മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയെന്ന കമലാസുരയ്യയുടെ കഥ പറയുന്ന ‘ആമി’ എന്ന കമല്‍ ചിത്രത്തെ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മഞ്ജുവാരിയർ മാധവിക്കുട്ടിയെന്ന ആമിയായി എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. വളരെ നേരത്തെ സംവിധായകൻ കമൽ തന്നെ പ്രഖ്യാപിച്ച ചിത്രം ഇതിനോടകം തന്നെ മലയാള സിനിമയിൽ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ആമിയായി പരിഗണിച്ച വിദ്യാബാലന് പിന്മാറിയതിന് പിന്നാലെ കഥാപാത്രത്തിന് അനുയോജ്യമായ ഒരാള്‍ക്കായി കമല്‍ അന്വേഷണത്തിലായിരുന്നു. ഈ അന്വേഷണം ഒടുവില്‍ എത്തിയതാകട്ടെ മഞ്ജുവിലും.
ആമി എന്ന കഥാപാത്രമായി പാര്‍വതി ഉള്‍പ്പെടെയുള്ള നടിമാരുടെ പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ആ പേരുകളെല്ലാം കമല്‍ നിഷേധിച്ചിരുന്നു. താന്‍ അനുയോജ്യയായ താരത്തിനായി കാത്തിരിക്കുകയാണെന്നും അത് ഒരുപക്ഷേ പുതിയ താരമാകാമെന്നും കമല്‍ അന്ന് പറഞ്ഞിരുന്നു. പിന്നീട് മഞ്ജുവാരിയരെ തിരഞ്ഞെടുത്ത വിവരം വാർത്തകളിലും സോഷ്യൽ മീഡിയയിലും ആഘോഷമായി. സൈറാ ബാനു ഉൾപ്പെടെ സ്ത്രീപ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയില്‍ അവതരിപ്പിച്ച് പ്രശംസ നേടിയ മഞ്ജു ആമിയായെത്തുന്ന മെയ്ക്ക് ഓവർ കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് ആമിയുടെ ആദ്യ പോസ്റ്ററെത്തിയിരിക്കുകയാണ്.