Wednesday 18 January 2023 12:06 PM IST : By സ്വന്തം ലേഖകൻ

അഭയമാകുമെന്നു കരുതിയവരില്‍ നിന്ന് പീഡനം; കുടുംബത്തിനൊപ്പം പോകാന്‍ 4 മാസം നിയമപോരാട്ടം, ഒടുവിൽ അച്ഛന്റെ കൈപിടിച്ച് നാട്ടിലേക്ക്...

girl-bihariiii

അഭയമാകുമെന്നു കരുതിയവരുടെ പീഡനം, കുടുംബത്തിനൊപ്പം പോകാനായി 4 മാസത്തെ നിയമപോരാട്ടം. ഒടുവിൽ ആ ബിഹാറി പെൺകുട്ടി ഇന്നലെ അച്ഛന്റെ കൈപിടിച്ചു നാട്ടിലേക്കു മടങ്ങി. പാലാഴിയിലെ ഡോക്ടർ ദമ്പതികളുടെ പീഡനത്തിനിരയായ 13 വയസ്സുകാരിയെ ഒപ്പം കൊണ്ടുപോകുന്നതിനാണു സ്വന്തം പിതാവിന് 4 മാസം നിയമപോരാട്ടം നടത്തേണ്ടിവന്നത്.

പിതാവിനൊപ്പം അയയ്ക്കുന്നതിനു പകരം ബിഹാറിലെ ശിശുക്ഷേമ സമിതിയിലേക്ക് പെൺകുട്ടിയെ അയയ്ക്കാനുള്ള കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതിയുടെ ഉത്തരവ് സെഷൻസ് കോടതി റദ്ദാക്കിയതോടെ അവൾ ഇന്നലെ അച്ഛന്റെ തണലിലെത്തി. 2022 സെപ്റ്റംബറിലാണു പാലാഴിയിൽ ഉത്തരേന്ത്യൻ സ്വദേശികളായ ഡോക്ടർ ദമ്പതികളുടെ ഫ്ലാറ്റിൽ ജോലി ചെയ്യുന്ന 13 വയസ്സുകാരിയെ ദമ്പതികൾ ഉപദ്രവിക്കുന്നുണ്ടെന്ന് ശിശുക്ഷേമ സമിതിക്കു വിവരം ലഭിക്കുന്നത്. കുട്ടിയുടെ ശരീരത്തിൽ മുറിവുകളും പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. 

ദമ്പതികൾക്കെതിരെ പന്തീരാങ്കാവ് പൊലീസ് കേസെടുക്കുകയും കുട്ടിയെ വെള്ളിമാടുകുന്നിലെ ഗവ. ഗേൾസ് ഹോമിൽ എത്തിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പെൺകുട്ടിയുടെ പിതാവ് ബിഹാറിൽ നിന്നെത്തിയെങ്കിലം ഒപ്പം അയയ്ക്കാൻ കഴിയില്ലെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ നിലപാട്. തുടർന്ന് പിതാവ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. കുട്ടിയുടെ ക്ഷേമം മുൻനിർത്തു സെക്‌ഷൻ 3 അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കാൻ നവംബർ 22ന് ഹൈക്കോടതി ഉത്തരവിട്ടു.

എന്നാൽ ബിഹാറിലെ സർസ ജില്ലയിലേക്ക് കുട്ടിയെ അയയ്ക്കാൻ ശിശുക്ഷേമ സമിതി ഡിസംബർ 12ന് ഉത്തരവിട്ടു. സംരക്ഷണ കേന്ദ്രത്തിൽ അയയ്ക്കുന്നത് അവസാനത്തെ മാർഗമാണെന്നും കുട്ടിയുടെ ക്ഷേമം പരിഗണിക്കാതെയും കുട്ടിക്കു പറയാനുള്ളതു കേൾക്കാതെയുമാണ് തീരുമാനമെന്നും കാട്ടി പിതാവ് സെഷൻസ് കോടതിയെ സമീപിച്ചു. ശിശുക്ഷേമ സമിതിയുടെ ഉത്തരവ് റദ്ദാക്കിയ സെഷൻസ് കോടതി കുട്ടിയെ പിതാവിനൊപ്പം അയയ്ക്കാൻ ഗവ. ഗേൾസ് ഹോം സൂപ്രണ്ടിനു നിർദേശം നൽകി. ഇന്നലെ പിതാവിനൊപ്പം പെൺകുട്ടി നാട്ടിലേക്കു മടങ്ങി.

Tags:
  • Spotlight