Friday 16 February 2024 03:49 PM IST : By സ്വന്തം ലേഖകൻ

മുന്‍ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു, മക്കളെ കാണാന്‍ അനുവദിക്കിക്കുന്നില്ല: പരാതി നൽകി നിതീഷ് ഭരദ്വാജ്

nitheesh-bharadwaj

മുന്‍ ഭാര്യയും മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിത ഘട്ടേ മാനസികമായി പീഡിപ്പിക്കുന്നുവെന്ന ആരോപണവുമായി നടന്‍ നിതീഷ് ഭരദ്വാജ്. ഭോപ്പാല്‍ പൊലീസ് കമ്മിഷണര്‍ ഹരിനാരായണാചാരി മിശ്രയ്ക്ക് താരം പരാതി നല്‍കി.

കാലങ്ങളായി സ്മിത തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഉഭയസമ്മതപ്രകാരമാണ് വിവാഹമോചന കേസ് നല്‍കിയത്. എന്നാല്‍ ഇതുവരെ ഔദ്യോഹികമായി വിവാഹമോചന ഉത്തരവ് ലഭിച്ചിട്ടില്ല. മധ്യപ്രദേശിലെ മനുഷ്യവകാശ കമ്മിഷനിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ സ്മിത തന്റെ മക്കളെ കാണാന്‍ അനുവദിക്കിക്കുന്നില്ലെന്നും നിതീഷ് ആരോപിച്ചു. ഇരട്ട പെണ്‍മക്കള്‍ പഠിക്കുന്ന സ്‌കൂള്‍ ഇടയ്ക്കിടെ മാറ്റുകയാണ്. അത് തന്നെ മാനസികമായി ബാധിക്കുന്നു. തന്റെ കുട്ടികളെ കാണാന്‍ അനുവദിക്കണമെന്നും നിതീഷ് പരാതിയില്‍ പറയുന്നു.

നിതീഷിന്റെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് സ്മിതയുടെ അഭിഭാഷകന്‍ പറയുന്നു. നടന്റെ പരാതിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2009 ലാണ് നിതീഷ് തന്റെ സുഹൃത്തായ സ്മിത ഘട്ടേയെ വിവാഹം ചെയ്തത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവര്‍ക്കും ഇരട്ട പെണ്‍മക്കള്‍ ജനിച്ചു. 12 വര്‍ഷത്തിന് ശേഷം സ്മിതയും നിതീഷും വേര്‍പിരിഞ്ഞു. തുടര്‍ന്ന് സ്മിത മക്കള്‍ക്കൊപ്പം ഇന്‍ഡോറിലേക്ക് താമസം മാറി.

മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായി അഭിനയിച്ച് താരപദവി നേടിയ നിതീഷ് ഞാന്‍ ഗന്ധര്‍വനിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്.