Friday 10 May 2024 11:54 AM IST

കീമോ കിരണങ്ങൾ മുടി കൊഴിയിച്ചു കളഞ്ഞു, കാൽമുട്ടിനു താഴെ മുറിച്ചു മാറ്റി: വേദനതിന്ന രാപ്പകലുകൾ: അനുശ്രീയുടെ കാൻസർ പോരാട്ടം

Sruthy Sreekumar

Sub Editor, Manorama Arogyam

can2324

പഠിക്കാൻ മിടുക്കിയായിരുന്നു അനുശ്രീ. സ്കൂളിലെ ക്വിസ് മത്സരങ്ങളിലെല്ലാം പങ്കെടുത്ത് സമ്മാനം നേടുമായിരുന്നു. പുസ്തകങ്ങൾ വായിച്ച്, വീട്ടുകാരോടൊപ്പം യാത്ര െചയ്ത് സന്തോഷകരമായി ബാല്യകാലം ആസ്വദിക്കുമ്പോൾ അനുശ്രീയ്ക്കായി കാലം കാത്തുവച്ചത് േവദനയായിരുന്നു. Ð ബോൺ കാൻസറിന്റെ രൂപത്തിൽ. വലതു കാൽമുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വന്നിട്ടും അസാമാന്യ ധൈര്യത്തോടെ ആ വേദന നിറഞ്ഞ സങ്കടക്കടൽ അനുശ്രീ താണ്ടി. രോഗം സമ്മാനിച്ച ക്ലേശങ്ങൾക്കിടയിലും ചികിത്സകൾക്കിടയിലും മിടുക്കിയായി പഠിച്ച അനുശ്രീ, ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസ് രണ്ടാം വർഷം വിദ്യാർഥിയാണ്. കോഴിക്കോട് നരിക്കുനി സ്വദേശിയായി പ്രേമരാജിന്റെയും ഷീനയുെടയും ഇളയമകളായ അനുശ്രീ ‘കാൻസർ’ നാളുകളെ കുറിച്ചു പറയുന്നു.

പ്രതീക്ഷിക്കാതെ വന്ന അതിഥി

2016. എട്ടാം ക്ലാസിൽ പഠിക്കുന്നു. നടക്കുമ്പോൾ വലതു കണങ്കാലിനു ചെറിയ വേദന. കൂടാതെ കാലിനും വീക്കവും. കാൽ എവിടെയെങ്കിലും തട്ടിയതിന്റെ വേദനയാകാം എന്നാണ് ആദ്യം കരുതിയത്. വേദന മാറാൻ കുറച്ചു ദിവസം ആയുർവേദമൊക്കെ പരീക്ഷിച്ചു. പക്ഷേ ഫലമുണ്ടായില്ല. കാലിനു വലുപ്പം കൂടുന്നതുപോലെ. അങ്ങനെയായപ്പോഴാണ് ഒരു പീഡിയാട്രീഷനെ കാണിച്ചത്. എത്രയും വേഗം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാനാണ് പീഡിയാട്രിഷൻ പറഞ്ഞത്. ഉടനെ തന്നെ മെഡിക്കൽ കോളജിലെത്തി. ആദ്യം ഒാർത്തോ വിഭാഗത്തിലാണ് കാണിച്ചത്. ഒരുപാട് പരിശോധനകൾ നടത്തി. എംആർഐ എടുത്തപ്പോൾ ഡോക്ടർമാർക്കു ചെറിയ സംശയം. ബയോപ്സി െചയ്യാൻ നിർദേശിച്ചു. അന്നൊന്നും ബയോപ്സി എന്നാൽ കാൻസറുമായി ബന്ധപ്പെടുത്തി വായിക്കാനുള്ള പ്രായമോ അറിവോ എനിക്കില്ല. വീട്ടുകാർക്കു ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ എന്നെ സങ്കടപ്പെടുത്താതിരിക്കാൻ അവർ പുറമേക്ക് ഒന്നും കാണിച്ചില്ല.

