Thursday 10 January 2019 12:27 PM IST : By സ്വന്തം ലേഖകൻ

മാസ് വെടിക്കെട്ടിനു തിരികൊളുത്താൻ നിവിന്‍; മിഖായേലിന്റെ ട്രെയിലർ ഹിറ്റ്

nivin-

ഒരു മാസ് എന്റർടൈനറിന്റെ സകല സൂചനകളും നൽകി, ‘മിഖായേലി’ന്റെ ട്രെയിലർ. ഇന്നലെ വൈകുന്നേരം മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജില്‍ റിലീസായ ട്രെയിലർ ഇതിനോടകം ലക്ഷക്കണക്കിനു കാഴ്ചക്കാരെ സ്വന്തമാക്കിക്കഴിഞ്ഞു. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ഉണ്ണി മുകുന്ദനുമുണ്ട്. മാർക്കോ ജൂനിയർ എന്ന ഉണ്ണിയുടെ കഥാപാത്രം വില്ലനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍.

ഹനീഫ് അദേനി തിരക്കഥയെഴുതുന്ന ചിത്രത്തിൽ മിഖായേൽ എന്ന ഡോക്ടറുടെ വേഷത്തിലാണ് നിവിൻ. നിവിന്റെ ആക്ഷൻ പ്രകടനം ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. മനോഹരമായ വിഷ്വലുകളും താരങ്ങളുടെ സ്റ്റൈലിഷ് ഗറ്റപ്പും എടുത്തു പറയണം. ‘ദ ഗ്രേറ്റ് ഫാദറി’നു ശേഷം ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്നതും മിഖായേലിന്റെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്തും ഹനീഫായിരുന്നു.

മഞ്ജിമ മോഹനാണ് ചിത്രത്തിലെ നായിക. സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, അശോകൻ, ശാന്തി കൃഷ്ണ എന്നിവർക്കൊപ്പം സുദേവ് നായരും മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നു. ജെ.ഡി ചക്രവർത്തി, കിഷോർ എന്നീ അന്യഭാഷാ താരങ്ങളും ചിത്രത്തിലുണ്ട്.

ഫാമിലി–ക്രൈം ത്രില്ലറാണ് ചിത്രം. ജനുവരി 18 ന് തിയേറ്ററുകളിലെത്തുന്ന മിഖായേലിന്റെ നിർമ്മാതാവ് ആന്റോ ജോസഫാണ്.

വിഷ്ണു പണിക്കരാണ് ഛായാഗ്രാഹകൻ. സംഗീതം – ഗോപി സുന്ദർ. എഡിറ്റിംഗ് – മഹേഷ് നാരായണന്‍. ആന്‍ മെഗാ മീഡിയ ചിത്രം തീയേറ്ററുകളിലെത്തിക്കും.