Friday 15 March 2024 04:26 PM IST

‘പഠിക്കുന്ന കാലത്തു ദാവണിയാണ് ഇഷ്ടവേഷം; ഒരു വസ്ത്രം ഇഷ്ടപ്പെട്ടാൽ അതു തുടർച്ചയായി അണിയുന്ന സ്വഭാവമുണ്ട്’; ശൈലജ ടീച്ചറുടെ സാരി വിശേഷങ്ങള്‍

Seena Cyriac

Chief Sub Editor

shailaja467 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മലയാളിയുടെ സ്വന്തം ടീച്ചറമ്മ കെ.കെ. ശൈലജയുടെ മിക്ക സാരികളിലും പ്രിയപ്പെട്ട ആളുടെ കയ്യൊപ്പുണ്ട്....

സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ അനുവാദമില്ലാതിരുന്ന കാലത്തായിരുന്നു എന്റെ അമ്മമ്മ കല്യാണി ജീവിച്ചിരുന്നത്. ധീരയും ശക്തയുമായ സ്ത്രീയായിരുന്നു അമ്മമ്മ.  അനീതി കണ്ടാൽ മുഖം നോക്കാതെ എതിർക്കും. നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് കഴിയുംപോലെ പരിഹാരം കണ്ടെത്തും. വസൂരി പിടിപെട്ട് തന്റെ കൂരയിൽ ഒറ്റയ്ക്കായ കോരൻ എന്ന അയൽവാസിയെ രോഗം പകരാതിരിക്കാൻ സ്വയം വേണ്ട കരുതലുകൾ എടുത്തുകൊണ്ട് അമ്മമ്മ ശുശ്രൂഷിക്കുകയും ജീവ ൻ രക്ഷിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. മേൽവസ്ത്രം ധരിക്കാൻ അനുവാദമില്ലാതിരുന്നിട്ടും റൗക്ക സ്വയം തയ്ച്ചുണ്ടാക്കുകയും ചുറ്റുപാടുമുള്ള സ്ത്രീകൾക്ക് തയ്ച്ചു നൽകുകയും അവരെ അതു ധരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു അമ്മമ്മ.

‌ആ അമ്മമ്മയുടെ കൈ പിടിച്ചാണ് ഞാൻ വളർന്നത്. തീരെ ചെറുപ്പത്തിലേ അമ്മമ്മയുടെ ഒപ്പം കമ്യൂണിസ്റ്റ് പാർട്ടിയുടെ ക്ലാസ്സുകളിൽ പോയിത്തുടങ്ങി. ഇരിട്ടിയിലെ മാടത്തിൽ എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ വീട്. എന്റെ അമ്മ ശാന്ത അടക്കം അമ്മമ്മയുടെ നാലു പെൺമക്കളും സഹദേവൻ എന്ന ഞങ്ങളുടെ ഒരേ ഒരമ്മാവനുമെല്ലാം ഒരുമിച്ചായിരുന്നു താമസം. അച്ഛൻ എന്നെയും അമ്മയേയും വിട്ടകന്നു പോയിരുന്നതുകൊണ്ട് എന്നോടു പ്രത്യേക പരിഗണനയായിരുന്നു എല്ലാവർക്കും. ഞാനാണെങ്കിൽ ചെറിയ കാര്യത്തിനു കരയുന്ന തൊട്ടാവാടിയും.

മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ പഠിക്കുന്ന കാലത്തു ദാവണിയാണ് ഇഷ്ടവേഷം. ഇഷ്ടമുള്ള നിറം പറഞ്ഞാൽ അമ്മാവൻ അതു വാങ്ങി വരും. ഒപ്പം പൂക്കളും പുള്ളികളുമുള്ള പാവാടയും ഒറ്റ നിറമുള്ള ബ്ലൗസും. ഒരു വസ്ത്രം ഇഷ്ടപ്പെട്ടാൽ അതു തുടർച്ചയായി അണിയുന്ന സ്വഭാവമുണ്ട് എനിക്ക്. ആകാശനീല നിറമുള്ള ഒരു ദാവണി കീറിപ്പോകും വരെ തുടർച്ചയായി അണിഞ്ഞത് ഒാർക്കുന്നു. അത്രയേറെ ഭംഗിയുള്ള ദാവണിയും പാവാടയും ഇന്നു പഴയ സിനിമകളിൽ മാത്രമേ കാണാനാകുന്നുള്ളൂ.

