Friday 23 June 2023 12:47 PM IST

സർക്കാർ സ്കൂളിൽ നിന്ന് ഐഎഎസ് പദവിയിൽ എത്തിയ പി.ബി. നൂഹിന്റെ പാത വ്യത്യസ്തമാണ്; റിയലി ഡിഫറൻഡ് !

Baiju Govind

Sub Editor Manorama Traveller

Photo: Sreekanth Kalarickal Photo: Sreekanth Kalarickal

ഗൂഗിൾ മാപിൽ അടയാളപ്പെടുത്തിയ പച്ച നിറമുള്ള ഐക്കൺ തൊട്ടു കാണിച്ച് പി.ബി. നൂഹ് ചോദിച്ചു: ‘‘ഈ സ്ഥലം ഏതാണെന്ന് അറിയാമോ?’’ മറുപടിക്കു കാത്തു നിൽക്കാതെ അദ്ദേഹം മൊബൈൽ ഫോണിന്റെ സ്ക്രീൻ സൂം ചെയ്തു. ‘‘ഇതാണു പോവിസ് കാസിൽ. ലണ്ടൻ നഗരത്തിൽ നിന്ന് 270 കിലോമീറ്റർ ദൂരെയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ നിന്നുള്ള രത്നങ്ങളും പവിഴങ്ങളും ആ കോട്ടയ്ക്കുള്ളിലെ അലമാരകളിൽ മനോഹരമായി പ്രദർശിപ്പിച്ചിട്ടുണ്ട്. ബ്രിട്ടനിൽ നിന്നു പട നയിച്ചെത്തിയ റോബർട്ട് ക്ലൈവാണ് അതൊക്കെ ലണ്ടനിലെത്തിച്ചത്. വില കൊടുത്തു വാങ്ങിയതല്ല, ബംഗാൾ നവാബിനെ യുദ്ധത്തിൽ തോൽപിച്ച് കൊള്ളയടിച്ച് കൊണ്ടു പോയതാണ്. നൂറു കപ്പലുകൾ നിറയെ മുത്തും പവിഴവുമായി വന്നു കയറിയ പട്ടാളക്കാരന് ഈസ്റ്റ് ഇന്ത്യ കമ്പനി കൊള്ളമുതലിന്റെ മൂന്നിലൊരു പങ്ക് പാരിതോഷികമായി സമ്മാനിച്ചു. പ്രഭുവായി മാറിയ ക്ലൈവ് തന്റെ മനസ്സിൽ സ്വപ്നമായി കൊണ്ടു നടന്നിരുന്ന മാളിക സ്വന്തമാക്കി. ആ കൊട്ടാരത്തിന്റെ ഉടമയുടെ മകളെ അയാൾ വിവാഹം കഴിച്ചു. പിൽക്കാലം രാജാവിനെ പോലെ ജീവിച്ചു. ഇന്ത്യയെ ബ്രിട്ടന്റെ കോളനിയാക്കിയ പടയോട്ടങ്ങളിൽ ആദ്യത്തേതെന്ന് അറിയപ്പെടുന്ന പ്ലാസി യുദ്ധത്തിന്റെ ക്യാപ്റ്റനായിരുന്നു റോബർട്ട് ക്ലൈവ്. നമ്മുടെ രാജ്യം കോളനിയായി മാറിയപ്പോൾ ആ പട്ടാളക്കാരൻ കൊള്ളയടിച്ച സ്വത്തുകൊണ്ടു കോടീശ്വനായി. അദ്ദേഹത്തിന്റെ സമ്പാദ്യം അഥവാ ഇന്ത്യയുടെ പൂർവിക സ്വത്ത് ഇപ്പോൾ പോവിസ് കാസിലിൽ പ്രദർശനത്തിനു വച്ചിരിക്കുകയാണ്. ’’ യുകെയിൽ പോകുമ്പോൾ കാണാനുള്ള ഡെസ്റ്റിനേഷ ൻസ് ചൂണ്ടിക്കാണിച്ചുകൊണ്ട് പി.ബി. നൂഹ് വീണ്ടും മൊബൈലിൽ തൊട്ടു. സ്ക്രീൻ നിറയെ പച്ച നിറമുള്ള അടയാളപ്പെടുത്തലുകൾ. അത് ഐഎഎസുകാരൻ നൂഹിന്റെ ബക്കറ്റ് ലിസ്റ്റാണ്. ഹൈഡ്രജൻ നിറച്ച ബലൂൺ കണക്കെ അവ കെട്ടു പൊട്ടിച്ചു പറക്കാനൊരുങ്ങി നിൽക്കുന്നു.

