Friday 29 December 2023 02:17 PM IST : By പ്രവീൺ എളായി

‘പാസ്പോർട്ട് മാത്രം മതി, വീസ വേണ്ട’; ഇന്ത്യക്കാർക്കു ട്രാവൽ ഇളവുകൾ നൽകുന്ന 10 വീസ ഫ്രീ രാജ്യങ്ങൾ അറിയാം

1937002054

പുതുവര്‍ഷം ആഘോഷിക്കാനുള്ള പ്ലാനിങ് ഇപ്പോഴെ തുടങ്ങാം. ഇന്ത്യക്കാർക്കു ട്രാവൽ ഇളവുകൾ നൽകുന്ന 10 രാജ്യങ്ങൾ ഇതാ...

ഇന്ത്യൻ പാസ്പോർട്ട് മാത്രം മതി ചില രാജ്യങ്ങളിൽ സഞ്ചരിക്കാൻ. ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വീസ നൽകുന്നവയുമുണ്ട്. ഇങ്ങനെയുള്ള നിരവധി രാജ്യങ്ങളിൽ വിനോദസഞ്ചാരത്തിനു പേരുകേട്ട 10 രാജ്യങ്ങളുടെ വിവരങ്ങൾ അറിയാം. നേരത്തെ യാത്ര പ്ലാൻ ചെയ്താൽ മെച്ചങ്ങൾ പലതുണ്ട്.  മുൻകൂട്ടി ബുക്ക് ചെയ്താൽ വിമാന ടിക്കറ്റ് നിരക്കിൽ കാര്യമായ കുറവുണ്ടാകും. സകുടുംബ യാത്രയാണെങ്കിൽ ടൂർ കമ്പനികളുടെ പാക്കേജുകളാണു യോജിക്കുക. വിശ്വസ്തതയുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

നേപ്പാൾ

320856380

എവറസ്റ്റിന്റെ നാടാണ് നേപ്പാൾ. സാഹസികപ്രിയർക്കും പ്രശാന്തി തേടുന്നവർക്കും ഒരു പോലെ പ്രിയപ്പെട്ട സ്ഥലം. ബുദ്ധൻ ജനിച്ച ലുംബിനി നേപ്പാളിലാണ്. ചരിത്രവും സാംസ്കാരിക പൈത്യകവും കഥകൾ പറയുന്ന ധാരാളം ഹിന്ദു ക്ഷേത്രങ്ങളും നേപ്പാളിന്റെ പ്രത്യേകതയാണ്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രം, ദക്ഷിൺ കാളി ക്ഷേത്രം എന്നിവ അവയിൽ ചിലത്.

ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന നേപ്പാൾ ലോകത്തെ ഏറ്റവും  ഉയരമുള്ള എട്ടോളം കൊടുമുടികളുടെ കൂടി നാടാണ്. ടൂറിസമാണു പ്രധാന വരുമാനമാർഗങ്ങളിലൊന്ന്. ഏഷ്യയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാവുന്ന ഇടം കൂടിയാണ് നേപ്പാൾ. കാഠ്മണ്ഡു ആണ് നേപ്പാളിന്റെ തലസ്ഥാനം. 

കാഴ്ചകൾ 

അതിസാഹസികർക്ക് എവറസ്റ്റ് കയറാം. മഞ്ഞിൽ കുളിച്ച എവറസ്റ്റ് ബേസ് ക്യാംപിലേക്കു നടക്കാം. യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ച സാഗർമാതാ നാഷനൽ പാർക്കിൽ ഷെർപകളുടെ സംസ്കാരം അറിയാം. ട്രെക്കിങ് നടത്താം. പിന്നെ, ചിത്വാൻ നാഷനൽ പാർക്ക്, കാഠ്മണ്ഡുവിലെ ഡർബാർ സ്ക്വയർ, ഭക്തപുർ ദർബാർ സ്ക്വയർ, ചാങു നാരായൻ സ്ക്വയർ എന്നിവ സന്ദർശിക്കാം. നേപ്പാളിലെ ഏറ്റവും വലിയ നഗരമായ കാഠ്മണ്ഡു, അന്നപൂർണ കൊടുമുടി, പൊക്ര നഗരം, ലുംബിനി സന്ദർശിക്കാം. 

ട്രാവൽ പ്ലാൻ

ഒരാഴ്ചയാണു മിക്ക ടൂർ പാക്കേജുകൾക്കും. സർക്കാർ അംഗീകൃത ഏജൻസികൾ എട്ടു ദിവസത്തെ പാക്കേജുകൾക്ക് 13,500 രൂപ മുതൽ നിരക്ക് ഈടാക്കുന്നു. ത്രിഭുവൻ, പൊക്ര, ഗൗതം ബുദ്ധ ഇന്റർനാഷനൽ എയർപോർട്ടുകളിലൂടെ നേപ്പാളിലെത്താം. കൊച്ചിയിൽ നിന്നു കാഠ്മണ്ഡുവിലേക്കു കണക്‌ഷൻ ഫ്ലൈറ്റുകളുണ്ട്. നിരക്ക് ഏകദേശം 10,064 രൂപ മുതൽ. മുൻകൂട്ടി ബുക്ക് ചെയ്താൽ വീണ്ടും കുറയും. 

യുപിയിലെ ഖൊരഗ്പുർ, വാരണാസി തുടങ്ങിയ ഇടങ്ങളിലൂടെ ബോർഡർ ക്രോസ് ചെയ്യാം. 

കൈവശം വയ്ക്കേണ്ട രേഖകൾ  

∙ ഇന്ത്യൻ ഐഡന്റിറ്റി കാർഡ്.

