അടിക്കടി ചെയ്യുന്ന നാലോ അഞ്ചോ സിനിമകള്‍ മുൻകൂറായി പ്രഖ്യാപിക്കുന്ന ശീലം വിജയ്ക്കില്ല. ഒന്ന് കഴിഞ്ഞ് മറ്റൊന്ന് എന്ന താളത്തിൽ വളരെ കൃത്യമായ ക്രമീകരണങ്ങളാണ് ദളപതി കരിയറിൽ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനത്തിനായി, ഓരോ സിനിമ കഴിയുമ്പോഴും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കും.
മുരുഗദോസുമായി മൂന്നാം തവണയും ഒന്നിക്കുന്ന സർക്കാരാണ് വിജ്യുടെ പുതിയ റിലീസ്. സർക്കാർ തിയേറ്ററിലെത്തും മുൻപേ ഏതാണ് വിജയ്യുടെ പുതിയ സിനിമയെന്ന ചോദ്യം പ്രേക്ഷകർ ചോദിച്ചു തുടങ്ങി.
എന്നാൽ, സർക്കാരിന് ശേഷമുള്ള വിജയ് ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം വിനോദിനാണെന്നാണ് വാർത്ത. സതുരംഗവേട്ടയ്, തീരൻ അധികാരം ഒൺഡ്ര് എന്നീ പരീക്ഷണ വിജയങ്ങളിലൂടെ കൈയടി വാരിയ യുവ സംവിധായകനാണ് വിനോദ്. അങ്ങനെയെങ്കിൽ വിജയ്യുടെ 63– ാം ചിത്രം ഒരു പരീക്ഷണമാകുമോ എന്നാണ് പ്രേക്ഷകരുടെ സംശയം.
വിനോദിന്റെ ആദ്യ ചിത്രമായ ‘സതുരംഗവേട്ടയ്’ വൻ വിജയം നേടിയപ്പോൾ രണ്ടാം ചിത്രം ‘തീരൻ അധികാരം ഒൺഡ്ര്’ ബ്ലോക്ക്ബസ്റ്ററായി.
അടുത്തിടെ വിനോദും വിജയ്യും കൂടിക്കാഴ്ച നടത്തിയെന്ന് അടുത്ത വൃത്തങ്ങളിൽ നിന്നറിയുന്നു. തീരൻ എന്ന ചിത്രം കണ്ട വിജയ് വിനോദിന്റെ സംവിധാന മികവിനെ അഭിനന്ദികുകയും ചെയ്തത്രേ. വിനോദിന്റെ ചിത്രത്തിന് ശേഷമായിരിക്കും വിജയ് - ആറ്റ്ലി ചിത്രം ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്.