സർക്കാർ സ്കൂളിൽ നിന്ന് കൃഷിപാഠത്തിലേക്ക്

മൂവാറ്റുപുഴയ്ക്കു സമീപം പേഴയ്ക്കാപ്പള്ളി സ്വദേശി പി.കെ ബാവയുടെയും മീര ഉമ്മയുടേയും ഇളയ മകൻ പി.ബി. നൂഹിന് ഡോക്ടറാവാനായിരുന്നു ആഗ്രഹം. എൻട്രൻസ് പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ പതിനേഴുകാരന്റെ മനസ്സു നിറയെ സ്നേഹവും ആദരവും ലഭിക്കുന്ന പ്രഫഷൻ സ്വന്തമാക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു. കഠിന പരിശ്രമം നടത്തിയെങ്കിലും കാര്യങ്ങൾ വിചാരിച്ചതു പോലെയായില്ല. മെഡിക്കൽ സയൻസിലേക്കുള്ള കടമ്പയിൽ നൂഹിന് അടിപതറി. നഷ്ടപ്പെട്ടതിനെയോർത്തു സമയം കളയാതെ പതിനേഴുകാരൻ നൂഹ് മണ്ണിൽ കാലുറപ്പിക്കാൻ തീരുമാനിച്ചു. കേരള അഗ്രികൾചറൽ യൂണിവേഴ്സിറ്റിയിലെ അഗ്രികൾച്ചറൽ സയൻസ് ഡിഗ്രി പഠനത്തിനു ശേഷം ബെംഗളൂരുവിലെ കോളജിൽ ജനറ്റിക്സിൽ പോസ്റ്റ് ഗ്രാജുവേഷന് അഡ്മിഷൻ നേടി. ഈ സമയത്ത് നൂഹിന്റെ ജ്യേഷ്ഠൻ പി.ബി. അഷറഫ് കംപ്യൂട്ടർ എൻജിനീയറായി കർണാടകയിൽ ജോലി ചെയ്തിരുന്നു. പിന്നീട്, ബെംഗളൂരുവിലെ യാത്രകളെല്ലാം സഹോദരന്റെ ബുള്ളറ്റിലായിരുന്നു. ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും യാത്ര ചെയ്യുക, രുചിവൈവിധ്യം ആസ്വദിക്കുക – ഇതായിരുന്നു അവിടെ പ്രധാന വിനോദം. അഗ്രി കൾച്ചറൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ജനിതക വിഷയത്തിൽ പിഎച്ച്എഡി എടുക്കാനായിരുന്നു നൂഹിന്റെ പദ്ധതി. അതിനു വേണ്ടി ഡൽഹിയിലേക്കു പുറപ്പെട്ടു. അതൊരു വഴിത്തിരിവായിരുന്നു, വലിയ യാത്രകളുടെ തുടക്കമായിരുന്നു.