കൂടുതൽ വിവരങ്ങൾക്ക് – https://ntb.gov.np ‍

സുരക്ഷ 

പൊതുവെ സുരക്ഷിതം. പോക്കറ്റടി പോലുള്ള കുറ്റകൃത്യങ്ങൾ സൂക്ഷിക്കണം. റോഡ് ട്രിപ്പുകളിലെ ആക്സി‍ഡന്റുകൾ കൂടുതലാണ്. കൃത്യമായ സുരക്ഷാസൗകര്യങ്ങൾ ഉപയോഗിക്കുക

മാലദ്വീപ്

2148766633

ഇന്ത്യൻ മഹാസമുദ്രത്തിൽ പൊങ്ങിക്കിടക്കുന്നൊരു മാലയുടെ പവിഴമുത്തുകൾ പോലെയാണു മാലദ്വീപ്.  1192 ദ്വീപുകളുണ്ട് ഈ മാലയിൽ.  പഞ്ചാരമണലും തെളിഞ്ഞ കടലും ചേരുമ്പോൾ മാലദ്വീപ് സർഫിങ്, കടൽയാത്രാ പ്രേമികൾക്കു സുന്ദര അനുഭവമാണു നൽകുക.  

കടലിലേക്കു കാൽനീട്ടിയിരിക്കുന്ന മട്ടിൽ റിസോർട്ടുകൾ, കടലിൽ താമസിക്കാനായി യോട്ടുകൾ, ലോകത്തിന്റെ അഞ്ചു ശതമാനം പവിഴപ്പുറ്റുകളുടെ മായികക്കാഴ്ചകൾ... മാലദ്വീപ് സഞ്ചാരികളുടെ ഒരു സ്വപ്നമാണ്. മാലെ ആണു രാജ്യ തലസ്ഥാനം.

കാഴ്ചകൾ 

സർഫിങ് പോയിന്റുകൾ തന്നെയാണു പ്രധാന ആകർഷണങ്ങൾ. താമസ സ്ഥലമനുസരിച്ചുള്ള പോയിന്റുകൾ തിരഞ്ഞെടുക്കാം. ബാ അറ്റോൾ ബയോസ്ഫിയർ റിസർവ്, അഡ്ഡു നാഷനൽ പാർക്ക്,  അഞ്ഞൂറിലേറെ വർഷം പഴക്കമുള്ള സ്മാരകങ്ങൾ എന്നിങ്ങനെ മാലദ്വീപിൽ കാഴ്ചകളേറെ. 

ട്രാവൽ പ്ലാൻ

കാണാനായി അധികം ദിനങ്ങൾ ചെലവിടേണ്ടതില്ല. പ ക്ഷേ, മാലദ്വീപിന്റെ മനോഹാരിത മതിയാവോളം ആസ്വദിക്കാൻ ദിവസങ്ങൾ എടുക്കാം. 

വെലാന ഇന്റർനാഷനൽ എയർപോർട്ടിലേക്കാണു ന മ്മൾ ചെന്നിറങ്ങുക. എത്തുമ്പോൾ 30 ദിവസം സഞ്ചരിക്കാനുള്ള വീസ എയർപോർട്ടിൽനിന്നു ലഭിക്കും. ഏതു രാജ്യക്കാർക്കും വീസ ഓൺ അറൈവൽ ആണ്. 

താമസസൗകര്യവും മറ്റും കൃത്യമായി സർക്കാർ വെബ്സൈറ്റിൽ ലഭ്യം. താമസം മുൻകൂട്ടി ബുക്ക് ചെയ്യണം.   ഓരോ ദ്വീപിലേക്കും സഞ്ചരിക്കാൻ സീ പ്ലെയിനുകളും സ്പീഡ് ബോട്ടുകളും ലഭിക്കും. 18 ഡൊമസ്റ്റിക് എയർപോർട്ടുകൾ മാലദ്വീപിൽ പലയിടത്തായി ഉണ്ട്. 

കരയിൽ താമസം വേണ്ട എന്നാണ്  തീരുമാനമെങ്കിൽ ലൈവ് എബോർഡുകൾ (നമ്മുടെ ഹൗസ് ബോട്ടുപോലെ താമസസൗകര്യമുള്ള അത്യാധുനിക ബോട്ടുകൾ) തിര ഞ്ഞെടുക്കാം. കരയിലെ പ്രാദേശിക ജീവിതം കണ്ടാസ്വദിക്കാനും മറ്റുമാണ് ഉദ്ദേശ്യമെങ്കിൽ താരതമ്യേന ചെലവു കുറഞ്ഞ ഗസ്റ്റ്ഹൗസുകൾ ആണു നല്ലത്. ബജറ്റ് ട്രാവൽ പ്ലാനിൽ വിദേശയാത്ര നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്കു യോജിച്ച ടൂറിസ്റ്റ് സ്പോട്ട് ആണ് മാലദ്വീപ്. 

കൈവശം വയ്ക്കേണ്ട രേഖകൾ 

∙ ആറുമാസം വാലിഡിറ്റിയുള്ള ഇന്ത്യൻ പാസ്പോർട്ട് അല്ലെങ്കിൽ ഒറിജിനൽ വോട്ടർ ഐഡി കാർഡ്.  

∙ റിട്ടേൺ ടിക്കറ്റ് 

∙ താമസം ബുക്ക് ചെയ്തതിന്റെ രേഖ, അല്ലെങ്കിൽ താമസിക്കാൻ കയ്യിൽ ആവശ്യത്തിനു പണം.  

എല്ലാ പ്രമുഖ ക്രെഡിറ്റ് കാർഡുകളും സ്വീകരിക്കപ്പെടും. ലഹരിപദാർഥങ്ങൾ കൈവശംവയ്ക്കാൻ പാടില്ല. 

