Thursday 30 November 2023 02:45 PM IST

‘അമ്മേ ശരണം, ദേവി ശരണം...’; ശരണമന്ത്രം ചൊല്ലി ഇരുമുടിയേന്തി സ്ത്രീകൾ ദർശനം നടത്തുന്ന മണ്ടയ്ക്കാട്ട് ദേവീ സന്നിധിയിൽ

V R Jyothish

Chief Sub Editor

kanyakumari9000 ഫോട്ടോ: എസ്. സുമിത്

കന്യാകുമാരിയിലേക്കുള്ള യാത്രയിലാണ് തീവണ്ടി. ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസിന്റെ ജനറൽ കംപാർട്മെന്റിൽ വച്ചാണു കൊല്ലംകാരനായ ബാലകൃഷ്ണനെയും കുടുംബത്തെയും പരിചയപ്പെടുന്നത്. മണ്ടയ്ക്കാട് ക്ഷേത്രത്തിലേക്കാണ് അവരും.

‘‘2004 ലാണു ഞങ്ങൾ ആദ്യം പോകുന്നത്. പിന്നെ, ഒരു വർഷവും മുടക്കിയിട്ടില്ല. പറ്റുന്ന അവസരങ്ങളിലെല്ലാം ഭാര്യയും മകളും ഇരുമുടിയെടുക്കും. കാരണം ദേവിയുടെ അനുഗ്രഹമില്ലെങ്കിൽ ഇതു പറയാൻ ഞാൻ നിങ്ങൾക്കു മുന്നിലിങ്ങനെ ഉണ്ടാകുമായിരുന്നില്ല.’’ ബാലകൃഷ്ണൻ കൈകൂപ്പി. കളിയിക്കാവിള കടന്നു തമിഴ്നാട്ടിേലക്കു കടക്കുന്നു തീവണ്ടി. അൽപനേരത്തെ നിശബ്ദതയ്ക്കു ശേഷം  ബാലകൃഷ്ണൻ  ആ ദിവസത്തെക്കുറിച്ചു പറഞ്ഞു. ‘‘2004 ഡിസംബർ 24–ാം തീയതി കൊല്ലത്തു നിന്നു ഞങ്ങളൊരു ടൂറിസ്റ്റ് ബസ് പിടിച്ചാണു മണ്ടയ്ക്കാട് പോയത്. ഞാനും ഭാര്യയും മക്കളും ഉൾപ്പെടെ നാൽപതംഗ സംഘം. ദർശനം കഴിഞ്ഞു കടപ്പുറത്ത് എത്തി. ഞങ്ങൾ കടൽത്തീരത്തു നിന്നു ബസിൽ കയറി 10 മിനിറ്റ് കഴിഞ്ഞാണു സൂനാമിത്തിരകൾ ഇരച്ചെത്തിയത്. വിവിധ സ്ഥലങ്ങളിൽ എത്രയോ പേരുടെ ജീവൻ പൊലിഞ്ഞു. പക്ഷേ, ഞങ്ങളുടെ ജീവിതം ദേവിയുടെ ദാനമാണെന്നു വിശ്വസിക്കാനാണിഷ്ടം.’’ ഇങ്ങനെ എത്രയോ അനുഭവകഥകൾ പറയാനുണ്ടാകും മണ്ടയ്ക്കാടു ക്ഷേത്രത്തിൽ വരി നിൽക്കുന്ന ഭക്തർക്ക്.

‘സ്ത്രീകളുടെ ശബരിമല’ എന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങൾ ഒരുപാടുണ്ട്. എന്നാൽ ശബരിമലയിൽ പോകുന്നതു പോലെ ഇരുമുടിക്കെട്ടു നിറച്ചു തലയിലേന്തി ‘അമ്മേ ശരണം, ദേവി ശരണം...’ എന്നിങ്ങനെ ശരണമന്ത്രം ചൊല്ലി സ്ത്രീ തീർഥാടകർ എത്തുന്ന ക്ഷേത്രം തെന്നിന്ത്യയിൽ വേറെയില്ല. ഇരുമുടിക്കെട്ടുമായി വർഷത്തിൽ എല്ലാ ദിവസവും ഇവിടെ സ്ത്രീകൾ എത്താറുണ്ട്. എങ്കിലും മണ്ഡലക്കാലത്തും കുംഭമാസത്തിലെ കൊട ഉത്സവകാലത്തുമാണു ധാരാളം പേർ എത്തുന്നത്. ഈ വർഷം മാർച്ച് 14 നാണു മണ്ടയ്ക്കാട്ട് കൊട. പ്രായമായ സ്ത്രീകൾ 41 ദിവസം വ്രതമെടുത്താണ് ഇരുമുടിക്കെട്ടുമായി അമ്മയെ തൊഴാനെത്തുന്നത്. യുവതികൾ 21 ദിവസം വ്രതമെടുക്കും.  