ബയോപ്സി റിസൽട്ട് വന്നപ്പോൾ ഒാസ്റ്റിയോസർക്കോമ, ഹൈ ഗ്രേഡ്. എല്ലിൽ കാൻസർ. ചികിത്സയ്ക്കാ‌യി തിരുവനന്തപുരത്ത് എത്തി. അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു.

ആർസിസിക്ക് അടുത്തു റൂമെടുത്തു താമസിച്ചു. ആശുപത്രിയിലെത്തി വൈകാതെ തന്നെ ചികിത്സ ആരംഭിച്ചു. ആദ്യം കീമോതെറപ്പി. കീമോ ഒരു സൈക്കിൾ പൂർത്തിയായശേഷം സർജറി നടത്തി. സർജറി കഴിഞ്ഞ് വീണ്ടും കീമോ െചയ്തു. ഏകദേശം എട്ട് മാസത്തോളം തിരുവനന്തപുരത്തു താമസിച്ചു.

ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കു പോകുമ്പോഴും അത് എന്തിനു വേണ്ടിയാണ് എന്ന് അന്ന് എനിക്കു കൃത്യമായി മനസ്സിലായില്ല. രോഗത്തെ കുറിച്ച് അറിവില്ലായിരുന്നു. അതു കൊണ്ടാവാം പേടിയും ഇല്ലായിരുന്നു. അച്ഛനും അമ്മയ്ക്കും വിഷമമായിരുന്നു. എന്റെ മുന്നിൽ സന്തോഷിച്ചു നിന്നു. എനിക്കു വേണ്ടുന്നതെല്ലാം വാങ്ങിച്ചു തന്നു.

എന്റെ ഭയം ഇല്ലാതാക്കിയത് ആശുപത്രിയിലെ അന്തരീക്ഷവും ഡോക്ടർമാരും നഴ്സുമാരും രോഗികളുമെല്ലാമാണ്. ഡോക്ടർമാരും നഴ്സുമാരും നല്ല സ്നേഹവും പരിചരണവും ആയിരുന്നു. രോഗികളും കൂട്ടിരിപ്പുകാരുമായി പെട്ടെന്നു കൂട്ടായി. അങ്ങനെ ആശുപത്രി ദിവസങ്ങളുമായി ഞാൻ പൊരുത്തപ്പെട്ടു.

അത്യാവശ്യം നല്ല മുടിയുണ്ടായിരുന്നു. ആദ്യ കീമോ കഴിഞ്ഞപ്പോൾ തന്നെ മുടി കൊഴിയാൻ തുടങ്ങിയപ്പോൾ ഇത്തിരി സങ്കടമൊക്കെ വന്നു. അപ്പോൾ നഴ്സുമാരൊക്കെ ആശ്വസിപ്പിച്ചു. കൂടുതൽ കൊഴിയാൻ തുടങ്ങിയപ്പോൾ മുടി മുഴുവൻ വടിച്ചു കളഞ്ഞു. ആശുപത്രിയിൽ നമുക്കു ചുറ്റും മുടി ഇല്ലാത്ത ഒരുപാടു രോഗികൾ ഉണ്ടാകുമല്ലോ.. അവരുടെ കൂടെ ആകുമ്പോൾ മുടി ഇല്ല എന്ന കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നില്ല. എന്നാൽ തിരികെ നാട്ടിൽ വന്നപ്പോഴായിരുന്നു ബുദ്ധിമുട്ട്. എല്ലാവരുെടയും സിമ്പതി നിറഞ്ഞ നോട്ടം പ്രയാസമുണ്ടാക്കി.

