Saturday 27 April 2024 03:27 PM IST

‘ചുണ്ടിന്റെ കോണുകൾ പൊട്ടുക, വായിലും ചർമത്തിലും തവിട്ടുനിറമുള്ള പാടുകൾ’; വെജിറ്റേറിയന്‍സിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ? അറിയാം

Dr. B. Padmakumar

Professor Medicine,medical College, Trivandrum

dr-padmakumar44566

വെജിറ്റേറിയൻ ആകുന്നത് ആരോഗ്യജീവിതത്തിലേക്കുള്ള ആദ്യ ചവിട്ടുപടി ആയാണു പൊതുവെ കണക്കാക്കാറുള്ളത്. റെഡ്മീറ്റും വറുത്തതും പൊരിച്ചതുമായ സസ്യേതര വിഭവങ്ങളും കഴിച്ച്, അമിത കൊഴുപ്പിന്റെയും പൊണ്ണത്തടിയുടെയും പ്രശ്നങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇതൊരു പരിധി വരെ ശരിയാണ്. 

പഴങ്ങളും പച്ചക്കറികളും ഇലക്കറികളുമടങ്ങിയ സസ്യ ഭക്ഷണത്തിൽ നാരുകളും പോഷകങ്ങളും സമൃദ്ധമായടങ്ങിയിട്ടുണ്ട്. എന്നാൽ പൂർണ സസ്യഭുക്കാകുമ്പോൾ ശരീരത്തിനാവശ്യമായ പല സൂക്ഷ്മ പോഷകങ്ങളും നമുക്കു ലഭിക്കാതെ വരാം. അതിൽ പ്രധാനമാണു  ബി കോംപ്ലക്സ് വൈറ്റമിനായ ബി–12. വളരെ വേഗം വിഭജിക്കുന്ന സ്വഭാവമുള്ള ചുവന്ന രക്താണുക്കളുടെയും നാഡീകോശങ്ങളുടെയും പ്രവർത്തനത്തിനു ജീവകം ബി–12 വേണം. മത്സ്യം, മാംസം, മുട്ട, പാൽ, പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണു വൈറ്റമിന്‍ ബി–12  സ്രോതസ്സുകൾ. അതുകൊണ്ടാണു പാലു പോലും കുടിക്കാത്ത കർശന വെജിറ്റേറിയൻസിനു (വീഗൻസ്) വൈറ്റമിൻ ബി–12 അഭാവമുണ്ടാകുന്നത്.

ജീവകം ബി–12ന്റെ അഭാവത്തിനുള്ള  മറ്റൊരു കാരണം അസിഡിറ്റിയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന പാന്റോപ്രസോൾ പോലെയുള്ള മരുന്നുകളുടെ അമിത ഉപയോഗമാണ്. കൂടാതെ പ്രമേഹ ചികിത്സയ്ക്ക് വ്യാപകമായി ഉ പയോഗിക്കുന്ന മെറ്റ്ഫോമിൻ ഗുളികയും ജീവകം ബി–12 ആഗിരണത്തെ തടസ്സപ്പെടുത്തും. വണ്ണം കുറയ്ക്കാനുള്ള ബാരിയാട്രിക് സർജറിയും ചെറുകുടലിൽ നിന്നുള്ള വൈറ്റമിൻ ബി –12  ആഗിരണത്തെ മന്ദീഭവിപ്പിക്കാം. 

ചുവന്ന രക്താണുക്കൾ കുറയുന്നത് വിളർച്ചയ്ക്കു കാരണമാകാം. ക്ഷീണം, തളർച്ച, നടക്കുമ്പോഴും പടി കയറുമ്പോഴും കിതപ്പ്, വിശപ്പില്ലായ്മ തുടങ്ങിയവയൊക്കെ ബി.12 മൂലമുണ്ടാകുന്ന വിളർച്ചയുടെ ലക്ഷണങ്ങളാണ്. 