ക്ഷേത്രോൽപത്തിയുടെ ഐതിഹ്യങ്ങൾ

കൊന്നക്കോട് എന്ന നായർ തറവാട്ടുകാരുടെ വകയായിരുന്നു ക്ഷേത്രം. കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട് പണ്ട് മന്തൈക്കാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വനപ്രദേശമായിരുന്നു. കാലക്രമേണ ജനവാസ മേഖലയായി മാറിയപ്പോൾ സ്ഥലപ്പേര് മണ്ടയ്ക്കാട് എന്നായി മാറി. പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു ഇവിടം.

കോളറയും വസൂരിയും ഈ പ്രദേശത്തെ ഗ്രാമങ്ങളിൽ വ്യാപകമായിരുന്നു.  ഒരു ഘട്ടത്തിൽ ഗ്രാമവാസികൾ മണ്ടയ്ക്കാടിൽ നിന്ന് ഒഴിഞ്ഞു പോകാൻ തുടങ്ങി. ഐതിഹ്യങ്ങൾ അനുസരിച്ച്, ഒരിക്കൽ ആദിശങ്കരന്റെ ഒരു ശിഷ്യൻ ശിവശക്തി ഐക്യരൂപത്തിൽ പരാശക്തി കുടികൊള്ളുന്ന ‘ശ്രീചക്രം’ വഹിച്ചുകൊണ്ട് ഈ പ്രദേശത്ത് എത്തി. ആ ശ്രീചക്രത്തിൽ അദ്ദേഹം ദിവസവും പ്രാർഥന നടത്തി. വളരെക്കാലം അവിടെ താമസിച്ച സന്യാസി ജനങ്ങളുടെ അസുഖങ്ങൾ ഭേദമാക്കുകയും ഗ്രാമത്തിലെ കുട്ടികൾക്ക് വിനോദത്തിനായി കളികൾ പഠിപ്പിക്കുകയും ചെയ്തു. അ ദ്ദേഹമൊരു ദിവ്യനാണെന്ന വിശ്വാസം നാട്ടുകാർക്കിടയിലുണ്ടായിരുന്നു.

കാലക്രമേണ സന്യാസി ശ്രീചക്രം സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഒരു ചിതൽപ്പുറ്റുണ്ടായി. അദ്ദേഹം ശ്രീചക്രം നിലത്ത് സ്ഥാപിച്ച് പൂജയിലും ധ്യാനത്തിലും മുഴുകി. പതിയെ അതിനു ചുറ്റും ചിതൽപ്പുറ്റുകൾ വളർന്നു. കുട്ടികൾ ധ്യാനത്തിൽ നിന്ന് ഉണർത്താൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹം ആ സ്ഥലത്ത് ‘ജീവസമാധി’ (ദൈവത്തിലോ പരബ്രഹ്മത്തിലോ ലയിക്കുന്നുവെന്ന സങ്കൽപം) ആയിത്തീർന്നുവെന്നു ഗ്രാമവാസികൾക്കു മനസ്സിലായത്.

kanyakumari9878

സന്യാസിയുടെ സമാധിക്കു ശേഷവും അദ്ദേഹം സ്ഥാപിച്ച ശ്രീചക്രം അവിടെ തന്നെ നിലകൊണ്ടു. പ്രദേശവാസികൾ പറഞ്ഞതനുസരിച്ചു കൊന്നക്കോട് തറവാട്ടിലെ കാരണവരുടെ നേതൃത്വത്തിൽ പരുത്തിവിള നാടാരുടെ സഹായത്തോടെ ക്ഷേത്രത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്തത്രേ. ചുറ്റും മരയഴി അടിച്ചാണു മൺപുറ്റിനു ചുറ്റും ആറുകാൽ പുര ഉയർത്തിയത്. അതിനു ശേഷം ഒരാണ്ടു തികഞ്ഞപ്പോൾ മണ്‍പുറ്റിന്റെ വളർച്ച കൂടി.

