Wednesday 24 April 2024 03:23 PM IST : By സ്വന്തം ലേഖകൻ

‘ബന്ധുക്കളെ കാത്ത് ഫ്രീസറില്‍ 20 ദിവസം, ആരും എത്തിയില്ല’; ഒടുവില്‍ പൊലീസ് ഇടപെട്ട് അശോക് ദാസിന്റെ മൃതദേഹം സംസ്കരിച്ചു

ashok-mob.jpg.image.845.440

ജനറല്‍ ആശുപത്രിയിലെ ഫ്രീസറില്‍ 20 ദിവസമായി ബന്ധുക്കളെ കാത്തുകിടന്ന അശോക് ദാസിന്റെ മൃതദേഹം ഒടുവില്‍ പൊലീസ് സംസ്കരിച്ചു. വാളകത്ത് കഴിഞ്ഞ നാലിന് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അശോക്ദാസിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ നാട്ടില്‍ നിന്ന് ബന്ധുക്കള്‍ ആരും എത്തിയില്ല. തുടര്‍ന്നാണ് നിയമോപദേശം തേടിയ ശേഷം സംസ്ക്കാരം നടത്തിയത്. കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. വിവാദമായ സംഭവത്തില്‍ മൃതദേഹം ദഹിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ശ്മശാനത്തില്‍ കുഴിയെടുത്ത് സംസ്കരിച്ചത്.

രാത്രിയിൽ മുൻസഹപ്രവർത്തകയുടെ താമസ സ്ഥലത്തു ബഹളമുണ്ടാക്കി മടങ്ങുമ്പോഴാണ് ആൾക്കൂട്ടം പിടികൂടി കെട്ടിയിട്ടു ചോദ്യം ചെയ്തത്. ദീർഘനാളായി വാളകത്തു വാടകയ്ക്കു താമസിച്ചിരുന്ന അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസാണു (26) നെഞ്ചിലും തലയിലും ഉണ്ടായ ക്ഷതത്തെ തുടർന്നു മരിച്ചത്.  വാളകം കവലയിലുള്ള ചെറിയ ഊരകം റോഡ‍ിലായിരുന്നു സംഭവം. കയ്യിൽ രക്തം വാർന്നൊഴുകുന്ന മുറിവുകളുമായി കണ്ട അശോക് ദാസിനെ സമീപത്തെ ക്ഷേത്രത്തിലേക്കുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു തൂണിലാണ് ഒരു സംഘം ആളുകൾ ചേർന്നു കെട്ടിയിട്ടു ചോദ്യം ചെയ്തത്. 

പിന്നീട് പൊലീസ് എത്തിയപ്പോഴേക്കും രക്തം വാർന്നൊഴുകി അവശ നിലയിലായിരുന്നു.പൊലീസ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണ്ടി വരുമെന്നതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് ഡോക്ടർമാർ റഫർ ചെയ്തു. ഇതിനിടെ അശോക് ദാസ് മരിച്ചു. തലയിലും നെഞ്ചിലുമേറ്റ ക്ഷതം മരണകാരണമായെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Tags:
  • Spotlight