Tuesday 16 April 2024 11:04 AM IST : By സ്വന്തം ലേഖകൻ

ഭാര്യയെ ഉപേക്ഷിച്ച് അലക്സ്, ഭർത്താവിനെ ഉപേക്ഷിച്ച് കവിത; സ്വർണമെന്ന് കരുതി ഊരിയ വള മുക്കുപണ്ടം

adimali-fathima

അടിമാലിയിൽ കൊലപാതകം നടന്നു 18 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി ഇടുക്കി പൊലീസ്. 13നു രാത്രി 7 മണിയോടെയാണ് കൊലപാതക വിവരം മകൻ സുബൈർ പൊലീസിൽ അറിയിച്ചത്. തുടർന്നു അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. മകനോടും അയൽവാസികളോടും വിവരങ്ങൾ ആരാഞ്ഞു. പിന്നാലെ ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ്, ഇടുക്കി ഡിവൈഎസ്പി സാജു വർഗീസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി മധു ബാബു എന്നിവരുടെ സംഘവും പൊലീസ് നായ, വിരലടയാള വിദഗ്ധർ, സയന്റിഫിക് ഉദ്യോഗസ്ഥർ എന്നിവരുടെ സംഘവും സ്ഥലത്തെത്തി അന്വേഷണത്തിനു തുടക്കം കുറിച്ചു.

ഇടുക്കി ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിൽ മുരിക്കാശേരി സ്വദേശിനിയും പാലക്കാട് എഎസ്പിയുമായ അശ്വതി ജിജിയുടെ സഹകരണത്തോടെ അടിമാലി എസ്എച്ച്ഒ ജോസ് മാത്യു, മുരിക്കാശേരി എസ്എച്ച്ഒ അനിൽകുമാർ, സ്പെഷൽ ബ്രാ‍ഞ്ച് ഡിവൈഎസ്പി മധു ബാബു, അടിമാലി എസ്ഐമാർ സി.എസ്.അഭിറാം, ടി.എം.അബ്ബാസ്, സ്പെഷൽ ബ്രാ‍ഞ്ച് ഗ്രേഡ് എസ്ഐ കെ.സി ബിജുമോൻ, മുരിക്കാശേരി എസ്ഐ ഉദയകുമാർ,സിപിഒമാർ ഹാരിസ്, ദീപു പുത്തേത്ത്, സജിമോൻ എന്നിവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികളെത്തിയത് ഇഎസ്ഐ ജീവനക്കാർ ചമഞ്ഞ്

അടിമാലി കൂമ്പൻപാറയിലെ ഇഎസ്ഐ ഡിസ്പെൻസറിയിലെ ജീവനക്കാർ ചമഞ്ഞാണു പ്രതികളായ അലക്സും കവിതയും ഫാത്തിമയെ പരിചയപ്പെട്ടത്. താമസിക്കാൻ വാടക വീട് അന്വേഷിച്ചാണ് എത്തിയത്. വയോധികയുടെ വീടിനു സമീപം വാടക വീടുണ്ടെന്ന് അറിഞ്ഞതോടെ അവിടേക്ക് പോയി. പിന്നീട് ഇടയ്ക്കിടെ ഫാത്തിമയുടെ അടുക്കൽ എത്തിയിരുന്നു.

കൊലപാതകം നടന്ന 13ന് ഉച്ചയോടെ ഫാത്തിമയുടെ അയൽപക്കത്തുള്ള വീടുകളിൽ ഇരുവരും എത്തി. 4 മണിയോടെ ഫാത്തിമയുടെ മകൻ വീട്ടിൽ നിന്നു ടൗണിലേക്കു പോയതു കണ്ട് ഇരുവരും എത്തി കുടിക്കാൻ വെള്ളം ചോദിച്ചു. അടുക്കളയിലേക്കു പോയ ഫാത്തിമയെ പിറകെ എത്തിയ പ്രതികൾ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു.

ഭാര്യയെ ഉപേക്ഷിച്ച് അലക്സ്:ഭർത്താവിനെ ഉപേക്ഷിച്ച് കവിത

പ്രതികളായ അലക്സും കവിതയും സ്കൂൾ വിദ്യാഭ്യാസ കാലത്തു സഹപാഠികളായിരുന്നു. കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ താൽകാലിക ഡ്രൈവറായിരുന്ന അലക്സിനെ ഇഎസ്ഐ ആവശ്യത്തിന് എത്തിയ കവിത കണ്ടുമുട്ടി. തുടർന്ന് ഇരുവരും തങ്ങളുടെ കുടുംബങ്ങളെ ഉപേക്ഷിച്ച് ഒന്നിച്ചു താമസമാക്കി.

ഇതിനിടെ ഒരു പോക്സോ കേസിൽ ഇരുവരും ഒരുമാസം ജയിൽവാസത്തിലായിരുന്നു. പുറത്തിറങ്ങിയ ഇരുവരും തമിഴ്നാട്ടിൽ താമസമാക്കി. കഴിഞ്ഞ 5ന് അടിമാലി മൗണ്ട് വ്യൂ ലോഡ്ജിൽ മുറിയെടുത്തു താമസമാക്കി. കൈവശം ഉണ്ടായിരുന്ന പണം തീർന്നതോടെ കവർച്ച നടത്തി പണം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണു വിവരം.

സ്വർണമെന്ന് കരുതി ഊരിയ വള മുക്കുപണ്ടം

വയോധിക ബഹളമുണ്ടാക്കാൻ ശ്രമിച്ചതോടെ കവിത വായ പൊത്തിപ്പിടിക്കുകയും അലക്സ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന്റെ മുൻഭാഗം മുറിച്ചും തലയിൽ കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു 2 പവൻ തൂക്കം വരുന്ന സ്വർണമാലയും ഇടതു കയ്യിൽ കിടന്നിരുന്ന വളയും ഊരിയെടുത്തു. മുറിയിൽ മുളകുപൊടി വിതറിയ ശേഷം പ്രതികൾ സ്ഥലം വിടുകയായിരുന്നു.

ഫാത്തിമയെ മോഷണ ശ്രമത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കുരിയൻസ്പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈറാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. രക്തം വാർന്ന നിലയിൽ മുറിക്കുള്ളിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപം മുളകുപൊടി വിതറിയ നിലയിൽ ആയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 

പ്രതികൾ കഴിഞ്ഞ ദിവസം വീട് വാടകയ്ക്ക് ചോദിച്ച് എത്തിയിരുന്നു. ഫാത്തിമയുടെ സ്വർണമാല അടക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ഈ മാല അടിമാലിയിലെ ഒരു സ്വർണക്കടയിൽ വിറ്റശേഷമാണ് ഇവർ മടങ്ങിയത്.  സംഭവത്തിനുപിന്നാലെ നാട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി സ്ത്രീയും പുരുഷനും വാടകവീടു അന്വേഷിച്ച് പ്രദേശത്ത് കറങ്ങി നടക്കുന്നത് കണ്ടതായാണ് നാട്ടുകാർ നൽകിയ വിവരം.