പിന്നീടു പല തവണ പുര ഉയർത്തേണ്ടി വന്നു. അതിനൊ പ്പം ക്ഷേത്രത്തിന്റെ ഖ്യാതിയും വളർന്നു. പിന്നീടു കാലങ്ങ ൾക്കു ശേഷം ഇവിടത്തെ ആചാരനിഷ്ഠകളും ഭക്തജനത്തിരക്കും വരുമാനവും ദിവാൻ വേലുത്തമ്പി ദളവയുടെ ശ്രദ്ധയിൽപ്പെട്ടു. തിരുവിതാംകൂറിൽ പല വിഭാഗങ്ങൾക്കും ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലത്തും  ഈ ക്ഷേത്രവാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരുന്നു. അമ്മയ്ക്കു മുന്നിൽ എന്നും  ഭക്തർ മക്കളായിരുന്നു. അതിൽ ഭേദവിചാരങ്ങളുണ്ടായിരുന്നില്ല.

പല കാരണങ്ങളാൽ ദിവാനു കൊന്നക്കോട് തറവാട്ടുകാരോട് അപ്രീതി ഉണ്ടായിരുന്നു. അതിനു പിന്നിൽ ചിലരുടെ ഉപജാപങ്ങളും ഉണ്ടായിരുന്നത്രേ. മഹാരാജാവിന്റെ ക ൽപന പ്രകാരം  1803 ഏപ്രിൽ 24ന്  (കൊല്ലവർഷം 978 മേടം 10) വേലുത്തമ്പി ദളവ ക്ഷേത്രവും സ്വത്തുക്കളും തിരുവിതാംകൂർ സർക്കാരിലേക്ക് ഏറ്റെടുത്തുവെന്നു പറയുന്നു. അന്നു പുതുക്കി നിശ്ചയിച്ചതാണു ക്ഷേത്രത്തിലെ ഇന്നത്തെ ആചാരങ്ങളെന്നാണു ‘മണ്ടയ്ക്കാട്ട് സ്ഥലപുരാണം’ എന്ന ഗ്രന്ഥം നൽകുന്ന സൂചന. ഒരുപക്ഷേ, തിരുവിതാംകൂറിൽ സർക്കാർ ഭരണം ഏറ്റെടുക്കുന്ന ആദ്യ ക്ഷേത്രവും ഇതാകാം. വൈകുണ്ഠസ്വാമികൾ രചിച്ച അഖിലത്തിരട്ട് എന്ന ഗ്രന്ഥത്തിലും ക്ഷേത്രത്തെക്കുറിച്ചു പരാമർശമുണ്ട്. തമിഴ്നാട്ടിെല ക്ഷേത്രങ്ങളിൽ സാധാരണ കാണാറുള്ള വിശാലമായ പ്രദക്ഷിണ വഴികളില്ല. ശ്രീകോവിലിനോടു തൊട്ടു വിളക്കു മണ്ഡപവും മണിമേടയുമുണ്ട്. ശ്രീകോവിൽ ഇപ്പോൾ പൊളിച്ചു പണിതുകൊണ്ടിരിക്കുന്നു.  ശൈവരീതിയിലുള്ള താന്ത്രിക പൂജകളാണ് ഇവിടുത്തേത്.

‘‘ദുർഗ, ലക്ഷ്മി, സരസ്വതി – മൂന്നു രൂപങ്ങളെയും സമന്വയിപ്പിച്ച കാളീരൂപമാണു മണ്ടയ്ക്കാട്ടമ്മ. നാലുകാല പൂജയാണിവിടെ.’’ ക്ഷേത്രത്തിലെ പ്രധാന പൂജാരിമാരിൽ ഒ രാളായ വിഘ്നേഷ് കുരുക്കൾ പറയുന്നു.