യാത്രയ്ക്കു മുൻപ് കൂടുതൽ വിവരങ്ങൾക്ക് സർക്കാർ വെബ്സൈറ്റ് സന്ദർശിക്കാം. 

https://visitmaldives.com/en  

സുരക്ഷ 

ഭേദപ്പെട്ട മെഡിക്കൽ സേവനങ്ങൾ മാലെയിലും വലിയ ദ്വീപുകളിലും ലഭ്യമാണ്. ഫിറ്റ്നസ് ഉറപ്പാക്കി വേണം ചെറുദ്വീപുകളിലേക്കുള്ള യാത്ര

മൗറീഷ്യസ്

travel5

അതിസുന്ദരമായ ബീച്ചുകളാൽ സഞ്ചാരികളെ മാടിവിളിക്കുന്ന ദ്വീപ് രാജ്യമാണു മൗറീഷ്യസ്. ലോകത്തെ ഏറ്റവും സുന്ദരമായ കടൽത്തീരങ്ങൾ എന്നാണു വിശേഷണം. മഡഗാസ്കർ ദ്വീപിന്റെ 800 km അടുത്ത്, ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കയുടെ കിഴക്കേ ഭാഗത്തായിട്ടാണ് ഈ ദ്വീപ്. പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട മൗറീഷ്യസിൽനിന്നു രണ്ടു നദികൾ ഉദ്ഭവിക്കുന്നുണ്ട്. മൗറീഷ്യസിലെ ആദ്യ ആകർഷണം  പുഞ്ചിരിയോടെ എതിരേൽക്കുന്ന ജ നങ്ങളാണ്. തലസ്ഥാനം പോർട്ട് ലൂയിസ്.  

കാഴ്ചകൾ

സകുടുംബം സമയം ചെലവിടാൻ പാർക്കുകളുണ്ട്. കാസെ ലാ‌  നേച്ചർ പാർക്കിൽ 1800  മൃഗങ്ങളാണുള്ളത്. ഒഡിസിയോ ഓഷ്യോനോറിയത്തിൽ 3500 കടൽജീവികളും. ലാ വാ ലി നേച്ചർ പാർക്കിലെ സിപ് ലൈൻ‌ കാണേണ്ട കാഴ്ചയാണ്. വെള്ളച്ചാട്ടങ്ങൾക്കും  മലകൾക്കും മുകളിലൂടെ പറക്കുന്ന ഫീൽ നൽകും ഈ സിപ് ലൈൻ.    

ട്രാവൽ പ്ലാൻ

കൊച്ചിയിൽനിന്നു മുംബൈ, നയ്റോബി (കെനിയ) വഴി മൗറീഷ്യസിലേക്കു ഫ്ലൈറ്റ് ബുക്ക് ചെയ്യാം. ചുരുങ്ങിയ നിരക്ക് 28,000 രൂപ. നാലു ദിവസത്തെ പാക്കേജ് ട്രിപ്പിന് ഏകദേശം 30,000 രൂപയാകും. 36 മണിക്കൂർ ആണു യാത്രാസമയം. ഓൺ അറൈവൽ വീസ ലഭിക്കും.   

കൈവശം വയ്ക്കേണ്ട രേഖകൾ  

∙ ആറുമാസം കാലാവധിയുള്ള പാസ്പോർട്ട്, 

∙ റിട്ടേൺ ടിക്കറ്റ്, താമസം ബുക് ചെയ്തതിന്റെ രേഖ. ‌

∙ ഒരു രാത്രിക്ക് 100 ഡോളർ എന്ന കണക്കിൽ ഉള്ള ബാങ്ക് ബാലൻസ്.  

കൂടുതൽ വിവരങ്ങൾക്ക്– 

https://www.mymauritius.travel/plan-your-trip/your-visa

സുരക്ഷ 

സഞ്ചാരികൾക്കു  സുരക്ഷിതമായ ഇടമാണു മൗറീഷ്യസ്.  വിനോദ സഞ്ചാരികൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്ന രാജ്യമാണിത്.

മക്കാവൂ 

ഏഷ്യയുടെ ലാസ്‌വെഗാസ് എന്ന വിശേഷണമുള്ള സുന്ദരനഗരം. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ മക്കാവൂ സഞ്ചാരികളുടെ പറുദീസയാണ്.  ലോക പൈതൃകപട്ടികയിൽ ഇടം നേടിയ നിർമിതികൾ മക്കാവൂവിലുണ്ട്. ചൈനയുടെ തെക്കു കിഴക്കൻ തീരത്തുള്ള പ്രത്യേക ഭരണാധികാര മേഖലയാണ് മക്കാവൂ. 

765583924

ഈ ചെറുനഗരത്തിന്റെ രുചിയിടങ്ങൾ പ്രസിദ്ധമാണ്. ക്രിയേറ്റീവ് സിറ്റി ഓഫ് ഗാസ്ട്രോണമി എന്ന യുനെസ്കോ അംഗീകാരം നേടിയിട്ടുണ്ട് മക്കാവൂ.  ചരിത്ര സ്മാരകങ്ങളുള്ള മക്കാവൂ പെനിൻസുലയും  ടയ്പ, കൊളോണെ എന്നീ ദ്വീപുകളുമടങ്ങിയതാണ് മക്കാവൂ നഗരം. 

കാഴ്ചകൾ 

മക്കാവൂ ഗ്രാൻഡ്പ്രിക്സ്, മക്കാവൂ ഇന്റർനാഷനൽ മ്യൂസിക് ഫെസ്റ്റിവൽ എന്നിവ ലോകസഞ്ചാരികളെ ആകർഷിക്കുന്നു. പൈതൃകപട്ടികയിൽ ഇടം പിടിച്ച കെട്ടിടങ്ങൾ, ചർച്ചുകൾ, മക്കാവുവിലെ ഏറ്റവും പഴക്കമേറിയ അ–മാ ക്ഷേത്രം, തനതു രുചി വിളമ്പുന്ന ഒട്ടേറെ റസ്റ്ററന്റുകൾ, മക്കാവൂ ടവർ, അമ്യൂസ്മെന്റ് പാർക്കുകൾ, ഭീമൻ പാണ്ടയടക്കമുള്ള അപൂർവ മൃഗങ്ങളെ കാണാനാള്ള പവലിയൻ, ചൈനീസ് ന്യൂ ഇയർ ആഘോഷങ്ങൾ, മ്യൂസിയങ്ങൾ.