2 Nooh IAS

ഡൽഹിയിലെ രാജപാതകൾ

ആലുവ റെയിൽവേ സ്‌റ്റേഷനിൽ നിന്നു ഡൽഹിയിലേക്കു ട്രെയിൻ കയറി. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ചരിത്രമുറങ്ങുന്ന സ്‌റ്റേഷനുകൾ പിന്നിട്ടാണ് ട്രെയിൻ ഡൽഹിയിലെത്തുക. ഡൽഹിയിൽ എത്തിയപ്പോൾ സമീപത്തുള്ള ചരിത്ര കേന്ദ്രങ്ങളായ മഗധയും ഗാന്ധാരവും പാനിപ്പത്തും കുരുക്ഷേത്രവും കാണാനും ആ സ്ഥലങ്ങളെക്കുറിച്ചു പഠിക്കാനും സാധിച്ചു. വായിച്ചറിഞ്ഞ കഥകളിലൂടെ ഡൽഹിയിലെ തെരുവുകൾ പരിചിതമായിരുന്നു. ഇന്ദ്രപ്രസ്ഥം മുതൽ ഏഴു നഗരങ്ങളുണ്ടായിരുന്നുവെന്നാണു ചരിത്രം. ചരിത്ര താൽപര്യമില്ലാതിരുന്ന ഞാൻ പിന്നീടുള്ള ദിവസങ്ങളിൽ ഇന്ത്യയുടെ പൂർവകാലത്തിലേക്കു സഞ്ചരിക്കുന്ന വിദ്യാർഥിയായി. പിൽക്കാലത്ത്, ഐഎഎസ് പഠനം നൽകിയ ചരിത്രപരമായ അറിവുകൾ വിവിധ സ്ഥലങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാനും യാത്ര ചെയ്യാനും പ്രേരണയായി. ഡിഗ്രി പഠനം നടത്തുന്ന സമയത്താണ് എന്റെ മറ്റൊരു ജ്യേഷ്ഠനായ പി.ബി. സലീമിന് ഐഎഎസ് പ്രവേശനം ലഭിച്ചത്. ഇന്ത്യൻ ഭരണ സർവീസിന്റെ സങ്കീർണ പരീക്ഷ ജയിക്കാനുള്ള ബുദ്ധി ജ്യേഷ്ഠനുണ്ടെങ്കിൽ അതേ ജനിതക ഘടനയുള്ള എനിക്കും ഒരുപക്ഷേ ഐഎഎസ് പരീക്ഷ ജയിക്കാൻ സാധിക്കുമെന്നൊരു ചിന്ത മനസ്സിലുണ്ടായി. കിട്ടാവുന്നത്രയും പുസ്തകങ്ങൾ സംഘടിപ്പിച്ച് പഠിച്ചു, കുറേ യാത്ര ചെയ്തു – ഐഎഫ്എസ് സിലക്‌ഷൻ കിട്ടിയതു ബാക്കി കഥ.

ഡെറാഡൂണിലെ സോളോ ട്രിപ്പ്

ഐഎഫ്എസിൽ അഡ്മിഷൻ കിട്ടിയ സമയത്ത് ഞാൻ ഡൽഹിയിലായിരുന്നു. പിഎച്ച്ഡിക്ക് തയാറെടുക്കുമ്പോഴാണ് നോട്ടിഫിക്കേഷൻ ലഭിച്ചത്. മൂവാറ്റുപുഴയിൽ ജനിച്ച എനിക്ക് ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള അക്കാഡമിയിലേക്കു ക്ഷണം. മനസ്സ് വളരെയേറെ സന്തോഷിച്ചു. ആലുവയിൽ നിന്നു ട്രെയിനിൽ ഡൽഹിയിലെത്തിച്ച ബുള്ളറ്റിൽ കയറി പിറ്റേന്നു തന്നെ ഡെറാഡൂണിലേക്കു പുറപ്പെട്ടു. ഡൽഹിയിലെ മുഖർജി നഗറിൽ നിന്ന് ഡെറാഡൂണിലെ ഇന്ദിര ഗാന്ധി നാഷനൽ ഫോറസ്റ്റ് അക്കാദമിയിലേക്ക് 250 കിലോമീറ്റർ. ബാഗും സാധനങ്ങളും ബുള്ളറ്റിന്റെ പിൻസീറ്റിൽ കെട്ടിവച്ചുള്ള സോളോ റൈഡ് ശരിക്കും ആസ്വദിച്ചു. അവിടെ എത്തിയപ്പോൾ കുറേ സുഹൃത്തുക്കളെ കിട്ടി. അവരോടൊപ്പം നടത്തിയ യാത്രകളാണ് ഡെറാഡൂണിനെക്കുറിച്ചു പറയുമ്പോൾ ആദ്യം ഓർമയിലെത്തുന്നത്. ഐഎഫ്എസിൽ കുറച്ചു മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ഐഎഎസ് പ്രവേശനം ലഭിച്ചതായി അറിയിപ്പു ലഭിച്ചു. 2011 സെപ്റ്റംബർ ഒന്നിനാണ് നോട്ടിസ് ലഭിച്ചത്. മൂന്നാം തീയതി മുസൂറിയിലേക്കു ബുള്ളറ്റിൽ തിരിച്ചു. ഉത്തരാഖണ്ഡിലെ ചെരിഞ്ഞ മലയുടെ നെറുകയിലാണു മുസൂറി. അവിടെ ശാന്തസുന്ദരായ പ്രകൃതിയിലാണ് ഐഎഎസ് അക്കാഡമി സ്ഥിതി ചെയ്യുന്നത്.