ഏറെ പ്രിയപ്പെട്ട ആ നീല സാരി

ബിരുദപഠനത്തിനു ശേഷം രാഷ്ട്രീയത്തിൽ സജീവമായ കാലത്താണ് പഴശ്ശിക്കാരനും അധ്യാപകനുമായ ഭാസ്കരൻ മാഷിനെ പരിചയപ്പെടുന്നത്. സിപിെഎ (എം)ന്റെ മട്ടന്നൂർ ഏരിയ കമ്മിറ്റി മെംബർമാരായി അക്കാലത്ത് ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. ഒരിക്കൽ പഴശ്ശി വായനശാലയിലെ പ്രഭാഷണത്തിനു ശേഷം എന്നെ യാത്രയയ്ക്കാൻ ബസ് സ്റ്റാൻഡിലേക്കു നടക്കുമ്പോഴാണു വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം അറിയിക്കുന്നത്. പാർട്ടിയോടു ബന്ധമുള്ളവരായതുകൊണ്ട് അമ്മയ്ക്കും അമ്മമ്മയ്ക്കും അമ്മാവനുമെല്ലാം അതു സ്വീകാര്യമായി.

81–ലാണു വിവാഹം. ഏതൊരു പാർട്ടിവിവാഹം പോലെയും തീർത്തും ലളിതമായി വീട്ടിൽ വച്ചാണു ച‍ടങ്ങു നടന്നത്. കല്യാണത്തിനുടുക്കാൻ മനോഹരമായ ഒരു ജോർജറ്റ് സാരിയാണ് മാഷു വാങ്ങിക്കൊണ്ടുവന്നത്. നീല നിറമുള്ള സാരിയുടെ അരികിലൂടെ ബോർഡർ പോലെ വെള്ള നൂലുകൊണ്ടു പൂക്കൾ എംബ്രോയ്ഡറി ചെയ്തിരുന്നു. തൂവൽപോലെ കനം കുറഞ്ഞ, സുഖകരമായി ശരീരത്തിൽ ഒഴുകിക്കിടക്കുന്ന ആ സാരി ഇന്നും ഒരു കേടുമില്ലാതെയുണ്ട്.

ഒരിക്കൽ കൗതുകത്തിന് നിയമസഭാ സമ്മേളനത്തിന് ആ സാരിയുടുത്തു പോയി. ‘ടീച്ചറെന്താ പതിവില്ലാതെ കളർഫുൾ ആയിട്ട്’ എന്നു ചോദിച്ചുകൊണ്ട് എംഎൽഎമാർ ചുറ്റും കൂടി. കല്യാണ സാരിയാണെന്നു പറഞ്ഞതേ കൂടിനിന്നവർക്കു ചിരി.

ഒരിക്കൽ റോസമ്മ ചാക്കോയും മറ്റും ചേർന്ന് കൊൽക്കൊത്തയിൽ പോയപ്പോൾ ജവാൻമാരുടെ ഭാര്യമാരുടെ നെയ്ത്തു സൊസൈറ്റിയിൽ നിന്നു ബംഗാൾ സാരി വാങ്ങിയിരുന്നു. റോസമ്മ ചേച്ചി സെലക്ട് ചെയ്ത ആ സാരിക്കു പഴകുംതോറും ഭംഗി കൂടുന്നതെന്നു തോന്നീട്ടുണ്ട്.