ട്രാവൽ പ്ലാൻ

മൂന്നു ദിവസം മതി മക്കാവു കണ്ടു തീർക്കാൻ. കൊച്ചിയിൽനിന്ന് ഫ്ലൈറ്റുകളുണ്ട്. ഒരു ഇടത്താവളമുണ്ടാകും. റേറ്റ് ഏകദേശം ഒരുവശത്തേക്ക് 16,000 രൂപ മുതൽ മുകളിലോട്ട്. എട്ടു മണിക്കൂർ മുതൽ 14 മണിക്കൂർ വരെ യാത്രയുണ്ട് മക്കാവുവിലെത്താൻ. 

കൈവശം വയ്ക്കേണ്ട രേഖകൾ  

∙ ആറുമാസം വാലിഡിറ്റിയുള്ള ഇന്ത്യൻ പാസ്പോർട്ട്. 

∙ യാത്രയ്ക്കു മുൻപ് പ്രീ അറൈവൽ റജിസ്ട്രേഷൻ ഓൺലൈൻ ആയി ചെയ്യണം. 

∙ 30 ദിവസത്തിൽ കൂടുതൽ ഇവിടെ താമസിക്കാൻ അനുമതിയില്ല.

കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി  

താഴെ പറയുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കാം.

https://www.immd.gov.hk/eng/services/visas/pre-arrival_registration_for_indian_nationals.html

സുരക്ഷ 

സുരക്ഷിതമല്ലാത്ത ഹോട്ടലുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ ഒഴിവാക്കണം. ട്രാവൽ ഏജൻസികൾ വഴിയാണു യാത്രയെങ്കിൽ അവർ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. പണമിടപാടുകളിൽ ജാഗ്രത വേണം.

ഹോങ്‌കോങ് 

549687475

ഏഷ്യയുടെ വേൾഡ് സിറ്റി എന്നാണ് ഹോങ് കോങ് വിശേഷിപ്പിക്കപ്പെടുന്നത്. പൊതുവെ ചെലവേറിയ യാത്രയാണു ഹോങ്‌കോങ്ങിലേക്ക്.  മായികമായ നഗരക്കാഴ്ചകളിലൂടെ ഊളിയിട്ടു നടക്കാം.  42 കെട്ടിടങ്ങൾ ഒത്തു ചേരുന്ന ഏറ്റവും വലിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നഗരത്തെ എല്ലാ ദിവസവും വർണാഭമാക്കും. ജീവിതത്തിലെ അവിസ്മരണീയ അനുഭവമായിരിക്കും അത്. യാത്ര അൽപം ചെലവേറിയത് ആകുമെന്നതിനാൽ അതിന് അനുസരിച്ചുള്ള ബജറ്റ് പ്ലാനിങ് വേണം

പിന്നെ, സുന്ദരമായ കടലോരങ്ങൾ ആസ്വദിക്കാം.  കടലിനോടു ചേർന്ന മലമുകളിലേക്കു നടക്കാം. പ്രകൃതിയുടെ സ്വച്ഛതയും ഇമ്പമാർന്ന കാഴ്ചകളുമെല്ലാം ഒരു മെട്രോസിറ്റിയിൽ ലഭിക്കുമെന്നതാണ് ഹോങ്‌കോങ്ങിന്റെ സവിശേഷത. 

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന സ്ഥലമാണ് ഹോങ്‌കോങ്.  ചൈനയുടെ പരമാധികാരത്തിനുള്ളിലുള്ള സ്പെഷൽ അഡ്മിനിസ്ട്രേറ്റിവ് മേഖലയാണു ഹോങ്‌കോങ്. തലസ്ഥാനം വിക്ടോറിയ നഗരം.  

കാഴ്ചകൾ 

തിരക്കേറിയ ഹാർബറുകൾ, നഗരപ്രദേശങ്ങൾ, ങോങ് പിൻ കേബിൾ കാർ (നഗരത്തിന്റെ മൊത്തക്കാഴ്ച കിട്ടുന്ന തരത്തിലാണിത്. ലോകത്തെ ഏറ്റവും അതിശയകരമായ കേബിൾ കാർ എന്നാണ് വിശേഷണം), മാഡം ത്യൂസാഡ്സ് വാക്സ് മ്യൂസിയം- ലോകത്തെ അനശ്വരരുടെ മെഴുകു പ്രതിമകൾ ഇവിടെയുണ്ട്. വിക്ടോറിയ ഹാർബർ, ഹിസ്റ്ററി മ്യൂസിയം, നൈറ്റ് മാർക്കറ്റ്, ഡിസ്നി ലാൻഡ് തുടങ്ങി കാഴ്ചകൾ ഏറെ. 

ട്രാവൽ പ്ലാൻ

മൂന്നോ നാലോ ദിവസം മതിയാകും ഹോങ്‌കോങ് കാഴ്ചകൾ കണ്ടുതീർക്കാൻ. താമസം ചെലവേറിയതാണ്. കൊച്ചിയിൽനിന്നു ഫ്ലൈറ്റ് ഉണ്ട്. ഏതാണ്ട് 32 മണിക്കൂർ യാത്ര (നോൺ സ്റ്റോപ്പല്ല). യാത്രാ ടിക്കറ്റ് നിരക്ക് ഒരു വശത്തേക്കു തന്നെ ഏകദേശം 25,000 രൂപയിൽ അധികമാകും. 

കൈവശം വയ്ക്കേണ്ട രേഖകൾ   

∙ ആറുമാസം വാലിഡിറ്റിയുള്ള ഇന്ത്യൻ പാസ്പോർട്ട്. 

