Tuesday 21 July 2020 02:18 PM IST

സ്ത്രീയുടെ പ്രണയവും വേദനയുമാണ് ഈ പാട്ടുകള്‍; സുജാതയുടെ മനസ്സ് പറയാനൊരു ശ്രമം- ഹരിനാരായണന്‍

V N Rakhi

Sub Editor

hari

ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍ സൂഫിയും സുജാതയും സിനിമയിലെ പാട്ടനുഭവം പങ്കുവയ്ക്കുന്നു.

'കഥയിലെ നായിക സുജാതയ്ക്ക് സംസാരിക്കാനാവില്ല. അവള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് വാക്കുകള്‍ പറയാനാണ്. ബാങ്ക് വിളികള്‍ നിറഞ്ഞ ആ അന്തരീക്ഷം അവള്‍ക്ക് വല്ലാതെ ഇഷ്ടമായി. അന്ധന് കാഴ്ചയെന്ന പോലെ, ശബ്ദമാണ് അവള്‍ ഏറെ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് വാക്ക് കൊണ്ട് മുട്ടണ കേട്ട്... എന്നെഴുതിയത്. സൂഫിയുടേത് എന്നതിനേക്കാള്‍ സുജാതയുടേതാണീ പാട്ടുകള്‍.

അവളുടെ മനസ്സില്‍ നിന്ന് ചിന്തിക്കാനുള്ള ശ്രമമാണ് സൂഫിയും സുജാതയിലെയും പാട്ടുകള്‍. ഒരു ആണിന് അതെത്രത്തോളം കഴിയും എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. പെണ്ണിന്റെ പക്ഷത്തു നിന്നു പറയാന്‍ ശ്രമിച്ചാലും പലപ്പോഴും അത് ആണിന്റേതായിപ്പോകാന്‍ സാധ്യതയുണ്ട്. ചെറിയൊരു ശതമാനം മാത്രമേ അഎനിക്കതിനു കഴിഞ്ഞിട്ടുള്ളൂ എന്ന് തോന്നുന്നു. കുറച്ചു പേര്‍ക്കെങ്കിലും ആ രീതിയില്‍ പാട്ടിനെ കാണാന്‍ കഴിഞ്ഞു എങ്കില്‍ എന്റെ വരികള്‍ സാര്‍ഥകമായി.' ഹരിനാരായണന്‍ പറയുന്നു.

പെണ്ണിന്റെ പ്രണയവും വേദനയും

കാറ്റു പോലെ നൃത്തം വച്ച്....എന്ന വരി പൂര്‍ണമായും സുജാതയുടെ ചിന്തയാണ്. ഏത് പെണ്ണിന്റെയും മോഹം പോലെത്തന്നെ സുജാതയും ആഗ്രഹിക്കുന്നു കണ്ണിടയില്‍ മുത്തം ഏറ്റുവാങ്ങാന്‍. കണ്ണുകള്‍ക്കിടയിലെ നെറ്റിയുടെ ഭാഗത്ത് ചുംബനം കൊള്ളാന്‍ അവള്‍ക്കും മോഹമുണ്ട്. ശ്വാസമാകെ തീ നിറച്ച്...എന്നു പാടുമ്പോള്‍ പ്രണയത്തില്‍ തീ പോലും മധുരിക്കും എന്നാണവള്‍ പറയുന്നത്.

സുജാതയുടെ ആംഗിളില്‍ നിന്നു തന്നെ എഴുതിയതാണ അല്‍ഹം ദുലില്ലാഹ്... എന്ന പാട്ടും. വേദന വന്നാലും, അല്‍ഹം ദുലില്ലാഹ്...എന്നോതി നന്ദി ചൊല്ലുന്ന കണ്‍സപ്റ്റ് ആണത്. സൂഫിസത്തില്‍ പറയുന്ന പ്രണയം യൂണിവേഴ്‌സല്‍ ആണ്.അതുകൊണ്ട് സൂഫിയുടെ പ്രണയം ലൗകികമായി കാണാം. പക്ഷെ, സുജാതയ്ക്ക് അങ്ങനെയാകണമെന്നില്ല. അവള്‍ കരയും, അവള്‍ക്ക് സൂഫിയെ മാത്രമേ പ്രണയിക്കാനാകൂ.

പാട്ടിലെ പ്രാസം

മാപ്പിളപ്പാട്ടിന്റെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണ് ഇത്തരം പ്രാസങ്ങള്‍. രണ്ടാം അക്ഷരപ്രാസം, അന്ത്യാക്ഷരപ്രാസം എന്നിവയൊക്കെ മാപ്പിളഗാനങ്ങളുടെ പ്രത്യേകതകളില്‍പ്പെടും. എഴുപത്- എണ്‍പത് ശതമാനത്തോളം പാട്ടുകള്‍ക്കും കാണാം ഈ പ്രത്യേകത. അത്തരം ഒരു പരീക്ഷണം ഞാനും നടത്തി നോക്കിയതാണ്. യൂസഫലി കേച്ചേരിയെപ്പോലുള്ളവര്‍ അതിഗംഭീരമായിത്തന്നെ ഇത്തരം പദപ്രയോഗങ്ങള്‍ നടത്തിയതായി കാണാം. ഗേയം...ഹരിനാമധേയം..., അനുരാഗലോലഗാത്രി...വരവായി നീലരാത്രി...പോലെ എത്രയോ പാട്ടുകളില്‍ അതിശയിപ്പിക്കുന്നവിധത്തില്‍ അതീവഭംഗിയായി പദങ്ങള്‍ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.