വിവാഹശേഷം സാരി കൂടുതലും വാങ്ങിക്കൊണ്ടുവരിക ഭാസ്കരേട്ടനാണ്. ഞാൻ പോയാൽ ക്രീം അല്ലെങ്കിൽ ചന്ദന കളറും വീതിയിൽ ബോർഡറും ഉള്ള സാരിയേ കയ്യിൽ വരൂ. ഇളംപച്ചയാണ് അദ്ദേഹത്തിന്റെ നിറം. ചെറിയ ബോർഡറും അൽപം ത്രെഡ്‌വർക്കും ഒക്കെയുള്ള ആ സാരികൾ ഉടുക്കുമ്പോൾ അദ്ദേഹം പറയും; കണ്ടോ, എന്റെ സെലക്ഷൻ സൂപ്പറല്ലേ... മൂപ്പരു വാങ്ങിയാൽ നന്നായിരിക്കും. അതു സത്യമാണ്.

ഞാൻ ശിവപുരം ഹൈസ്കൂളിൽ പഠിപ്പിക്കുന്ന കാലത്താണു ഞങ്ങൾ‌ പുതിയ വീടുവച്ചത്. മക്കളായ ശോഭി തും ലസിതും ചെറിയ കുട്ടികളായിരുന്നപ്പോഴും പാർട്ടിപ്രവർത്തനവുമായി രാവിലെ എട്ടുമണിയോടെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടിവരുമായിരുന്നു. സ്കൂൾ സമയം കഴിഞ്ഞും പ്രവർത്തനങ്ങൾക്കു പോകാറുള്ളതുകൊണ്ട് അതുവരെ എന്നെ ഊർജസ്വലമായി നിർത്താൻ കഞ്ഞിപ്പശയിട്ട കോട്ടൻ സാരിക്കേ കഴിയൂ എന്ന തോന്നലാണ്. അതുകൊണ്ട് അന്നും ഇന്നും കോട്ടൻസാരിയാണു പ്രിയം. വില കൂടിയ പട്ടുസാരിയും തിളക്കമുള്ളതും ഒക്കെ ഉടുത്താൽ അസ്വസ്ഥതയാണ്. അതുകൊണ്ടാകും സ്കൂളിലെ ടീച്ചർമാരൊക്കെ അന്നത്തെ ഫാഷനായ ഒറ്റക്കളർ ചൈനീസ് സിൽക് സാരികൾ വാങ്ങിയപ്പോഴും എനിക്ക് അതിനോടു വലിയ കമ്പം തോന്നാതിരുന്നത്. രാവിലെ തന്നെ കോട്ടൻസാരി ഉടുത്തൊപ്പിക്കാൻ, എനിക്കു തൃപ്തിയാകും പോലെ ഒതുക്കിയെടുക്കാൻ  ചെറിയൊരു യുദ്ധം തന്നെ ചെയ്തിരുന്നു. കേരളത്തിൽ കണ്ണൂർ, കാസർഗോഡ്, ചേന്ദമംഗലം ഇവിടുന്നൊക്കെ നെയ്ത്തുകരിൽനിന്ന് കൈത്തറി സാരി വാങ്ങാറുണ്ട്.

കോവിഡ് പഠിപ്പിച്ചത്

കോവിഡ് കാലത്തു ചിട്ടയോടെ നടത്തിയ കൂട്ടായ പ്രവർത്തനമാണ് നമുക്കാശ്വാസമായത്. ആരോഗ്യ പ്രവർത്തകരുടെ മികച്ച ടീം സൃഷ്ടിച്ചെടുക്കുകയായിരുന്നു ഉത്തരവാദിത്തം. ആർദ്രം പദ്ധതിയുടെ വയനാട് ജില്ലയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചപ്പോൾ ജനങ്ങൾക്കുവേണ്ടി മന്ത്രിയും ഉദ്യോഗസ്ഥരും ലക്ഷ്യബോധത്തോടെ കൂട്ടായി പ്രവർത്തിച്ചാൽ പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്നു പറഞ്ഞു. ടീച്ചർ ഞങ്ങൾക്കിടയിൽ ഒരു ‘We’ ഫീലിങ് സൃഷ്ടിച്ചു എന്നവർ മീറ്റിങ്ങിനു ശേഷം പറഞ്ഞു. അതോടെ ദൗത്യം വിജയിക്കുമെന്ന് എനിക്ക് ഉറപ്പായി.        

