺടാക്ട് വയ്ക്കാത്ത ആളാണ് ഞാൻ. പലരുടെയും ഫോൺനമ്പർ പോലും കയ്യിലില്ല. എന്റെ ആ സ്വഭാവമാകാം സിനിമയിൽ നിന്ന് മാറിപ്പോയതിന് കാരണം. പിന്നെ, ആരെയും ഞാൻ വിളിച്ച് അവസരവും ചോദിച്ചിട്ടില്ല. അതും ആകാം.

ഭർത്താവ് ശിവയും കൊറിയോഗ്രാഫർ. നൃത്തമാണോ രണ്ടുപേരെയും ഒന്നിപ്പിച്ചത്?

പ്രേമരാജ്യം എന്ന തെലുങ്കു സിനിമയിൽ ഞാൻ അഭിന യിച്ചിരുന്നു. അതിൽ കൊറ‌ിയോഗ്രഫർ ആയിരുന്നു ശിവ എന്ന ശിവകുമാർ. ശിവയ്ക്ക് എന്നെ ഇഷ്ടമായി. അദ്ദേഹത്തിന്റെ സഹോദരി വിവാഹ ആലോചനയുമായി വന്നു. അങ്ങനെ കല്യാണം കഴിഞ്ഞു.

വിജയവാഡയാണ് നാട് എങ്കിലും ശിവ പഠിച്ചതും വള ർന്നതും എല്ലാം ചെന്നൈയിലാണ്. അദ്ദേഹത്തിന്റെ അ ച്ഛൻ പർവതനേനി സായി കുമാർ കലാസംവിധായകനായിരുന്നു. എംജി ആറിന്റെ കാലത്തൊക്കെ അദ്ദേഹം ത മിഴിലെ വലിയ കലാ സംവിധായകനായിരുന്നു. നസീർ സാറിന്റെയും സത്യൻസാറിന്റെയുമൊക്കെ സിനിമകളിൽ ജോലി ചെയ്തിട്ടുണ്ട്.

ശിവയ്ക്ക് ചെറുപ്പത്തിലേ ന‍ൃത്തമായിരുന്നു ഇഷ്ടം. അ ച്ഛൻ സിനിമയിൽ ആയതുകൊണ്ട് പ്രോത്സാഹനം കി ട്ടി. തമിഴിലെ വലിയ നൃത്തസംവിധായകരായ രാജസുന്ദരൻ മാസ്റ്ററുടെയും ലോറൻസ് മാസ്റ്ററുടെയും കൂടെ തുടങ്ങി. ഇപ്പോൾ സ്വതന്ത്രമായി കൊറിയോഗ്രഫർ. ഞങ്ങൾക്ക് രണ്ട് ആൺകുട്ടികൾ.എട്ടാം ക്ലാസിൽ ധന്വന്ത്. നക്ഷിത് അഞ്ചിൽ. രണ്ടു പേർക്കും ന‍ൃത്തം ഇഷ്ടമാണ്. പഠനം കഴിഞ്ഞിട്ടു മതി എല്ലാം എന്നാണ് പറഞ്ഞിട്ടുള്ളത്.

തമിഴ് സീരിയലിലും ചാനൽ ഷോയിലും തിരക്കുള്ള താരമാകാൻ എങ്ങനെ കഴിഞ്ഞു?

നടി അംബിക ചേച്ചിയാണ് എന്നെ സീരിയൽ ലോകത്തേക്ക് തിരികെ കൊണ്ടുവന്നത്. കൂടുംതേടി എന്ന സീരിയലിൽ ഞാൻ ചേച്ചിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ചേച്ചിയുടെ നമ്പർ പോലും എന്റെയടുത്ത് ഉണ്ടായിരുന്നില്ല. അച്ഛന്റെ നമ്പർ കണ്ടെത്തി ചേച്ചി വിളിച്ചു.

പിന്നെ, കൈ നിറയെ തമിഴ് സീരിയലുകളായി. തമിഴും സരസ്വതിയും, മാരി, കാർത്തികൈ ദീപം തുടങ്ങിയ സീരിയലുകൾക്കു പുറമേ സീ തമിഴിലെ സൂപ്പർമാം സീസൺ 3 ഷോയിലും പങ്കെടുത്തു. അതിൽ ഞാനും മോനും ഉണ്ടാ യിരുന്നു. ഞങ്ങളായിരുന്നു റണ്ണർ അപ്. ഇതിനു പുറമേ സീരിയലിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് ബെസ്റ്റ് മദർ അവാർഡും ബെസ്റ്റ് വില്ലി അവാർഡുകളുമെല്ലാം കിട്ടി.

meera-krishna

എന്നാണ് മലയാളത്തിലേക്ക്?

അഞ്ചു വർഷത്തോളം എന്റെ അമ്മ കിടപ്പിലായിരുന്നു. ആ അവസ്ഥയിലും അമ്മയായിരുന്നു എന്റെ കരിയർ കൈകാര്യം ചെയ്തിരുന്നത്. അമ്മയുടെ മരണത്തോടെ മലയാളത്തിേലക്ക് വരാൻ പോലും തോന്നിയില്ല. മാളിലും തിയറ്ററിലുമൊക്കെ പോകുമ്പോൾ ചെന്നൈ മലയാളികൾ ചോദിക്കാറുണ്ട് എന്നാണ് മലയാളത്തിലേക്കെന്ന്. ഇത്ര നാളായിട്ടും മറന്നില്ലെന്നറിയുമ്പോൾ സന്തോഷം തോന്നും.

ഭർത്താവും മക്കളും ചെന്നൈയിലാണ്. പോരെങ്കിൽ മാസത്തിൽ‌ മിക്ക ദിവസവും തമിഴ്സീരിയലിന്റെ ഷൂട്ട്. മലയാളം സീരിയലിലേക്കു വിട്ടു നിൽക്കാനാകാത്തതു കൊണ്ടാണ്. പിന്നെ, മനസ്സിലൊരു മോഹം ഉണ്ട്, തിരികെ വരേണ്ടത് സിനിമയിലേക്കാണ്, നല്ലൊരു കഥാപാത്രം വരട്ടെ.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