Friday 12 January 2024 02:42 PM IST

‘എന്റെ സന്തോഷമാണ്, അതിൽ മറ്റാർക്കും ബുദ്ധിമുട്ട് തോന്നേണ്ട കാര്യമില്ല’: ഹാപ്പിയാക്കി നിർത്തുന്ന ‘വാശി’: സയനോര പറയുന്നു

V.G. Nakul

Sub- Editor

sayanora-philip

‘‘സംഗീതവും നൃത്തവും എനിക്കൊരിക്കലും പിരിയാനാകാത്ത കൂട്ടുകാരികളാണ്. നല്ല പാട്ട് കേട്ടാൽ അറിയാതെ ഒപ്പം മൂളും. ശരീരം താളത്തിനൊത്തു നീങ്ങും. മറ്റാരെങ്കിലും ശ്രദ്ധിക്കുമോ എന്നൊന്നും ചിന്തിക്കാറില്ല. നമ്മൾ നമ്മളെ സന്തോഷിപ്പിച്ചാലെ, ജീവിതവും ജോലിയും നന്നാകൂ...’’

‘വനിത’യുടെ പുതുവർഷപ്പതിപ്പിലെ (ജനുവരി 6 – 19, 2024) പ്രത്യേക അഭിമുഖത്തിൽ നടി രമ്യ നമ്പീശൻ പറഞ്ഞതാണിത്. സ്വന്തം മനസ്സിന് സന്തോഷം ലഭിക്കുന്നതെന്തോ അതു ചെയ്യുക. മറ്റൊരു മനുഷ്യനെ ദോഷമായി ബാധിക്കരുതെന്നു മാത്രം.
‘അയാളെന്തു കരുതും ഇയാളെന്തു പറയും എന്നൊന്നും ചിന്തിക്കേണ്ടതില്ലെന്റെ പെണ്ണുങ്ങളേ....പാടാൻ തോന്നുമ്പോൾ പാടൂ...ആടാൻ തോന്നുമ്പോൾ ആടൂ...സ്വന്തം മനസ്സിനും ജീവിതത്തിനും എത്രകൊടുക്കാമോ, അത്രയും സന്തോഷം കൊടുക്ക്...’ എന്നാണീ വാക്കുകൾ പകരുന്ന പ്രതീക്ഷ...

കഴിഞ്ഞ ദിവസം മലയാളത്തിന്റെ പ്രിയഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച മനോഹരമായൊരു വിഡിയോയും ഇതാണ് തെളിയിക്കുന്നത്...‘എന്താണോ നിങ്ങൾക്ക് സന്തോഷം നൽകുക, അതങ്ങു ചെയ്യന്നേ...’.

മഴ ചന്നം പിന്നം തൂവിപ്പൊടിയുന്ന രാത്രിയിൽ, ഫോർട്ട് കൊച്ചിയിലെ തിരക്കൊഴിഞ്ഞ പാതയുടെ സൗന്ദര്യത്തിൽ മുങ്ങി, സ്വയം മറന്ന് നൃത്തം ചെയ്യുന്ന സയനോര...ശരീരത്തിലും ചലനങ്ങളിലും മിന്നിനിറഞ്ഞ സന്തോഷം....ഈ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.

‘ചാറ്റൽമഴ, സ്വപ്നതുല്യമായ കാറ്റ്, പിന്നെ ഞാനും’ എന്ന കുറിപ്പോടെയാണ് സയനോര ഈ നൃത്ത വിഡിയോ പങ്കുവച്ചത്.

‘‘മഴയൊക്കെ പെയ്യുമ്പോഴുള്ള എന്റെ സന്തോഷം കണ്ടാൽ ആൾക്കാർ കരുതും എനിക്ക് തലയ്ക്കെന്തോ ഭ്രാന്താണെന്ന്....പക്ഷേ, എനിക്കിതൊക്കെ വലിയ ആനന്ദമാണ്. മഴ കണ്ടാൽ കൊച്ചുകുട്ടികളെപ്പോലെയാണ്. നനയും, നൃത്തം ചെയ്യും. അങ്ങനെയൊരു നിമിഷമായിരുന്നു അത്... ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാനാണ് ഞാൻ ഫോർട്ട് കൊച്ചിയിലെത്തിയത്. മഴ കണ്ടതും ഇറങ്ങി ഡാൻസ് തുടങ്ങി. കൂടെയുണ്ടായിരുന്ന സുഹൃത്താണ് വിഡിയോ എടുത്തത്. പോസ്റ്റ് ചെയ്യണമെന്നൊന്നും കരുതിയതല്ല. വീണ്ടും വീണ്ടും കണ്ടപ്പോൾ അതിലൊരു സന്തോഷം തോന്നി. എങ്കിൽ ഷെയർ‌ ചെയ്യാമെന്നു വിചാരിച്ചു’’.– സയനോര ‘വനിത ഓൺലൈനോട്’ പറഞ്ഞു.