വിഘ്നേഷ് കുരുക്കളുടെ പിതാവ് ഗോപാലകുരുക്കൾ ഇവിടെ 30 വർഷം പൂജാരിയായിരുന്നു. അദ്ദേഹത്തിന്റെ  കാലശേഷമാണു മക്കളായ വിഘ്നേഷും വിനീഷും പൂജാരിമാരാകുന്നത്. ഇവരെക്കൂടാതെ ഭഗവതി കുരുക്കളും  ബിനു കുരുക്കളുമാണു മറ്റു പൂജാരിമാർ.  

pongala2(1)

തീയാറാത്ത പൊങ്കാലയടുപ്പുകൾ

മണ്ടയ്ക്കാട് ക്ഷേത്രത്തിലെത്തി ഇരുമുടിയിറക്കി തൊഴുതശേഷം ഭക്തർ നേരെ കടൽക്കരയിലേക്കു പോകും. കടലിൽ കുളിച്ച് ഇരുമുടിയിലുള്ള നാളീകേരം കടൽവെള്ളത്തിൽ മുക്കിയെടുക്കും. തിരിച്ചു ക്ഷേത്രത്തിലെത്തി ആ നാളീകേരം ഉടച്ചു പൊങ്കാലയിടും. അന്നു പൊങ്കാലപ്പുരയിൽ വിശ്രമിക്കും. പിറ്റേന്നു രാവിലെ നിർമാല്യ ദർശനം കഴിഞ്ഞതിനുശേഷമാണ് ഇരുമുടി കെട്ടിയെത്തിയവർ തിരിച്ചു വീടുകളിലേക്കു പോകുന്നത്.  

ക്ഷേത്രമതിൽക്കെട്ടിനുള്ളിലായിരുന്നു പണ്ടു പൊങ്കാലയടുപ്പുകൾ. പിന്നീടതു ക്ഷേത്രത്തിന് എതിർവശത്ത് അന്നദാനമണ്ഡപത്തോടു ചേർന്നുള്ള പൊങ്കാലപ്പുരയിലേക്കു മാറി. അന്നദാനമണ്ഡപത്തിൽ ദിവസം 100 പേർക്കു ക്ഷേത്രം വകയായി അന്നദാനമുണ്ട്. നിത്യപൊങ്കാല നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണിത്. ദിവസം ഒരാളെങ്കിലും പൊങ്കാലയിടാനെത്തും. പൊങ്കാലയില്ലാത്ത ഒരു ദിവസം പോലും മണ്ടയ്ക്കാട്ടുകാരുടെ ഓർമയിലില്ല. ‘‘നൂറ്റാണ്ടുകളായി തീയാറാത്തതാണ് ഇവിടുത്തെ പൊങ്കാലയടുപ്പുകൾ’’ ക്ഷേത്രജീവനക്കാരിയായ ശാന്തിയുടെ വാക്കുകൾ.

kanyakumar66777

തങ്കത്തേരു വലിച്ചു പ്രദക്ഷിണം

എല്ലാ മാസവും അവസാനത്തെ ചൊവ്വാഴ്ച വിഗ്രഹത്തിന്റെ പ്രതിരൂപമായ ഗോളക പുറത്തേക്ക് എഴുന്നള്ളിക്കും. ദേവീവിഗ്രഹം പുറത്തേക്ക് എഴുന്നള്ളിക്കുന്നു എന്നാണു സങ്കൽപം. വെള്ളിപല്ലക്കിലാണു ഗോളക പുറത്തെഴുന്നള്ളിക്കുന്നത്. അന്നു പല്ലക്കു കടന്നുപോകുന്ന രഥവീഥികൾ അലങ്കരിക്കും. ക്ഷേത്രവും പരിസരവും ഭക്തിനിർഭരമാകും. മാസാന്ത്യത്തിലെ ചൊവ്വാഴ്ചകളിലാണു പുറത്തെഴുന്നെള്ളിപ്പെങ്കിൽ മാസത്തിൽ എല്ലാ ദിവസവും തങ്കത്തേരു വലിക്കാനുള്ള സൗകര്യം ഭക്തർക്കുണ്ട്. ക്ഷേത്രത്തിൽ പ്രത്യേകം തയാറാക്കിയ രഥമണ്ഡപത്തിൽ സൂക്ഷിച്ചിട്ടുള്ള സ്വർണത്തേര‌ു വലിക്കുന്നതിനു നിലവിൽ 1500 രൂപയാണു ഫീസ്.