ഇന്ത്യൻ ഭരണ സർവീസ്

4 Nooh IAS

ഇന്ത്യൻ ഭരണഘടനയുടെ ഏടുകളിലേക്ക് പടിപടിയായുള്ള പ്രയാണത്തിന്റെ നാളുകളായിരുന്നു പിന്നീട്. പരിശീലനത്തിന്റെ ഇടവേളകളിൽ സുഹൃത്തുക്കളോടൊപ്പം ഹിമാലയത്തിന്റെ താഴ്‌വരകളിലേക്ക് യാത്ര നടത്തി. ടെഹരി, ധനോൾടി, ജോർജ് എവറസ്റ്റ് എന്നിവിടങ്ങളിലെ തണുപ്പ് ഇപ്പോഴും സിരകളെ തൊട്ടു നിൽക്കുന്നുണ്ട്. ട്രെയിനിങ്ങിന്റെ വിവിധ ഘട്ടങ്ങളിൽ ഹിമാലയത്തിലേക്ക് ഗ്രൂപ്പ് ട്രെക്കിങ് നടത്താറുണ്ട്. ഗംഗോത്രി, യമുനോത്രി എന്നിങ്ങനെ പുരാണപ്രശസ്തമായ സ്ഥലങ്ങളിലൂടെയാണ് പർവതാരോഹണം. ഞാൻ ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര രൂപ്കുണ്ഠിലേക്കായിരുന്നു. ഐതിഹ്യങ്ങളാൽ പ്രശസ്തമാണു രൂപ്കുണ്ഠ്. മുൻകാലങ്ങളിൽ മഞ്ഞുവീഴ്ചയിൽ കൊല്ലപ്പെട്ട നൂറുകണക്കിനാളുകളുടെ അസ്ഥികൾ കുന്നുകൂടിക്കിടക്കുന്ന തടാകം രൂപ്കുണ്ഠിലുണ്ട്. ബധ്നി ബുഗിയാൽ എന്ന സ്ഥലത്ത് രാത്രി ക്യാംപ് ചെയ്ത് പിറ്റേന്നു പുലർച്ചെയാണു രൂപ്കുണ്ഠിലേക്കു ട്രെക്കിങ് നടത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 5000 അടി ഉയരത്തിൽ ഹിമാലയത്തിന്റെ രൗദ്രതയും ശാന്തതയും അവിടെ കണ്ടറിഞ്ഞു. മുസൂറിയിൽ നിന്നുള്ള മടക്കയാത്ര ഒരിക്കലും മറക്കില്ല. രാവിലെ പത്തു മ ണി കഴിഞ്ഞാണ് അക്കാഡമിയിൽ നിന്നു ഡെറാഡൂണിലേക്കു തിരിച്ചത്. പ ന്ത്രണ്ടായപ്പോഴേക്കും 35 കിലോമീറ്റർ താണ്ടി ഡെറാഡൂണിലെത്തി. മുറിയിലെത്തി ടിവി ഓൺ ചെയ്തപ്പോൾ ഇടി മിന്നൽ പോലെ ദുരന്ത വാർത്ത – കേദാർനാഥിൽ വെള്ളപ്പൊക്കം, നിരവധി പേർ കൊല്ലപ്പെട്ടു. യാത്രയിലുടനീളം പെയ്ത മഴയും ഗംഗാനദിയിലെ ഭയപ്പെടുത്തുന്ന ഒഴുക്കും വലിയ ദുരന്തത്തിന്റെ മുന്നോടിയായിരുന്നു എന്ന കാര്യം അപ്പോഴാണു മനസ്സിലായത്.