∙ യാത്രയ്ക്കു മുൻപ് പ്രീ അറൈവൽ റജിസ്ട്രേഷൻ ഓൺലൈൻ ആയി ചെയ്യണം. സന്ദർശകർക്ക് 14 ദിവസത്തിൽ കൂടുതൽ ഹോങ്‌കോങ്ങിൽ താമസിക്കാൻ അനുമതിയില്ല. കൂടുതൽ വിവരങ്ങൾക്കും പ്രീ അറൈവൽ റജിസ്ട്രേഷനുമായി താഴെ പറയുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കാം.

https://www.immd.gov.hk/eng/services/visas/pre-arrival_registration_for_indian_nationals.html

സുരക്ഷ 

വിദേശ പൗരൻമാർ ജാഗ്രത പുലർത്തണം എന്നാണു പല രാജ്യങ്ങളുടെയും ട്രാവൽ അഡ്വൈസ്. അപരിചിതരുമായി സൗഹൃദം, അത്ര നല്ലതല്ലാത്ത ബാർ റസ്റ്ററന്റുകളിൽ സമയം ചെലവിടൽ എന്നിവ വേണ്ട. കാർഡുകൾ സൂക്ഷിച്ച് ഉപയോഗിക്കുക.  

നിയുവേ ദ്വീപ്

travel6

വെറും 1600 പേർ മാത്രം താമസിക്കുന്ന ഒരു കുഞ്ഞു ദ്വീപാണ് നിയുവേ. അതുകൊണ്ടു തന്നെ  സഞ്ചാരിയായി വരുന്നവർ ദ്വീപിലൊരാളായിട്ടാണു തിരിച്ചു പോകുക എന്നൊരു ചൊല്ലുണ്ട് ഈ പസിഫിക് ദ്വീപിൽ. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഈ ദ്വീപ് എങ്കിലും ഏറ്റവും വലിയ പവിഴപ്പുറ്റുകളുള്ളതും ഈ പ്രദേശങ്ങളിലാണ്. സഞ്ചാരികളുടെ പ്രിയസങ്കേതമായി ഈ ദ്വീപ് അറിയപ്പെടുന്നതിന്റെ പ്രധാന കാരണവും അതു തന്നെ. 

കാഴ്ചകൾ

ദ്വീപിലെ ഗുഹകളും  ഉള്ളിലെ ശുദ്ധജലസംഭരണികളും  മഴക്കാടുകളുമാണു പ്രധാന ആകർഷണങ്ങൾ. തലസ്ഥാനം അലോഫി. കരയിൽനിന്നു മീറ്ററുകൾ അകലത്തിൽ തിമിംഗലങ്ങളുടെ  കൂടെ നീന്താൻ സാധിക്കുന്ന ലോകത്തിലെ അപൂർവം സ്ഥലങ്ങളിലൊന്നാണു നിയുവേ. 

ട്രാവൽ പ്ലാൻ 

ന്യൂസീലൻഡ്  വഴിയാണു നിയുവേയില്‍ എത്തേണ്ടത്. 30 ദിവസത്തിൽ താഴെയാണു താമസമെങ്കിൽ വീസ ആവശ്യമില്ല. ന്യൂസീലൻഡ് ഡോളർ ആണു കറൻസി.  കൈവശം വയ്ക്കേണ്ട രേഖകൾ 

∙ ഇന്ത്യൻ പാസ്പോർട്ട്, ട്രാവൽ ഇൻഷുറൻസ് നിർബന്ധം. 

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം – niueisland.com

സുരക്ഷ 

കുറ്റകൃത്യങ്ങൾ കുറവുളള ഇടമാണു നിയുവേ ദ്വീപ്. തീരങ്ങളിൽ കരുതൽ വേണം. ഒറ്റയ്ക്കു സാഹസിക യാത്ര അരുത്. ഗൈഡിന്റെ സഹായം തേടണം..

കിങ്ഡം ഓഫ് ഭൂട്ടാൻ

1255335592

ലോകത്തിലെ ഏക സജീവ ബുദ്ധ രാജ്യമാണു ഭൂട്ടാൻ. ഹിമാലയൻ ഗ്രാമങ്ങളുടെ ഭംഗിയും ശാന്തിയും ആസ്വദിക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തുന്ന യാത്രികർ സുരക്ഷിതരായി ഭൂട്ടാനിൽ സഞ്ചരിക്കുന്നു. സ്വസ്ഥമായും സന്തോഷമായും യാത്ര ചെയ്യാൻ കഴിയുന്ന രാജ്യം എന്ന പേര് ടൂറിസം ഭൂപടത്തിൽ ഭൂട്ടാനു പണ്ടേ സ്വന്തം. തിരക്കുകളെല്ലാം മാറ്റി വച്ചു പ്രകൃതിഭംഗിയിൽ അലിയാനുള്ള മനസ്സുമായി വേണം ഭൂട്ടാനിലേക്കു പുറപ്പെടാൻ.

ഈ കുഞ്ഞു രാജ്യത്ത് 70 ശതമാനമാണു വനാവരണം. അതുകൊണ്ടു തന്നെ ലോകത്തിലെ ആദ്യത്തെ കാർബൺ നെഗറ്റീവ് രാജ്യമെന്നും ഭൂട്ടാൻ വിശേഷിപ്പിക്കപ്പെടുന്നു. ലെസ്സർ ഹിമാലയ ഭാഗങ്ങളിലാണു ഭൂട്ടാന്റെ പ്രധാന സ്ഥലങ്ങൾ. മഞ്ഞുമൂടിക്കിടക്കുന്ന ഗ്രേറ്റർ ഹിമാലയ ഭാഗങ്ങളും ഭൂട്ടാന്റെ ഭാഗമായുണ്ട്. ഏതാണ്ടു കേരളത്തിന്റെ വിസ്തൃതി തന്നെയാണു ഭൂട്ടാനുമുള്ളത്. തലസ്ഥാനം - തിംഫു

കാഴ്ചകൾ

ബുദ്ധ ആരാധനാലയങ്ങൾ, പച്ചപ്പാർന്ന ഗ്രാമങ്ങൾ എന്നിവയാണു പ്രധാന കാഴ്ചകൾ. ടൈഗർനെസ്റ്റ് മൊണാസ്ട്രി (പാരോ ജില്ല)- ഭൂട്ടാന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന മൊണാസ്ട്രി. മലഞ്ചെരിവിലെ ഈ ധ്യാനകേന്ദ്രത്തെ പാരോ ടാക്സാങ് എന്നു വിളിക്കപ്പെടുന്നു. 

