Saturday 30 March 2024 03:32 PM IST

‘വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന ദൈവമേ...’; കുരിശേറിയവന്റെ കാലടികൾ പിന്തുടർന്ന് കുരിശുമല കയറാൻ അനേകായിരങ്ങൾ

V R Jyothish

Chief Sub Editor

_C3R8362 ഫോട്ടോ: ഹരികൃഷ്ണൻ

പ്രാർഥനാനുഭവങ്ങൾ മല കയറുന്നതുപോലെയാണ്. അത് ആത്മാവിൽ അറിയാൻ വാഗമണിലെ കിഴക്കൻ കുരിശുമലയിലേക്കു വരിക...

പന്ത്രണ്ടാം െവള്ളിയായിരുന്നു അന്ന്്!

വാഗമൺ കുരിശുമലയുടെ അടിവാരത്ത് അതിരാവിലെ മുതൽ ഭക്തജനങ്ങൾ എത്തിക്കൊണ്ടിരുന്നു. ഈസ്റ്റർ നോമ്പു തുടങ്ങിയ ശേഷം കുരിശുമലകയറ്റത്തിന് എല്ലാ ദിവസവും തിരക്കാണ്. വെള്ളിയാഴ്ചകൾ ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. അന്ന്, മറ്റുള്ളവർക്കുവേണ്ടി കുരിശേറിയവന്റെ കാലടികൾ പിന്തുടർന്ന് അനേകായിരങ്ങൾ കുരിശുമല കയറാൻ വാഗമണിലെത്തുന്നു.

ഈരാറ്റുപേട്ട – വാഗമൺ റൂട്ടിൽ വഴിക്കടവ് ഇറങ്ങിയാൽ കല്ലില്ലാക്കവലയിലേക്ക് ഒരു കിലോമീറ്റർ. അവിടെ നിന്നാണ് മലകയറ്റം തുടങ്ങുന്നത്. ഈരാറ്റുപേട്ടയിൽ‍ നിന്ന് അടിവാരത്തിലിറങ്ങിയാലും കല്ലില്ലാക്കവലയിലെത്താം.

പണ്ടു  മല കയറുന്നവർ അടിവാരത്തു നിന്നു കയ്യിലൊരു കല്ലു കരുതും. ഒരു നേർച്ച പോലെ. അങ്ങനെ അടിവാരത്തുള്ള കല്ലുകളൊക്കെ മല കയറി. മലയുെട അടിവാരത്തിന് ആ പേരു വന്നു; കല്ലില്ലാക്കവല. ഇപ്പോൾ ഇവിടെ ആവശ്യത്തിനു കല്ലുണ്ടെങ്കിലും ആ പേരിനു മാറ്റമൊന്നും സംഭവിച്ചില്ല. കല്ലില്ലാക്കവല എന്നു തന്നെ ആ സ്ഥലം ഇപ്പോഴും അറിയപ്പെടുന്നു.

കുരിശുമലയുടെ അടിവാരമാണ് ഈ സ്ഥലം. മനോഹരവും വിസ്തൃതവുമായ കവലയാണു കല്ലില്ലാക്കവല. സെന്റ് തോമസിന്റെ പേരിലുള്ള ഒരു പ്രാർഥനാലയം, കുരിശുമലകയറ്റത്തിന്റെ ശതാബ്ദി സ്മാരകമായി നിർമിച്ച സെന്റ് തോമസ് മൗണ്ട്, നൂറ് പടവുകൾ കയറി വേണം മൗണ്ടിലെത്താൻ. പ്രാർഥനാലയത്തിനു തൊട്ടടുത്ത് ഒരു തോട്ടമുണ്ട്. അതിനു നടുവിൽ പ്രാർഥിക്കുന്ന യേശുവിന്റെ രൂപം.