കാത്തിരുന്നത് വെല്ലുവിളികൾ

അസിസ്റ്റന്റ് കലക്ടറായി പത്തനംതിട്ടയിൽ കേഡർ പരിശീലനം പൂർത്തിയാക്കിയ നൂഹിന് ജില്ലാ കലക്ടറായി ആദ്യ നിയമനം ലഭിച്ചതും പത്തനംതിട്ടയിലായിരുന്നു. ജില്ലാ മജിസ്ട്രേറ്റുകൂടിയായ കലക്ടർ അന്നു നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പി.ബി. നൂഹ് പറയുന്നത് ഇങ്ങനെ: പത്തനംതിട്ടയിൽ കലക്ടറായി ചുമതലയേറ്റ ശേഷം മൂന്നു പ്രതിസന്ധി ഘട്ടങ്ങൾ നേരിടേണ്ടി വന്നു – ശബരിമല യുവതീ പ്രവേശനം, വെള്ളപ്പൊക്കം, കോവി‍ഡ്. പൊലീസ് ജാഗ്രതയോടെ ശബരിമലയിലെ പ്രശ്നങ്ങൾ അവസാനിപ്പിച്ചു. വെള്ളപ്പൊക്കം അതുപോലെയായിരുന്നില്ല. 2018 ഓഗസ്റ്റ് 14ന് രാത്രി ജലനിരപ്പ് ഉയർന്നു. ജില്ലയുടെ വലിയൊരു ഭാഗം വെള്ളത്തിനടിയിലായി. എങ്കിലും ഒരാൾക്കു പോലും ജീവൻ നഷ്ടപ്പെടാതെ ഒന്നര ലക്ഷം ആളുകളെ മാറ്റിപാർപ്പിക്കാൻ സാധിച്ചു. ഇന്ത്യയിൽ കോവിഡ് ബാധ ആദ്യം റിപ്പോർട്ട് ചെയ്തതു പത്തനംതിട്ടയിലാണ്. വൈറസ് പടരാതിരിക്കാൻ കണ്ടെയ്ൻമെന്റ് സോണുകൾ തിരിക്കുന്നതി ൽ കനത്ത ജാഗ്രത പുലർത്തി. പിന്നീട്, കോവിഡ് ബാധിച്ച് നിരവധി പേർ മരിച്ചെങ്കിലും ആ മഹാമാരി വലിയൊരു ദുരന്തമാകാതെ നിയന്ത്രിക്കാൻ സാധിച്ചു. ഇതര സംസ്ഥാനങ്ങൾ പത്തനംതിട്ടയിലെ പ്രവർത്തനങ്ങൾ മാതൃകയാക്കിയാണ് പിന്നീട് കോവിഡ് നിയന്ത്രണം ആരംഭിച്ചത്. രാജ്യം മുൻപൊരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളെ നേരിടുമ്പോൾ തീരുമാനങ്ങൾക്കു വലിയ പ്രാധാന്യമുണ്ട്. നേരിടുകയല്ലാതെ മറ്റു പോംവഴിയില്ലെന്നു ബോധ്യപ്പെടുമ്പോൾ അപ്രതീക്ഷിതമായ ധൈര്യം നമുക്കു ലഭിക്കും. അങ്ങനെയൊരു ആത്മവിശ്വാസത്തിന്റെ ചിറകിലാണ് തുടക്ക കാലത്തുണ്ടായ വെല്ലുവിളികളെ മറികടന്നത്.

