Tuesday 16 April 2024 11:05 AM IST : By സ്വന്തം ലേഖകൻ

‘വയറ്റില്‍ നിന്ന് തല പുറത്തു വരാതിരിക്കാന്‍ വസ്ത്രം കീറി കെട്ടി’; ചികിത്സാപിഴവ്, കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞ് മരിച്ച ദുഃഖത്തില്‍ മാതാപിതാക്കള്‍

bindhu.jpg.image.845.440

പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞ് ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച ദുഃഖത്തിലാണ് ബിന്ദുവും ഗിരീഷും. കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിക്കെതിരെയാണ് ഈങ്ങാപ്പുഴയിലെ ദമ്പതികള്‍ ആരോപണവുമായെത്തിയിരിക്കുന്നത്. ഇന്നലെയാണ് നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചത്. 

ഡിസംബര്‍ 13നായിരുന്നു ബിന്ദുവിന്റെ പ്രസവം. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രസവ വേദനയെ തുടര്‍ന്ന് എത്തിച്ചപ്പോള്‍‌ കുഞ്ഞിന്‍റെ തല പുറത്തുവരുന്ന നിലയിലായിരുന്നു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാര്‍ ആവശ്യമായ പരിചരണം നല്‍കാതെ കുഞ്ഞ് പുറത്തേക്ക് വരാതിരിക്കാന്‍ വസ്ത്രം കീറി കെട്ടി ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞുവിടുകയായിരുന്നു എന്നാണ് പരാതി. 

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് പ്രസവം നടന്നുവെങ്കിലും കുഞ്ഞ് ശ്വാസം കിട്ടാതെ തലച്ചോറിന് ക്ഷതം സംഭവിച്ച അവസ്ഥയിലായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. നാല് മാസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയതിനൊടുവിലാണ് കുഞ്ഞിന്‍റെ മരണം. 

ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍നീക്കങ്ങളുണ്ടായിട്ടില്ല. നഷ്ടപരിഹാരം തേടി സമരത്തിനിറങ്ങുമെന്നും കു‍ഞ്ഞിന്‍റെ അമ്മ ബിന്ദു പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞിന്‍റെ തലഭാഗം നേരെയല്ലാത്തതിനാല്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു എന്നാണ് ആരോപണത്തില്‍ താലൂക്ക് ആശുപത്രിയുടെ വിശദീകരണം. കുഞ്ഞിന്‍റെ മൃതദേഹം മാവൂര്‍ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.

Tags:
  • Spotlight