_C3R8314

‘‘ഏകദേശം രണ്ടുകിലോമീറ്ററോളം ഉയരത്തിലാണു കുരിശുമല. കല്ലില്ലാകവലയിലെ സെന്റ് തോമസ് ദേവാലയത്തിൽ പ്രാർഥന കഴിഞ്ഞാൽ പിന്നെ പതിനാലു ദിവ്യസ്ഥലങ്ങൾ. ക്രിസ്തുവിന്റെ കുറ്റവിചാരണ മുതൽ കല്ലറയിൽ സംസ്കരിക്കുന്നതു വരെയുള്ള പതിനാലു സംഭവങ്ങൾ പതിന്നാലു രൂപക്കൂടുകളിൽ ആലേഖനം ചെയ്തിരിക്കുന്നു. ഫാദർ സെബാസ്റ്റ്യൻ എട്ടുപറയിൽ പള്ളി വികാരിയായിരുന്ന കാലത്താണ് ഇന്നു കാണുന്ന രൂപങ്ങൾ സ്ഥാപിച്ചത്.’’ മലകയറാൻ നിന്ന ഫാ. ജോസഫ് വിളക്കുന്നേൽ പറഞ്ഞു. തീക്കോയ് സെന്റ്മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് ഫാ. ജോസഫ്. മാവടി സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിലെ വികാരി കൂടിയാണ് അദ്ദേഹം.  

‘‘സമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരത്തിലുള്ള നാടുനോക്കൻ മലയാണ് പിന്നീട് വാഗമൺ കിഴക്കൻ കുരിശുമലയായി അറിയപ്പെട്ടത്.’’ ആ കഥ പറഞ്ഞത് ഫാ.റോണിയാണ്. ഫാ.റോണി മണിയാക്കുപാറയിൽ, ആഫ്രിക്ക ൻ പ്രവിശ്യയായ മൊസാംബിക്കിലെ പള്ളിവികാരിയാണിപ്പോൾ. നോയമ്പുകാലമാകുമ്പോൾ കുരിശുമല കയറാൻ ഫാദർ നാട്ടിലെത്തും.  

_C3R8391

നാടുനോക്കൻ മലയിലെ ദിവ്യപ്രഭ

നാടുനോക്കൻ മല, വാഗമൺ കുരിശുമലയായത് ഒന്നേകാൽ നൂറ്റാണ്ടു മുൻപാണ്. വാഗമൺ താഴ്‌വരയിലെ മണിയംകുന്നു മഠത്തിൽ സന്ദർശനത്തിനു വന്ന ചെത്തിപ്പുഴ ആശ്രമത്തിലെ എസ്തപ്പാനോസച്ചൻ നാടുനോക്കിമലയുടെ മുകളിൽ ദിവ്യപ്രഭ കണ്ടുവെന്നും അവിടെ ദൈവസാന്നിധ്യമുണ്ടെന്നു കണ്ട് ഒരു കുരിശു സ്ഥാപിക്കാൻ മണിയംകുന്നുപള്ളി വികാരിയായിരുന്ന ചാണ്ടിയച്ചനോടു പറഞ്ഞെന്നും ആ ദൗത്യം കുന്നേൽ ഔസേപ്പ് എന്നയാൾ ഏറ്റെടുത്തെന്നുമാണു ചരിത്രം.

ആ വർഷത്തെ വലിയ നോമ്പിന്റെ ആദ്യത്തെ വെള്ളിയാഴ്ച ദിവസം മരക്കുരിശും കൊണ്ട് ഒരാൾ മലമുകളിലെത്തി. മലമുകളിൽ ഏറ്റവും ഉയരമുള്ള പാറപ്പുറത്ത് മരക്കുരിശ് വച്ചതിനുശേഷം അദ്ദേഹം കുടിവെള്ളം അന്വേഷിച്ചുപോയി. തിരികെ വന്നപ്പോൾ ആ കുരിശ് എടുക്കാൻ കഴിയാത്തവിധം ഭാരമുള്ളതായി തീർന്നു. അങ്ങനെ അവിടെത്തന്നെ കുരിശു നാട്ടി ആരാധന തുടങ്ങി. അന്നു മുതൽക്കാണ് നാടുനോക്കൻ മല, കുരിശുമലയായത്. പിന്നീടത് കിഴക്കൻ കുരിശുമലയും വാഗമൺ കുരിശുമലയുമായി. അന്നു തുടങ്ങിയ വലിയ നോമ്പിലെ ആദ്യത്തെ വെള്ളിയാഴ്ച ആരാധന ഇന്നും തുടരുന്നു.