ഇവിടുത്തെ ഉത്സവകാഴ്ചകളിൽ മനസ്സിൽ നിന്നു മാ യാത്ത ഒന്നാണു പെരിയ ചക്ര തീവെട്ടി. നിരന്തരമായ പ രിശീലനം കൊണ്ടുമാത്രമേ ഈ തീവെട്ടി കത്തിച്ചു പിടിക്കാൻ സാധിക്കു. സ്വയംഭൂ സങ്കൽപത്തിലുള്ള ദേവിയാണു പ്രതിഷ്ഠ. വ ളർന്നുകൊണ്ടിരിക്കുന്നു എന്നു വിശ്വസിക്കുന്ന മൺപുറ്റാണിത്. ആ മൺപുറ്റുകളിൽ ഉണ്ടാകുന്ന വിടവുകളിൽ ചന്ദനം നിറയ്ക്കുന്ന ചടങ്ങാണ് ഉത്സവദിവസങ്ങളിൽ പ്രധാനമായും നടക്കുന്നത്.

കുംഭമാസത്തിൽ ഒടുവിലത്തെ ചൊവ്വാഴ്ചയ്ക്കു പ ത്തുദിവസം മുൻപാണു മണ്ടയ്ക്കാട്ടു കൊടയ്ക്കു കൊടിയേറുന്നത്. പത്തുദിവസത്തെ ഉത്സവത്തിന്റെ അവസാന ദിവസമാണ് ഒടുക്കുപൂജ. രാത്രി പന്ത്രണ്ടരയ്ക്കും ഒരുമണിക്കും  മധ്യേയാണു ചടങ്ങുകൾ നടക്കുന്നത്.

തൊട്ടടുത്തുള്ള ശാസ്താക്ഷേത്രത്തിൽ തയാറാക്കുന്ന സദ്യയുെട വിഭവങ്ങൾ പൂജാരിമാർ പലകയിൽ അടുക്കി വച്ച് ഒറ്റത്തുണി കൊണ്ടു മൂടി വച്ചാണു കൊണ്ടുവരുന്നത്. പരിപ്പു മുതൽ രസം വരെയുള്ള വിഭവങ്ങൾ ഒടുക്കു പൂജയ്ക്കു വേണ്ടി കൊണ്ടുവരും. അരി, പയർ, ശർക്കര എന്നിവ ചേർത്തുണ്ടാക്കുന്ന മണ്ടയപ്പവും കടുംപായസവുമാണ് പ്രധാന നിവേദ്യങ്ങൾ. കൊടയോടനുബന്ധിച്ചുള്ള മറ്റൊരു വിശേഷപൂജയാണു വലിയ പടുക്ക. മലർ, പഴം, വട, അപ്പം, തിരളി തുടങ്ങിയ ധാരാളം വിഭവങ്ങൾ ഉണ്ടാക്കിയുള്ള പൂജയാണ് വലിയ പടുക്ക. ആചാരങ്ങൾ ഇനിയുമേറെയുണ്ട്.

നടയ്ക്കൽ വച്ചു ബാലകൃഷ്ണനെ വീണ്ടും കണ്ടുമുട്ടി.

‘‘ഒരു കിലോമീറ്റർ അപ്പുറവും ഇപ്പുറവുമുള്ള കടപ്പുറങ്ങളെയും അവിടെയുള്ള മനുഷ്യരെയും സുനാമി കൊണ്ടുപോയപ്പോൾ മണ്ടയ്ക്കാട് കടപ്പുറം മാത്രം സുരക്ഷിതമായിരുന്നു. ശാസ്ത്രം എന്തു പറഞ്ഞാലും അമ്മയുടെ കടാക്ഷം എന്നു വിശ്വസിക്കാനാണു ഭക്തജനങ്ങൾക്കിഷ്ടം.’’ ഉച്ചപൂജയ്ക്കുള്ള സമയമാകുന്നു. പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി നിറഞ്ഞ കണ്ണുകളോെട  കൈകൂപ്പുന്ന നൂറുകണക്കിനു സ്ത്രീകൾ.