വീണ്ടും പ്രശ്നം വരുന്നു

ചികിത്സ കഴിഞ്ഞപ്പോൾ കാലിന്റെ വേദനയ്ക്ക് ആശ്വാസം ലഭിച്ചു. നടക്കാനും ബുദ്ധിമുട്ടുണ്ടായില്ല. സർജറിയും തുടർന്നുള്ള കീമോയും കഴിയുന്നതുവരെ കാലിൽ പ്ലാസ്റ്റർ ഉണ്ടായിരുന്നു. എന്നാലും വാക്കർ ഉപയോഗിച്ചു നടക്കുമായിരുന്നു. വീട്ടിലെത്തിയശേഷം മൂന്നു മാസം കൂടുമ്പോൾ ചെക്കപ്പിന് ആർസിസിയിൽ പോകുമായിരുന്നു. വാക്കർ ഇല്ലാതെ നടന്നു തുടങ്ങിയ സമയം. കാലിൽ ഒരു പ്രത്യേക തരം പാഡ് ധരിച്ചായിരുന്നു നടന്നിരുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന സമയം ആശുപത്രിയിൽ ചെക്കപ്പിനു പോയപ്പോൾ സർജറി നടത്തിയ എല്ലുകൾ ചേരാത്തതിനാൽ വീണ്ടും ഗ്രാഫ്റ്റിങ് വേണ്ടിവരുമെന്ന് ഡോക്ടർമാർ സൂചന നൽകി. അങ്ങനെയിരിക്കെ പ്ലസ്‌വൺ പഠനം ആരംഭിച്ച കുറച്ചു നാൾ കഴിഞ്ഞപ്പോൾ കാലിൽ സർജറി നടത്തിയ ഭാഗത്തു വേദന. പരിശോധിച്ചപ്പോഴാണ് കാലിൽ െചറിയ പൊട്ടൽ ഉണ്ടെന്നു കണ്ടെത്തുന്നത്. വീണ്ടും ആർസിസിയിൽ അഡ്മിറ്റ് ആയി. സർജറി നടത്തി. കീമോയോ റേഡിയേഷനോ ഉണ്ടായിരുന്നില്ല. കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും നാട്ടിലെത്തി സ്കൂളിൽ പോയി തുടങ്ങി.

കാൽ മുറിക്കേണ്ട അവസ്ഥ

വീണ്ടും പ്രശ്നം തുടങ്ങുന്നത് പ്ലസ്ടൂ അവസാന സമയമായപ്പോഴാണ്. നടക്കുമ്പോൾ ചെറിയ വേദന. പരിശോധനയിൽ എല്ലു വീണ്ടും പൊട്ടിയെന്നു മനസ്സിലായി. 2020 ലാണ് ഇതു നടക്കുന്നത്. കൊറോണ വന്നതോടെ സർജറിയെ കുറിച്ച് സംസാരിക്കാൻ ആർസിസിയിൽ പോകാൻ കഴിയാതെ വന്നു. ആറു മാസത്തോളം കഴിഞ്ഞ് ഒക്ടോബറിലാണു വീണ്ടും ആർസിസിയിലേക്കു പോകുന്നത്.

ഡോക്ടർ പരിശോധിച്ചശേഷം കാൽ മുറിച്ചുമാറ്റുന്നതാണ് നല്ലത് എന്ന അഭിപ്രായം പറഞ്ഞു. കാരണം ആദ്യ സർജറി കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞിരുന്നു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും കാലിന്റെ പ്രശ്നം മാറുന്നില്ലോ. കാൽ മുറിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ ആദ്യം വിഷമമായിരുന്നു. അതു സ്വാഭവികമാണല്ലോ.. മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമോ എന്നെല്ലാം ചിന്തിച്ചു. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ നിന്ന് അൽപം മോചനം ലഭിക്കും എന്ന വിശ്വാസം ഉണ്ടായി. അതേ സമയം ഒാരോ തവണ ആശുപത്രിയിൽ പോകുമ്പോഴും ഇന്നല്ലെങ്കിൽ നാളെ കാലിന്റെ പ്രശ്നം എല്ലാം ശരിയാകും എന്ന പ്രതീക്ഷ നഷ്ടമായി.

അച്ഛനും അമ്മയ്ക്കും ശരിക്കും ഷോക്ക് ആയി. അവർ ഒരുപാട് കരഞ്ഞു. എന്നാൽ സർജറി സമയമായപ്പോഴെക്കും അവർ സ്ട്രോങ് ആയി. ആർസിസിയിൽ തന്നെയായിരുന്നു സർജറി. 2021 ജനുവരിയിൽ. കാൽമുട്ടിനു താഴെവച്ചാണ് മുറിച്ചത്. ഒരാഴ്ച ആശുപത്രിയിൽ കിടന്നു. അതു കഴിഞ്ഞു വീട്ടിലേക്കു വന്നു. പ്ലസ്ടൂ കഴിഞ്ഞ് നീറ്റ് പരീക്ഷയ്ക്കു തയാറെടുക്കുന്ന സമയമായിരുന്നു അത്.