‘‘എല്ലാ വെള്ളിയാഴ്ചയും ഞാൻ മല കയറും. ചിലപ്പോൾ ഒറ്റയ്ക്കായിരിക്കും. എന്നാലും മലമുകളിൽ പോയി പ്രാർഥിച്ച് തിരിച്ചു വരും.’’ വെളളികുളത്തു നിന്നു വന്ന അച്ചാമ്മ ചേടത്തിയുെട വെള്ളിയാഴ്ചകൾ കുരിശുമല കയറ്റത്തിനുള്ളതാണ്. വർഷങ്ങളായി ആചാരം പോലെ അവരതു തുടരുന്നു.  

_C3R8296

കല്ലില്ലാക്കവലയിലേക്ക് പിന്നെയും വിശ്വാസികൾ എ ത്തിക്കൊണ്ടിരിക്കുന്നു. രാവിലെ ഒൻപതിനാണ് മലകയറ്റം തുടങ്ങുന്നത്. അതിനു മുൻപേ മല കയറിയിറങ്ങിയവർ ക്ഷീണം തീർക്കാൻ രാജന്റെ ചായക്കടയിലെത്തി. രാജന്റെ കടയിൽ നിന്നു വാഗമണിന്റെ മണമുള്ള ചായ കുടിക്കാം. വേണമെങ്കിൽ ചായപ്പൊടിയും വാങ്ങാം.

വിശ്വാസികളായല്ലാെത ടൂറിസ്റ്റുകളായി വരുന്നവരുണ്ട്. അവർ പല സംഘങ്ങളായി മല കയറിപ്പോകുന്നു. നേരത്തെ കയറിയവർ തിരിച്ചിറങ്ങി വരുന്നു.

കല്ലില്ലാക്കവലയിൽ നിന്നു തുടങ്ങുന്ന കുരിശിന്റെ വഴി മല മുകളിലുള്ള പള്ളിയിലാണ് അവസാനിക്കുന്നത്. പൂഞ്ഞാർ ഫൊറോനാ പള്ളി വികാരി ഫാ. മാത്യു കടുക്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു മലമുകളിലെ അന്നത്തെ കുർബാന. അദ്ദേഹം എത്തിച്ചേർന്നതോടെ വിശ്വാസികൾ പ്രാർഥനാലയത്തിൽ ഒത്തുകൂടി. എല്ലാവരുടെയും കൈയിൽ ‘കുരിശിന്റെ വഴി’ എന്ന കൈപ്പുസ്തകമുണ്ട്. കലാഭവന്റെ അമരക്കാരനായിരുന്ന ആബേലച്ചൻ എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങളോടു കൂടിയ ചെറിയ പുസ്തകം. പീഡാനുഭവത്തിന്റെ പതിനാലു സന്ദർഭങ്ങളെയും വികാരനിർഭരമായി വിവരിച്ചിട്ടുണ്ട് ഈ കൈപ്പുസ്തകത്തിൽ.

_C3R8433

കുരിശിന്റെ വഴികൾ

പീഡാനുഭവങ്ങളെ ധ്യാനിച്ചു കുരിശിന്റെ വഴി ചൊല്ലിയാണു കുരിശുമല കയറുന്നത്. പീലാത്തോസിന്റെ ന്യായാസനം മുതൽ ഗാഗുൽത്താമല വരെ കുരിശും ചുമന്നു നടന്ന ക്രിസ്തുവിന്റെ അവസാനയാത്രയുെട ഓർമപുതുക്കലാണു കുരിശുമല കയറ്റം. കണ്ണുനീരും രക്തവും വീണ വഴികൾ. ‘സ്വർഗത്തിലേക്കുള്ള വഴി െഞരുക്കമുള്ളതും വാതിൽ ഇടുങ്ങിയതുമാണെ’ന്ന് ഈ യാത്ര ഓർമിപ്പിക്കുന്നു.