Punakha Dzong പുനഖ സോങ്– മഹാസന്തോഷത്തിന്റെ കൊട്ടാരം എന്നറിയപ്പെടുന്നു (പുനഖ ജില്ല), ബുദ്ധ ഡോർഡെൻമാ പ്രതിമ, നാഷനൽ ലൈബ്രറി, ഭൂട്ടാൻ ടെക്സ്റ്റൈൽ മ്യൂസിയം, ഭൂട്ടാൻ നാഷനൽ മ്യൂസിയം എന്നിവയാണ് മറ്റു പ്രധാന ആകർഷണങ്ങൾ. 

ട്രാവൽ പ്ലാൻ

ഭൂട്ടാനിലെത്തിയതിനു ശേഷം ചുരുങ്ങിയതു നാലു പകലെങ്കിലും വേണം കാഴ്ചകൾ കണ്ടൂതീർക്കാൻ. ഇന്ത്യൻ ടൂർ ഓപറേറ്റേഴ്സ് നല്ല പാക്കേജുകളുമായി രംഗത്തുണ്ട്. 

നാലു പകൽ, അഞ്ചു രാത്രി യാത്രാ പദ്ധതിക്ക് ഭൂട്ടാനിലെ മാത്രം ചെലവ് ശരാശരി 20,000-30,000 രൂപ വരെയാകും. ഒരു രാത്രിക്കു സുസ്ഥിര വികസന ഫീ ആയി ഒരാൾക്ക് 1200 രൂപ അടയ്ക്കണം. കുടുംബസമേതവും ഒറ്റയ്ക്കുമുള്ള യാത്രകൾക്ക് ഇന്ത്യക്കാരായ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. ഗൈഡിന്റെ സേവനത്തോടെയാണ് ഭൂട്ടാനിലെ യാത്രയെന്നതും കുടുംബമായി പോകുന്ന സഞ്ചാരികൾക്ക് സഹായകരമാണ്. 

ടൂറിസം പ്രധാന വരുമാനമാർഗമായതിനാൽ സഞ്ചാരികളുടെ ക്ഷേമത്തിലും സന്തോഷത്തിലും പ്രത്യേക ശ്രദ്ധ പുലർത്തുന്നവരാണ് ഇവിടെയുള്ളവരിൽ അധികവും. 

പാരോ ആണു ഭൂട്ടാനിലെ ഇന്റർനാഷനൽ എയർപോർട്ട്. കൊച്ചിയിൽനിന്നു പാരോയിലേക്കു നേരിട്ടു വിമാനമില്ല. ഡൽഹി, കൊൽക്കത്ത, ഗുവാഹത്തി എന്നിടങ്ങളിലൂടെയുള്ള കണക്‌ഷൻ ഫ്ലൈറ്റുകൾ ഉണ്ട്.  

ചുരുങ്ങിയത് 23,000 രൂപയാകും ഒരു ദിശയിലേക്കുള്ള ടിക്കറ്റിന്. ഇന്ത്യക്കാർക്ക് വീസ ആവശ്യമില്ല. പക്ഷേ, എൻട്രി പെർമിറ്റ് വേണം. 

കൈവശം വയ്ക്കേണ്ട രേഖകൾ  

∙ ആറുമാസം വാലിഡിറ്റിയുള്ള ഇന്ത്യൻ പാസ്പോർട്ട് അല്ലെങ്കിൽ ഒറിജിനൽ വോട്ടർ ഐഡി കാർഡ്. 

∙ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഒറിജിനൽ ജനനസർട്ടിഫിക്കറ്റ്. 

∙ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോകൾ. 

∙ ട്രാവൽ ഇൻഷൂറൻസ്. 

∙ ഓൺലൈനായി എൻട്രി പെർമിറ്റിന് അപേക്ഷിക്കാൻ ഈ വെബ്സൈറ്റ് സന്ദർശിക്കാം. (www.bhutan.travel)

സുരക്ഷ 

ഭൂട്ടാൻ പൊതുവേ സുരക്ഷിത രാജ്യമാണ്. സഞ്ചാരികളോടു സൗഹാർദത്തോടെ ഇടപെടുന്ന ജനതയാണ്.

ശ്രീലങ്ക

lenka-p

നമ്മുടെ അയൽരാജ്യം. ദ്വീപുരാഷ്ട്രമായതിനാൽ സുന്ദരമായ കടൽത്തീരങ്ങളും കാടും ശ്രീലങ്കയ്ക്കുണ്ട്. തലസ്ഥാനം-കൊളംബോ. ടൂറിസം പ്രധാന വരുമാനമാർഗമായ രാജ്യമാണ് ശ്രീലങ്ക. അതുകൊണ്ടു തന്നെ സഞ്ചാരികൾ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ പ്രത്യേക ശ്രദ്ധയുമുണ്ട്. ആഭ്യന്തരപ്രതിസന്ധികളിൽ നിന്നു രാജ്യം പൂർണമായി കരകയറിയിട്ടില്ല എന്നതാണു ശ്രീലങ്കൻ ടൂറിസം മേഖല ഇപ്പോൾ നേരിടുന്ന പ്രതിസന്ധി. 

