Wednesday 12 December 2018 11:39 AM IST : By അമ്മു ജൊവാസ്

മുത്താണ് ഈ ലിജോ!

lijo.jpg.image.784.410 ഫോട്ടോ: സരിൻ രാംദാസ്

‘ചാച്ചൻ എണീറ്റാ വിക്കറ്റ് പോകും’ എന്ന ഒറ്റ ഡയലോഗ് മതി ഈ മുഖം ഓർക്കാൻ. ‘മഹേഷിന്റെ പ്രതികാര’ത്തിനു ശേഷമുള്ള ലിജോയുടെ വിശേഷങ്ങൾ...

പീരുമേട് ടു പ്രകാശ് സിറ്റി

‘മഹേഷിന്റെ പ്രതികാര’ത്തിലേക്കുള്ള കാസ്റ്റ് കോൾ കണ്ട് സുഹൃത്താണു ഫോട്ടോ അയയ്ക്കാൻ പറഞ്ഞത്. ഓഡിഷനു വിളി വന്നപ്പോൾ സത്യം പറയാല്ലോ, കിളി പോയ അവസ്ഥയായിരുന്നു. ഇ തുവരെ ചുമ്മാ പോലും സ്റ്റേജിൽ കയറിയിട്ടില്ല. ‘അയ്യോ ഞാനില്ലേ’ എന്നു പറഞ്ഞ് പേടിച്ചിരുന്നപ്പോ തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കറിന്റെ ഭാര്യ വിളിച്ചു പറഞ്ഞു കൈയിൽ വന്ന അവസരം തട്ടിക്കളയരുത് എന്ന്. ചാച്ചന്റെ കടയിൽ ജോലിക്കായി ക്രിസ്പിൻ ചേട്ടൻ വരുമ്പോൾ, ആരാ എന്നു ചോദിച്ച്  കയറിയിരിക്കാൻ പറയുന്ന സീനായിരുന്നു സ്ക്രീൻ ടെസ്റ്റിന് തന്നത്. അത് ഓക്കെയായി. എല്ലാവരും ചോദിക്കും ഒരു സിനിമാ നടിക്ക് ചേരുന്ന പേരാണോ ലിജോ എന്ന്. സിനിമയിൽ എത്തുമെന്നൊക്കെ ആരറിഞ്ഞു? പക്ഷേ, ഈ പേരിൽ ഞാൻ ഹാപ്പിയാണ്.

കട്ടപ്പനയിലെ കനി

നാദിർഷാക്കയുടെ മിമിക്രി പണ്ടേ ഇഷ്ടമാ. ‘അമർ അക്ബർ അന്തോണി’ കണ്ടപ്പോൾ ആ ഇഷ്ടം ഇരട്ടിയായി. ‘കട്ടപ്പനയിലെ ഋതിക്ക് റോഷനി’ലേക്കു വിളി വന്നപ്പോൾ നേരെ ‘യെസ്’ പറഞ്ഞു.  തിരക്കഥ നേരത്തെ വായിക്കാൻ തന്നു. തലേദിവസം തന്നെ അടുത്ത ദിവസത്തേക്കുള്ള ഷോട്ടും പറഞ്ഞു തരും. കനി സോണിയയേക്കാൾ നാടൻ ആണ്. നായകന്റെ വാലിൽ തൂങ്ങി നടക്കുന്നവൾ. എനിക്കും അങ്ങനെയൊരാളിന്റെ പിന്നാലെ നടക്കുന്നതൊക്കെ ഇഷ്ടമാ. ഹാ... സമയമാകട്ടെ. ആദ്യത്തെ രണ്ടു സിനിമകളുടെയും പശ്ചാത്തലം ഇടുക്കി ആയതുകൊണ്ട് ട്രോൾ പോലുമിറങ്ങി ‘ലിജോയ്ക്ക് ഇടുക്കി വിട്ടൊരു പരിപാടിയില്ലെന്ന്’. പക്ഷേ, എന്റെ അടുത്ത സിനിമ കൊച്ചിയിലാ.