കല്ലില്ലാക്കവലയിൽ നിന്നു കുരിശുമല കയറിത്തുടങ്ങുമ്പോൾ മലയടിവാരത്തിൽ തന്നെയാണു ഒന്നാം സ്ഥലം. ഈശോ മിശിഹാ കുരിശുമരണത്തിനു വിധിക്കപ്പെടുന്ന സ്ഥലം. വിധിയോടു നിസ്സംഗതയോടെ പ്രതികരിക്കുന്ന ക്രിസ്തുരൂപം ഇവിടെ കൊത്തിവച്ചിരിക്കുന്നു. ചമ്മട്ടി കൊണ്ടുള്ള അടിയേറ്റ ശരീരം, മുൾക്കിരീടം, ഉറക്കമൊഴിഞ്ഞ കണ്ണുകൾ, ക്ഷീണത്താൽ വിറയ്ക്കുന്ന കൈകാലുകൾ, ദാഹിച്ചു വരണ്ട നാവ്, ഉണങ്ങിയ ചുണ്ടുകൾ, നീതി നിഷേധിക്കപ്പെട്ടവരുടെ പ്രതിനിധിയായി നിൽക്കുകയാണ് ഒന്നാം സ്ഥലത്ത് മിശിഹ.

ഒന്നാം സ്ഥലത്തെ പ്രാർഥന കഴിഞ്ഞു കുറച്ചുകൂടി ഉ യരത്തിലാണു രണ്ടാം സ്ഥലം. ഭാരമേറിയ കുരിശും ചുമന്നു മുന്നോട്ടു നീങ്ങുന്ന ക്രൂശിതനാണിപ്പോൾ മിശിഹ. ക്രിസ്തു കുരിശു ചുമക്കുമ്പോൾ സ്േനഹിതന്മാർ ആരുമില്ല. ഓശാന പാടി എതിരേറ്റവർ നിശബ്ദരായിരിക്കുന്നു– ‘ഇത് ഇന്നും കുരിശേറുന്നവന്റെ വിലാപം തന്നെയാണ്. നമുക്കു ചുറ്റും എത്രയോ പേർ ജീവിക്കാൻ വേണ്ടി കുരിശു ചുമക്കുന്നുണ്ട് ഇപ്പോൾ.’ സിസ്റ്റർ ബിനീഷ പറയുന്നു ആതുര സേവനരംഗത്താണു സിസ്റ്റർ ജോലി ചെയ്യുന്നത്.

രണ്ടാം സ്ഥലത്തു നിന്നപ്പോൾ കൂട്ടപ്രാർഥന ഇങ്ങനെ മുഴങ്ങിക്കേട്ടു; ‘വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന ദൈവമേ.... ഞങ്ങളുടെ ദുഃഖങ്ങളൊക്കെയും പരാതി കൂടാതെ സഹിക്കാൻ ഞങ്ങളെ പ്രാപ്തരാക്കണേ.’

_C3R8314

കുരിശുമല കയറുമ്പോൾ ഒരു കരിയില എങ്കിലും കൈയിൽ കരുതുക. അതൊരു നേർച്ചയാണ്. പലരുടെയും കയ്യിലുണ്ട് അഞ്ചു കിലോ അരിയുടെ പാക്കറ്റ്, ചിലർ  കുപ്പിവെള്ളം ചുമക്കുന്നു. ചിലർ മലമുകളിലേക്കു വേണ്ട മറ്റ് അത്യാവശ്യ സാധനങ്ങൾ. ദുഃഖവെള്ളിയാഴ്ച കഞ്ഞി വയ്ക്കാൻ വേണ്ട അരിയും സാധനങ്ങളും ഇങ്ങനെ നേർച്ചയായി മുകളിലെത്തും.  

