Thursday 25 January 2024 11:23 AM IST

പാവമാണ് പ്രേം... വളരെ ജനുവിൻ, പ്രണയം തോന്നിയത് ആ മൊമന്റിൽ: രണ്ട് വർഷത്തെ പരിചയം പ്രണയമായി: സ്വാസിക പറയുന്നു

V.G. Nakul

Sub- Editor

swasika-vijay

മനോഹരമായ ചിരിയുടെ മറുപേരാണ് മലയാളികൾക്ക് സ്വാസിക. സന്തോഷം പ്രസരിപ്പിക്കുന്ന സാന്നിധ്യം...ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നൃത്ത വേദികളിലുമൊക്കെയായി സ്വാസിക പ്രേക്ഷകർക്കൊപ്പം യാത്ര തുടങ്ങിയിട്ട് അധികകാലമായിട്ടില്ലെങ്കിലും, ഇതിനോടകം അഭിനേത്രിയെന്ന നിലയിൽ സ്വന്തം വിലാസമടയാളപ്പെടുത്താൻ ഈ മൂവാറ്റുപുഴക്കാരി പെൺകുട്ടിയ്ക്കായി. അതിന്റെ തെളിവാണ് ‘വാസന്തി’യിലെ പ്രകടനത്തിന് സ്വാസികയെ തേടിയെത്തിയ സംസ്ഥാന പുരസ്കാരം. ഇനിയുമിനിയുമെത്രയോ വേഷങ്ങള്‍ സ്വാസികയെ കാത്തിരിക്കുന്നു... ആ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ, മനസ്സിന്റെയും ജീവിതത്തിന്റെയും പാതിയായി, മറ്റൊരാൾ കൂടി ഇനി സ്വാസികയ്ക്കൊപ്പമുണ്ടാകും – പ്രേം ജേക്കബ്. മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രേം സുപരിചിതനാണ്. ‘മനം പോലെ മംഗല്യം’ എന്ന പരമ്പരയിൽ ഒന്നിച്ചഭിനയിച്ച പരിചയവും സൗഹൃദവും പ്രണയമായി വളർന്നപ്പോൾ, സ്വാസികയുടെയും പ്രേമിന്റെയും ജീവിതവും ‘മനം പോലെ മംഗല്യ’ത്തിലേക്കാണ് നീങ്ങുന്നത്. ജനുവരി 26 ന് ഇരുവരും വിവാഹിതരാകും. അഭിനയത്തിലും ജീവിതത്തിലും തുടർന്നുള്ള സഞ്ചാരം ഒന്നിച്ച്...

‘‘രണ്ട് വർഷമായി ഞങ്ങൾ പരിചയപ്പെട്ടിട്ട്. ‘മനംപോലെ മംഗല്യം’ സീരിയലിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് സൗഹൃദത്തിന്റെ തുടക്കം. ഷൂട്ട് തീർന്നിട്ടും അതു തുടർന്നു. പതിയെപ്പതിയെ പ്രണയമായി. പാവമാണ് പ്രേം. വളരെ ജനുവിനാണ്. എന്റെ ജോലിയെ ബഹുമാനിക്കുന്ന ഒരാളെ പങ്കാളിയായി കിട്ടണം എന്നതായിരുന്നു ആഗ്രഹം. പ്രേം അതാണ്. എന്നെപ്പോലെ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് ഈ മേഖലയിലെത്തി, നല്ല അവസരങ്ങൾ തേടുന്നയാളാണ്. അതുകൊണ്ടു തന്നെ ഈ ജോലിയുടെ ബുദ്ധിമുട്ടും അതു ലഭിക്കുമ്പോഴുള്ള സന്തോഷവും നന്നായി മനസ്സിലാകും. പ്രേം ഇപ്പോൾ തമിഴിലും തെലുങ്കിലും സീരിയൽസ് ചെയ്യുന്നു. മോഡലാണ്. ഒപ്പം സിനിമയിലും ശ്രമിക്കുന്നു.’’. – സ്വാസിക ‘വനിത ഓൺലൈനോട്’ പറഞ്ഞു.

swasika-vijay-2

ഇൻഫോപാർക്കിലെ ജോലി ഉപേക്ഷിച്ച് അഭിനയരംഗത്തേക്കെത്തിയ പ്രേം തിരുവനന്തപുരം സ്വദേശിയാണ്. മാധ്യമപ്രവർത്തകനായ ജേക്കബ് ജോർജിന്റെയും ജാനിസിന്റെയും ഇളയമകന്‍. സഹോദരൻ ശ്യാം ജേക്കബ്. വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ് സ്വാസിക. പൂജ വിജയ് എന്നാണ് യഥാർഥ പേര്. ഇരുവീട്ടുകാരും സമ്മതിച്ച് ഇവരുടെ വിവാഹമുറപ്പിക്കുകയായിരുന്നു.

‘‘വിവാഹം പെട്ടെന്ന് തീരുമാനിച്ചതാണ്. അടുത്തായി എനിക്കും പ്രേമിനും കൂടുതൽ അവസരങ്ങൾ വന്നു. അതിന്റെ തിരക്കിനിടെ ഏറ്റവും സൗകര്യപ്രദമായ തീയതി കിട്ടിയത് ജനുവരിയിലാണ്. സമയക്കുറവിന്റെതായ തിടുക്കങ്ങളുണ്ട്. എല്ലാം വേഗത്തിൽ അറേഞ്ച് ചെയ്യണം. ജനുവരി 26 ന് വിവാഹവും 27 ന് വിരുന്നും എന്ന രീതിയിലാണ് കാര്യങ്ങൾ’’. – സ്വാസിക പറയുന്നു.

അടുത്തിടെ സ്വാസികയും പ്രേമും ഒന്നിച്ചുള്ള മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അപ്പോഴും ഗോസിപ്പുകളിൽ നിന്നു പരമാവധി അകന്നു നിൽക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു.

swasika

2009ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാലോകത്തേക്കെത്തുന്നത്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വർഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.

ടെലിവിഷൻ സീരിയലുകളിലും സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. പല ചാനലുകളിലായി വിവിധ റിയാലിറ്റിഷോകളിലും സാന്നിധ്യമറിയിച്ചു. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.

ഷൈൻ ടോം ചാക്കോ നായകനായ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയാണ് സ്വാസികയുടേതായി ഇനി വരാനിരിക്കുന്നത്. ഈ ചിത്രത്തിലെ നായികമാരിൽ ഒരാളാണ് താരം.