Wednesday 05 December 2018 03:21 PM IST : By സ്വന്തം ലേഖകൻ

മുഖത്തു ചെറു കാറ്റു തട്ടിയാൽ പോലും പുളയുന്ന വേദന! സൽമാൻ കടന്നു പോയ, ഭയപ്പെടുത്തുന്ന മാരക രോഗത്തെ അറിയാം

sal-new

മനുഷ്യനുണ്ടാകുന്ന ഏറ്റവും വേദനാജനകമായ രോഗം, ‘ട്രൈജെമിനല്‍ ന്യൂറാള്‍ജിയ’യെക്കുറിച്ച് അറിയുമ്പോൾ, ബോളിവുഡിന്റെ താരരാജാവ് സൽമാൻ ഖാൻ അനുഭവിച്ചതെന്തെന്ന് ഒരു ഏകദേശ ധാരണ കിട്ടും.

സ്പര്‍ശിക്കുമ്പോൾ, പല്ലുതേയ്ക്കുമ്പോൾ, ആഹാര സാധനങ്ങള്‍ ചവയ്ക്കുമ്പോൾ, സംസാരിക്കുമ്പോൾ, എന്തിനധികം മുഖത്തു ചെറു കാറ്റു തട്ടിയാൽ പോലും സെക്കന്റുകള്‍ മാത്രം ദൈർഘ്യമുള്ളതോ ചിലപ്പോൾ ദിവസങ്ങള്‍ നീണ്ടു നിൽക്കുന്നതോ ആയ ഈ വേദന അതിന്റെ വിശ്വരൂപം കാട്ടും. കവിള്‍, താടി, പല്ല്, മോണകള്‍, ചുണ്ടുകള്‍ എന്നിവിടങ്ങൾ കൂടാതെ കണ്ണിലും നെറ്റിയിലും വരെ അതുണ്ടാകാം.

മുഖത്തുകൂടി കടന്നുപോകുന്ന ട്രൈജെമിനല്‍ നാഡിയിലുണ്ടാകുന്ന പ്രത്യേക തരം രോഗമാണ് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ. ഒടുവിൽ ലോസ് ആഞ്ചലസില്‍ വച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് സല്ലു ഈ ദുരിത രോഗത്തില്‍ നിന്നു മുക്തി നേടിയത്.

മുഖത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മിക്കതും നിയന്ത്രിക്കപ്പെടുന്ന, ശരീരത്തിലെ 12 മസ്തക നാഡികളില്‍ അഞ്ചാമനായ ട്രൈജെമിനല്‍ പലവിധ കാരണങ്ങളാല്‍ ഞെരിയുന്നതാണ് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ. അനുഭവിക്കുന്നവരെ ആത്മഹത്യക്കുവരെ പ്രേരിപ്പിക്കുംവിധം കഠിനമാണ് രോഗം സമ്മാനിക്കുന്ന വേദന. അന്‍പതു വയസ്സിനുമേല്‍ പ്രായമുള്ളവരിലും സ്ത്രീകളിലുമാണ് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ കൂടുതല്‍ കാണപ്പെടുന്നത്.

രോഗം തുടക്കത്തില്‍ തന്നെ കൃത്യമായി നിര്‍ണയിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ആദ്യഘട്ടത്തില്‍ മരുന്നുകളുപയോഗിച്ച് ചികില്‍സിക്കാനാകുന്നതാണ്. ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ മരുന്നു കഴിക്കേണ്ടിവന്നേക്കാം. മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയോ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുകയോ ചെയ്താല്‍ കുത്തിവയ്പിലൂടെയും ശസ്ത്രക്രിയയിലൂടെയും രോഗം മാറ്റാം. ചെവിക്ക് പിന്നില്‍ ചെറിയ മുറിവുണ്ടാക്കി, തലയോട്ടി തുറന്ന് മസ്തിഷ്‌കാവരണത്തില്‍ കൂടി ട്രൈജെമിനല്‍ നാഡിയുടെ സമീപമുള്ള രക്തധമനികള്‍ മാറ്റി സ്ഥാപിക്കുകയും നാഡിയും ധമനികളും തമ്മില്‍ ഉരസാതിരിക്കാന്‍ അവയ്ക്കിടയില്‍ സ്പോഞ്ച് പോലുള്ള ഒരു പാഡ് സ്ഥാപിക്കുകയും ചെയ്യുന്ന മൈക്രോ വാസ്‌കുലാര്‍ ഡീകംപ്രഷന്‍ എന്ന ശസ്ത്രക്രിയാ രീതിയാണ് സാധാരണ ചെയ്യുന്നത്. 80 മുതല്‍ 90 വരെ ശതമാനം രോഗികളിലും ഈ ചികില്‍സാരീതികള്‍ ഫലപ്രദമാകുന്നുണ്ട്.