മൂന്നാം സ്ഥലത്തേക്കുള്ള വഴി കല്ലുകൾ നിറഞ്ഞതും അൽപം  ദുർഘടവുമായിരുന്നു. മിശിഹായുടെ കുരിശിന്റെ വഴിയും അങ്ങനെ തന്നെയായിരുന്നു. ഭാരമുള്ള കുരിശും വഹിച്ചു മിശിഹ ആദ്യമായി വീഴുന്ന ഇടമാണു മൂന്നാം സ്ഥലം. പലപ്പോഴും ജീവിതഭാരം താങ്ങാനാവാതെ വീണു പോകുന്ന മനുഷ്യരാണു ഇന്നു കുടുതലും. നാം വീഴുമ്പോൾ പരിഹസിച്ചു ചിരിക്കുന്നവരാണു ചുറ്റും. അതു നമ്മുടെ വേദന വർധിപ്പിക്കുന്നു. ആ വേദന സഹിക്കാനുള്ള കരുത്തു നൽകേണമേ എന്നാണു പ്രാർഥന. കുരിശു ചുമക്കാൻ ക ഴിവില്ലാതെ വരുമ്പോൾ ശക്തി നൽകേണമേ എന്ന പ്രാർഥനയോടെ സംഘം നാലാം സ്ഥലത്തേക്കു മല കയറി.

അമ്മ മകനെ കാണുന്നു  

_C3R8381

കര കവിഞ്ഞ് ഒഴുകുന്ന നാലു കണ്ണുകൾ. അമ്മ മകനെ കാണുന്നു. മകൻ അമ്മയെയും. കുരിശും ചുമന്നു നിൽക്കുന്ന ഈശോയെ കാണുന്ന അമ്മ അനുഭവിക്കുന്ന ഹൃദയവേദന; അതു തന്നെയല്ലേ ഇന്നും ആവർത്തിക്കുന്നത്.

അഞ്ചാം സ്ഥലത്തു ശിമയോൻ ഈശോയെ സഹായിക്കുന്നതാണു ചിത്രീകരിച്ചിരിക്കുന്നത്. അത് മിശിഹായുടെ സന്ദേശമാകുന്നു. ‘എന്റെ ഈ ചെറിയ സഹോദരന്മാരിൽ ആർക്കെങ്കിലും നിങ്ങൾ സഹായം ചെയ്തപ്പോഴെല്ലാം എനിക്കു തന്നെയാണു ചെയ്തത്’ എന്ന അരുളപ്പാടാണു രൂപക്കൂടിനുള്ളിൽ. അഞ്ചാം സ്ഥലം പിന്നിടുമ്പോഴേക്കും ചൂട് കൂടി വരുന്നു. കല്ലില്ലാക്കവലയും അവിടുത്തെ പള്ളിയുമൊക്കെ താഴ്‌വാരക്കാഴ്ചകളായി.

ആറാം സ്ഥലത്തു മിശിഹായുടെ രക്തം പുരണ്ട തിരുമുഖം തുടയ്ക്കുന്ന വേറോനിക്കയെ നാം കാണുന്നു. ഏഴാം സ്ഥലത്ത് എത്തുമ്പോഴേക്കും ചൂടു വീണ്ടും കൂടുകയാണ്.  മല കയറുന്നവരിൽ പലരും ക്ഷീണിതരാകുന്നു. ‘ഏഴാം സ്ഥലത്തു വരുമ്പോൾ ക്ഷീണം കൂടും.’ സംഘത്തിലുണ്ടായിരുന്ന പള്ളിയിലെ മുൻ കൈക്കാരനായ ജോണി മേളാകയിൽ പറഞ്ഞു. കാരണം കുരിശിന്റെ ഭാരം താങ്ങാനാകാെത മിശിഹ രണ്ടാമതു വീണ ഇടമാണ് ഏഴാം സ്ഥലം.