കാഴ്ചകൾ

സിഗിരിയ- 180 മീറ്റർ ഉയരമുള്ള പാറക്കെട്ട് ഒരു കോട്ട പോ ലെ നിലകൊള്ളുന്നതു കാണാതെ പോകരുത്. ലിറ്റിൽ ആ ഡംസ് പീക്, ബുന്ദാല നാഷനൽ പാർക്ക്, മലകളിലെ ക്യാംപിങ്, വിൽപാട്ടു നാഷനൽ പാർക്ക്, കൗതുള്ള, മിന്നേരിയ നാഷനൽ പാർക്കുകൾ, ഗാലെ കോട്ട, സർഫ് ക്ലബുകൾ, ഡാംദുള്ള നഷ്ടനഗരം, ഗോൾഡൻ കേവ് ടെംപിൾ, കാൻഡി നഷ്ടനഗരം, യാല നാഷനൽ പാർക്, ബെൻടോറ്റ- പാരഡൈസ് ഐലൻഡ് 

ട്രാവൽ പ്ലാൻ

ശ്രീലങ്കയിൽ അഞ്ചു പകലുണ്ടെങ്കിൽ ഒരുവിധം കാഴ്ചയൊക്കെ കാണാം. ഏഴു ദിവസത്തെ യാത്രയ്ക്കു 48,000 രൂപയിൽ തുടങ്ങുന്ന പാക്കേജുകൾ ലഭ്യമാണ്. 

‌മുൻപ് ഇന്ത്യയിൽ നിന്നു  ധാരാളം സഞ്ചാരികളെ ആ കർഷിച്ചിരുന്ന രാജ്യമാണ് ശ്രീലങ്ക. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറാനായി ടൂറിസം രംഗത്തു കൂടുതൽ ആകർഷകമായ പാക്കേജുകളുമായി രംഗത്തു വരാനുള്ള ശ്രമം സഞ്ചാരികൾക്ക് ആദായകരമായി മാറാം.  

കൊച്ചി - (ബെംഗളൂരു/ചെന്നൈ) - കൊളംബോ വിമാനയാത്രയ്ക്ക് ഏകദേശം 8,000-15,000 രൂപയാകും. ചെന്നൈയിൽനിന്നു ഡയറക്ട് ഫ്ലൈറ്റുകളുണ്ട്. നേരത്തെ ബുക് ചെയ്താൽ റേറ്റിൽ കുറവ് കിട്ടും. 

ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ വേണം ശ്രീലങ്ക സന്ദർശിക്കാൻ. ഇ വീസ ഓൺലൈൻ ആയി അപേക്ഷിക്കാം. ടൂറിസ്റ്റ് വീസ ഓൺ അറൈവൽ ആണ്. 

ഓൺലൈൻ വീസ എടുക്കുന്നതിനായി വെബ്സൈറ്റ് സന്ദർശിക്കാം – https://visitslk-online.com/

കൈവശം വയ്ക്കേണ്ട രേഖകൾ 

∙ ആറുമാസം വാലിഡിറ്റിയുള്ള ഇന്ത്യൻ പാസ്പോർട്ട് അല്ലെങ്കിൽ ഒറിജിനൽ വോട്ടർ ഐഡി കാർഡ്. 

∙ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒറിജിനൽ ജനനസർട്ടിഫിക്കറ്റ്. 

∙ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോകൾ.

∙ ട്രാവൽ ഇൻഷുറൻസ്.

സുരക്ഷ 

ആഭ്യന്തര പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ് ശ്രീലങ്ക. വിദഗ്ധ നിർദേശം സ്വീകരിച്ചും 

ജാഗ്രതയോടെയും വേണം യാത്ര. പൊതുവേ അത്ര സുരക്ഷിതമല്ല ശ്രീലങ്ക എന്ന് സമീപകാല വാർത്തകൾ തെളിയിക്കുന്നു.

തായ്‌ലൻഡ്

tailand

ഉറങ്ങാത്ത നഗരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാങ്കോക്ക്, സുവർണ കടലോരങ്ങൾ, ആനിമേഷൻ സിനിമകളിലെന്നപോലെ പളുങ്കുജലത്തിൽ ഉയർന്നു നിൽക്കുന്ന ചെറിയ കുന്നുകൾ, അതിനിടയിലൂടെയുള്ള ബോട്ട് സവാരി, പവിഴ ദ്വീപുകളിലേക്കുള്ള യാത്ര... തായ്‌ലൻഡ് തരുന്ന കാഴ്ചകൾ വേറെ ലെവലാണ്. തലസ്ഥാനം–ബാങ്കോക്ക്.

കാഴ്ചകൾ

പട്ടായ, ബാങ്കോക്ക് സിറ്റി കാഴ്ചകൾ, ഗ്രാൻഡ് പാലസ്, ഫിഫി ഐലൻഡ്, കടൽഗുഹകൾ, ജയിംസ് ബോണ്ട് സിനിമയിലെ  ദ്വീപ്, ആനസങ്കേതം (ഫുക്കെറ്റ്), രാത്രികാഴ്ചകൾ. ആഘോഷകാഴ്ചകൾ മാത്രമല്ല, പിൽഗ്രിമേജ് ടൂറിസം കേന്ദ്രങ്ങളും ഇവിടെ ധാരാളമായുണ്ട്. ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും പ്രാചീന സംസ്കാരത്തിന്റെ ശേഷിപ്പുകളായ നിർമിതികളും തായ്‌ലൻഡിലുണ്ട്. ടെംപിൾ ഓഫ് എമറാൾഡ് ബുദ്ധ, ടെംപിൾ ഓഫ് ഗോൾഡൻ ബുദ്ധ, ടൈഗർ കേവ് ടെപിംൾ എന്നിവ അവയിൽ ചിലതു മാത്രം.  

