Thursday 18 January 2024 03:44 PM IST : By സ്വന്തം ലേഖകൻ

‘സൂര്യപ്രകാശമേറ്റു ചർമം കരുവാളിച്ചാൽ തക്കാളി തന്നെ ശരണം’; തിളങ്ങുന്ന ചര്‍മത്തിനായി അഞ്ച് ടിപ്സ്

tomato-facepack86689

ഒന്നു മനസുവച്ചാൽ ആർക്കും സുന്ദരിയാകാം. അതിനുവേണ്ടി വിപണിയിൽ കിട്ടുന്ന ക്രീമുകളുടെയൊന്നും പുറകേ പോകേണ്ട. നമ്മുടെ വീട്ടിലുള്ള പാലും തേനുമൊക്കെ ഒന്നാന്തരം സൗന്ദര്യവർധക വസ്തുക്കളാണ്. തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഈ ടിപ്സ് ഒന്നു പരീക്ഷിക്കൂ...

തേയില വെള്ളവും തേനും

ചായ കുടിച്ചാൽ ക്ഷീണം മാറുമെന്നു നമുക്കറിയാം. ക്ഷീണം മാറ്റാൻ മാത്രമല്ല സൗന്ദര്യം വർധിപ്പിക്കാനും ചായ ഉപയോഗിക്കാം. കാൽ കപ്പ് ചായയ്ക്കൊപ്പം 2 വലിയ സ്പൂൺ അരിപ്പൊടിയും അര സ്പൂൺ തേനും ചേർത്ത മിശ്രിതം നന്നായി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോൾ ഇടക്കു നനച്ചു കൊ‌ടുക്കാം. മുഖം കഴുകുന്നതിനു മുൻപ് നന്നായി മസാജ് ചെയ്യാം. അരമണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം. 

ഓട്സും നാരങ്ങാനീരും

ഒരു സ്പൂൺ വേവിച്ച ഓട്സിൽ ഒരു സ്പൂൺ നാരങ്ങാനീരു ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്താൽ ചർമത്തിലെ കറുത്തപാടുകൾ മാറി ചർമം മൃദുവാകും.

മഞ്ഞളും നാരങ്ങാനീരും

ചർമത്തിന്റെ നിറം വർധിപ്പിക്കാൻ മഞ്ഞളിനെ കൂട്ടു പിടിക്കാം. രണ്ട് സ്പൂൺ കടലമാവ്, ഒരു സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ നാരങ്ങാ നീര് ഒരു സ്പൂൺ പാല് എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചർമ്മത്തിൽ നന്നായി തേച്ചു പിടിപ്പിച്ച് 20 മിനിറ്റിനു ശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. ആഴ്ചയിൽ രണ്ടു തവണ ചെയ്താൽ മതി. 

തക്കാളിയും മഞ്ഞളും

സൂര്യപ്രകാശമേറ്റു ചർമം കരുവാളിച്ചാൽ തക്കാളി തന്നെ ശരണം. കുരു കളഞ്ഞ തക്കാളി മിക്സിയിലടിച്ച ശേഷം രണ്ടു സ്പൂൺ മഞ്ഞൾ പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങിയശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ചർമ്മത്തിന്റെ കരുവാളിപ്പു മാറി ചർമ്മം തിളങ്ങും.

കടലമാവും പാലും

ചർമം മൃദുവാകാൻ കടലമാവുപയോഗിക്കാം. കടലമാവും പാലും മഞ്ഞൾപ്പൊടിയും നന്നായി യോജിപ്പിച്ച് 5 മിനിറ്റ് ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. നിറം വർധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയൊരു പായ്ക്കാണിത്. ആഴ്ചയിലൊരിക്കൽ ചെയ്താൽ മതി.

Tags:
  • Glam Up
  • Beauty Tips