കണ്ടു നിന്ന സ്ത്രീകളെ വേദനിപ്പിക്കുന്നുണ്ടു മിശിഹായുടെ രണ്ടാം വീഴ്ച. എട്ടാം സ്ഥലത്തെത്തുമ്പോൾ തന്നെയോർത്തു  കരഞ്ഞ സ്ത്രീകളോടു മിശിഹാ പറയുന്നുണ്ട്; ‘എന്നെ ഓർത്തല്ല. നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്തു കരയുവിൻ..’എന്ന്. മറ്റുള്ളവരുടെ വേദനകൾ കാണുകയും അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണു മനുഷ്യജന്മം പോലും സാർഥകമാകുന്നതെന്ന സന്ദേശം വഹിക്കുന്ന വചനം.

_C3R8266

മൂന്നു പൂർണരൂപങ്ങൾ

‘‘പൂർണതയുടെ സംഖ്യയാണു മൂന്ന്. ബൈബിൾ തന്നെ നോക്കുക; പിതാവ് – പുത്രൻ– പരിശുദ്ധാത്മാവ് – എന്നിങ്ങനെയാണു പറയുന്നത്. കാൽവരിയിലേക്കുള്ള ക്രിസ്തു മൂന്നിടത്താണു വീഴുന്നത്. മൂന്നാമതു വീഴുന്ന ഇടമാണ് ഒൻപതാം സ്ഥലം.’’ യാത്രയ്ക്കിടയിൽ ഫാ. ആന്റണി വാഴയി ൽ പറഞ്ഞു. വാഗമൺ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വികാരിയാണ് ഫാ. ആന്റണി വാഴയിൽ. ഇദ്ദേഹത്തിനാണ് ഇപ്പോൾ കുരിശുമലയുടെ ചുമതല.

ക്രിസ്തുവിന്റെ മൂന്നു വീഴ്ചകളുടെ ദുഃഖവും പേറി പ ത്താം സ്ഥലം എത്തുമ്പോഴേക്കും നാം ഏറെ ഉയരത്തിലാണെന്നു മനസ്സിലാകും. ദൂരെ ദൂരെ ചെറുപട്ടണങ്ങൾ തെളിഞ്ഞു തുടങ്ങുന്നു. വാഗമൺ, മുണ്ടക്കയം, കുട്ടിക്കാനം... വെയിൽ മങ്ങി ചൂടു കുറഞ്ഞു.  ഇളം തണുപ്പുള്ള കാറ്റു വന്നു തൊട്ടു. സ്ലീവാപ്പാത പിന്നെയും നീണ്ടു വന്നു. മിശിഹായുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നതാണു പത്താം സ്ഥലത്ത്.

പതിനൊന്നാം സ്ഥലം മുതൽ കുരിശിന്റെ വഴികൾ കൂ ടുതൽ ഉയരങ്ങളിലേക്കു കയറുന്നു.  കുന്നിൻ മുകളിലേക്കു നോക്കുമ്പോൾ ഒറ്റപ്പെട്ട ഒരു പള്ളി കാണാം. പതിനൊന്നാം സ്ഥലത്ത് ഈശോമിശിഹായെ കുരിശിൽ തറയ്ക്കുന്ന രംഗമാണ്. കൈകളിലും കാലുകളിലും ആണി തറയ്ക്കുന്ന ഉഗ്രമായ വേദന.

പന്ത്രണ്ടാം സ്ഥലത്ത് ഈശോമിശിഹയുടെ കുരിശ് മരണമാണ്. പതിമൂന്നാം സ്ഥലത്ത് മിശിഹായുടെ തിരുദേഹം മാതാവിന്റെ മടിയിൽ കിടത്തുന്ന കാഴ്ചയാകുന്നു. തന്റെ മടിയിൽ നിശ്ചലനായി കിടന്ന മകനെ കാണുമ്പോൾ ആ വ്യാകുല മാതാവിന്റെ മനസ്സ് എത്ര വേദന അ നുഭവിച്ചിട്ടുണ്ടാകാം.