ഉത്തരമുണ്ട്...ഒത്തിരിയുണ്ട്...പ്രേമത്തിന്‍ തുണ്ട്..., മഞ്ഞവെളിച്ചം- പ്രേമത്തെളിച്ചം, ഉള്ളുനിറച്ചൊരു താളിനകത്ത് എന്നെയെടുത്തു കുറിച്ചൊരു കത്ത് തന്നു നിനക്ക് ഒന്നു തുറക്ക്...ഇത്തരം ഫ്രെയ്‌സുകള്‍ പകുതി സ്വാഭാവികമായി സംഭവിച്ചതും പകുതി മനഃപൂര്‍വവുമാണെന്നു പറയാം.

ഞാവല്‍പ്പഴക്കണ്ണും മൈലാഞ്ചിക്കാടും

നമ്മള്‍ക്കെല്ലാം ഇഷ്ടപ്പെട്ടതാണ് ജയചന്ദ്രസംഗീതം (എം. ജയചന്ദ്രന്‍). സുന്ദരമായ ആ സംഗീതത്തിന് ഷാനവാസിന്റെ സുന്ദരമായ കഥയെയും കല്‍പനകളെയും ചന്തമുള്ളൊരു നൂലു കൊണ്ട് കൂട്ടിക്കെട്ടുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. എഴുത്തുകാരന് വേണ്ട പ്രചോദനവും സ്വാതന്ത്ര്യവുമെല്ലാം അതിലുണ്ട്. കടലുപോലെ ഒരുപാട് കക്കകളും മുത്തുകളും കഥയിലുമുണ്ട്.

റൂമിയുടെ വചനങ്ങളും ആശയവും ഉപയോഗിക്കാമെന്ന് ജയചന്ദ്രന്‍ സാര്‍ പറഞ്ഞു. പ്രിയനേ... എന്ന് എം.ജെ. സാര്‍ ട്യൂണിടുമ്പോള്‍ പാടി. അതുപിന്നെ മാറ്റിയില്ല. അങ്ങനെയാണ് തുള്ളിക്കുള്ളിലെ കടല്‍ ഒക്കെ വരികളില്‍ വരുന്നത്. സുജാതയുടെ പക്ഷത്തു നിന്നുള്ള ചിന്തകളാണ് അതെല്ലാം. എത്രത്തോളം അങ്ങനെ ചിന്തിക്കാനായി എന്ന് എനിക്കറിയില്ല. നൂറു ശതമാനം അതില്‍ വിജയിച്ചു എന്ന് ഉറപ്പു പറയുന്നില്ല. അതിനായുള്ള ശ്രമമാണ്. അത്രയേ പറയാനാകൂ. അതിനുള്ള ചേരുവകളെല്ലാം അവര്‍ തന്നു. ജിന്ന് പള്ളി, മുല്ലബസാറ്, മൈലാഞ്ചിക്കാട്...എല്ലാം സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്ന വാക്കുകള്‍ തന്നെയാണ്. ഞാവല്‍പ്പഴക്കണ്ണ് എന്നുദ്ദേശിച്ചത് മൈലാഞ്ചിക്കാടിന്റെ കണ്ണിനെയാണ്. മൈലാഞ്ചിക്കാട്ടില്‍ ഉയരത്തില്‍ നില്‍ക്കുന്ന ഞാവല്‍ മരം കണ്ണ് ചിമ്മുന്നു എന്ന ഭാവന. മുല്ല ബസാര്‍ എന്നു പറയുമ്പോള്‍ തന്നെ ഒരു മണമുണ്ട്.

സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചതുകൊണ്ട് അതിലെ കാര്യങ്ങളെല്ലാം മനസ്സിലുണ്ടായിരുന്നു. മുസ്ലിം പശ്ചാത്തലത്തിലുള്ള പാട്ടുകള്‍ പണ്ടേ കേള്‍ക്കുകയും ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. ശുഭരാത്രി, നീയും ഞാനും പോലുള്ള കുറച്ച് സിനിമകളിലും കുറച്ച് ആല്‍ബങ്ങളിലും ഇത്തരം പാട്ടുകള്‍ എഴുതിയ പരിചയവുമുണ്ട്. മുഴുവനായി ഗ്രഹിക്കാനായിട്ടില്ലെങ്കിലും മോയിന്‍കുട്ടി വൈദ്യരെ വായിക്കാനൊരു ശ്രമമൊക്കെ നടത്തിയിട്ടുമുണ്ട്. അതെല്ലാം പാട്ടെഴുത്തില്‍ അറിഞ്ഞോ അറിയാതെയോ സഹായിച്ചു.'

Tags:
  • Movies