Saturday 17 February 2024 03:52 PM IST : By സ്വന്തം ലേഖകൻ

ദംഗലിലെ ബാലതാരം, ആമിർഖാന്റെ മകൾ കഥാപാത്രം: ബാലതാരം സുഹാനി ഭട്നഗർ അന്തരിച്ചു

dangal-suhani-2

ആമിർഖാൻ ചിത്രം ദംഗലിലൂടെ ശ്രദ്ധേയയായ സുഹാനി ഭട്‌നാഗർ അന്തരിച്ചു. 19 വയസ്സായിരുന്നു. ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം.

വർഷങ്ങൾക്ക് മുൻപുണ്ടായ അപകടത്തിൽ സുഹാനിയുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചികിത്സയെ തുടർന്നുള്ള പാർശ്വഫലങ്ങളാണ് നടിയുടെ ഇപ്പോഴത്തെ രോഗാവസ്ഥയ്ക്ക് വഴിവെച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫരീദാബാദിലെ അജ്​റോണ്ട ശ്​മശാനത്തില്‍ നടിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കും.

ദംഗലിൽ സാന്യ മൽഹോത്ര അവതരിപ്പിച്ച ബബിത ഫോഗട്ടിന്റെ ചെറുപ്പകാലമാണ് സുഹാനി അവതരിപ്പിച്ചത്. ആമിർ ഖാൻ ചെയ്ത മഹാവീർ സിങ് ഫോഗട്ട് എന്ന കഥാപാത്രത്തിന്റെ മകളായാണ് സുഹാനി എത്തിയത്. സുഹാനിയുടെ പ്രകടനം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

dangal-actress

എന്നാൽ സിനിമകളിൽ അധികം സജീവമായില്ല. നിരവധി ടെലിവിഷൻ പരസ്യങ്ങളിലും സുഹാനി അഭിനയിച്ചിട്ടുണ്ട്. 2016ൽ നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ പുറത്തുവന്ന ദംഗല്‍ തന്നെയാണ് സുഹാനിയുടെ അരങ്ങേറ്റ ചിത്രവും ഗുസ്​തി താരങ്ങളായ ഫോഗട്ട് സഹോദരിമാരെയും അവരുടെ പിതാവ് മഹാവീർ ഫോഗട്ടിനെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ബാലെ ട്രൂപ്പ് എന്ന സിനിമയിലും ബബിത അഭിനയിച്ചിരുന്നു.