Tuesday 12 March 2024 03:55 PM IST : By സ്വന്തം ലേഖകൻ

‘മേക്കപ്പോടു കൂടി ഉറങ്ങരുത്, ചർമത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകാൻ ഇത് കാരണമാകും’; ഇനി മടിക്കേണ്ട മുഖം കഴുകാൻ..

facewash778

ദിവസവും രണ്ടു നേരം മുഖം കഴുകുന്നതാണ് ഉത്തമം. രാത്രി നിർബന്ധമായും മുഖം കഴുകണം, സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നവർ പ്രത്യേകിച്ചും. മേക്കപ്പും അഴുക്കും കൂടിച്ചേർന്നാല്‍ മുഖക്കുരു വരാം.

മുഖം കഴുകുന്ന വെള്ളത്തിന് കൂടുതൽ ചൂടോ തണുപ്പോ വേണ്ട. ഇളം ചൂടുവെള്ളമാണ് നല്ലത്. ഫെയ്സ് വാഷിന്റെയും സോപ്പിന്റെയും അംശം പൂര്‍ണമായി പോകുന്നതു വരെ വെള്ളം ധാരയായി ഒഴിച്ചു വേണം കഴുകാന്‍.

സാധാരണ സോപ്പുകൾ ഉപയോഗിച്ചു മുഖം കഴുകാതിരിക്കുന്നതാണ് നല്ലത്. മൈൽഡ് സോപ്പോ സോപ്പിന്റെ അംശം ഇല്ലാത്ത ഫെയ്സ് വാഷോ പകരമുപയോഗിക്കാം.

കഴുകിയശേഷം വൃത്തിയുള്ളതും മൃദുവായതുമായ ടവല്‍ കൊണ്ട് മുഖത്തെ വെള്ളം ഒപ്പിയെടുക്കുകയാണ് വേണ്ടത്. പരുപരുത്ത ടവൽ ഉപയോഗിച്ച് അമര്‍ത്തി തുടയ്ക്കുന്നത് ചർമത്തിന്റെ മൃദുത്വത്തെ ബാധിക്കും.

മുഖം കഴുകുമ്പോൾ കൈവിരൽ തുമ്പുകൾ കൊണ്ട് താഴെ നിന്നും മുകളിലേക്ക് വൃത്താകൃതിയിൽ ചലിപ്പിച്ച് സാവധാനം മസാജ് ചെയ്യാം. അമർത്താതെ മസാജ് ചെയ്യാൻ ശ്രദ്ധിക്കണം.

മേക്കപ്പോടുകൂടി ഉറങ്ങരുത്. ചർമത്തിലെ സുഷിരങ്ങൾ അടഞ്ഞു പോകാൻ ഇത് കാരണമാകും. അതുകൊണ്ട് ഉറങ്ങും മുമ്പേ മുഖം നന്നായി കഴുകി വൃത്തിയാക്കണം.‍

നേന്ത്രപ്പഴം-പപ്പായ-തൈര് പാക്ക് മുഖത്തിടാം. അല്ലെങ്കിൽ റെഡിമെയ്ഡ് ഹെർബൽ ഫെയ്സ് പാക്ക് ഉപയോഗിക്കാം. ഇടയ്ക്കി‍ടെ മുഖം തണുത്തവെള്ളം കൊണ്ട് കഴുകുന്നത് നല്ലതാണ്. മുഖത്തുള്ള കറുത്തപാടുകളും പുള്ളിയുമകറ്റാൻ‌ കാരറ്റിന്റെയോ തക്കാളിയുടെയോ നീര് പുരട്ടി 15 മി‌നി‌റ്റിനു ശേഷം കഴുകുക.

ചർമം വൃത്തിയാക്കുന്നതിനായി നാച്ചുറൽ മൈൽഡ് ക്ലെൻസർ ഉപയോഗിക്കണം. ചർമത്തിന് മൃദുത്വം നല്‍കാനായി പത്തു ഗ്രാം ചന്ദനപ്പൊടി രണ്ടു സ്പൂൺ തേങ്ങാപ്പാലിൽ യോജിപ്പിച്ച് പാക്കായി മുഖത്തിടാം.

സ്ട്രെസ് ഒഴിവാക്കുക. മനസ്സിലെന്ത് വിഷമമുണ്ടായാലും അത് മുഖത്ത് പ്രകടമാകും. അതുകൊണ്ട് കഴിവതും സന്തോഷവതിയായിരിക്കാൻ ശ്രമിക്കുക.

Tags:
  • Glam Up
  • Beauty Tips