വീട്ടിലെത്തിയശേഷം വാക്കർ ഉപയോഗിച്ചു നടക്കും. ചെറിയ വേദന ഉണ്ടാകുമായിരുന്നു. മേയ് മാസമായപ്പോഴെക്കും കൃത്രിമ കാൽ വച്ചു. കൃത്രിമ കാൽ വച്ചു നടന്നു തുടങ്ങിയപ്പോൾ ആദ്യം അസഹനീയമായ വേദനയായിരുന്നു. പിന്നെ നടന്നു നടന്നു അതുമായി പൊരുത്തപ്പെട്ടു. ആദ്യം വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ചു നടന്നു. പതിയെ സ്റ്റിക്ക് ഒഴിവാക്കി.

ഡോക്ടർ എന്ന സ്വപ്നം

സ്കൂളിൽ പഠിക്കുമ്പോൾ ഡോക്ടർ ആകണം എന്നൊന്നും ഇല്ലായിരുന്നു. അത്യാവശ്യം നന്നായി പഠിക്കുമായിരുന്നു. പത്തിലും പ്ലസ്ടൂവിലും ഫുൾ എ പ്ലസ് ഉണ്ടായിരുന്നു. ആർസിസിയിലെ ഡോക്ടർമാരാണു ശരിക്കും എനിക്ക് പ്രചോദനം ആയത്. ചികിത്സയ്ക്കിടെയും പഠനം കൈവിട്ടിരുന്നില്ല. പ്ലസ്ടൂ കഴിഞ്ഞ സമയത്ത് നീറ്റ് എഴുതിയിരുന്നു. പ്രതീക്ഷിച്ച റാങ്ക് ലഭിച്ചില്ല. അതുകൊണ്ട് ഒരു വർഷത്തെ കോച്ചിങ്ങിനു പോയി. ആദ്യ അലോട്ട്മെന്റിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ സീറ്റ് ലഭിച്ചു.

കോളജിൽ എല്ലാവരും നല്ല പിന്തുണയായിരുന്നു. എംബിബിഎസ് അഡ്മിഷൻ ലഭിച്ചപ്പോൾ പത്രങ്ങളിൽ വാർത്ത വന്നതുകൊണ്ട് എല്ലാവർക്കും എന്നെ അറിയാമായിരുന്നു. മുകളിലത്തെ നിലയിലേക്ക് പടി കയറാൻ പ്രയാസമൊന്നും ഇല്ല. ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ലിഫ്റ്റ് ഉപയോഗിക്കും. ഇപ്പോൾ ഹോസ്റ്റലിലാണ് നിൽക്കുന്നത്. എന്റെ കാര്യങ്ങൾ എനിക്കു തന്നെ നോക്കണം എന്നുള്ളതുകൊണ്ടാണ് ഹോസ്റ്റലിൽ നിൽക്കുന്നത്. അമ്മയ്ക്ക് ആദ്യമൊക്കെ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു, ഞാൻ ഒറ്റയ്ക്ക് മാനേജ് െചയ്യുമോ എന്ന്. ഇന്നത് ഇല്ല. പഠനത്തിന്റെ ആദ്യ വർഷം കുറേ നിൽക്കുമ്പോൾ കാലിനു നീര് വരുമായിരുന്നു. ഇപ്പോൾ അങ്ങനെയുള്ള പ്രയാസങ്ങൾ ഒന്നുമില്ല.

യാത്രകൾ ഇഷ്ടമാണ്. സർജറി കഴിഞ്ഞും കുടുംബത്തോടൊപ്പം യാത്രകൾ പോയിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പവും പോകാറുണ്ട്. കാലിന്റെ കുറവ് എന്റെ സന്തോഷങ്ങൾക്കും സ്വപ്നങ്ങൾക്കും തടസ്സമേ ആയിട്ടില്ല. തടസ്സമാകാൻ ഞാൻ അനുവദിച്ചിട്ടുമില്ല.

  </p>