lijo1.jpg.image.784.410



പോണ്ടിച്ചേരിയിലെ മോഡേൺ ഗേൾ

രണ്ടു സിനിമയിലും നാടൻ വേഷം ആയിരുന്നെങ്കിലും ഞാൻ അത്ര നാടനല്ല കേട്ടോ. ഫാഷൻ കോൺഷ്യസ് അല്ലെന്നു മാത്രം. കൈയിൽ കിട്ടുന്ന ജീൻസും ടോപ്പുമെടുത്തിടും. ആഭരണത്തോടും കമ്പമില്ല. പോണ്ടിച്ചേരി യുണിവേഴ്‍സിറ്റിയിലെ പി.ജി കാലമാണ് ശരിക്കും എൻജോയ് ചെയ്ത സമയം. ലൈബ്രറി സയൻസായിരുന്നു വിഷയം. ബീച്ചിലെ സൂര്യോദയം എന്തു രസമാ. ഒരിക്കൽ ബീച്ചിൽ കറങ്ങാൻ പോയപ്പോൾ കൂട്ടുകാരികളോട് ഞാൻ പറഞ്ഞു, ‘സ്വപ്നക്കൂടിൽ മീരാ ജാസ്മിനും കൂട്ടുകാരും ചുറ്റിയടിച്ചു നടന്നത് ഇവിടെയാ’. അവിടെ ഏതു സ്ഥലം കണ്ടാലും തോന്നും  ഏതോ സിനിമയിൽ കണ്ടിട്ടുണ്ടല്ലോ എന്ന്. അവിടുന്നു വന്നിറങ്ങിയത് സിനിമയിലേക്കാണ്. ഇതാണ് ‘നിമിത്തം’ എന്നു പറയുന്നതല്ലേ?.

ഫ്ലാഷ്ബാക്ക് ടു കൊച്ചി

ഈ കഥ നടക്കുന്നത് അങ്ങ് ഫ്ലാഷ്ബാക്കിലാ, കൃത്യമായി പറഞ്ഞാൽ 2012ൽ. ജേണലിസ്റ്റാവണമെന്ന മോഹവുമായി കൊച്ചിയിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷൻ പാസായി. ചാനലിൽ ഇന്റേൺഷിപ് ചെയ്യുന്നതിനിടെ സംവിധായകൻ ആഷിഖ് അബുവിനെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. ആ ഇന്റർവ്യൂ ലൈവ് ടെലികാസ്റ്റ് പോലെ മനസ്സിലുണ്ട്. പക്ഷേ, ഈ വിവരം സിനിമയിൽ ആരോടും പറഞ്ഞിട്ടില്ല. പിന്നെ, രണ്ടുവര്‍ഷം ഒരു ചാനലിന്റെ ഡെസ്ക്കിൽ ജോലി ചെയ്തു. അതു മടുത്താണ് ലൈബ്രറി സയൻസ് പഠിക്കാൻ പോയത്. ഇനി പിഎച്ച്.ഡി എടുത്ത് കോളജ് ലക്ചറർ ആകണം. ഇടയ്ക്കു സിനിമയും ചെയ്യണം. അതാണ് എന്റെ മോഹം.

ഫ്ലൈയിങ് ടു സിംല

യാത്ര എന്നു കേട്ടാൽ എത്ര ദിവസം എന്നു പോലും ചോദിക്കാതെ ഞാൻ ചാടിയിറങ്ങും. ഒറ്റയ്ക്കുള്ള യാത്രകൾ ഒരുപാടിഷ്ടമാണ്. ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് കാതിൽ പാട്ടും കൺനിറയെ കാഴ്ചയുമായി യാത്ര പോകുന്ന സുഖം ഒന്നു വേറെ തന്നെ. എന്റെ ഇഷ്ടങ്ങൾക്ക് ഫുൾ സപ്പോർട്ടുമായി അച്ഛൻ രാജീവും അമ്മ ലിസമ്മയും അനിയത്തി ലിയയുമുണ്ട്. അച്ഛൻ കർഷകനാണ്. അമ്മ വനംവകുപ്പിൽ ഉദ്യോഗസ്ഥ. അനിയത്തി തിരുവനന്തപുരത്ത് എം.ബി.എ ചെയ്യുന്നു. ഞാൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന മൂന്നാമത്തെ സിനിമ ഒരുപാട് രസക്കൂട്ടുകളുള്ള ഒരു സിനിമയാ. വിവരമൊന്നും പുറത്തു പറയരുതെന്നാ. ഷൂട്ടിങ് കഴിഞ്ഞാലുടൻ സിംലയ്ക്കു പറക്കും. ഇത്തവണ ന്യൂഇയർ സിംലയിൽ ആഘോഷിക്കാൻ റെഡിയായിരിക്കുകയാണ് ഞാൻ.

lijo3.jpg.image.784.410