സന്തോഷമാണ് വലുത്

സത്യത്തിൽ, മറ്റാരെങ്കിലും കണ്ടാൽ എന്തു കരുതും എന്നൊന്നും ചിന്തിക്കുന്ന ആളല്ല ഞാൻ. എനിക്കു തോന്നുന്ന, ഇഷ്ടമുള്ള കാര്യങ്ങൾ ഞാൻ ചെയ്തില്ലെങ്കിൽ പിന്നെ മരിച്ചു പോകുമ്പോൾ വെറെയെന്താ ഉള്ളത്.

നോക്കൂ, എല്ലാവർക്കും ഭയങ്കരമായി സന്തോഷിക്കാൻ പോലും ഈ ലോകത്ത് പേടിയാ. അങ്ങനെയുള്ള ഒരു അവസ്ഥയിലാണ് നമ്മൾ എത്തി നിൽക്കുന്നത്. എന്തിനാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത്. ഒരു പ്രത്യേക നിമിഷത്തിൽ നമുക്ക് വലിയ സന്തോഷം തോന്നുന്നുണ്ടെങ്കിൽ, ചുറ്റുമുള്ളതെല്ലാം മറന്ന് അതിൽ മുഴുകുകയെന്നതാണ് പ്രധാനം. ആദ്യമാദ്യമൊക്കെ എനിക്ക്, ‘അയ്യോ...ആൾക്കാരെന്തു കരുതും...?’ എന്ന തോന്നലൊക്കെയുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയല്ല, സന്തോഷം കിട്ടുന്നതെന്തോ അതു ചെയ്യുക. അതു കാണുമ്പോൾ മറ്റാർക്കും ബുദ്ധിമുട്ടുകൾ തോന്നേണ്ട കാര്യമില്ല. ഇനി ബുദ്ധിമുട്ടുള്ളവർ അതു കാണാതിരിക്കുക. അത്രയുള്ളൂ. നമ്മുടെ സന്തോഷം. അതാണു വലുത്...

sayanora

ഇനിയിത് വാശി

നമുക്കറിയാം. പൊതു സ്ഥലത്ത് പുരുഷൻമാർ പാട്ടിനൊത്ത് ചുവടു വയ്ക്കും. ആനന്ദിക്കും. അതൊരു സാധാരണ കാര്യമാണ്. പക്ഷേ, സ്ത്രീകളാണെങ്കിലോ... സത്യത്തിൽ, സ്ത്രീശരീരത്തെ സെക്ഷ്വലൈസാക്കി ഒബ്ജക്റ്റിഫൈ ചെയ്ത് വച്ചതു കൊണ്ടാണത്. അല്ലെങ്കിൽ ഒരു ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മിൽ എന്താണ് വ്യത്യാസം. അപ്പോള്‍ നോട്ടത്തിന്റെയും കാഴ്ചപ്പാടിന്റെയുമാണ് പ്രശ്നം. കാലാകാലങ്ങളായി അങ്ങനെയൊരു സിനാരിയോ വന്നതു കൊണ്ടാണ് ഇതെന്തോ വലിയ കുഴപ്പമായി ആളുകൾ അവതരിപ്പിക്കുന്നത്. പക്ഷേ, ഇനി ആരെന്തൊക്കെ പറഞ്ഞാലും എന്റെ സന്തോഷമാണ് പ്രധാനം. അഞ്ചോ ആറോ വയസ്സുള്ള ഒരു കുട്ടിയുടെ ആനന്ദമാണ് എനിക്കാ നിമിഷങ്ങളിൽ അനുഭവിക്കുവാനാകുക. അത് ഒന്നിനും വേണ്ടി വിട്ടുകളയാൻ തയാറല്ല. ഇനിയങ്ങോട്ട് ഇതൊരു വാശിയാണ്. എന്തെന്നാൽ, കാലങ്ങളായി നമ്മള്‍ ഒളിച്ചും പിടിച്ചും വച്ചിട്ടുള്ള കുറേ കാര്യങ്ങളുണ്ട്. ഇനിയതൊന്നും നോക്കേണ്ടതില്ല. എന്തു തോന്നുന്നോ അതു ചെയ്യുക...