കൂടാതെ ചുണ്ടിലെയും വായിലെയും തൊലി പോവുക, ചുണ്ടിന്റെ കോണുകൾ പൊട്ടുക, വായിലും ചർമത്തിലും തവിട്ടുനിറമുള്ള പാടുകൾ ഉണ്ടാവുക, രുചിയില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. നാഡീസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കൈകാൽ മരവിപ്പ്, ബലക്കുറവ്, നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങളും ബി 12 അഭാവം മൂലം വരാം.

ഹാർട്ട് അറ്റാക്ക്, സ്ട്രോക് തുടങ്ങിയ രക്തധമനീ രോ ഗങ്ങൾക്കിടയാക്കുന്ന അസാധാരണ ആപത്ഘടകമാണ്  ഹോമോസിസ്റ്റിൻ എന്ന അമിനോ  ആസിഡ്. ബി–12ന്റെ അഭാവത്തെ തുടർന്ന് ഹോമോസിസ്റ്റിന്റെ അളവ് കൂടാം.  പ്രമേഹം, ഹൈപ്പർടെൻഷൻ തുടങ്ങിയ പ്രശ്നങ്ങളില്ലാത്തവർക്കും ചെറുപ്പക്കാർക്കും ഹൃദയാഘാതവും പക്ഷാഘാതവും മറ്റുമുണ്ടാകുമ്പോൾ രക്തത്തിലെ ഹോമോ സിസ്റ്റിന്റെ അളവു പരിശോധിക്കാറുണ്ട്.

പ്രായമേറിയവർ ശ്രദ്ധിക്കുക

പ്രമേഹമരുന്നായ മെറ്റ്ഫോമിൻ തുടർച്ചയായി കഴിക്കുന്നവർ രക്തത്തിലെ ബി–12 നില പരിശോധിച്ചറിയണം. അതുപോലെ, പ്രായമേറിയവരും അമിതക്ഷീണം, തളർച്ച, കൈകാൽ മരവിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ബി–12 പരിശോധിക്കണം. അസിഡിറ്റി മരുന്നുകളുടെ അമിത ഉപയോഗവും ദുരുപയോഗവും ഒഴിവാക്കണം.

മത്സ്യം, മാംസം, മുട്ട തുടങ്ങിയവയൊന്നും കഴിക്കാത്ത കർശന സസ്യഭുക്കുകൾ ഭക്ഷണം സമീകൃതമാകണമെങ്കി ൽ പാൽ ഉൽപന്നങ്ങൾ കഴിക്കണം. പാലും പാൽ ഉൽപന്നങ്ങളും കഴിക്കാത്തവർ ഡോക്ടറുടെ നിർദേശപ്രകാരം വൈറ്റമിൻ ബി–12 സപ്ലിമെന്റ് കഴിക്കണം. താെഴ പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കുക.

∙ വ്യത്യസ്തമായ പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ െവജിറ്റേറിയന്‍സ് ശ്രദ്ധിക്കണം.

∙ പ്രോട്ടീന്‍ ലഭിക്കുന്നതിനു പയര്‍–പരിപ്പ് വര്‍ഗങ്ങള്‍, േസായ  തുടങ്ങിയവയും കഴിക്കുക.

∙ ഉപ്പും പഞ്ചസാരയും പരമാവധി കുറയ്ക്കുക.

∙ പൂരിത കൊഴുപ്പുകള്‍ അടങ്ങിയ വെണ്ണ, നെയ്യ് തുടങ്ങിയവ കുറച്ച്, അപൂരിത െകാഴുപ്പ് അടങ്ങിയ സസ്യഎണ്ണകളായ സണ്‍ഫ്ലവര്‍ ഒായില്‍, ഒലിവ് ഒായില്‍ തുടങ്ങിയവ  ഉ പയോഗിക്കുക.   

Tags:
  • Health Tips
  • Glam Up