Saturday 29 June 2019 04:48 PM IST

വിനയ് കുമാർ എങ്ങനെ വിനയ് ഫോര്‍ട്ട് ആയി?

Roopa Thayabji

Sub Editor

vinay-fort-vanitha001 ഫോട്ടോ: ശ്യാം ബാബു

വിനയ് കുമാറെന്ന പഴയ സ്കൂൾ കുട്ടിയോടു പലരും ചോദിച്ചിട്ടുണ്ടത്രേ, കുരുത്തംകെട്ട നിനക്കാരാ ഈ പേരിട്ടതെന്ന്. സിനിമയിലെത്തിയപ്പോൾ ആ പേരു മാറ്റി വിനയ് ഫോർട്ടായി. ആ രഹസ്യം 'വനിത'യുമായി പങ്കുവയ്ക്കുകയാണ് വിനയ്.

"സിനിമയിലെ ഫോർട്ടുകൊച്ചിക്ക് വയലൻസിന്റെ മുഖമാണ്. പക്ഷേ, കഴിഞ്ഞ പത്തു വർഷത്തിനിടെ ഇവിടെ ഒരു സ്ട്രീറ്റ് ഫൈറ്റ് പോലും ഞാൻ കണ്ടിട്ടില്ല. ജൂതന്മാരും ഡച്ചുകാരുമുൾപ്പെടെയുള്ളവർ സ്നേഹത്തോടെ കഴിയുന്ന സ്ഥലമാണിത്. മെഹ്ദി ഹസനും ഗുലാം അലിയുമൊക്കെ വന്നുപാടിയ നാട്. ഫോർട്ടുകൊച്ചിയെന്നാൽ എനിക്ക് ആത്മാവാണ്. ആ ഇഷ്ടം കൊണ്ടാണ് സിനിമയിലെത്തിയ ശേഷം വിനയ് എന്ന പേരിനു പിന്നിൽ ഫോർട്ട് എന്നു ചേർത്തത്. ഗൂഗിളിൽ തിരഞ്ഞാൽ ഈ പേരിൽ എന്നെ മാത്രമേ കാണാനാകൂ. അതാണ് മറ്റൊരു പ്രത്യേകത.

കൂടെ പഠിച്ചിരുന്നവരെല്ലാം കൂടുതൽ അവസരങ്ങൾക്കായി മുംബൈയിൽ താമസമാക്കിയപ്പോഴും ഞാൻ വീടു വച്ചതു ഫോർട്ട് കൊച്ചിയിലാണ്. അച്ഛനും അമ്മയ്ക്കും വന്നുപോകാവുന്ന ഇടത്ത് വീടുവയ്ക്കണം എന്നായിരുന്നു മോഹം. ഇന്ന ദിവസം മുതൽ താമസിച്ചു തുടങ്ങണമെന്നു നിശ്ചയിക്കാതെയാണ് വീടുപണി ആരംഭിച്ചത്. തീരുമാനമെടുത്തിട്ട് സാധിക്കാതെ വരുമ്പോൾ സമ്മർദമുണ്ടാകും. സിനിമയുടെ കാര്യത്തിലും അങ്ങനെ തന്നെ, ടാർഗറ്റ് വയ്ക്കാറില്ല. നല്ല വേഷങ്ങൾ ചെയ്യുന്നു, സന്തോഷിക്കുന്നു. റിലീസാകാനുള്ള ‘നോൺസെൻസി’ലും നടൻ ധനുഷ് നിർമിക്കുന്ന ‘ലഡ്ഡു’വിലും പ്രധാനവേഷമാണ് എനിക്ക്.

ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തായിരുന്ന, ദേശീയ അവാർഡ് ജേതാവായ കൗശൽ ഓസ എഴുതിയ സ്ക്രിപ്റ്റിൽ പ്രവീൺ നായർ സംവിധാനം ചെയ്യുന്ന സിനിമയാണ് അടുത്തത്. ജനുവരിയിൽ അഭിനയിച്ചു തുടങ്ങാനിരിക്കുന്ന ആ റോളാണ് ഇപ്പോഴെന്റെ സ്വപ്നത്തിൽ." വിനയ് ഫോർട്ട് പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം 'വനിത'യിൽ വായിക്കാം