പകർച്ചവ്യാധികളുടെ സമയത്തു പ്രതിരോധ പ്രവർത്തനങ്ങളുടെ കൃത്യമായ പ്ലാനിങ്ങും അതനുസരിച്ചു കാര്യങ്ങൾ നടക്കുന്നുണ്ടോ എന്ന നിരന്തരമായ മോണിറ്ററിങ്ങും വേണമായിരുന്നു. ഒരു ദിവസം ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് ഒരു സ്ത്രീ വിളിച്ചു കരഞ്ഞുകൊണ്ടു പറയുന്നു, ഭർത്താവ് കോവിഡ് ബാധിച്ചു മരണത്തിന്റെ വക്കിലാണ്. ഡോക്ടർമാരോടു സംസാരിച്ചപ്പോൾ രോഗി മരണാസന്നനാണ്. ഒന്നും ചെയ്യാനില്ല എന്നായിരുന്നു മറുപടി. ഞാൻ ചോദിച്ചു, പ്ലാസ്മ നൽകിയാൽ ഫലം കിട്ടുമോ?. രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിക്കാൻ കോട്ടയത്തു സൗകര്യമുണ്ട്. അവിടുന്നു വരുത്തുകയും അവിചാരിതമാം വണ്ണം രോഗി രക്ഷപെടുകയും ചെയ്തു.

എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്ര ബിരുദവും ബിഎഡുമാണ് അക്കാദമിക് യോഗ്യതകൾ. തുടർച്ചയായി കാര്യങ്ങൾ പഠിക്കാൻ തയാറായതുകൊണ്ടാണ് നിപ്പയും കോവിഡും നേരിടുന്നതിൽ വിജയിച്ചത്. അതിന് ആരോഗ്യവകുപ്പിന് കിട്ടിയ പുരസ്കാരങ്ങളുെട ഒപ്പം  എനിക്ക് മാൽഡോവ മെഡിക്കൽ യൂണിവേഴ്സിറ്റി വിസിറ്റിങ് പ്രഫസർ പദവിയും ലഭിച്ചു.  

വിദേശയാത്രയിൽ മാത്രമാണു സാരിയല്ലാതെ മറ്റൊരു വേഷമണിയുക. ചൈന സന്ദർശിക്കാൻ ഒരുങ്ങിയപ്പോൾ സഖാവ് വൃന്ദ കാരാട്ട് പറഞ്ഞു, പോകുമ്പോൾ സാരികൾ മാത്രം കൊണ്ടു പോകരുത്, ചുരിദാർകൂടി കരുതണം. കടുത്ത തണുപ്പാണ് എന്ന്. അങ്ങനെ ഫാബ് ഇന്ത്യയുടെ രണ്ടു ജോഡി ചുരിദാർ വാങ്ങി. അത് ഗുണമേന്മയോടെ ദീർഘകാലം ഉപയോഗിച്ചിരുന്നു.

എന്റെ പെൺമക്കൾ, ശോഭിതിന്റെ ഭാര്യ സിഞ്ജുവും ലസിതിന്റെ ഭാര്യ മേഘയും വന്നതോടെയാണ് സിൽക് സാരികൾ കൂടുതലായി സമ്മാനം കിട്ടുന്നത്. നേർത്ത നിറമുള്ള കനം കുറഞ്ഞ സിൽക് സാരികൾ ആണ് അവർ തിരഞ്ഞെടുക്കുക. ഡൽഹിയിലും മറ്റും തണുപ്പുകാലത്തു പോകുമ്പോൾ സിൽക് സാരികളാണു കോട്ടനേക്കാൾ നല്ലത് എന്ന് എനിക്കും തോന്നിയിട്ടുണ്ട്.

Tags:
  • Fashion