ട്രാവൽ പ്ലാൻ

നാലുദിവസം – ആറു ദിവസ പാക്കേജുകൾ ലഭ്യം. ഫ്ലൈറ്റ് ടിക്കറ്റുകളില്ലാതെ, ചുരുങ്ങിയത് 20,000 രൂപ മുതൽ തുടങ്ങുന്നു ഇത്തരം പാക്കേജുകൾ. നവംബർ മുതൽ ഏപ്രിൽ വരെയാണ് പ്രധാന ടൂറിസ്റ്റ് സീസൺ. അല്ലാത്ത സമയങ്ങളിൽ പാക്കേജിൽ ആനുപാതികമായ കുറവു ലഭിക്കാം. കൊച്ചിയിൽനിന്നു കണക്‌ഷൻ ഫ്ലൈറ്റുകളുണ്ട്. 19,000 രൂപ മുതൽ നിരക്കു തുടങ്ങുന്നു. തായ്‌ലൻഡിൽ ഇ വീസയ്ക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ സുവർണഭൂമി എയർപോർട്ടിൽ ചെന്ന് ഓൺ അറൈവൽ വീസ എടുക്കാം. ടൂറിസം ലക്ഷ്യമാക്കിയുള്ള യാത്രകൾക്കാണ് ഈ സൗകര്യം ലഭിക്കുക. 

കൈവശം വയ്ക്കേണ്ട രേഖകൾ 

∙ ഇന്ത്യൻ ഐഡന്റിറ്റി കാർഡ്. ആറുമാസം വാലിഡിറ്റിയുള്ള പാസ്പോർട്ട്,   

∙ എട്ടു പാസ്പോർട്ട് സൈസ് ഫോട്ടോകൾ (ആറുമാസത്തിനുള്ളിൽ എടുത്തവ), 

∙ റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ്,  ഹോട്ടൽ റിസർവേഷൻ വിവരം 

∙ 20,000 ബാത് അക്കൗണ്ടിലുള്ളതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് 

https://thailandevoa.vfsevisa.com/v1/login

സുരക്ഷ 

ചെറുഗ്രൂപ്പുകളുടെ സംഘർഷം, പോക്കറ്റടി എന്നിവ ശ്രദ്ധിക്കുക.

ഇന്തൊനീഷ്യ

indonesiya

ഭൂമിയിലെ ഏറ്റവും വലിയ ദ്വീപ് ശൃംഖലയാണ് ഇന്തൊനീഷ്യ. 17000 കുഞ്ഞുദ്വീപുകൾ കൂടിച്ചേർന്ന രാഷ്ട്രം. കിടിലൻ ബീച്ചുകളും കാടുകളുമാണ് ഇന്തൊനീഷ്യയെ സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാക്കി മാറ്റുന്നത്. ഏതാണ്ട് 128 ൽ അധികമുള്ള അഗ്നിപർവതങ്ങളിൽ 80 എണ്ണം ഇപ്പോഴും സജീവമാണെന്നു വിദഗ്ധർ പറയുന്നു.  

കാഴ്ചകൾ

ചരിത്രം, സംസ്കാരം എന്നിവ അറിയാം. ഒപ്പം അതിസുന്ദരമായ ബീച്ചുകളിൽ നീരാടാം. കൊമോഡോ നാഷനൽ പാർക്കിൽ കൊമോഡോ ഡ്രാഗണുകളെ കാണാം. അഗ്നിപർവതങ്ങളെ കണ്ടറിയാൻ ജാവയിലൂടെ ട്രക്കിങ് നടത്താം. ക്ഷേത്രങ്ങളും ബീച്ചുകളും അഗ്നിപർവതങ്ങളുമൊക്കെ കണ്ടറിഞ്ഞു സഞ്ചരിക്കാൻ ഏറെ സ്ഥലങ്ങളുണ്ട്.

ട്രാവൽ പ്ലാൻ

ബാലിയിലേക്കും മറ്റും ഒട്ടേറെ പാക്കേജുകൾ ഏജൻസികൾ തന്നെ നൽകുന്നുണ്ട്. വലിയ ചെലവില്ലാതെ അ‍ഞ്ചു ദിവസ പാക്കേജുകൾ ലഭ്യം. ഫ്ലൈറ്റ് ടിക്കറ്റില്ലാതെ 10,000 രൂപ മുതലുള്ള പാക്കേജുകൾ ഉണ്ട്. ഒരു സ്റ്റോപ്പുള്ള കണക്‌ഷൻ ഫ്ലൈറ്റുകൾ കൊച്ചിയിൽനിന്നു ജക്കാർത്തയിലേക്കുണ്ട്. ഇന്ത്യക്കാർക്ക്  ഓൺ അറൈവൽ വീസ കിട്ടും. 15 ദിവസമാണു വാലിഡിറ്റി.  

കൈവശം വയ്ക്കേണ്ട രേഖകൾ

∙ ഇന്ത്യൻ ഐഡന്റിറ്റി കാർഡ്, പാസ്പോർട്ട് 

∙ റിട്ടേൺ ടിക്കറ്റ്, താമസസൗകര്യം ഉറപ്പാക്കിയ രേഖ,‌ 

∙ പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ 

∙ ആവശ്യമായ തുകയുടെ ‌ബാങ്ക് ബാലൻസ് സ്റ്റേറ്റ്മെന്റ്

കൂടുതല്‍ വിവരങ്ങൾക്ക് – 

https://kemlu.go.id/newdelhi/en/pages/online_visa_application/106/about-service

സുരക്ഷ 

സംഘർഷ മേഖലകളിൽ നിന്ന് ഒഴിവായി  നിൽക്കണം. പോക്കറ്റടി, തോക്കുപയോഗിച്ചുള്ള ആക്രമണം എന്നിവ  ഉണ്ടാകാറുണ്ട്. 

Tags:
  • World Escapes
  • Travel India
  • Travel Destinations