അമ്മേ ശരണം ദേവി ശരണം...

മണ്ടയ്ക്കാട്ടു വാഴുന്ന ഭഗവതി ശരണം.

ശരണം താ ദേവി... ശരണം താ...

പാദം താ ദേവി... പാദം താ...

SUM03180

പ്രാർഥനയുടെ ആൾരൂപങ്ങൾ

ഇവിടെ ഏറ്റവും പ്രാധാന്യമുള്ള വഴിപാടുകളിലൊന്നാണ് ആൾരൂപ സമർപണം. രോഗശാന്തി പ്രാർഥനയോടെ ദേവിയുടെ തൃപ്പാദങ്ങളിൽ ആൾരൂപം സമർപ്പിക്കാൻ ആയിരക്കണക്കിനു ഭക്തരാണു ദിനവും ക്ഷേത്രത്തിലെത്തുന്നത്.

സ്വർണത്തിലും വെള്ളിയിലും തടിയിലുമുള്ള ആൾരൂപങ്ങളാണു നടയ്ക്കൽ സമർപ്പിക്കുന്നത്. തല, കൈ, കാല്, കണ്ണ് തുടങ്ങിയ മനുഷ്യശരീരഭാഗങ്ങളുടെ രൂപങ്ങളാണു സ്വർണത്തിലും വെള്ളിയിലും തടിയിലുമായി നിർമിക്കുന്നത്.

‘‘അനുഭവസ്ഥർ പറഞ്ഞറിഞ്ഞാണു പലരും ഇവിടേക്കെത്തുന്നത്. മനമുരുകി വിളിക്കുന്ന ഭക്തരെ അമ്മ കൈവിടില്ല. അതുകൊണ്ടാണു മണ്ടയ്ക്കാട്ടെ ആൾരൂപ സമർപണം വഴിപാടിനായി വിദേശങ്ങളിൽ നിന്നു പോലും ഭക്തർ എത്തുന്നത്.’’ ക്ഷേത്രത്തിലെ കരാർജീവനക്കാരിയായ മഹേശ്വരി പറയുന്നു.

മണ്ടയ്ക്കാട്ടെ ഇരുമുടി

ശബരിമലയിലേക്കുള്ള ഇരുമുടി പോലെ മുൻമുടിയും പിൻമുടിയും ഉള്ള കെട്ടും കെട്ടിയാണു ഭക്തരെത്തുന്നത്. സ്ത്രീകൾ മാത്രമാണ് ഇരുമുടിയുമായി ദർശനത്തിനെത്തുന്നത്. അരി, തേങ്ങ, ശർക്കര, പഴം തുടങ്ങിയവ പിൻമുടിയിൽ നിറയ്ക്കുന്നു. മുൻമുടിയിലാണ് പൂജയ്ക്കുവേണ്ട ദ്രവ്യങ്ങൾ കരുതുന്നത്. ചന്ദനം, ഭസ്മം, അ വൽ, മലർ, തേങ്ങ എന്നിവ മുൻമുടിയിൽ നിറയ്ക്കുന്നു.ശബരിമലയ്ക്കുള്ള ഇരുമുടിയിൽ നെയ്തേങ്ങയാണെങ്കിൽ മണ്ടയ്ക്കാട്ടമ്മയ്ക്കു വെറും തേങ്ങയാണ് എന്നതാണു വ്യത്യാസം. പൂജാദ്രവ്യങ്ങളോടൊപ്പം തന്നെ കരിമഷി, ചാന്ത്, കുപ്പിവള, അലങ്കാരമാലകൾ, കമ്മൽ, പൊട്ട് തുടങ്ങി സ്ത്രീകളുടെ ഇഷ്ടവസ്തുക്കളുമുണ്ടാകും ഇരുമുടിയിൽ.

Tags:
  • Movies