3 Nooh IAS

കുമരകവും ബേപ്പൂരും തിളങ്ങും

കേരള വിനോദസഞ്ചാര വകുപ്പിന്റെ ഡയറക്ടറായി പി.ബി. നൂഹ് ചുതലയേറ്റിട്ട് 9 മാസമേ ആയിട്ടുള്ളൂ. ലോക രാഷ്ട്രങ്ങളിലെ പ്രധാനമന്ത്രിമാരുടെ വലംകയ്യെന്നു വിശേഷിപ്പിക്കപ്പെടുന്ന ഷെർപകൾ പങ്കെടുക്കുന്ന ജി20 സമ്മേളനത്തിന്റെ നിയന്ത്രണമായിരുന്നു ആദ്യത്തെ പ്രധാന ചുമതലകളിലൊന്ന്. കേരളം കാണാൻ വരുന്ന വിദേശികൾക്കായി സാംസ്കാരിക പൈതൃകങ്ങൾ കുമകരത്തെ വേദിയിൽ അവതരിപ്പിച്ചു. മേയ് മാസത്തിൽ ദുബായിയിൽ നടക്കുന്ന വേൾഡ് ട്രാവൽ മാർട്ടിന്റെ വേദിയിലും കേരളത്തിന്റെ തനതു മുദ്രകൾ അവതരിപ്പിക്കുന്നുണ്ട്. സഞ്ചാര പ്രിയനായ നൂഹിന് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ കുറിച്ച് സ്വപ്നങ്ങൾ ഏറെയുണ്ട്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അനുവദിച്ച 70 കോടി വീതം ചെലവാക്കി നടപ്പാക്കുന്ന പദ്ധതികൾ അദ്ദേഹത്തിന്റെ സങ്കൽപങ്ങൾക്കു പൂർണത നൽകുന്നു. കോട്ടയം ജില്ലയിലെ കുമരകവും കോഴിക്കോട്ടെ ബേപ്പൂരും അധികം വൈകാതെ പുതുമോടിയണിയും. പഞ്ചായത്തുകളും വിനോദസഞ്ചാര വകുപ്പും ചേർന്നു നടപ്പാക്കുന്ന ഡെസ്റ്റിനഷൻ ചലഞ്ചിൽ 32 പഞ്ചായത്തുകളുടെ പദ്ധതികൾക്ക് അംഗീകാരം നൽകിക്കഴിഞ്ഞു. 580 കിലോമീറ്റർ കടൽത്തീരം, 1000 കിലോമീറ്റർ കായൽ, 450 കിലോമീറ്റർ പശ്ചിമഘട്ട മലനിര, ഇതിൽ 5 ദേശീയോദ്യാനങ്ങൾ, കടുവാ സംരക്ഷണ കേന്ദ്രങ്ങൾ, വന്യജീവി സങ്കേതങ്ങൾ... 38000 കിലോമീറ്ററിൽ ഇത്രയും വൈവിധ്യമുള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിലുണ്ടോ? പി.ബി. നൂഹ് ചോദിക്കുന്നു.

വെയിറ്റ് ആൻഡ് സീ

ലിയോ ടോൾസ്‌റ്റോയിയുടെ അന്ന കാരനീന വായിക്കുമ്പോഴും വില്യം ഡാർലിംപിളിന്റെ അനാർക്കിയുടെ താളുകൾ മറിക്കുമ്പോഴും കഥയിലെ ലൊക്കേഷനുകൾ വിഷ്വലൈസ് ചെയ്യുന്നളാണ് പി.ബി. നൂഹ്. മുംബൈയുടെ സമീപത്തുള്ള സോൻദുർഗ് കോട്ട കൊള്ളയടിച്ചാണ് ലണ്ടനിലെ സോൻദുർഗ് പാലസ് നിർമിച്ചതെന്നു വായിച്ചപ്പോൾ അദ്ദേഹം ആ പേര് ഗൂഗിൾ മാപിൽ മാർക്ക് ചെയ്തു. ജർമനിയിലെ സ്‌റ്റേഡൽ ഗുഹയിൽ 32000 വർഷം പഴക്കമുള്ള നരസിംഹരൂപിയായ മനുഷ്യന്റെ അസ്ഥി കണ്ടെത്തിയതിനെക്കുറിച്ച് വായിച്ചറിഞ്ഞപ്പോൾ അതും ഭാവിയിൽ പോകാനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. അടുത്തിടെ ഭാര്യ ഡോ. ഫാത്തിമയോടൊപ്പം ഗോവയിൽ നിന്നു തിരിച്ചു വരുന്ന സമയത്ത് നൂഹ് ഏറെക്കാലമായി മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു യാത്രയുടെ പ്ലാൻ പങ്കുവച്ചു – കേരളത്തിൽ നിന്നു ലണ്ടനിലേക്ക് കാർ യാത്ര. എപ്പോഴാണ് പുറപ്പെടുന്നത് എന്ന ചോദ്യത്തിനു മുന്നിൽ ഐഎഎസുകാരൻ ആദ്യം മൗനംപാലിച്ചു. ആവർത്തിച്ചു ചോദിച്ചപ്പോൾ എല്ലാം തീരുമാനിച്ചതു പോലെ ഡിപ്ലോമാറ്റിക് മറുപടി – വെയിറ്റ് ആൻഡ് സീ....