പതിനാലാം സ്ഥലം ഈശോമിശിഹായുടെ തിരുശരീരം കല്ലറയിൽ സംസ്കരിക്കുന്നതാണ്. അതിനു തൊട്ടടുത്താണു പള്ളി. അവിടെ പ്രാർഥനയ്ക്കുള്ള സൗകര്യമുണ്ട്. നോയമ്പുകാലങ്ങളിൽ കുരിശുമല കയറ്റത്തിനൊപ്പം വിശുദ്ധ കുർബാനയുമുണ്ട്.

_C3R8215

വിശുദ്ധഗ്രന്ഥത്തിൽ പറയുന്നുണ്ടു മലമുകളിലെ ദൈവസാന്നിധ്യം. പൂർവ പിതാവായ അബ്രഹാം ഒരു മലമുകളിലാണു തന്റെ മകനായ ഇസഹാക്കിനെ ബലി അർപ്പിക്കാൻ തയാറായത്. ഈ മല പിന്നീട് ൈദവസാന്നിധ്യമുള്ളതായി അറിയപ്പെട്ടു. മോശയ്ക്ക് ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചത് സീനായ് മലനിരകളിൽ വച്ചായിരുന്നു. പ്രാർഥനാനുഭവങ്ങൾ ഒരു മല കയറുന്നതുപോലെയാണ് എന്നും പറയുന്നുണ്ടു വിശുദ്ധ ഗ്രന്ഥം.

കിഴക്കൻ കുരിശുമല കയറിയിറങ്ങുമ്പോൾ നമുക്കും തോന്നും; ഈ യാത്രയും പ്രാർഥനയായിരുന്നുെവന്ന്........

നിശബ്ദതയുടെ താഴ്‌വര

കുരിശുമലയുടെ താഴ്‌വരയിൽ ഏറ്റവും നിശബ്ദമായ ഒരു ആശ്രമമുണ്ട്. 1958 മാർച്ച് 21ന് സ്ഥാപിച്ച സിസ്റ്റേർഷ്യൻ ആബിയാണിത്.  ഫ്രാൻസിസ് ആചാര്യയായി മാറിയ ജോൺമാഹി എന്ന ബെൽജിയം സ്വദേശിയുടെ ജീവിതവീക്ഷണങ്ങളുടെ സാക്ഷാൽക്കാരമാണ്  ഈ ആശ്രമം.

ഗാന്ധിജിയുടെ വ്യക്‌തിത്വത്തിലൂടെ ഇന്ത്യയെക്കുറിച്ചറിഞ്ഞ ജോൺമാഹി എന്ന വിദേശിയാണ് പിന്നീട്  ഫ്രാൻസിസ് ആചാര്യയായി മാറിയത്. ആ ആശ്രമമാണു നിശബ്ദതയുെട താഴ്‌വരയെന്ന പോലെ ഇവിടെ കാണുന്നത്.

ക്രൈസ്‌തവ സന്യാസത്തെ ഭാരതീയ സന്യാസ പാരപാരമ്പര്യത്തിന്റെ ഘടകങ്ങളുമായി സംയോജിപ്പിക്കുന്ന ആശ്രമരീതിയാണു ഫാദർ സ്വീകരിച്ചത്. ‘‘സന്യാസജീവിതം നയിക്കുന്ന പുരുഷന്മാരുടെ ഇന്ത്യയിലെ ഏക മിണ്ടാമഠമാണ് ഇത്. വരുന്നവർക്ക് ഇവിടെ താമസിക്കാം. നിശബ്ദമായി പ്രാർഥിക്കാം. ഈ ആശ്രമം ലൗകികതയ്‌ക്ക് ഒരു വെല്ലുവിളിയാണ്.’’ ആശ്രമത്തിലെ ഇപ്പോഴത്തെ തലവൻ ആബട്ട് സേവാനന്ദ് പറയുന്നു.

_C3R8440